രാജ്നാഥിന്റെ വിമാനപൂജ, പിണറായിയുടെ എഴുത്തിനിരുത്തൽ
10 October 2019 | Editorial
ഫ്രാൻസിൽ റഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിൽ വിമാനത്തെ വിജയദശമി ദിനത്തിലെ ഹിന്ദു ആയുധപൂജക്ക് വിധേയമാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നടപടി അത്ഭുതപ്പെടുത്തുന്നതല്ല. മതേതര രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികളെ സവർണ ഹിന്ദുമതാചാരങ്ങളിൽ മുക്കുക എന്ന അശ്ലീലം ഇൻഡ്യയിൽ പലപ്പോഴും സംഭവിക്കുന്നതാണ്. ഹിന്ദുത്വർ അധികാരത്തിലിരിക്കുമ്പോൾ അത് വർധമാനമായിത്തീരുക സ്വാഭാവികമാണല്ലോ. സംഭവത്തെ വിമർശിച്ച കോൺഗ്രസുകാർക്ക് അമിത് ഷാ ഉൾപടെയുള്ള ബി. ജെ. പി നേതാക്കൾ മറുപടി പറഞ്ഞത് കോൺഗ്രസ് ‘ഇൻഡ്യൻ പാരമ്പര്യ’ത്തെ നിന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായ വിജയദശമിയെ ഇൻഡ്യയുടെ ദേശീയ ചിഹ്‌നമായി അന്താരാഷ്ട്ര വേദികളിലടക്കം പ്രതിഷ്ഠിക്കുകയും അതിനോട് വിയോജിക്കുന്നവരെ മുഴുവൻ ‘ഇൻഡ്യൻ പാരമ്പര്യ’ത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിൽ തിടംവെച്ചു നിൽക്കുന്നത് ഗോൾവാൾക്കറിന്റെ ‘വിചാരധാര’ തന്നെയാണ്.
വിഷ്ണുവാണ് പ്രപഞ്ചപരിപാലകനെന്നും വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ അയോധ്യ ഭരിച്ചു എന്നും ശത്രുരാജാവായ രാവണന്‍ എന്ന പത്തു തലയുണ്ടായിരുന്ന രാക്ഷസന്‍ അദ്ദേഹത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നുവെന്നും അതില്‍ രാമന്‍ രാവണനെ വധിച്ചുവെന്നുമുള്ള രാമായണ ഭാവനയാണ് വിജയദശമി ദിനാചരണത്തിനു പിന്നിലുള്ള പ്രധാനപ്പെട്ട മിത്ത്. രാമന്‍ രാവണനുമേല്‍ വിജയം നേടിയ ദിവസമാണ് വിജയദശമി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിഹാസത്തിലെ ശ്രീരാമ വിജയത്തെ മുസ്‌ലിം ‘ശത്രുക്കളെ’ നിഗ്രഹിച്ചുകൊണ്ടുള്ള ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ രൂപകമായി പുനര്‍നിര്‍വചിച്ചുകൊണ്ടാണ് രാഷ്ട്രീയ സ്വയം സേവക് സംഘം രാമനെ അതിന്റെ ഹിന്ദുസമൂഹത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ആയുധമാക്കുന്നത്. 1925ലെ വിജയദശമി ദിനത്തത്തെ തന്നെ ഡോ. കെ.ബി. ഹെഡ്ഗവാര്‍ ആര്‍.എസ്.എസ്. രൂപീകരണത്തിന് തിരഞ്ഞെടുക്കുന്നത് ബോധപൂര്‍വമാണ്. 1927ലെ രാമനവമി ദിനത്തിലാണ് ഹെഡ്ഗവാറിന്റെ പ്രസ്ഥാനം ആര്‍.എസ്.എസ്. എന്ന് പേര് പ്രഖ്യാപിച്ചത്. രാമന്റെ ജന്മദിനം സംഘടനയുടെ നാമകരണത്തിനുവേണ്ടി കണ്ടെത്തിയതിലും ശ്രീരാമനെ ഹൈജാക്ക് ചെയ്യാനുള്ള ഫാഷിസ്റ്റ് വ്യഗ്രതയുണ്ടായിരുന്നുവെന്ന് വ്യക്തം. ആര്‍.എസ്.എസിന്റെ പതാകക്ക് ശ്രീരാമന്‍ ഉപയോഗിച്ചിരുന്ന പതാകയുടെ അതേ നിറവും രൂപവുമാണെന്നാണ് നേതാക്കളുടെ അവകാശവാദം. പില്‍കാലത്ത് സവര്‍ണ ഷോവിനിസത്തിന് ജനകീയാടിത്തറകള്‍ കണ്ടെത്താന്‍ വേണ്ടി സംഘ് ബുദ്ധികേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തത് രാമജന്മഭൂമി പ്രസ്ഥാനമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനം ലക്ഷ്യമായികാണുന്ന ഒരു പ്രസ്ഥാനം അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുവാന്‍ വേണ്ടി സ്ഥാപകദിനമായി വിജയദശമിയെ തിരഞ്ഞെടുക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ആ ദിനത്തിന്റെ പ്രതീകാത്മകത വളരെ വലുതാണെന്ന് മനസ്സിലാകുന്നുണ്ട്. ഫ്രാൻസിൽ നടന്നത് കേവലമായ യാദൃഛികതയാണെന്ന് കരുതാൻ ആർ. എസ്. എസിന്റെ ചരിത്രമറിയുന്നവർക്ക് കഴിയില്ലെന്ന് ചുരുക്കം.
ഹിന്ദുത്വത്തിന്റെ സാംസ്കാരിക ദേശീയത വിമാനം കയറുമ്പോൾ നമ്മുടെ മതേതര പൊതുമണ്ഡലം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? കൊട്ടിഘോഷിക്കപ്പെടുന്ന കേരളീയ മതനിരപേക്ഷതയെപ്പോലും വിജയദശമി വിഴുങ്ങുകയാണോ? മലയാളിയുടെയടക്കം ‘ദേശീയ’ ആചാരമായി വിജയദശമി മാറുന്നുവെന്നല്ലേ ആ ദിനത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങുകളുടെ പത്രവാർത്തകൾ വ്യക്തമാക്കുന്നത്? പിണറായി വിജയനെപ്പോലുള്ള ഒരു മാർക്‌സിസ്റ്റ്, തന്റെ നിരീശ്വരവാദം മറന്ന് കുഞ്ഞുങ്ങളെ എഴുത്തുനിരുത്തുന്ന അപഹാസ്യമായ കെട്ടുകാഴ്ച എന്തിന്റെ സൂചനയാണ്? സവര്‍ണ മതചടങ്ങുകളെ പ്രചരണയുദ്ധങ്ങള്‍ വഴി കേരളീയന്റെ പൊതുസംസ്‌കാരമായി അവതരിപ്പിക്കുവാനുള്ള തീവ്ര വലതുപക്ഷത്തിന്റെ താല്‍പര്യത്തിന് അനുഗുണമായിട്ടാണ് നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും ജനപ്രതിനിധികളുമെല്ലാം ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുന്നതെന്ന് തോന്നുന്നു. ആര്യ പുരാണേതിഹാസങ്ങള്‍ നിര്‍മ്മിക്കുന്ന വിശ്വാസാടിത്തറകളില്‍ ജീവിക്കുന്ന എഴുത്തിനിരുത്തല്‍ പോലുള്ള ഒരു മതാചാരത്തിന് ‘കാര്‍മികത്വം’ വഹിക്കാന്‍ അമ്പലങ്ങളിലെ പണ്ഡിതന്‍മാര്‍ക്കും പരമ്പരാഗത എഴുത്താചാര്യന്‍മാര്‍ക്കുമൊപ്പം ജാതി, വിശ്വാസ ഭേദങ്ങള്‍ക്കതീതമായി കഥാകാരന്മാരും കവികളും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും പ്രൊഫസര്‍മാരുമെല്ലാം സന്നദ്ധമാകുന്നതിന്റെ അര്‍ഥമെന്താണ്? ശുദ്ധ ഭൗതികവാദിയായ ഡോ. തോമസ് ഐസക് മുതല്‍ എഴുത്തിനിരുത്തലിന് പ്രേരകമായ വിശ്വാസസങ്കല്‍പ്പത്തെ ഒരു നിലക്കും പങ്കിടാത്ത ചില ക്രിസ്ത്യന്‍, മുസ്‌ലിം പണ്ഡിതന്‍മാര്‍ വരെ കുഞ്ഞുങ്ങളെ ‘ആദ്യാക്ഷരം’ കുറിപ്പിക്കാന്‍ ചമ്രം പടിഞ്ഞിരിക്കുന്ന കാഴ്ചകൾ, കേരളം സവര്‍ണ ഹൈന്ദവതയെ ദേശീയതയുടെ ഉടുപ്പണിയിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണ് എന്ന കാര്യം ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
വിജയദശമി ആഘോഷം, വൈദിക ഹിന്ദുമതത്തില്‍ നിന്ന് ഇതിഹാസ, പുരാണ ഹിന്ദുമതത്തിലേക്കുള്ള പരാവര്‍ത്തനത്തിനുശേഷം ആര്യസംസ്‌കൃതി ഉല്‍പാദിപ്പിച്ച ബഹുദൈവാരാധനാപരമായ സങ്കൽപങ്ങളുടെ ഉപോല്‍പന്നമാണ്. അന്ധവിശ്വാസങ്ങളിലേക്കുള്ള പിന്‍മടക്കം കൊട്ടും കുരവയുമായി ആസൂത്രിത മാധ്യമ പിന്തുണയോടെ കേരളം നടത്തുന്നുവെന്നതിന്റെ തെളിവുകൂടിയാണ് എഴുത്തിനിരുത്തല്‍ ചടങ്ങിന് രണ്ടുവയസ്സു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള കുരുന്നുകളുമായി തിക്കിത്തിരക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തില്‍ വര്‍ഷം തോറും സംഭവിക്കുന്ന വന്‍വര്‍ധന. കുഞ്ഞിന്റെ ജ്ഞാനാഭിവൃദ്ധിക്ക് വിജയദശമി ദിനത്തിലെ ആചാരവിധി പ്രകാരമുള്ള ക്രിയകള്‍ നിമിത്തമായിത്തീരുമെന്ന തെറ്റുധാരണ ജാതി, മത ഭേദങ്ങള്‍ക്കതീതമായി പടരുമ്പോള്‍ നമ്മള്‍ ‘മതമൈത്രി’ തെളിയിക്കുന്നത് അന്ധവിശ്വാസത്തിന്റെ കാര്യത്തിലാണെന്ന നിരീക്ഷണത്തിന് വീണ്ടും അടിവരയിടപ്പെടുകയാണ്. ‘ഇടതുപക്ഷം’ പോലും ഹൈന്ദവ അന്ധവിശ്വാസങ്ങളെ ആശ്ലേഷിക്കുന്ന നവകേരളത്തിൽ ഹിന്ദുത്വത്തിന് കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും.
ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയായും ഉത്തരേന്ത്യയില്‍ നവരാത്രിയായും കര്‍ണാടകയിലും മറ്റും ദശറയായുമെല്ലാം ആഘോഷിക്കപ്പെടുന്നത് രാമവിജയം തന്നെയാണ്. ഒന്‍പതുരാത്രികളും (‘നവ’രാത്രി) പത്തു പകലും നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. ആഘോഷത്തിന്റെ സമാപനമായ പത്താം ദിവസമാണ് വിജയദശമിയായി കൊണ്ടാടപ്പെടുന്നത്. രാമന്‍ രാവണനുമേല്‍ നേടിയ വിജയത്തോടൊപ്പം, ദുര്‍ഗാദേവി (ശിവപത്‌നിയായ പാര്‍വതി) മഹിഷാസുരനുമേല്‍ നേടിയ വിജയം കൂടിയാണ് നവരാത്രികളുടെ പ്രമേയം. അസുരനേതാവായിരുന്ന മഹിഷാസുരന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരങ്ങളുടെ ബലത്തില്‍ ദേവലോകത്തിനെതിരെ പടനയിക്കുകയും ദേവേന്ദ്രനെ പരാജയപ്പെടുത്തുകയും ചെയ്തപ്പോള്‍ നിസ്സഹായരായിത്തീര്‍ന്ന ദേവന്‍മാരെ രക്ഷപ്പെടുത്താന്‍ പാര്‍വതി മഹിഷാസുരനും സഹകാരികള്‍ക്കും മേല്‍ സംഹാരതാണ്ഡവമാടി ദേവലോകത്തിന്റെ നിയന്ത്രണം ഇന്ദ്രനെ തിരികെയേല്‍പ്പിച്ചുവെന്നാണ് ഐതിഹ്യം. മഹിഷാസുരമര്‍ദിനിയായി ഉറഞ്ഞുതുള്ളുന്ന ദുര്‍ഗ എന്ന സങ്കല്‍പ്പം ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ പ്രചുരപ്രചാരമാര്‍ജിച്ചതാണ്. ശ്രീരാമന്‍ രാവണനെതിരെ പോരാടിയത് ദുര്‍ഗയെ വന്ദിച്ച ശേഷമാണെന്നും മഹിഷാസുരനെ തറപറ്റിച്ച ദുര്‍ഗാദേവിയുടെ അനുഗ്രഹത്തിന്റെ കൂടി ബലത്തിലാണ് ദുര്‍ഗാശക്തി പൂജിക്കപ്പെടുന്ന വിജയദശമി ദിനത്തില്‍ രാമന്‍ രാവണനെ കീഴടക്കിയതെന്നും അഭിപ്രായമുണ്ട്. നവരാത്രി ആഘോഷത്തിന്റെ ഇതിവൃത്തമായി രാമവിജയത്തിന്റെയും ദുര്‍ഗാവിജയത്തിന്റെയും കഥകള്‍ ഒരേ സമയം നിലനില്‍ക്കുന്നത് ഇവയെ സമന്വയിപ്പിക്കുന്ന ഈ വ്യാഖ്യാനത്തിന്റെ തണലിലാണെന്ന് തോന്നുന്നു.
ശക്തിയുടെ ദേവിയായാണ് പാര്‍വതി പൂജിക്കപ്പെടുന്നത്. പാര്‍വതിയും ലക്ഷ്മിയും സരസ്വതിയുമടങ്ങിയ ഒരു ദേവീ ത്രിത്വമുണ്ടെന്നാണ് പുരാണ സങ്കല്‍പം. ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരടങ്ങിയ ത്രിമൂര്‍ത്തി സങ്കല്‍പത്തോട് സമാനതകളുള്ളതാണ് ഈ ത്രിദേവി പരികല്‍പന. ലക്ഷ്മി ഐശ്വര്യത്തിന്റെയും സരസ്വതി അക്ഷരവിദ്യ, കലാവൈഭവം, ബുദ്ധിശക്തി തുടങ്ങിയവയുടെയും ദാതാവാണ് എന്നാണ് വിശ്വാസം. പാര്‍വതീവിജയം അനുസ്മരിക്കുന്ന നവരാത്രികള്‍, ത്രിദേവി സങ്കല്‍പത്തിന്റെ വെളിച്ചത്തില്‍ മൂന്നു ദേവതകള്‍ക്കും ഉപാസനകളര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യത്തെ മൂന്നു ദിനങ്ങളില്‍ പാര്‍വതിയെയും തൊട്ടടുത്തുള്ള മൂന്നു ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാന മൂന്നില്‍ സരസ്വതിയെയും ആരാധിക്കുകയാണ് പരമ്പരാഗത രീതി. അക്ഷരവിദ്യയുടെ ദേവിയായി പരിഗണിക്കപ്പെടുന്ന സരസ്വതി പൂജയുടെ ഭാഗമായി എട്ടാം ദിനം (അഷ്ടമി) പുസ്തകങ്ങളും മറ്റും പൂജയ്ക്കുവെക്കുന്നു. ഒന്‍പതാം ദിവസം (നവമി) കടന്ന് ആഘോഷം സമാപിക്കുന്നു. വിജയദശമി ദിനത്തില്‍ അവ തിരിച്ചെടുക്കുകയും സരസ്വതി വന്ദനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയും ചെയ്യുന്നു. കുഞ്ഞ് അറിവുള്ളവനായി വളരാന്‍ വേണ്ടി സരസ്വതി ദേവിയുടെ അനുഗ്രഹം തേടുകയാണ് വിദ്യാരംഭം ചടങ്ങിന്റെ അന്തസത്ത. ഈ വിശ്വാസങ്ങളൊക്കെ പിന്തുടരുന്ന ജനകോടികൾ തീർച്ചയായും ഇൻഡ്യയിൽ എത്രയോ കാലമായി ഉണ്ട്. അവർക്ക് അതിനുള്ള അവകാശവുമുണ്ട്. പക്ഷേ ആ വിശ്വാസങ്ങൾ പങ്കിടാത്ത ജനതതികൾക്ക്, അവയിൽ നിന്ന് മാറിനടക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. പ്രപഞ്ചസ്രഷ്ടാവല്ലാത്ത ശക്തികളോട് അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുള്ള ബഹുദൈവാരാധനയായതിനാലാണ്, സരസ്വതി പ്രസാദം തേടിയുള്ള എഴുത്തിനിരുത്തല്‍ ചടങ്ങിന് കുഞ്ഞുങ്ങളെ അയക്കാതിരിക്കാന്‍ മതബോധമുള്ള മുസ്‌ലിംകള്‍ ശ്രദ്ധിക്കുന്നത്. അതിന്റെ പേരിൽ അവർക്ക് പൗരത്വം നിഷേധിക്കാൻ ഇനി മുതൽ വർഗീയ ഹിന്ദുത്വത്തോടൊപ്പം ഇടത് മതേതര ഹിന്ദുത്വം കൂടി ഉണ്ടാകുന്ന ഗതികേടിലേക്കാണെന്ന് തോന്നുന്നു, കേരളം സഞ്ചരിക്കുന്നത്.
എഴുത്തുനിരുത്തലിനെ ‘ദേശീയ’വും ‘മതേതര’വുമാക്കി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമാക്കുന്നതിനുമുമ്പ് ക്ഷേത്രങ്ങളില്‍ തന്നെയായിരുന്നു കാര്യമായി ഈ ചടങ്ങ് നടന്നിരുന്നത്. ഇപ്പോഴും മൂകാംബിക ക്ഷേത്രങ്ങള്‍ തന്നെയാണ് വിദ്യാരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അരങ്ങുകള്‍. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാല്‍ മൂകാംബികാ ക്ഷേത്രം, എറണാകുളത്തിനടത്തുള്ള പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങിയവയാണ് ഏറ്റവും തിരക്കനുഭവപ്പെടുന്ന കേന്ദ്രങ്ങള്‍. പാര്‍വതി തന്നെയാണ് മൂകാംബിക എന്ന പേരില്‍ ഈ ക്ഷേത്രങ്ങളിലുള്ള പ്രതിഷ്ഠ. ആചാര്യന്‍ കുഞ്ഞിനെ മടിയിലിരുത്തി നാവില്‍ സ്വര്‍ണമോതിരം കൊണ്ടോ ചെറിയ സ്വര്‍ണക്കോലുകൊണ്ടോ ‘ഓം ഹരി ശ്രീ ഗണപതയേ നമ:’ എന്നെഴുതുകയും കുഞ്ഞിന്റെ വലതു ചൂണ്ടുവിരല്‍ കൊണ്ട് ഇതേ വാചകം മണലിലോ ധാന്യമണികളിലോ എഴുതിക്കുകയുമാണ് ചെയ്യുന്നത്. സ്വര്‍ണം ഉപയോഗിക്കുന്നത് സരസ്വതി ദേവിയെ സന്തോഷിപ്പിക്കും എന്നാണ് സങ്കല്‍പം. സരസ്വതീ കടാക്ഷത്തിനുവേണ്ടി രക്ഷിതാക്കള്‍ കുഞ്ഞിന്റെ ശരീരത്തില്‍ ചന്ദനവും തേനും വയമ്പുമെല്ലാം തിരുമ്മിക്കൊണ്ടുവരാറുണ്ട്. ഗണപതിയെ സ്തുതിച്ചുകൊണ്ട് ആദ്യാക്ഷരം കുറിക്കുന്നത് കുഞ്ഞിന്റെ ഭാവിജീവിതത്തില്‍ പുരോഗതിക്ക് തടസ്സങ്ങളൊന്നും നേരിടാതിരിക്കാനാണ്. തടസ്സങ്ങള്‍ നീക്കുന്നത് ഗണപതിയാണെന്നാണ് സങ്കല്‍പം (വിഘ്‌നങ്ങളുടെ ദൈവമെന്ന നിലയ്ക്കാണ് ഗണപതി വിഘ്‌നേശ്വരന്‍ എന്നറിയപ്പെടുന്നത്). യഥാര്‍ത്ഥത്തില്‍ ചതുര്‍വേദങ്ങളുടെ പോലും മതസങ്കല്‍പത്തില്‍ നിന്ന് എത്രയോ വിദൂരമാണ് അടിമുടി ബഹുദൈവാരാധനാപരമായ ഈ സങ്കല്‍പങ്ങളൊക്കെയും. അവ പുരോഗമന കേരളത്തിലെ എല്ലാതരം വിശ്വാസങ്ങളുടെ വക്താക്കളും ഏറ്റെടുക്കണമെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്?
തിരൂര്‍ തുഞ്ചന്‍പറമ്പ് എഴുത്തിരുത്തല്‍ ചടങ്ങിന്റെ തലസ്ഥാനമായി മാറിയതിനു പിന്നില്‍ വലിയൊരു ചരിത്രപാരമ്പര്യമുണ്ട്. രാമന്‍, കൃഷ്ണന്‍ തുടങ്ങിയ വ്യക്തിദൈവങ്ങളോടുള്ള അനാദൃശമായ ഭക്തി ഹിന്ദുസമാജത്തില്‍ സാര്‍വത്രികമാകുന്നത് മധ്യകാലഘട്ടത്തില്‍ ഭക്തിപ്രസ്ഥാനം നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണല്ലോ. ഉത്തരേന്ത്യയിലെ ഭക്തകവികളുടെ ആശയങ്ങളില്‍ അകൃഷ്ടനായി കേരളത്തില്‍ ഹിന്ദു ഭക്തിജാഗരണത്തിനു ശ്രമിച്ച വ്യക്തിയായിരുന്നു പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പതിനേഴാം നറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിച്ച തുഞ്ചത്തെഴുത്തച്ഛന്‍. അദ്ദേഹം അതിനുപയോഗിച്ച പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഒന്ന് കവിതയായി എന്നു മാത്രമേയുള്ളൂ. രാമഭക്തനായിരുന്ന തുഞ്ചന്റെ രാമായണവിവര്‍ത്തനം കേരളത്തിലെ രാമഭക്തിക്കും വിജയദശമി ആചരണങ്ങള്‍ക്കുമാന്നും പകര്‍ന്ന ഊക്ക് ചെറുതല്ല. മലയാള ഭാഷയുടെ പിതാവായി അദ്ദേഹം വിലയിരുത്തപ്പെടുന്നതെന്തുകൊണ്ടാണെന്ന് കൃത്യമായി മനസ്സിലാക്കിയാലെ തുഞ്ചന്‍പറമ്പ് എഴുത്തിനിരുത്തലിനുള്ള ഒരു മതസന്നിധാനമായി രൂപാന്തരപ്പെടുന്നതിലെ പ്രതീകാത്മകത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയൂ.
ഇന്ന് കേരളം എന്ന് നാം വിളിക്കുന്ന ഭൂപ്രദേശത്തും തമിഴ് തന്നെയായിരുന്നു ഒന്നാം സഹസ്രാബ്ദത്തിന്റെ അന്ത്യം വരെ ഭാഷയായുണ്ടായിരുന്നത്. ക്രമേണ മലയാളം ചെറുതായി അതില്‍ നിന്ന് വേര്‍പെടാന്‍ തുടങ്ങിയെങ്കിലും അത് ഏറെക്കുറെ ഒരുതരം ചെന്തമിഴ് തന്നെയായി തുടര്‍ന്നു. ‘മലയാളികള്‍’ ഇന്നത്തെ മലയാള ലിപിയുമായി ബന്ധമില്ലാത്ത ‘വട്ടെഴുത്ത്’ ലിപിയാണ് അന്ന് ഈ ഭാഷ എഴുതാനുപയോഗിച്ചിരുന്നത്. കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ആര്യനമ്പൂതിരിമാര്‍ സംസ്‌കൃതം എഴുതിയിരുന്നത് ഉത്തരേന്ത്യയിലേതുപോലെ ദേവനാഗരി ലിപി ഉപയോഗിച്ചായിരുന്നില്ല, ‘ഗ്രന്ഥ’ എന്ന പേരിലറിയപ്പെട്ടിരുന്ന പ്രത്യേക അക്ഷരങ്ങളുപയോഗിച്ചായിരുന്നു. സവര്‍ണപുരാണങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കാനാഗ്രഹമുണ്ടായിരുന്ന ഈ മലയാളി ബ്രാഹ്മണര്‍, അവരുടെ മതസാഹിത്യങ്ങള്‍ ചെന്തമിഴും ഗ്രന്ഥ സംസ്‌കൃതവും കൂട്ടിക്കലര്‍ത്തിയ ഒരു ലിപിയില്‍ എഴുതുന്ന സമ്പ്രദായം ക്രമേണ ആരംഭിച്ചു. ഇതാണ് മണിപ്രവാളം എന്നറിയപ്പെട്ടത്. കാലക്രമേണ തമിഴിന്റെ സാന്നിദ്ധ്യം ഇതില്‍ തീരെ കുറയുകയും അത് ഗ്രന്ഥ ലിപിയുടെ ഏറെക്കുറെയുള്ള സ്വതന്ത്ര പുനപ്രതിഷ്ഠയാവുകയും ചെയ്തു. ഇന്നത്തെ നമ്മുടെ മലയാള ലിപി, മണിപ്രവാളത്തില്‍ നിന്ന് കുതറിമാറിയ നമ്പൂതിരി ഗ്രന്ഥയോടാണ് കൂടുതലും കടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ഗ്രന്ഥമലയാളം ബ്രാഹ്മണരുടെ കുത്തകയായിരുന്നു. സംബന്ധവ്യവസ്ഥിതി മൂലം നായര്‍ ഗൃഹങ്ങളിലേക്കും പിന്നീടത് കടന്നുകയറി. എഴുത്തച്ഛന്‍ ചെയതത്, ഗ്രന്ഥ ലിപിയില്‍ എഴുതപ്പെട്ട സവര്‍ണ ഭക്തികാവ്യങ്ങള്‍ ജനകീയമാകണമെന്ന അദമ്യമായ ആഗ്രഹത്താല്‍ പ്രചോദിതനായി ഗ്രന്ഥലിപി സാര്‍വത്രികമാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്. വട്ടെഴുത്തിനുപകരം എല്ലാ ഉയര്‍ന്നജാതി ഹിന്ദുഗൃങ്ങളിലെയും കുട്ടികളെ ഗ്രന്ഥ പരിശീലിക്കുന്നതിന് അദ്ദേഹം ആരംഭിച്ച ‘എഴുത്തുപള്ളി’കളാണ് ഇന്നത്തെ മലയാള ലിപിക്ക് ഔദ്യോഗിക പരിവേഷം ലഭിക്കാനിടയാക്കിയത്. ‘എഴുത്താശാന്‍’ എന്ന സങ്കല്‍പത്തിന്റെ ഉറവിടവും അദ്ദേഹത്തിന്റെ എഴുത്തുപള്ളി പ്രസ്ഥാനം തന്നെയാണ്.
ഹിന്ദുപുരാണങ്ങളുടെ താക്കോലായിരുന്ന ഗ്രന്ഥ ലിപിയിലുള്ള മലയാളം മതഭക്തി ലക്ഷ്യംവെച്ച് കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പഠിപ്പിക്കാന്‍ സംവിധാനങ്ങളുണ്ടാക്കിയ അദ്ദേഹത്തിന്റെ ജന്മസ്ഥലം അതേ മനശാസ്ത്രത്തില്‍ നിന്ന് ജന്മമെടുക്കുന്ന എഴുതിക്കല്‍ ചടങ്ങിന്റെ കേന്ദ്രവേദിയാകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പഷേ, രാജ്‌നാഥ് സിംഗ് മുതൽ പിണറായി വിജയൻ വരെ വിജയദശമിയുടെ ഭക്തി ചൂടുന്ന കാലത്ത്, നമ്മളെങ്ങനെയൊക്കെയാണ് ഇക്കാണുന്ന ‘സംസ്കാര’ത്തിലെത്തിയത് എന്ന് അതിജീവനം ആഗ്രഹിക്കുന്നവരെല്ലാം സൂക്ഷ്മമായി തിരിച്ചറിഞ്ഞേ പറ്റൂ.