ചരിത്ര രേഖകളുടെ ലഭ്യതയും ചില പ്രധാന ഡിജിറ്റല്‍ ആര്‍ക്കൈവുകളും
1 April 2020 | Essay
ചരിത്ര ഗവേഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം ചരിത്ര രേഖകളുടെ പരിമിതവും, നിയന്ത്രിതവുമായ ലഭ്യതയുമായി ബന്ധപ്പെട്ടതാണ് . പൊതു സ്വകാര്യ ആര്‍ക്കൈവ്സുകള്‍, ലൈബ്രറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയാണ് ചരിത്ര രേഖകളുടെ പ്രധാന സൂക്ഷിപ്പുകാര്‍ . ചരിത്ര രേഖകളുടെ മറ്റൊരു പ്രധാന സംരക്ഷകര്‍ ജീവിതകാലം മുഴുവന്‍ ചരിത്ര രേഖകളുടെ ശേഖരണത്തിനും , സൂക്ഷിപ്പിനും, പഠനത്തിനും വേണ്ടി മാറ്റിവെച്ച Amateur Historians-ആണ്. പ്രാദേശിക തലത്തില്‍ പല പ്രധാന കുടുംബങ്ങളിലും ആരാധനാലയങ്ങളിലും ചരിത്ര രേഖകളുടെ വലിയ സ്വകാര്യ ശേഖരമുണ്ട്. ഇവയില്‍ പരിമിതമായ ശേഖരങ്ങള്‍ മാത്രമാണ് നിയന്ത്രണങ്ങളോടെ ഗവേഷകര്‍ക്കും ചരിത്ര കുതുകികള്‍ക്കും ലഭ്യമായിട്ടുള്ളത് . കഴിഞ്ഞ കുറച്ചു വര്‍ഷത്തെ ഗവേഷണ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്ര രേഖകളുടെ പൊതു ലഭ്യതയെ നിയന്ത്രിക്കുന്നതും, ഡിജിറ്റൈസേഷൻ പ്രക്രിയയുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമായ ചില നിരീക്ഷണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. അക്കാദമിക ചരിത്ര ഗവേഷകര്‍ക്കെതിരെയുള്ള ഒരു പ്രധാന ആരോപണം അവരില്‍ ഒരു വലിയ വിഭാഗം ചരിത്ര മേഖലയോടെ, ഗവേഷണ വിഷയത്തോടെ പ്രത്യേക പ്രതിബദ്ധത ഒന്നും കാത്തുസൂക്ഷിക്കാത്തവരാണ് എന്നതാണ്. വലിയ ബുദ്ധിമുട്ടില്ലാതെ എത്രയും പെട്ടെന്ന് arcmchair research-ലൂടെ PhD ഡിഗ്രി കരസ്ഥമാക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇതിനാവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള താത്കാലികമായ ഒരു ബന്ധം മാത്രമാണ് ചരിത്ര രേഖകള്‍ സൂക്ഷിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമായി ഇവര്‍ക്കുണ്ടാവുക. പലപ്പോഴും രേഖകള്‍ പങ്കുവെക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, കടപ്പാടോ ഇക്കൂട്ടരില്‍നിന്നു കിട്ടാറില്ല .ഇത്തരം ദുരനുഭവങ്ങള്‍ ഗവഷകരോടുള്ള ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരുടെ സമീപനത്തെ വലിയൊരളവോളം സ്വാധീനിക്കുന്നുണ്ട്. ഗവേഷകര്‍ ഏകപക്ഷീയമായി തങ്ങള്‍ക്കാവശ്യമായ രേഖകള്‍ സമാഹരിക്കുക എന്നതിലുപരി, ചരിത്ര രേഖകളുടെ സൂക്ഷിപ്പുകാരുമായി തങ്ങളുടെ കയ്യിലുള്ള രേഖകള്‍ പങ്കു വെക്കാറില്ല. ഒരു അക്കാദമിക വിഷയം എന്നനിലയില്‍ പരസ്പര നേട്ടത്തിലും പങ്കുവെക്കലിലും അധിഷ്ഠിതമായ ബന്ധങ്ങളിലൂടെ മാത്രമേ ചരിത്ര വിജ്ഞാനീയത്തില്‍ വളര്‍ച്ച ഉണ്ടാകുകയുള്ളൂ.
2. സ്വപ്രയത്നത്താല്‍ ശേഖരിച്ചതോ ,പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടിയതോ ആയ ചരിത്രരേഖകളുടെ ഭൌതിക സാംസ്കാരിക ( material and cultural) മൂല്യങ്ങളെ തിരിച്ചറിയുന്നവരാണ് ഇവയുടെ സൂക്ഷിപ്പുകാരായ വലിയൊരു വിഭാഗം സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും . കേവലം ചരിത്രത്തോടുള്ള കൌതുകത്തിനപ്പുറം ഒരു ജനതയുടെ സാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സാമ്പത്തികമായി ഉള്‍പ്പടെ വലിയ ത്യാഗങ്ങള്‍ സഹിച്ചും ഇവര്‍ ചരിത്ര രേഖകളെ ശേഖരിച്ചുവെച്ചിരിക്കുന്നത് . അതിനാല്‍ തന്നെ ചരിത്രപരമായി യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത മുകളില്‍ സൂചിപ്പിച്ച ഗവേഷകരോട് രേഖകള്‍ പങ്കുവെക്കുന്നതിലുള്ള വിമുഖത സ്വാഭാവികമാണ് . ഇതിനപ്പുറം തങ്ങള്‍ ശേഖരിച്ച രേഖകള്‍ മറ്റാരുമായും പങ്കു വെക്കാതെ പൂട്ടിക്കെട്ടിവെക്കുന്ന നിലപാടോ, അവയുടെ മൂല്യം തിരിച്ചറിയാതെ കുംടുംബത്തിന്‍റെ പാരമ്പര്യം അറിയിക്കാന്‍ ചില്ലലമാറകളില്‍ അലങ്കാരത്തിനായി അടക്കിവെച്ചു കാഴ്ച്ചവസ്തുക്കളാക്കി മാറ്റുന്ന പ്രവണതയോ ചരിത്ര പഠനത്തിനു ഒട്ടും ഭൂഷണമല്ല. ചരിത്രം ഒരു അക്കാദമിക വിഷയം എന്ന നിലയില്‍ കഴിഞ്ഞ അമ്പതു വര്‍ഷം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ചരിത്ര പഠന മേഖലയിലെ പുതിയ പ്രവണതകള്‍, ചിന്താ സരണികള്‍, രീതി ശാസ്ത്രം, ആഖ്യാന രീതികള്‍ എന്നിവ ഒരളവുവരെയും സാധ്യമായത്-പാരമ്പര്യമായി ചരിത്ര രേഖകളായി കണക്കാക്കി പോന്നിരുന്ന രേഖകളെ കൂടാതെ – വൈവിധ്യമായ രീതിയില്‍ ഭൂതകാലത്തെ അടയാളപ്പെടുത്തിയിരുന്ന ആഖ്യാനങ്ങളെ കൂടി ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നതോടെയാണ് . ഇത് ചരിത്ര രചനയെ ജനാധിപത്യ വത്കരിക്കുകയും പാര്‍ശ്വവത്കരിക്ക്പ്പെട്ടവര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. അതിനാല്‍ തന്നെ ചരിത്ര രേഖകളെ അടച്ചുപൂട്ടി വെക്കുന്ന പ്രവണത നമ്മുടെ ചരിത്ര ബോധത്തെയും ഭാവനയെയും പഴഞ്ചനായി നിലനിര്‍ത്തും. രേഖകളുടെ സൂക്ഷിപ്പുകാരായ വ്യക്തികള്‍, കുടുംബങ്ങള്‍,സ്ഥാപനങ്ങള്‍ എന്നിവക്ക് അര്‍ഹമായ അംഗീകാരവും സാമ്പത്തിക സഹായവും നല്‍കി രേഖകളെ പോതു ഇടത്തില്‍ ലഭ്യമാക്കി മാറ്റുക എന്നതാണ് ഇതിനുള്ള പരിഹാരം.
3. എളുപ്പത്തില്‍ രേഖകള്‍ ലഭ്യമാവുന്ന പല പൊതു സ്വകാര്യ സ്ഥാപനങ്ങളുടെയും അവസ്ഥ പലപ്പോഴും ശോചനീയമാണ് . ശരിയായ കാറ്റലോഗിന്‍റെ അപര്യാപ്തതയും, ചെയ്യുന്ന ജോലിയില്‍ അറിവും താത്പര്യവും ഇല്ലാത്ത ജീവനക്കാരും രേഖകള്‍ കണ്ടെത്തുന്നതിനുള്ള പ്രധാന തടസ്സമാണ്. കൂടാതെ രേഖകള്‍ സംരക്ഷിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കല്‍, അവ സൂക്ഷിച്ചുവെക്കുന്നതിനുള്ള സൌകര്യ കുറവ് എന്നിവ പലപ്പോഴും ലഭ്യമായ രേഖകള്‍ തന്നെ ചിതലരിച്ച് നശിച്ചു പോകുന്നതിനും കാരണമാകാറുണ്ട്.
ചരിത്ര രേഖകളുടെ ഡിജിറ്റൈസേഷൻ, അവ ഓണ്‍ലൈന്‍ ആര്‍ക്കൈവുകള്‍ വഴി ലഭ്യമാക്കുന്നതും ഈ പ്രശ്നങ്ങള്‍ക്ക് വലിയൊരളവുവരെ പരിഹാരമാകും. താങ്ങാനാവാത്ത subscription rate-ഉം pay wall-ഉം ഇല്ലാതെ, ചരിത്ര രേഖകള്‍ എല്ലാ വര്‍ക്കും ലഭ്യമാക്കുന്ന ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഗവേഷകര്‍ എന്നിവയുടെ ക്രിയാത്മക കൂട്ടായ്മയിലൂടെ സാധ്യമാകും. ഇത്തരത്തിലുള്ള തീര്‍ത്തും സൗജന്യമായി, എളുപ്പത്തില്‍ ലഭ്യമാകുന്ന ചില പ്രധാനപ്പെട്ട ഡിജിറ്റല്‍ ആര്‍ക്കൈവുകളെ പരിജയപ്പെടുത്തുകയാണിവിടെ.
അറിവ് അധികാരമാണ്, ചരിത്രം ആയുധവും. ചരിത്ര രേഖകളുടെ ഡിജിറ്റൈസേഷൻ ലക്ഷ്യം വെക്കുന്നത് രേഖകള്‍ക്കു മുകളിലുള്ള അറിവധികാരത്തിന്‍റെ കുത്തക ഇല്ലാതാക്കി അതെല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ്. ഇത് കൂടുതല്‍ വൈവിധ്യ പൂര്‍ണ്ണവും, ജനാധിപത്യപരവും, ഉള്‍കൊള്ളുന്നതുമായ ചരിത്ര ബോധ്യങ്ങള്‍ക്കും, ആഖ്യാനങ്ങള്‍ക്കും, ഭാവനകള്‍ക്കും വഴിവക്കും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ ഈ പ്രക്രിയയില്‍നിന്നും മാറി നില്‍ക്കുന്ന വ്യക്തികളും, സ്ഥാപനങ്ങളും തങ്ങള്‍ സൂക്ഷിക്കുന്ന ചരിത്ര രേഖകള്‍ പ്രതിനിധാനം ചെയ്യുന്ന ജന സമൂഹങ്ങളെ ചരിത്രത്തില്‍ അപ്രസക്തമാകുകയാണ് ചെയ്യുന്നത്.
അതേസമയം ഡിജിറ്റൈസേഷൻ പ്രക്രിയ ഏകപക്ഷീയമായ ഊറ്റിയെടുക്കലുകളും അധികാര പ്രയോഗങ്ങളുമായി മാറരുത്. ഉദാഹരണത്തിന് പല അന്താരാഷ്ട്ര ഡിജിറ്റൈസേഷൻ പ്രോജക്റ്റുകളും നാമമാത്രമായ സഹായങ്ങള്‍ നല്‍കിയോ/നല്‍കാതെയോ നമ്മുടെ ചരിത്ര രേഖകളെ എല്ലാവര്‍ക്കും ലഭ്യമകുന്ന രീതിയില്‍ പൊതു ഇടത്തില്‍ കൊണ്ടുവരുന്നുണ്ട്. നല്ലതു തന്നെ. അതേസമയം, സമാനമായ പ്രോജക്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഇതേ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള നമ്മെ പറ്റിയുള്ള ചരിത്ര രേഖകള്‍ ഡിജിറ്റൈസ് ചെയ്യാതിരിക്കുകയോ, താങ്ങാനാവാത്ത subscription rate-നും pay wall-ക്കും അപ്പുറം പൂട്ടിട്ടു വെച്ചിരിക്കുകയോ ആണ്. ഈ നില മാറേണ്ടതുണ്ട്. പ്രത്യേകിച്ച് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ കൊള്ള ചെയ്തു കൊണ്ടുപോയ തങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെയും ശേഷിപ്പുകളെയും തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. പരസ്പര നേട്ടത്തിലും പങ്കുവെക്കലിലും അധിഷ്ഠിതമായ ആരോഗ്യകരമായ ബന്ധങ്ങളിലൂടെ ഡിജിറ്റൈസേഷൻ നടപ്പിലാക്കുമ്പോള്‍ മാത്രമാണ് സാങ്കേതികവിദ്യ അറിവിന്‍റെയും അധികാരത്തിന്‍റെയും ജനാധിപത്യ വത്കരണത്തിന് സഹായകമാവുക. എല്ലെങ്കില്‍ ഇതും നിലവിലുള്ള അറിവധികാരങ്ങളെ പൂര്‍വാധികം ശക്തിപ്പെടുത്തുന്ന ഒരു ഉപാധിയായി മാറും.
ഗവേഷകര്‍ക്കു ഉപയോഗപ്രതമായ എളുപ്പത്തിലും സൗജന്യമായും ചരിത്ര രേഖകള്‍ ലഭ്യമായ ചില ഓണ്‍ലൈന്‍ ഡിജിറ്റല്‍ ആര്‍ക്കൈവുകളെ പരിചയപ്പെടുത്തുകയാണിവിടെ. പൊതു – സ്വകാര്യ സ്ഥാപനങ്ങളും, വ്യക്തികളുമാണ് ഇവ നടത്തുന്നത്.
ഓണ്‍ലൈന്‍ ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍ ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്കായി ചില നിര്‍ദേശങ്ങള്‍.
1. കഴിയുന്നതും സര്‍ച് ബാറില്‍ നിങ്ങളുടെ specefic topic തിരയുന്നതിന് പകരം, വിഷയവുമായി ബന്ധപ്പെട്ട general terms / titles / names / keywords എന്നിവ തിരയുക.
2. നാം ഇന്ന് ഉപയോഗിക്കുന്ന spelling ആയിരിക്കില്ല മുന്‍പ് പ്രചാരത്തില്‍ ഉണ്ടായിരുന്നത് എന്ന് ഓര്‍ക്കുക. അതിനാല്‍ തന്നെ പഴയ spellling അറിയുമെങ്കില്‍ അതുപയോഗിച്ച് തിരയുക. അതു തന്നെ multiple spelling വെച്ച് തിരയുക. ഉദാഹരണത്തിന് MAPPILA എന്നാണ് നാം ഇപ്പോള്‍ പൊതുവേ ഉപയോഗിക്കാറ്. ബ്രിട്ടീഷ് രേഖകളില്‍ ഇത് MOPLAH, MOPLA, MAPPILLA, MAPPILA എന്ന് വിത്യസ്തമയ രീതിയിലാണ് ഉപയോഗിച്ചു കാണുന്നത്.
3. search result കളുടെ ആധിക്യം നിങ്ങളെ സംശയിപ്പിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് വേണ്ട രേഖയെപറ്റി നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ട് എങ്കില്‍- ആവശ്യമായ filters ഉപയോഗിക്കുക.
1) Abhilekh Patal Portal for Access to Archives and Learning
National Archives of India (NAI)-യുടെ ഔദ്യോഗിക ഡിജിറ്റല്‍ ലൈബ്രറി. ഇന്ത്യൻ ആർക്കൈവൽ റെക്കോഡുകളുടെ സമ്പന്നമായ ശേഖരം ഒരു ബട്ടണിന്‍റെ ക്ലിക്കിലൂടെ എല്ലാവർക്കും ലഭ്യമാക്കാനുള്ള NAI ഒരു സംരംഭമാണ്. കൂടാതെ പ്രധാന ദേശീയ നേതാക്കളുടെ സ്വകാര്യ രേഖകള്‍ , Oriental Records ശേഖരത്തില്‍ ഉള്‍പെടുന്ന അമൂല്യമായ കയ്യെഴുത്ത് കൃതികള്‍ എന്നിവയും ലഭ്യമാണ്. സൗജന്യമായി ഒരു അക്കൌണ്ട് ഉണ്ടാക്കിയാല്‍ ആര്‍ക്കും രേഖകള്‍ വായിച്ചു തുടങ്ങാവുന്നതാണ്. ഡല്‍ഹിയില്‍ പോകതെ തന്നെ ആർക്കൈവല്‍ വര്‍ക്ക് ചെയ്യുന്നതിന് പണമടച്ച് വേണ്ട രേഖകള്‍ ഡിജിറ്റൈസേഷൻ ചെയ്യുന്നതിനുള്ള സൌകര്യവുമുണ്ട്. ആർക്കൈവല്‍ ഗവേഷണങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന ഈ സംരംഭം ഇതുവരെ 70844 ഡിജിറ്റൈസ് ചെയ്ത റെക്കോർഡുകൾ ഓൺലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട് . ഗവര്‍മെന്‍റെ ആര്‍ക്കൈവുകള്‍ പ്രതിനിധാനം ചെയ്യുന്നത് ഭരണകൂടത്തിന്‍റെ ഔദ്യോഗിക ഭാഷയാണ്. അതേസമയം രേഖീയമായ ഏറ്റവും വലിയ ചരിത്ര സ്രോതസ്സ് എന്ന നിലയില്‍ ഏകപക്ഷീയമെങ്കിലും, വിമര്‍ശനാത്മക പഠനത്തിലൂടെ വസ്തുതകളെ ഇവ അത്യന്താപേക്ഷിതമാണ്. ഔദ്യോഗിക നിലപാടില്‍നിന്നു വിഭിന്നമായ കാഴ്ചപ്പാടുള്ള, സാമൂഹിക സങ്കീര്‍ണതകളെ പ്രതിഫലിപ്പിക്കുന്ന ചരിത്ര രേഖകളും ആര്‍ക്കൈവുകളില്‍ വിരളമല്ല.
https://www.abhilekh-patal.in/jspui/
സമാനമായ ചില സംരംഭങ്ങള്‍ :
National Portal and Digital Repository for Indian Museums: http://museumsofindia.gov.in/repository/
Gandhi Heritage Portal: https://www.gandhiheritageportal.org/
The National Cultural Audiovisual Archives: http://ncaa.gov.in/repository/
Panjab Digital Library (PDL): http://www.panjabdigilib.org/webuser/searches/mainpage.jsp
Nehru Memorial Library Digital Archives: http://nehrumemorial.nic.in/en/digital-archives.html
2) Internet Archive
ലോകത്തെ ഏറ്റവും വലിയതും സുതാര്യമായതുമായ ഇന്‍റെര്‍നെറ്റ് ആർക്കൈവ് സംരഭം. “Universal Access to All Knowledge” എന്ന ലക്ഷ്യത്തോടെ അമേരിക്ക ആസ്ഥാനമായി UNESCO-യുടേത് ഉള്‍പ്പെടെയുള്ള സഹായത്തോടെ പ്രവര്‍ത്തിക്കുന്നു . ദശ ലക്ഷക്കണക്കിന് സൗജന്യ പുസ്തകങ്ങളെൾ, സിനിമകൾ, സോഫ്റ്റ്വെയർ, സംഗീതം, വെബ്‌സൈറ്റുകൾ എന്നിവയും, അതിലേറെയുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ലാഭേച്ഛയില്ലാത്ത ലൈബ്രറിയാണ് ഇന്‍റെര്‍നെറ്റ് ആർക്കൈവ്. ലോകത്തിലെ മിക്ക പ്രധാന ദേശീയ-അന്തർദേശീയ ഡിജിറ്റല്‍ ലൈബ്രറികളും ഗവേഷണ സ്ഥാപനങ്ങളും ഈ സംരംഭത്തില്‍ പങ്കാളികളാണ്.
സമാന സ്വഭാവമുള്ള മറ്റു ചില പ്രധാന ഇന്‍റെര്‍നെറ്റ് ആര്‍ക്കൈവുകള്‍:
The World Digital Library (WDL) : https://www.wdl.org/en/
Laibrary of Congress: https://www.loc.gov/
Europeana: https://www.europeana.eu/en
Digital Public Library of America: https://dp.la/browse-by-topic
Project Gutenberg: https://www.gutenberg.org/wiki/Main_Page
QATAR DIGITAL LIBRARY: https://www.forgottenbooks.com/en
Forgotten Books: https://www.qdl.qa/en/search/site/
3) National Digital Library of India
ഇന്ത്യയിലെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ IIT ഖൊരഗ്പുരിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ. വിത്യസ്ഥ മേഖലകളിലെ വൈജ്ഞാനിക മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ പഠന, ഗവേഷണ സ്രോതസ്സുകളെ സൗജന്യമായി, എളുപ്പത്തില്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യം വെക്കുന്നത്. നിരവധി ദേശീയ അന്തർദേശീയ ഡിജിറ്റൽ ലൈബ്രറികളും ഗവേഷണ സ്ഥാപനങ്ങളും ഈ സംരംഭത്തില്‍ പങ്കാളികളാണ്.
സമാനമായ പല രേഖകളും പങ്കു വെക്കുന്ന മറ്റു രണ്ട് സംരംഭങ്ങള്‍:
Digital Library of India: https://dli.ernet.in/ (താത്കാലികമായി ലഭ്യമല്ല )
Sankrit Dictionary DLI Mirror: https://dli.sanskritdictionary.com/
Dhananjayrao Gadgil Library: പൂനെ കേന്ദ്രീകരിച്ച Gokhale Institute of Politics and Economics –ന്‍റെ ലൈബ്രറി ശേഖരം. ഇന്ത്യയിലെ സാമൂഹ്യ ശാസ്ത്ര രേഖകളുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ശേഖരങ്ങളിലൊന്ന്. 1680 മുതല്‍ പ്രസിദ്ധീകരിച്ച നൂറുകണക്കിന് പുസ്തകങ്ങളുണ്ട് ഈ ശേഖരത്തില്‍.
https://dspace.gipe.ac.in/xmlui/handle/10973/2
4) Google Books
ഗൂഗിൾ സ്കാൻ ചെയ്തതും അതിന്‍റെ ഡിജിറ്റല്‍ൽ ഡാറ്റാബേസിൽ സംഭരിച്ചതുമായ പുസ്തകങ്ങളുടെയും മാഗസിനുകളുടെയും മറ്റു രേഖകളുടെയും വലിയൊരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഗൂഗിൾ ബുക്സ്. ഇവയില്‍ പലതും സൗജന്യമായി pdf ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. പലപ്പോഴും നാം ഗൌനിക്കാതെ വിടുന്ന ഒരു ശേഖരമാണിത്. ക്ഷമയോടെ തിരഞ്ഞാല്‍ പല സുപ്രധാന രേഖകളും ഇവിടെനിന്നു ലഭിക്കും.
Internat Archive പ്ലാട്ഫോര്‍മിലും ഗൂഗിൾ ബുക്സ് ആര്‍ക്കൈവിലും ലഭ്യമാണ്.
https://archive.org/details/googlebooks
5) South Asian Open Archives (SAOA)
സൗത്ത് ഏഷ്യ ഓപ്പൺ ആർക്കൈവ് വേഷണത്തിനും അദ്ധ്യാപനത്തിനുമുള്ള ഒരു സൗജന്യ ഓപ്പൺ ആക്സസ് റിസോഴ്സാണ്. കല, മാനവികത, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ മേഖലകളിലെ ചരിത്രപരവും സമകാലികവുമായ സ്രോതസ്സുകളുടെ സമ്പന്നവും വളരുന്നതുമായ ഇന്ഗ്ലീഷിലും മറ്റു ദക്ഷിണേഷ്യന്‍ ഭാഷകളിലും ഉള്ള നല്ലൊരു ശേഖരം . സാമൂഹികം സാമ്പത്തികം, സാഹിത്യം, സ്ത്രീകൾ, ലിംഗഭേദം, ജാതി, സാമൂഹിക ഘടന എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഈ ആര്‍ക്കൈവ്സ്. പുസ്തകങ്ങളെൾ, ജേണലുകൾ, പത്രങ്ങൾ, സെൻസസ് ഡാറ്റ, മാസികകൾ, മറ്റു രേഖകൾ എന്നിവയുടെ ആയിരക്കണക്കിന് പേജുകൾ നിലവിൽ SAOA-യുടെ ശേഖരത്തിൽ അടങ്ങിയിരിക്കുന്നു. ദക്ഷിണേഷ്യയിലും ലോകമെമ്പാടുമുള്ള 26 അംഗ ഗവേഷണ ലൈബ്രറികളുടെ വിശാലമായ ഒരു സഹകരണ സംരംഭത്തിന്‍റെ ഫലമാണ് SAOA. JSTOR പ്ലാട്ഫോര്‍മില്‍ ഇത് ലഭ്യമാണ്.
https://www.jstor.org/site/south-asia-open-archives/saoa/
സമാന സ്വഭാവമുള്ള ചില ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍:
Digital South Asia Library: https://dsal.uchicago.edu/
Hathi Trust Digital Library-യും South Asia Archive-ഉം സമാന സ്വഭാവമുള്ള രണ്ടു ഭീമന്‍ അകാദമിക് ബിസിനസ്സ് മോഡലുകളാണ്. ഈ മേഖലയിലെ ഏറ്റവും പ്രധാന സാന്നിധ്യം എന്ന നിലയില്‍ ഇവിടെ സൂചിപ്പിക്കുന്നു എന്നു മാത്രം. ഇവയുടെ രേഖകളുടെ ലഭ്യത ഭാഗികമായോ പൂര്‍ണ്ണമായോ subscription അടിസ്ഥാനത്തിലുള്ളതാണ്.
Hathi Trust Digital Library : https://www.hathitrust.org/
South Asia Archive : http://www.southasiaarchive.com/
6) നിയമ നിര്‍മാണ സഭ രേഖകള്‍
നിയമ നിര്‍മാണ സഭകളെപോലെ ഒരു രാജ്യത്തിന്‍റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ചിത്രം പ്രതിഫലിക്കുന്ന മറ്റൊരിടിവും ഇല്ല. പ്രാധിനിധ്യ ഭരണ സംവിധാനത്തിന്‍റെ വളര്‍ച്ചയോടെ ഇന്ത്യന്‍ വൈവിധ്യങ്ങളെ ഒരു പരുതിവരെ പ്രധിനിധാനം ചെയ്യാന്‍ നിയമ നിര്‍മാണ സഭകള്‍ക്കായി. അതിനാല്‍ തന്നെ ചരിത്ര രചനയിലെ ഒരു പ്രധാന സ്രോതസ്സാണ് നിയമ നിര്‍മാണ സഭ രേഖകള്‍. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ദേശീയ പ്രാദേശിക തലത്തിലുള്ള നിയമ നിര്‍മാണ സഭകളുടെ രേഖകളുടെ ഡിജിറ്റല്‍ ശേഖരം നമുക്കിന്നു ലഭ്യമാണ്.
ഇന്ത്യയെ പറ്റി ബ്രിട്ടീഷ് നിയമ നിര്‍മാണ സഭകളില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും താഴെ ലിങ്കില്‍ ലഭ്യമാണ്. ഇതില്‍ കമ്പനി ഭരണകാലവും, ബ്രിട്ടീഷ് ഗവണ്‍മെന്‍റ് നേരിട്ട് ഭരിക്കാന്‍ തുടങ്ങിയ കാലവും ഉള്‍കൊള്ളുന്നു.
UK Parliament beta website: https://beta.parliament.uk/
ഇന്ത്യയിലെ കേന്ദ്ര നിയമ നിര്‍മാണ സഭ രേഖകള്‍ പാർലമെന്റ് ഡിജിറ്റൽ ലൈബ്രറിയില്‍ ലഭ്യമാണ്. ഒന്നാം ലോക്സഭ മുതൽ പതിനേഴാം ലോക്സഭ വരെയുള്ള ലോക്സഭയുടെ സംവാദങ്ങൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പാര്‍ലമെന്ടറി കമ്മിറ്റികളുടെ റിപ്പോർട്ടുകൾ, പാർലമെന്റിന്റെ രാഷ്ട്രപതിയുടെ പ്രസംഗങ്ങൾ, ബജറ്റ് പ്രസംഗങ്ങൾ, ലോക്സഭ സെക്രട്ടേറിയേറ്റിന്‍റെ നിരവധി പ്രസിദ്ധീകരണങ്ങൾ എന്നിവയും ഈ ശേഖരത്തിന്‍റെ ഭാഗമാണ്. 1858 മുതൽ 1952 വരെ ഇന്ത്യയിലെ വിവിധ ആധുനിക നിയമ നിര്‍മാണ സഭാ രേഖകളും ഇവിടെ ലഭ്യമാണ്.
PARLIAMENT DIGITAL LIBRARY (PDL): https://eparlib.nic.in/
1952 മുതലുള്ള രാജ്യസഭ രേഖകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്
OFFICIAL DEBATE OF RAJYA SABHA: https://rsdebate.nic.in/
കേരള നിയമസഭ ആര്ക്ക്കൈവില്‍ 1956 മുതലുള്ള നിയമസഭ പ്രോസീടിങ്ങ്സ് നല്‍കിയിട്ടുണ്ട് . സ്വതന്ത്രത്തിന് മുന്‍പും അതിനുശേഷം 1956 വരെയും ഇന്നത്തെ കേരളത്തിന്‍റെ വിത്യസ്ത പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന നിയമ നിര്‍മാണ സഭകളുടെ രേഖകളും ഉണ്ട്. മലബാര്‍ പ്രദേശത്തിന്‍റേത് ഒഴിച്ച്. ചരിത്രപരമായ ഇത്തരം ഔദ്യോഗിക അവഗണനകളില്‍ കൂടിയാണ് നമ്മുടെ ചരിത്ര ബോധം നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കുണ്ട്.
Digital Archives of Kerala Legislative Assembly: http://klaproceedings.niyamasabha.org/
7) കോടതി/ നിയമം എന്നിവയുമായി ബന്ധപ്പെട്ട ആര്‍ക്കൈവുകള്‍
കേസുകള്‍, വിധി, നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെടട്ട് ധാരാളം ഓണ്‍ലൈന്‍ ലൈബ്രറികള്‍ ഉണ്ട്. സത്യാവസ്ഥയുടെ പ്രതിബിംബം എന്ന നിലക്കല്ല കോടതി വ്യവഹാരത്തെയും വിധിയേയും കാണേണ്ടത്. മറിച്ച് മറ്റേതൊരു ചരിത്ര രേഖയേയും പോലെ ഒരു social text ആണത്. പ്രസ്തുത രേഖ അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലെ സാമൂഹിക-അധികാര ഘടന മനസ്സിലാക്കുന്നതിലൂടെ മാത്രമേ ഇത്തരം രേഖകളുടെ പ്രത്യക്ഷ അര്‍ത്ഥത്തിന് അപ്പുറമുള്ള വിശാല ലോകത്തേക്ക് കടക്കാനാകൂ. രേഖകളൊന്നും അവശേഷിപ്പികാതെ പോയ കീഴാളജനതയുടെ ലഭ്യമായ ഒരേയൊരു രേഖീയ ചരിത്രം ഇത്തരം രേഖകള്‍ അടങ്ങിയിട്ടുണ്ട്. നിയമങ്ങളും, ചട്ടങ്ങളും പലപ്പോഴും സാമൂഹ്യ മാറ്റത്തിന്‍റെ അടയാള ശിലകളാണ്.
ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപയോഗപ്രദമായ ചില ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു.
Kanoon: https://indiankanoon.org/
Judgments: The Judgment Information System:
http://164.100.79.153/judis/
Manupatra : https://www.manupatrafast.com/
(subscription ആവശ്യമാണ്)
Legal Information Institute of India (LIIofIndia): http://liiofindia.org/in/cases/cen/INSC/
Bombay High Court Judge’s Library: https://bombayhighcourt.nic.in/libweb/judlibindex.html
Laws of India: http://www.lawsofindia.org/
Acts Parliament: https://www.prsindia.org/recent-acts
INDIA CODE: Digital Repository of all Central and State Acts: https://indiacode.nic.in/
8) ഫോട്ടോ/ വിഷ്വല്‍ ആര്‍ക്കൈവുകള്‍
ഫോട്ടോഗ്രാഫുകൾ, ഡ്രോയിംഗുകള്‍, പൈന്റിങ്ങുകള്‍, മാപ്പുകൾ, പോസ്റ്ററുകൾ, പ്രിന്‍റുകൾ, അപൂർവ്വ സചിത്ര പുസ്തകങ്ങൾ എന്നവയുടെ വിപുലമായ ഫോട്ടോഗ്രാഫുകൾ ലഭ്യമാണ്. USC Digital Library (USCDL), DIGITAL SOUTH ASIAN LIBRARY, BASEL MISSION ARCHIVES എന്നിവയില്‍ ശ്രദ്ധേയമായ ഫോട്ടോ ശേഖരം ഉണ്ട്. എഴുതപ്പെട്ട ചരിത്രത്തില്‍ വേണ്ടരീതിയില്‍ പ്രതിപാതിക്കാത്തതോ, വിട്ടുപോയതോ, എഴുതി ഫലിപ്പിക്കാന്‍ കഴിയാത്തതോ ഉള്‍പ്പെടെയുള്ള സാമൂഹിക, സാംസ്കാരിക ജീവിതത്തിന്‍റെ സൂക്ഷമതലങ്ങള്‍ വരകളുടെയും ഫോടോഗ്രഫിയുടെയും മാധ്യമത്തിലൂടെ എടുത്തുകാണിക്കാറുണ്ട്. അതിലുപരി സമ്പന്നമായ ഒരു ദൃശ്യ സംസ്കാരത്തിലേക്കും ഇവ വെളിച്ചം വീശുന്നു.
USC Digital Library (USCDL): http://digitallibrary.usc.edu/
DIGITAL SOUTH ASIAN LIBRARY : https://dsal.uchicago.edu/images/
BASEL MISSION ARCHIVES : http://www.bmarchives.org/
ദക്ഷിണേഷ്യൻ ജനപ്രിയ ദൃശ്യ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഡിജിറ്റല്‍ നെറ്റ്‌വർക്കാണ് Tasveer Ghar: A Digital Network of South Asian Popular Visual Culture. പോസ്റ്ററുകൾ, കലണ്ടർ ആർട്ട്, തീർത്ഥാടന ഭൂപടങ്ങൾ, സാമഗ്രികൾ, സിനിമാ ഹോർഡിംഗുകൾ, പരസ്യങ്ങൾ, മറ്റ് തെരുവ്, ബസാർ ആർട്ട് എന്നിവയുടെ ആകര്‍ഷകമായ ഒരു ഡിജിറ്റല്‍ ശേഖരമാണിത്.
Tasveer Ghar: A Digital Network of South Asian Popular Visual Culture: http://www.tasveergharindia.net/
9) ന്യൂസ്‌പേപ്പര്‍ ആര്‍ക്കൈവുകള്‍
ചരിത്ര രചനയില്‍ സുപ്രധാനമായ ഒരവലംബമാണല്ലോ ന്യൂസ്‌പേപ്പറുകള്‍. ഇവയില്‍ തികച്ചും സൗജന്യമായ രണ്ട് ശേഖരങ്ങളാണ് NYS Historic Newspapers ഉം, Google Newspaper ആര്‍ക്കീവ്സും
NYS Historic Newspapers : https://nyshistoricnewspapers.org/
Google Newspaper : https://news.google.com/newspapers
ശക്തമായ subscription വ്യവസ്ഥയിലൂടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട രണ്ടു ന്യൂസ്‌പേപ്പര്‍ ആര്‍ക്കൈവുകളാണ്The British Newspaper Archive , Times of India (ProQuest Historical Newspapers) എന്നിവ.
The British Newspaper Archive: https://www.britishnewspaperarchive.co.uk/
Times of India (ProQuest Historical Newspapers): https://libraries.indiana.edu/times-india-proquest-historic
10) കേരളവുമായി ബന്ധപ്പെട്ട ചില ആര്‍ക്കൈവുകള്‍
കേരളവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെ ഡിജിറ്റൈസ് ചെയ്തു പൊതു ഇടത്തില്‍ എത്തിക്കുന്നത് ഒരു മിഷനായി ഏറ്റെടുത്ത് അതിനായി അക്ഷീണം പ്രയത്നിക്കുന്ന ഒറ്റയാള്‍ പട്ടാളമാണ് ഷിജു അലക്സ്. കേരളത്തിലെ ഏതൊരു പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ ഡിജിറ്റൈസേഷൻ പദ്ധതിയേക്കാളും എണ്ണത്തിലും ഗുണത്തിലും ബഹുദൂരം മുന്നില്‍ നില്‍ക്കുന്നവയാണ് ഇദ്ദേഹം ഒറ്റക്ക് നടത്തിയ ഡിജിറ്റൈസേഷനുകള്‍. താഴെ കൊടുത്ത അദേഹത്തിന്‍റെ ബ്ലോഗില്‍ അവ ലഭ്യമാണ്.
ഗ്രന്ഥപ്പുര: കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകളുടെ ശേഖരം: https://shijualex.in/about/
കേരള സാഹിത്യ അക്കാദമിയുടെ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ മലയാള സാഹിത്യവുമായി ബന്ധപ്പെട്ട വലിയ ഒരു ശേഖരം തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്. പക്ഷേ, ഇവ ഡൌണ്‍ലോഡ് ചെയ്യുക എന്നതും ഉപയോഗിക്കുക എന്നതും ഏകദേശം അസാധ്യമാണ്. ഒരു ഓണ്‍ലൈന്‍ ലൈബ്രറി എങ്ങനെയാവരുത് എന്നതിന് ഒരു ഉദാഹരണമാണിത്.
കേരള സാഹിത്യ അക്കാദമി ഓണ്‍ലൈന്‍ ലൈബ്രറി: http://keralasahityaakademi.org/online_library/index.html
State Central Library Digital Archives-ഇല്‍ അപൂര്‍വ്വ പുസ്തകങ്ങള്‍, ഗസറ്റുകള്‍, ഫോര്‍ട്ട് സെന്റ് ജോര്‍ജ് ഗസറ്റുകള്‍ എന്നിവയുടെ വിപുലമായ ഓണ്‍ലൈന്‍ ശേഖരമുണ്ട്.
State Central Library Digital Archives : http://103.251.43.202/digital_archives.html
ട്യൂബിംഗെൻ സർവകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടെർട്ട് എസ്റ്റേറ്റിൽ മലയാളം, കന്നഡ, തുലു, തമിഴ്, തെലുങ്ക്, സംസ്‌കൃതം, മറ്റ് ഭാഷകൾ എന്നിവയിൽ അച്ചടിച്ചതും ലിത്തോഗ്രാഫ് ചെയ്തതുമായ പുസ്തകങ്ങളും ലഘുലേഖകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇന്ത്യൻ കൈയെഴുത്തുപ്രതികൾ, താളിയോലകള്‍, വിവിധ ഭാഷകളിലെ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയും ഹെർമാൻ ഗുണ്ടർട്ടിന്റ്റെയും അദ്ദേഹത്തിന്റെ മിഷനറി സഹപ്രവർത്തകരും ശേഖരത്തിലുണ്ട്. ഇവയുടെ ഡിജിറ്റല്‍ ശേഖരമാണ് Hermann Gundert Portal-ലിലൂടെ പങ്കു വെക്കുന്നത്.
Hermann Gundert Portal: https://www.gundert-portal.de/
സമാനമായ കേരള ചരിത്രവുമായി ബന്ധപ്പെട്ട മറ്റുചില ഡിജിറ്റല്‍ ആര്‍ക്കെവുകള്‍ താഴെച്ചേര്‍ക്കുന്ന:
Basel Mission Archives-: കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച മിഷനറി ഗ്രൂപ്പാണ് ബാസെല്‍ മിഷന്‍. കേരള ചരിത്രത്തിന് വിത്യസ്തമായ ഒരു വീക്ഷണകോണ്‍ നല്കാന്‍ കഴിയുന്ന രേഖകളാണ് ഇവരുടെ ശേഖരത്തിലധികവും.
British Library’s Endangered Archives: ഈ പ്രോഗ്രാമ്മില്‍ കേരളവുമായി ബന്ധപ്പെട്ട വിത്യസ്ത പ്രോജക്റ്റുകളും അവയുടെ രേഖകളും ലഭ്യമാണ്. കേരള ചരിത്ര പഠനത്തിന് പുതിയ ദിശാബോധം നല്കാന്‍ കഴിയുന്ന ആലോചനകളാണ് ഇവ മുന്നോട്ടു വെക്കുന്നത്.
Digital Archive of Kerala Council for Historical Research: KCHR -ന്‍റെ ഇനിയും ഒരുപാട് മുന്നോട്ട്പോകാനുള്ള നാമമാത്രമായ ഒരു പദ്ധതി.
http://digitalarchive.kchr.ac.in/
കേരള ചരിത്രവുമായി ബന്ധപ്പെട്ട് പല പൊതു- സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ കയ്യിലുള്ള അമൂല്യ രേഖകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെങ്കിളും, അവ ഓണ്‍ലൈനില്‍ എല്ലാവര്‍ക്കും ലഭ്യമാവുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പ്രസ്തുത രേഖകള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളുടെ ചരിത്രപരമായ അവഗണനക്കും, കാലോചിതമല്ലാത്ത ചരിത്ര വായനകള്‍ക്കും കാരണമാകും. ചരിത്ര വായനകളുടെ നിര്‍ജീവത ഒരു സമൂഹത്തിന്‍റെ ചലനാത്മകതയെ ഇല്ലാതാക്കും. ചരിത്രങ്ങള്‍ ഇല്ലാത്ത സമൂഹങ്ങള്‍ എന്നൊന്നില്ല, അവ നമ്മുടെ സൃഷ്ടിയാണ്. അതിനെ മറികടക്കണമെങ്കില്‍ മറ്റു പഠന മേഖലകളില്‍ എന്ന പോലെ, ചരിത്ര രചനയിലും വരേണ്യ വര്‍ഗ്ഗ മേധാവിത്വവും, രീതിശാസ്ത്രവും മാറേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങള്‍ ചരിത്ര പഠന, ഗവേഷണ മേഖലകളിലേക്ക് കടന്നുവരുകയും, തങ്ങള്‍ അനുഭവിച്ചറിഞ്ഞ ജീവിത പരിസങ്ങലോട് നീതിപുലര്‍ത്തുന്നവയണോ നിലവിലുള്ള ചരിത്ര ധാരണകള്‍ എന്ന് ആലോചിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ വലിയ മാറ്റങ്ങള്‍ സംഭവിക്കും. രാജ്യത്തിനകത്തും, പുറത്തുമുള്ള പ്രശസ്ത സര്‍വകലാശാലകളില്‍ ഈ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആലോചനകളെ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ ചരിത്ര രേഖകളുടെ പൊതു ലഭ്യത ഉറപ്പാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
(തിരുനെൽവേലിയിലെ സദഖത്തുല്ലാഹ് അപ്പാ കോളേജിൽ ചരിത്രവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)