മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സ്ഥിരം ബാച്ച് അനുവദിക്കലാണ് പരിഹാരം
14 July 2024 | Interview
വർഷം തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം. എസ്. എസ്. എൽ. സി പരീക്ഷ വിജയിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത് വർഷങ്ങളായി മലപ്പുറം – പാലക്കാട് – കോഴിക്കോട് ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്. വിദ്യാഭ്യാസ പ്രവർത്തകനും സിജി ജനറൽ സെക്രട്ടറിയുമായ ഡോ. ഇസെഡ്. എ. അഷ്റഫ് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൻ്റെ ചരിത്രവും കാരണങ്ങളും പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും മില്ലി റിപ്പോർട്ടിനോട് പറയുന്നു.
തയ്യാറാക്കിയത്: നാസിം റഹ്‌മാൻ
-പ്ലസ് വൺ സീറ്റ് അപര്യാപ്തത ഏറെ വിവാദമായ പശ്ചാത്തലത്തിൽ പല തരത്തിലുള്ള വിശദീകരണങ്ങൾ നമ്മൾ കേൾക്കുകയുണ്ടായി. യഥാർത്ഥത്തിൽ 80,000 -ത്തിൽ അധികം കുട്ടികൾക്ക് മലബാറിൽ സീറ്റില്ല എന്നത് വസ്തുതാപരമാണോ?
കേരളത്തിൽ പത്താം ക്ലാസ് വിജയിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പ്ലസ് വൺ സീറ്റ് ഇല്ല എന്നത് ഒരു വസ്തുതയാണ്. ഓരോ വർഷവും എസ്. എസ്. എൽ. സി പരീക്ഷ പാസാവുന്ന കുട്ടികളുടെ എണ്ണവും നിലവിലുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. മലബാറിൽ, പ്രത്യേകിച്ച് മലപ്പുറം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ഈ വ്യത്യാസം ഗണ്യമായിട്ടുള്ളത്. അതേസമയം തെക്കൻ ഭാഗങ്ങളിലുള്ള ചില ജില്ലകളിൽ (കോട്ടയം, പത്തനംതിട്ട) പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തെക്കാളധികം പ്ലസ് വൺ സീറ്റുകൾ നിലവിലുണ്ട് എന്ന യാഥാർത്ഥ്യവും ഇതോടൊപ്പം മനസ്സിലാക്കണം.
-മലബാറിൽ തന്നെ ചില സ്ഥലങ്ങളിൽ സീറ്റ് ബാക്കിയാകുന്നതും ചില സ്ഥലങ്ങളിൽ തികയാതെ വരുന്നതും, അപേക്ഷിക്കുമ്പോൾ ചോയ്സ് കൊടുക്കാത്തതിന്റെ പ്രശ്നമാണെന്ന് പറയുന്നതിനെ എങ്ങനെ കാണുന്നു?
ചോയ്സ് കൊടുക്കാത്തത് കൊണ്ടുള്ള പ്രശ്നമാണിതെന്ന് പറയുന്നത് ശരിയല്ല. കാരണം പ്ലസ് വണ്ണിന് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൾട്ടിപ്പ്ൾ ഓപ്ഷൻസ് കൊടുക്കാനുള്ള സംവിധാനമുണ്ട്. അത് അവർ ഉപയോഗപ്പെടുത്തുന്നുമുണ്ട്. മലബാറിലെ പല ജില്ലകളിലും വിശിഷ്യാ മലപ്പുറത്ത് സയൻസ് സീറ്റിൻ്റെ എണ്ണം കുറവാണ്. സയൻസ് – ഹ്യുമാനിറ്റീസ് – കൊമേഴ്സ് അനുപാതം നോക്കുമ്പോൾ തെക്കൻ ജില്ലകളിലുള്ള അത്ര അനുപാതം സയൻസ് ബാച്ചുകൾക്ക് മലപ്പുറത്തില്ല. കൂടുതൽ കുട്ടികൾ സയൻസ് ബാച്ച് ഓപ്റ്റ് ചെയ്യുന്നതുകൊണ്ട് അതിന് ഡിമാൻ്റ് വർധിക്കുകയും, അതിൻ്റെ ഫലമായി സയൻസ് ഓപ്റ്റ് ചെയ്ത ഫുൾ എ പ്ലസ് വിദ്യാർത്ഥികൾ ഉൾപ്പെടെ പുറത്താക്കപ്പെടുകയും ചെയ്യുന്നു. അതുകാരണമാണ് മലബാറിൽ
കുട്ടികൾ ആഗ്രഹിക്കുന്ന കോഴ്സുകൾ ലഭിക്കാതെ പോകുന്നത്. അപേക്ഷകരെക്കാൾ കൂടുതൽ സീറ്റുകളുള്ള തെക്കൻ ജില്ലകളിൽ ഇങ്ങിനെയൊരു പ്രശ്നമില്ലാത്തതും ഇതിനാലാണ്.
-2000 -ത്തിന് ശേഷം ഒരുപാട് അൺ-ഏയ്ഡഡ് സി.ബി.എസ്.ഇ സ്കൂളുകൾ മലബാറിൽ വന്നിട്ടുണ്ട്. എന്നാൾ സർക്കാർ എയ്ഡഡ് സ്കൂളുകളും ബാച്ചുകളും വർദ്ധിപ്പിക്കുന്നതിൽ നമുക്ക് ശ്രദ്ധ കുറഞ്ഞോ? അതോ സർക്കാരിന്റെ ബോധപൂർവ്വമായ അവഗണന ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടോ?
2000 -ന് മുമ്പുതന്നെ ഹൈസ്കൂളുകളുടെ എണ്ണത്തിൽ മലബാറും തെക്കൻ കേരളവും തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു. 2000 -ന് ശേഷം കേരളത്തിൽ പൊതുവിലും, വിശിഷ്യ മലപ്പുറത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. ‘വിജയഭേരി’ പോലുളള വിവിധ പദ്ധതികളാണ് മലപ്പുറം ജില്ലയിലെ പ്രസ്തുത ഉണർവ്വിന് കാരണമായത്. അതിൻ്റെ ഉപോൽപ്പന്നമായി ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിക്കുകയും തൽഫലമായി സീറ്റ് ക്ഷാമം ഉണ്ടാവുകയും ചെയ്തു.
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം 2000-ത്തിൽ, ശ്രീ. പി. ജെ. ജോസഫ് വിദ്യഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് അനേകം ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കുകയുണ്ടായി. പക്ഷേ അതിന് ശാസ്ത്രീയമായ മാർഗ്ഗങ്ങളോ മാനദണ്ഡങ്ങളോ ഒന്നും സ്വീകരിച്ചിരുന്നില്ല. സ്വാഭാവികമായും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പാർട്ടിക്ക് സ്വാധീനമുള്ള തെക്കൻ കേരളത്തിലെ ചില ജില്ലകളിലെ മിക്ക സ്കൂളുകളും ഹയർ സെക്കൻഡറി സ്കൂൾ ആയി മാറുകയും മലബാർ തിരസ്കരിക്കപ്പെടുകയുമുണ്ടായി.
-പ്രക്ഷോഭം കനത്തതിൻ്റെ പശ്ചാത്തലത്തിൽ
പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം 138 താൽക്കാലിക ബാച്ച് അനുവദിക്കുകയുണ്ടായി . സർക്കാർ മുന്നോട്ട് വെക്കുന്ന ഈ താൽക്കാലിക ബാച്ച് പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ?
താൽക്കാലിക ബാച്ച് ഒരിക്കലും പരിഹാരമാർഗ്ഗമല്ല. ഓരോ വർഷവും അഡ്ഹോക്ക് രീതിയിൽ സ്ഥിരം അധ്യാപകരില്ലാതെ കുറച്ച് ബാച്ചുകൾ കൊടുക്കുന്നതോ, അല്ലെങ്കിൽ അമ്പതു സീറ്റുകൾക്ക് മുകളിൽ വീണ്ടും വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കുന്നതോ ആയ പരിഹാരം തീർത്തും അശാസ്ത്രീയമാണ്.
‘ക്വാളിറ്റി ഓഫ് എഡ്യുക്കേഷനെ’ വളരെ പ്രതികൂലമായിട്ടാണ് ഇത് ബാധിക്കുക.
അതുകൊണ്ടുതന്നെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയും ഇത്തരം പരിഹാര മാർഗ്ഗങ്ങൾ മുന്നോട്ട് വെക്കുന്നില്ല.
പത്താം ക്ലാസ് പാസാവുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും എണ്ണത്തിന് ആനുപാതികമായി അതത് സ്കൂളുകളിലോ, അല്ലെങ്കിൽ തൊട്ടടുത്ത സ്കൂളുകളിലോ ബാച്ചുകൾ അനുവദിച്ചു കൊണ്ടാണ് ഈ പ്രശ്നത്തെ അഡ്രസ് ചെയ്യേണ്ടത്.
ഗവൺമെൻ്റ് / ഏയ്ഡഡ് സ്കൂളുകളിൽ സ്ഥിരം ബാച്ചുകൾ അനുവദിച്ച്, സ്ഥിരം അധ്യാപകരെ നിയമിച്ച്, മികച്ച ഇൻഫ്രാസ്ട്രക്ചർ ഒരുക്കിക്കൊണ്ട് മുന്നോട്ടു പോകലാണ് സ്ഥായിയായ പരിഹാരം.
സർക്കാരിൻ്റെ സാമ്പത്തിക പ്രയാസമാണ് സ്ഥിര ബാച്ചുകൾ അനുവദിക്കുന്നതിനുള്ള തടസ്സം എന്നത് ഒരു വസ്തുത തന്നെയാണ്.
ആരോഗ്യം, വിദ്യഭ്യാസം എന്നിവ ഗവൺമെന്റിന്റെ മുൻഗണന ക്രമത്തിലെ പ്രഥമവും പ്രധാനവുമായ ഘടകങ്ങളാക്കുക എന്നതാണ് അതിനുള്ള പരിഹാരം. മറ്റു വികസന സൂചികകളെയെല്ലാം ‘വിദ്യാഭ്യാസം’ സ്വാധീനിക്കുമെന്ന തിരിച്ചറിവ് ഉണ്ടാവണം. അതുകൊണ്ടുതന്നെ സ്കൂൾ വിദ്യഭ്യാസമെങ്കിലും എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാവുന്നുണ്ട് എന്ന് സർക്കാർ ഉറപ്പ് വരുത്തിയേ പറ്റൂ.
-എല്ലാ വർഷവും റിസൾട്ട് വരുന്ന സമയത്ത് വലിയ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുന്നു എന്നതിൽ നിന്ന് മാറി ഭാവിയിലേക്ക് പ്രശ്ന പരിഹാരത്തിനായി ക്രിയാത്മകായി എന്തെങ്കിലും നടക്കുന്നുണ്ടോ?
വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. പ്രശ്ന പരിഹാരത്തിന് ക്രിയാത്മകമായ പ്രവർത്തനങ്ങളോ ഇടപെടലുകളോ ഒന്നും കാര്യമായി നടക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാ വർഷവും
എസ്. എസ്. എൽ. സി റിസൾട്ട് വന്നതിന് ശേഷം ഒന്നോ രണ്ടോ മാസം വരെയുള്ള ഒച്ചയും ബഹളവും എന്നതിനപ്പുറം സ്ഥായിയായ ഒരു പരിഹാരം കാണാനുള്ള പരിശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തെ അപഗ്രഥിക്കുക എന്നത് പ്രായോഗികമായ പരിഹാരരീതികളിലൊന്നാണ്. ഓരോ
നിയമസഭ മണ്ഡലത്തിൻ്റെയും കീഴിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥികളുടെ കണക്കുകൾ കൃത്യമായി ശേഖരിക്കുകയും, അവരുടെ വിജയ സാധ്യത മനസ്സിലാക്കുകയും ചെയ്തതിന് ശേഷം
അടുത്ത അധ്യയന വർഷം അതേ മണ്ഡലത്തിലെ സ്കൂളുകളിൽ തന്നെ അവരെ അക്കമഡേറ്റ് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കണം. എം. എൽ. എയുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികളും സ്കൂൾ പി. ടി. എ കമ്മിറ്റികളും ഒരുമിച്ചാണ് ഈ വിഷയത്തിൽ ഇടപെടേണ്ടത്. അതുവഴി വിദ്യാർത്ഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാക്കാനും, ആവശ്യമാണെങ്കിൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള പരിശ്രമങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാനും അത് കാരണമാകും.
അർഹതപ്പെട്ടത് ആവശ്യപ്പെടുന്നതിലും, വാങ്ങിച്ചെടുക്കുന്നതിലും
പൊതുവെ മലബാർ മികവ് പുലർത്താറില്ല എന്ന ഖേദകരമായ വസ്തുതയും ഇവിടെ കൂട്ടിച്ചേർക്കുകയാണ്.
-എന്താണ് സീറ്റ് പ്രതിസന്ധിക്കുള്ള പ്രായോഗികമായ പരിഹാരം?
മുകളിൽ സൂചിപ്പിച്ച പോലെ നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ സീറ്റ് പ്രതിസന്ധിയുള്ള പ്രദേശങ്ങളിൽ എം. എൽ. എമാർ മുഖേന ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യുകയാണ് ഒന്നാമത്തെ പരിഹാര മാർഗ്ഗം. അതോടൊപ്പം നിലവിലുള്ള ഹയർ സെക്കണ്ടറി സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ കൂടുതലുണ്ടെങ്കിൽ (രണ്ടായിരത്തിലധികം വിദ്യാർത്ഥികളൊക്കെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സ്കൂളുകൾ മലബാറിലുണ്ട്) അവരുടെ എണ്ണത്തിന് ആനുപാതികമായ ബാച്ചുകൾ കൂടുതൽ അനുവദിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. അതോടൊപ്പം വിദ്യാർത്ഥികൾ അധികമുള്ള സ്കൂളുകൾ വിഭജിക്കുക എന്നതും ക്വാളിറ്റി ഓഫ് എഡ്യുക്കേഷൻ്റെ ഭാഗമായുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണ്.