Logo

 

ഹാദിയക്കെതിരിൽ വിചിത്രവാദങ്ങളുമായി ജെ. രഘു

7 October 2017 | Reports

By

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ അതിക്രൂരമായ വീട്ടുതടങ്കലും പൗരാവകാശ നിഷേധവും അനുഭവിക്കുന്ന ഹാദിയക്കെതിരിൽ വിചിത്രവും പരിഹാസ്യവുമായ വാദങ്ങളുമായി ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ജെ. രഘു രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ രണ്ട്‌ ലേഖനങ്ങൾ വഴിയാണ്‌ ഹാദിയയോടുള്ള രഘുവിന്റെ കൊടും വിഷം വമിക്കുന്ന അസഹിഷണുത പുറത്തുവന്നിരിക്കുന്നത്‌. ഇതോടെ, ഹാദിയയെ സംഘ്‌ പരിവാറിന്റെ കൂടെ നിന്ന് വേട്ടയാടാൻ മാത്രമുള്ള ധൈഷണിക ഉപരിപ്ലവതയാണ്‌ ഫാഷിസത്തിനെതിരെ വലിയ വായിൽ വർത്തമാനം പറയുമ്പോഴും കേരളത്തിലെ ഇടത്‌ ‘പുരോഗമനവാദി’കളെ നയിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്‌.

ഇൻഡ്യയുടേതടക്കമുള്ള ആധുനിക ജനാധിപത്യ ഭരണഘടനകൾ മതസ്വാതന്ത്ര്യത്തെ മൗലികാവകാശമായി നിശ്ചയിച്ചത്‌ കൊടിയ അക്രമമായിപ്പോയി എന്നാണ്‌ രഘു ലേഖനങ്ങളിൽ വാദിക്കുന്നത്‌. യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെയും ആധുനികതയുടെയും ആത്മാവ്‌ മതരാഹിത്യമായിരുന്നുവെന്ന, അക്കാദമിക ലോകത്ത്‌ പിൽകാലത്ത്‌ വ്യാപകമായി പ്രശ്നവൽകരിക്കപ്പെട്ട തെറ്റിദ്ധാരണയിലും പടിഞ്ഞാറൻ നവോത്ഥാന ‘മൂല്യങ്ങൾ’ അപ്രമാദിത്വമുള്ള, ‘വിശുദ്ധ’, സന്ദർഭനിരപേക്ഷ ‘സത്യങ്ങൾ’ ആണെന്ന അന്ധവിശ്വാസത്തിലുമാണ്‌ ഉത്തരാധുനികതയുടെ പ്രഭാവത്തിനുശേഷവും രഘു കാലം കഴിക്കുന്നതെന്ന് ലേഖനങ്ങൾ ഉടനീളം തെളിയിക്കുന്നുണ്ട്‌. നവോത്ഥാന യൂറോപ്പിൽ നിന്ന് പാഠം ഉൾകൊണ്ട്‌ മതത്തിൽ നിന്നുതന്നെ ‘രക്ഷപ്പെടാൻ’ ആണ്‌, അല്ലാതെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക്‌ പോകാനുള്ള സ്വാതന്ത്ര്യം അല്ല ഭരണഘടന ഉദ്ബോദിപ്പിക്കേണ്ടിയിരുന്നത്‌ എന്ന് രഘു പറയുന്നു. എന്നാൽ കുടുംബത്തിന്റെ പരമ്പരാഗത മതത്തിൽ ഒരാൾ നിലകൊള്ളുന്നതിനെ തടയേണ്ടതില്ല. ചുരുക്കത്തിൽ, ഇൻഡ്യയിലെ ‘ഹിന്ദുക്കൾ’ക്ക്‌ ഒന്നുകിൽ ഹിന്ദുവായിത്തന്നെ തുടരുവാനോ അല്ലെങ്കിൽ കൊമ്മ്യൂണിസ്റ്റോ യുക്തിവാദിയാ ആയി മാറാനോ ഉള്ള സ്വാതന്ത്ര്യം മാത്രമേ ഇൻഡ്യൻ ഭരണഘടന അനുവദിക്കാവൂ എന്നാണ്‌ രഘുവിന്റെ സമർത്ഥനങ്ങളുടെ സാരം. മുസ്‌ലിം ആകാൻ ഒരു വ്യക്തിക്ക്‌ എത്ര തന്നെ ആഗ്രഹം തോന്നിയാലും അയാളെ അതിന്‌ അനുവദിക്കുന്നത്‌ ‘ആധുനികത’യുടെ മാനങ്ങൾക്കെതിരാണെന്നും ഭരണഘടനയിലെ മതപരിവർത്തനാവകാശ വകുപ്പുകൾ അതുകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്നും പറഞ്ഞുറപ്പിക്കുകയാണ്‌ രഘു ചെയ്യുന്നത്‌.

ആശയസ്വാതന്ത്ര്യം ഭൗതികവാദികൾക്കുമാത്രം അനുവദിക്കപ്പെടുന്ന ഇൻഡ്യയാണ്‌ തന്റെ സ്വപ്നം എന്ന് പറയുക വഴി സെക്യുലർ ഫാഷിസത്തിന്റെ ദ്രംഷ്ടകൾ ആണ്‌ രഘു പുറത്തേക്കെടുക്കുന്നത്‌. അഖില നേരത്തെയുള്ള മതത്തിൽ തന്നെ നിലനിന്നിരുന്നുവെങ്കിൽ ഇസ്‌ലാം സ്വീകരിച്ച അത്ര ആക്ഷേപാർഹമായി അത്‌ മാറുമായിരുന്നില്ല എന്ന നിലപാട്‌ ഇസ്‌ലാമിനോടുള്ള വിദ്വേഷം തീവ്രമതനിരപേക്ഷതയുടെ സിരകളിൽ ഓടുന്നത്‌ ഉയർന്ന മർദത്തിലാണെന്ന് വ്യക്തമാക്കുന്നു. സംഘ്‌ പരിവാറിന്റെ മതപരിവർത്തന വിരുദ്ധ വാദങ്ങളിൽ നിന്ന് ഫലത്തിൽ ഇത്‌ വളരെയൊന്നും വ്യത്യസ്തമല്ല. ഇടതുപക്ഷം മുസ്‌ലിമിന്റെ മതസ്വാതന്ത്ര്യം എന്ന ആശയത്തെ ഉൾകൊള്ളുന്നതിൽ എത്ര ദുർബലമാണ്‌ എന്ന് കൂടി രഘുവിന്റെ അന്ധതകൾ തെളിയിക്കുന്നുണ്ട്‌. ‘ആധുനികത’ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നത്‌ മുസ്‌ലിം മനുഷ്യൻ അല്ല എന്ന ‘ധൈര്യത്തിൽ’ ആണെന്ന തലാൽ അസദിനെപ്പോലുള്ളവരുടെ വിമർശനങ്ങളെ ഓർമ്മിക്കാൻ ഇത്‌ നിർബന്ധിക്കുന്നുണ്ട്‌.

മതസ്വാതന്ത്ര്യം ഹാദിയയുടെ മനസ്സാക്ഷി സ്വാതന്ത്ര്യവും പൗരാവകാശമാണ്‌‌ എന്ന് ചൂണ്ടിക്കാണിക്കുന്നവരെ രൂപ്‌ കൻവാറിന്‌ സതിയനുഷ്ഠിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരോടാണ്‌ രണ്ടാമത്തെ ലേഖനം സമീകരിക്കുന്നത്‌. മകൾ ഇസ്‌ലാമിനെ പുൽകുന്നത്‌ അവൾ തീയിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന്‌ തുല്യമാണെന്ന് ഹിന്ദു രക്ഷിതാക്കളെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കുന്ന രഘു, ശ്രീ നാരായണ ഗുരു ജീവിച്ചിരുന്നുവെങ്കിൽ ഹാദിയയെ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല എന്നും പ്രസ്താവിക്കുന്നുണ്ട്‌! ‘ഗുരുനിന്ദയിൽ നിന്നും അഗ്നിനാളങ്ങളിൽ നിന്നും’ രക്ഷിക്കാൻ അശോകൻ ‘അഖില’യെ തടവിലിടുക സ്വാഭാവികമാണെന്നും അതിനോട്‌ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ‘യുക്തി’യിൽ തന്നെയാണ്‌ സ്വാഭാവികമായും ലേഖനങ്ങൾ വന്നവസാനിക്കുന്നത്‌. ഇസ്‌ലാം തന്നെ ഒരു ‘തടവറയായതിനാൽ’ അതിൽ ബോധപൂർവം പ്രവേശിച്ച്‌ ഹാദിയ ആയവളെ മറ്റുള്ളവർ തടവിലാക്കി എന്ന് പരിതപിക്കുന്നതിൽ അർത്ഥമില്ലെന്നും അവൾക്കുവേണ്ടി ശബ്ദിക്കേണ്ട കാര്യമില്ലെന്നും യാതൊരു വളച്ചുകെട്ടും ഇല്ലാതെ തുറന്നുപറഞ്ഞുകൊണ്ടാണ്‌ രണ്ടാമത്തെ ലേഖനം ഉപസംഹരിക്കപ്പെടുന്നത്‌.

മുസ്‌ലിം ആകാൻ തീരുമാനിക്കുന്നതോടെ ഒരാൾ സ്വാതന്ത്ര്യത്തിനുള്ള അവകാശം സ്വയം റദ്ദ്‌ ചെയ്യുകയാണെന്നും അയാളെ പിന്നെ ആര്‌ എങ്ങനെ പീഡിപ്പിച്ചാലും ‘പുരോഗമനവാദികൾ’ അങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടതില്ലെന്നും പരസ്യമായി വാദിച്ച്‌ ജെ. രഘുവിനെപ്പോലൊരാൾ രംഗത്തുവന്നിട്ടും ‘ഇടതുപക്ഷ ബുദ്ധിജീവികൾ ‘ ഇതുവരെ പ്രതിഷേധിച്ചിട്ടില്ല. ഹാദിയക്ക്‌ മനുഷ്യാവകാശങ്ങൾ തിരികെ വേണമെങ്കിൽ അവൾ ‘തിരിച്ച്‌’ ഹിന്ദുവോ അച്ഛനെപ്പോലെ ‘പുരോഗമനവാദിയോ’ ആകണമെന്നാണ്‌ ‘രഘുകൽപന’. അതുതന്നെയാണ്‌ അശോകന്റെ നിലപാട്‌. അതുതന്നെയാണ്‌ കുമ്മനത്തിന്റെയും ശശികലയുടെയും നിലപാട്‌. ‘ജനരക്ഷായാത്ര’ക്ക്‌ മനസ്സുകൊണ്ട്‌ അകമ്പടി സേവിക്കുന്ന ‘യൂറോപ്യൻ പ്രബുദ്ധതാവാദികളെ’ തിരിച്ചറിഞ്ഞ്‌ ദൂരെ നിർത്തുക തന്നെയാവും, കേരളത്തിന്റെ വലിയ വെല്ലുവിളികളിൽ ഒന്ന്!


Staff Reporter