ഓസ്റ്റ്രിയയിൽ ചാൻസലർ ആയി അധികാരമേൽക്കുന്നത് കടുത്ത മുസ്‌ലിം വിരുദ്ധൻ
17 October 2017 | Reports
വിയന്ന: ബിഥോവന്റെ സിംഫണിയും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണവും ചരിത്രമെഴുതിയ ഡാന്യൂബ് നദിക്കരയിൽ തീവ്ര മുസ്‌ലിം വിരുദ്ധത കൊടി പാറിക്കാനൊരുങ്ങുന്നു. ഓസ്റ്റ്രിയയുടെ പുതിയ ചാൻസലർ ആയി മുപ്പത്തൊയൊന്നുകാരനായ സെബാസ്റ്റ്യൻ കുർസ് സ്ഥാനമേൽക്കാനൊരുങ്ങുമ്പോൾ ആശങ്കയിലാണ് മുസ്‌ലിം ലോകം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രനേതാവായിട്ടാണ് സെബാസ്റ്റ്യൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. 2013 മുതൽ ഓസ്റ്റ്രിയയിൽ വിദേശകാര്യമന്ത്രിയാണ് അദ്ദേഹം. കേവലം 27 വയസ്സിൽ ഒരു രാജ്യത്തിന്റെ ഉന്നത മന്ത്രിസ്ഥാനം വഹിച്ച് വാർത്തകളിൽ ഇടം നേടിയ ഓസ്റ്റ്രിയൻ മാധ്യമങ്ങളുടെ ‘Wunder-Wuzz’ (വണ്ടർ കിഡ്/അത്ഭുത ബാലൻ) ഇനി തലസ്ഥാനമായ വിയന്നയിൽ രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തിരിക്കും.
പീപ്പ്ൾസ് പാർട്ടിയെ തന്റെ വ്യക്തിപ്രഭാവം പ്രൊജെക്റ്റ് ചെയ്തുകൊണ്ടുള്ള ഇലക്ഷൻ കാമ്പയ്നിലേക്ക് കൊണ്ടുവന്ന കുർസ്,
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യവിജയശിൽപി ആയി ആഘോഷിക്കപ്പെടുന്നു. മുപ്പത്തിരണ്ട് ശതമാനത്തിനടുത്ത് വോട്ടുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയ പീപ്പ്ൾസ് പാർട്ടി, തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കിയാവും കുർസിനെ ചാൻസലർ സ്ഥാനത്തെത്തിക്കുക. ഊതിവീർപ്പിച്ച വ്യക്തിബിംബങ്ങൾ നൈതികതയുള്ള നിലപാടുകളെ തോൽപിക്കുന്ന അനുഭവം യൂറോപ്യൻ തെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ അടിക്കടി ഉണ്ടാകുന്നുണ്ട്. ഇത് ജനാധിപത്യത്തിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിവെക്കുന്നുമുണ്ട്.
കടുത്ത വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉള്ള സെബാസ്റ്റ്യൻ കുർസ്, ഓസ്റ്റ്രിയയിൽ കുടിയേറ്റ/അഭയാർത്ഥി വിരുദ്ധമായ സങ്കുചിത ദേശീയതയുടെ പ്രവാചകൻ ആണ്. നിക്വാബ് മുതൽ ഇസ്‌ലാമിക് പ്രീസ്കൂളുകൾ വരെ നിരോധിച്ചുകൊണ്ടുള്ള തീവ്ര ഇസ്‌ലാം വിരുദ്ധതയുടെ രാഷ്ട്രീയമാണ് അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ടുതന്നെ വിയന്ന മുസ്‌ലിംകളെയും ഇസ്‌ലാമിക ജീവിതത്തെയും എങ്ങനെയൊക്കെയാണ് ഇനി കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന വലിയ മനുഷ്യാവകാശ ആശങ്കയാണ് പുതിയ ചാൻസലറെക്കുറിച്ചുള്ള വാർത്തകൾ അവശേഷിപ്പിക്കുന്നത്.