‘നക്ബ’ക്ക് എഴുപതാണ്ട് തികയുമ്പോഴും ഫിലസ്ത്വീനിൽ ഇസ്രാഈൽ നരമേധം തുടരുന്നു
15 May 2018 | Reports
ജറൂസലേം: ഫിലസ്ത്വീൻ ‘നക്ബ’ക്ക് എഴുപതാണ്ട് തികയുകയാണ്. 1948 മെയ് 14നാണ് ബ്രിട്ടീഷുകാർ മുറിച്ചുകൊടുത്ത ഫിലസ്ത്വീൻ ഭൂമിയിൽ ഇസ്രാഈൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചത്. സയണിസം പതിറ്റാണ്ടുകൾ നീണ്ട പ്രചരണയുദ്ധത്തിലൂടെയും അന്താരാഷ്ട്ര ഉപജാപങ്ങളിലൂടെയും ഫിലസ്ത്വീനിൽ സംഘടിപ്പിച്ച ഭീകരപ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത ഇസ്രാഈൽ രാജ്യം എഴുപത് വർഷം മുമ്പ് ഒന്നാമത്തെ ‘സ്വാതന്ത്ര്യ’ദിനം ‘ആഘോഷിച്ചതു’തന്നെ തദ്ദേശീയരായ അറബികളുടെ രക്തത്തിൽ കുളിച്ചുരസിച്ചായിരുന്നു. 1948 മെയ് 15ന് ആരംഭിച്ച ‘പുറത്താക്കൽ’ ഫിലസ്ത്വീൻ മക്കളിൽ നിന്ന് ഇസ്രാഈലിനെ വംശീയമായി ‘ശുദ്ധീകരിക്കാനുള്ള’ അതിക്രൂരമായ പടപ്പുറപ്പാടായിരുന്നു. പുതിയ രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ നിന്ന് നൂറ്റാണ്ടുകളായി അവിടെ അധിവസിച്ചിരുന്ന അറബ് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചുകൊണ്ട് അന്ന് തുടങ്ങിയ ഇസ്രാഈലീ ദേശീയ ‘മുന്നേറ്റ’മാണ് അറബ് മുസ്‌ലിം ലോകത്ത് ഇപ്പോൾ ‘അന്നക്ബ’ (the catastrophe/ദുരന്തം) എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടുപിറ്റേന്ന് മുതലുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ നാലര ലക്ഷത്തോളം ഫിലസ്ത്വീനികളെ ജന്മനാട്ടിൽ നിന്ന് സർവായുധ സജ്ജരായ ഇസ്രാഈലി സൈന്യം ആട്ടിപ്പുറത്താക്കി. പൈശാചികമായ ഈ കടന്നാക്രമണത്തിൽ പതിനായിരങ്ങൾ കൂട്ടക്കുരുതിക്കിരയായി. നൂറുകണക്കിന് ഫിലസ്ത്വീൻ മുസ്‌ലിം ഗ്രാമങ്ങൾ ഒരടയാളവും ബാക്കിവെക്കാതെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു. 1948 മെയ് 15ന് മുസ്‌ലിം ലോകത്തിന്റെ ഹൃദയം ചവച്ചുതുപ്പി ആരംഭിച്ച ഈ ‘നക്ബ’ ഉന്മാദനൃത്തം അവശേഷിപ്പിച്ചത് അഭയാർത്ഥി ക്യാമ്പുകളിൽ തിങ്ങിഞ്ഞെരുങ്ങി കഴിയുന്ന അനേകലക്ഷം അറബ് മുസ്‌ലിം സഹോദരന്മാരെയാണ്.
മനുഷ്യാവകാശങ്ങളുടെ പെരുമ്പറയടിക്കുന്ന ആധുനിക ലോകത്തിന് ഇസ്രാഈലിന്റെ നരനായാട്ടിനെ തിരുത്താനായതേയില്ല. വൻശക്തികളുടെ എല്ലാവിധ അംഗീകാരങ്ങളോടെയും അത് ഫിലസ്ത്വീനികളുടെ രക്തം കുടിച്ചു ചീർത്തു. ‘നക്ബ’യുടെ ഇരകൾ പിന്നീടുള്ള വർഷങ്ങളിൽ വർദ്ധിക്കുകയും കൂടുതൽ നിസ്സഹായരാവുകയും പ്രാന്തവൽകരിക്കപ്പെടുകയുമാണ് ചെയ്തത്. ‘ഭീകരവാദികൾ’ എന്ന വിചിത്രമായ വിളിപ്പേരും അവർക്ക് ലഭിച്ചു.
‘അന്നക്ബ’ക്ക് ഏഴു പതിറ്റാണ്ട് പൂർത്തിയാവുകയാണ്. ഈ ഏഴുപത് വർഷവും ഫിലസ്ത്വീനിലെ പച്ച മനുഷ്യർ ഇസ്രാഈലിന്റെ ദ്രംഷ്ടകൾക്കുള്ളിൽ പിടഞ്ഞുപിടഞ്ഞ് നിലവിളിക്കുകയായിരുന്നു; ലോകത്തിന്റെ ബധിരകർണങ്ങളിലാണ് അത് മിക്കപ്പോഴും ചെന്ന് പതിച്ചതെങ്കിലും. മഹാമർദ്ദനത്തിന്റെ എഴുപതാം സംവത്സരം വിട പറയുമ്പോൾ ആസ്ഥാനം തെൽ അവീവിൽ നിന്ന് അറബികളുടെ ഹൃദയഭൂമിയായ ജറൂസലേമിലേക്ക് മാറ്റാനുള്ള തത്രപ്പാടുകളാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രാഈൽ സ്റ്റെയ്റ്റ് റ്റെററിസത്തിന്റെ അടുക്കളയിൽ തകൃതിയായി നടക്കുന്നത്. അമേരിക്കൻ എംബസി ജറൂസലേമിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിഷേധിക്കാനെത്തിയ ഫിലസ്ത്വീനികളെ ഇന്നും ഇന്നലെയുമായി കൂട്ടക്കുരുതി നടത്തി ‘നക്ബ’യുടെ വാർഷികം ചോര കൊണ്ടുതന്നെ എഴുതുകയാണ് ഇസ്രാഈൽ എന്ന തെമ്മാടി രാജ്യം. നക്‌ബയുടെ എഴുപതാം വാർഷികത്തിൽ പിടഞ്ഞുവീണ ആ ഫിലസ്ത്വീനികൾ ഒരു ജനതയുടെ സമരവീര്യത്തെ കെടുത്തിക്കളയുമെന്ന ധാർഷ്ട്യം നിറഞ്ഞ ആത്മവിശ്വാസമാണ് ഇസ്രാഈൽ പല്ലിളിക്കുമ്പോൾ ദൃശ്യമാകുന്നത്. സുഊദി അറേബ്യ അടക്കമുള്ള പ്രമുഖ മുസ്‌ലിം രാജ്യങ്ങൾ ഇസ്രാഈലിന്റെ നിഷ്ഠൂരമായ നികൃഷ്ടതക്കെതിരിൽ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിമോചനത്തിന്റെ പൊൻപുലരിക്കായി ക്വുദ്സിന്റെ മണ്ണ് ഇനിയെത്ര കാലം കാക്കേണ്ടി വരും!