പെരുമഴ: കഷ്ടപ്പെടുന്നവർക്ക് കുടയാവുക
10 August 2018 | പ്രഭാപർവം
നബിയുടെ സന്തതസഹചാരിയായിരുന്ന അനസ് ഇബ്നു മാലിക് ഓർക്കുന്ന ഒരു സന്ദർഭമുണ്ട്. ഒരിക്കൽ മഴ പെയ്തപ്പോൾ പ്രവാചകൻ വസ്ത്രം ഒരൽപം നീക്കി ശരീരത്തിൽ മഴ നനയിച്ചു. ‘ഇതെന്താണിങ്ങനെ’ എന്ന് ചുറ്റുമുള്ളവർ അത്ഭുതം പൂണ്ടപ്പോൾ ദൈവദൂതന്റെ പ്രതികരണം ഈ ആശയത്തിലായിരുന്നു: ‘അത്യുന്നതനായ റബ്ബിൽ നിന്ന് ഇപ്പോഴിങ്ങെത്തിയ പുതുമഴയല്ലേ!’ (മുസ്‌ലിം).
ആകാശത്തുനിന്ന് പടച്ചവന്റെ കാരുണ്യം ഭൂമിയെ തൊടുകയാണ് ഓരോ മഴത്തുള്ളി വഴിയും എന്ന് പ്രവാചകനെപ്പോഴും ഓർമ്മയുണ്ടായിരുന്നു. മഴ തുടങ്ങിയപ്പോൾ ഹർഷപുളകിതനായി അതിലേക്കിറങ്ങിനിന്ന് ശരീരം തണുപ്പിച്ച തിരുനബിയുടെ നടപടിയിൽ പ്രകൃതിയുടെ മനോഹരമായ ഭാവമാറ്റങ്ങളെ ഏറ്റവും സർഗാത്മകമായി പുണരുകയും അവയിൽ അല്ലാഹുവിന്റെ സ്നേഹം നുകരുകയും ചെയ്‌ത ഭക്ത സഹൃദയന്റെ ഹരിതാഭമായ ചിത്രമുണ്ട്. മഴ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും അന്യൂനമായ ആസൂത്രണവും ജീവന്റെ ആധാരവുമാണെന്ന് ക്വുർ ആൻ പല രീതിയിൽ വിശദീകരിച്ചുതന്നിട്ടുണ്ട്. നബിയുടെ നാട്ടിലുണ്ടായിരുന്നതിനേക്കാൾ സമൃദ്ധവും സുന്ദരവുമായ കാലവർഷംകൊണ്ട് അല്ലാഹു ധന്യമാക്കിയ ഒരു തുണ്ട് പാരിസ്ഥിതിക വിസ്മയമാണ് കേരളം. മലയാളിയുടെ മഴ ഗൃഹാതുരതകൾ എത്ര നീണ്ട പ്രവാസത്തിന്റെ ചൂടിനും മഞ്ഞിനുമൊടുവിലും ലോകത്തിന്റെ ഏത് കോണിലും അതിജീവിക്കുന്നു. കർക്കിടകത്തിൽ ആകാശം വെള്ളം കോരിച്ചൊരിയുന്നത് വീണ്ടും കാണുമ്പോൾ നമ്മെ സവിശേഷമാക്കിയ അല്ലാഹുവിന്റെ കാരുണ്യത്തെ നമുക്ക് മറക്കാതിരിക്കുക.
പെരുമഴ ചില പ്രദേശങ്ങളിലുണ്ടാക്കിയ കെടുതി ഭീകരമാണ്. മാനം കറുക്കുമ്പോൾ മനസ്സിൽ ആധി പടരുന്ന കുടുംബങ്ങൾ, വെള്ളം കയറി ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾ. മഴയുടെ ജൈവതാളം മനുഷ്യന് ചില പ്രയാസങ്ങൾ കൂടി സമ്മാനിക്കുന്നു. മഴ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ക്വുർആൻ തന്നെ കണക്കിലെടുക്കുന്നുണ്ട്. അവയിൽ അകപ്പെടുന്നവർക്കുവേണ്ടി പരിശുദ്ധ വേദം നിയമങ്ങളെ ഇളവ് ചെയ്യുന്നു (4: 102). മഴ കനത്ത് പുറത്തിറങ്ങാൻ പറ്റാതായാൽ പള്ളികളിലേക്ക് വരാതെ വീടുകളിൽ വെച്ച് നമസ്കരിക്കാൻ പ്രവാചകൻ അനുവദിച്ചിട്ടുണ്ട്. (മുസ്‌ലിം). ഹുനയ്നിൽ വെച്ച് മഴ പെയ്തപ്പോൾ നബി ബാങ്ക് വിളിക്കാനേൽപിച്ചയാൾ നമസ്കാരം അവരവരുള്ള സ്ഥലങ്ങളിൽ നിർവഹിച്ചാൽ മതിയെന്ന് ബാങ്കിലെ ഒരു വാചകമായി ഉറക്കെ പ്രഖ്യാപിച്ചത് ഹദീഥിൽ കാണാം. (നസാഇ). വെള്ളപ്പൊക്കത്തിന്റെ ക്ലേശങ്ങളനുഭവിക്കുന്നവർ അല്ലാഹുവിന്റെ പരീക്ഷണങ്ങളെല്ലാം അവന്റെ പ്രതിഫലത്തിന് നിമിത്തമാകുമെന്ന ബോധം കൈവിടാതിരിക്കുക. ദുരന്തങ്ങളേൽക്കേണ്ടി വരുമ്പോൾ ചൊല്ലാൻ വേണ്ടി പ്രവാചകൻ പഠിപ്പിച്ച ഒരു പ്രാർത്ഥന ഇങ്ങനെ: അല്ലാഹുമ്മ ഇൻദക അഹ്തസിബു മുസ്വീബതീ ഫ അജിർനീ ഫീഹാ, വ അബ്ദിൽ ലീ ഖയ്‌റമ്മിൻഹാ (അല്ലാഹുവേ, നിന്റെയടുക്കലാണ് ഞാൻ ഈ ദുരിതത്തിന് പ്രതിഫലം ആഗ്രഹിക്കുന്നത്, അതിനാൽ നീ എനിക്ക് ഇതിന് പ്രതിഫലം നൽകേണമേ. എനിക്ക് നഷ്ടപ്പെട്ടവക്ക് പകരമായി അവയേക്കാൾ നല്ലത് നീ നൽകേണമേ) (അബൂ ദാവൂദ്).
മഴക്കെടുതികൾ പരീക്ഷണമാകുന്നത് അവ അനുഭവിക്കുന്നവർക്കു മാത്രമല്ല, പ്രത്യുത സുരക്ഷിതരായി ആശ്വാസം കായുന്ന ചുറ്റുമുള്ളവർക്കു കൂടിയാണ്. ദുരിതബാധിതരിലേക്ക് നീളേണ്ട കനിവിന്റെ ഉറവകൾക്കാണ് മഴയുടെ മഹാപ്രവാഹം പ്രചോദനമാകേണ്ടത്. കഷ്ടപ്പെടുന്നവന്റെ കണ്ണുനീരൊപ്പാൻ വിശ്വാസി നടത്തുന്ന ആത്മാർത്ഥമായ ഒരു ശ്രമവും അല്ലാഹുവിന്റെ ആദരവിനർഹമാകാതിരിക്കില്ല. പുനരുത്ഥാന നാളിലെ കഷ്ടതകളിൽ നിന്ന് രക്ഷയാഗ്രഹിക്കുന്നവർ തന്നോട് കടം വാങ്ങിയിട്ടുള്ള പാവപ്പെട്ടവർക്ക് ഇളവുകൾ നൽകട്ടെ എന്ന് പഠിപ്പിച്ച കൃപാപർവമാണ് മുഹമ്മദ് നബി. (മുസ്‌ലിം). അവിടുത്തെ അനുയായികൾ പരലോകത്തെ നിത്യരക്ഷയാഗ്രഹിച്ച് ഇഹലോകത്തെ ജീവരക്ഷാ പ്രവർത്തനങ്ങളിൽ കണ്ണിചേരും, തീർച്ച.