Logo

 

നമുക്ക്‌ ശൈഖ്‌ മൗലവിയെയും സഹപ്രവർത്തകരെയും സ്മരിക്കാം; ആവേശം നുകരാം!

3 September 2019 | Obituary

By

–ആധുനിക മലയാളി ഹദീഥ്‌ പണ്ഡിതന്മാരിൽ അഗ്രേസരനായിരുന്നു ആദ്യം അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിലും പിന്നീട്‌ മോങ്ങം അൻവാറുൽ ഇസ്‌ലാം വനിതാ അറബിക്‌ കോളജിലും പ്രധാനാധ്യാപകൻ ആയിരുന്ന എം. ശൈഖ്‌ മുഹമ്മദ്‌ മൗലവി. പ്രമുഖ ഇസ്‌ലാഹീ പ്രബോധകൻ ആയിരുന്ന അദ്ദേഹം കേരള ജംഇയ്യതുൽ ഉലമാഇന്റെ പ്രസിഡന്റ്‌ ആയിരുന്നു. 1977ൽ ശൈഖ്‌ മരണപ്പെട്ടപ്പോൾ മോങ്ങത്തെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച അനുസ്മരണ സോവനീറിൽ റഹീം മേച്ചേരി എഴുതിയ ലേഖനം ആണിത്‌. മുസ്‌ലിം ലീഗിന്റെ തൂലികാ പടവാളും ചന്ദ്രിക പത്രാധിപരും ആയിരുന്ന മേച്ചേരി ഒന്നര പതിറ്റാണ്ടു മുമ്പാണ്‌ വിട പറഞ്ഞത്‌. മേച്ചേരിയുടെ മതവീക്ഷണങ്ങളെ സാമാന്യമായി പ്രതിഫലിപ്പിക്കുന്നു എന്ന നിലയിൽ കൂടി ഈ കുറിപ്പിന്‌ പ്രസക്തിയുണ്ട്‌–

ശൈഖിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ചിന്തകളെത്തിച്ചേരുന്നത് വര്‍ഷങ്ങള്‍ക്കു പിറകിലുള്ള കേരളത്തിന്റെ സ്ഥിതിഗതികളിലാണ്. ചുറ്റും കൂരിരുട്ട് തിങ്ങിനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം -യഥാര്‍ത്ഥമായ മതവിജ്ഞാനത്തിന്റെ അഭാവം പരത്തിയ കൂരിരുളിന്റെ നഗ്നതാണ്ഡവമായിരുന്നെങ്ങും. സത്യമതത്തിന്റെ ആദര്‍ശസൗന്ദര്യത്തെ ഇരുളിന്റെ കരിമ്പടക്കെട്ടുകള്‍ മറച്ചപ്പോള്‍ ഏകദൈവത്തിന്റെ സ്ഥാനത്ത് ഒരുപാട് കുട്ടിദൈവങ്ങള്‍ തലപൊക്കി. തൗഹീദിന്റെ സുഭഗസുന്ദരമായ ആദര്‍ശത്തിന്റെ മുഖത്ത് അന്ന് മങ്ങലേറ്റിരുന്നു. 
ഹസ്രത്ത് ഇബ്‌റാഹീമും ഹസ്രത്ത് മൂസയും മുഹമ്മദ് നബിയും ഉയര്‍ത്തിപ്പിടിച്ച തൗഹീദ് എന്ന ഉല്‍കൃഷ്ടാദര്‍ശത്തിന്റെ സന്ദേശം കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒരുപിടി ആദര്‍ശശാലികള്‍ മനസ്സിലാക്കി. അജ്ഞതക്കെതിരെ പോരാടാന്‍ ആ പോരാളികള്‍ സന്നദ്ധരായി. അന്ധകാരത്തിന്റെ കരിങ്കോട്ടകളെ വെല്ലുവിളിക്കാന്‍ അവര്‍ തയ്യാറായി. ആ ആദര്‍ശധീരന്‍മാരുടെ പട്ടികയില്‍ ശൈഖ് മുഹമ്മദ് മൗലവി എന്ന മതപണ്ഡിതനും ഉള്‍പ്പെടുന്നു.

അന്നത്തെ കൂരിരുളിന്റെ ഭീകരാന്തരീക്ഷം നമുക്ക് വിഭാവനം ചെയ്യാന്‍ പോലും സാധിക്കില്ല. അത്രമാത്രം കട്ടികൂടിയ ഇരുളായിരുന്നു നമ്മുടെ സമൂഹത്തെ വാണിരുന്നത്. അല്ലാഹുവിനെ ആരാധിക്കേണ്ട സമൂഹം പലയിടത്തും കുമ്പിട്ടു. അവര്‍ പല കൈക്കാരായി മാറി. സയ്യിദുമാരും പുരോഹിതന്‍മാരും അവരെ ചൂഷണം ചെയ്തു. പൗരോഹിത്യത്തിന്റെ പരമാണുവിനുപോലും പ്രവേശമില്ലാത്ത ഇസ്‌ലാമിന്റെ നേതൃത്വം പുരോഹിതന്‍മാരിലമര്‍ന്നു. അറബി ഭാഷയിൽ എഴുതപ്പെട്ട എന്തും മതഗ്രന്ഥമായി മാറി. പുരോഹിതന്റെ വാക്കുകള്‍ മതനിയമങ്ങളായി ആദരിക്കപ്പെട്ടു. നേര്‍ച്ചകളും പൂരങ്ങളും ഇസ്‌ലാമിന്റെ ആദര്‍ശവിശുദ്ധിയെ വികൃതമാക്കിത്തീര്‍ത്തു. അനാചാരനങ്ങൾ സമൂഹത്തെ ഭരിച്ചു. അന്ധവിശ്വാസങ്ങള്‍ സമുദായത്തെ അധഃപതിപ്പിച്ചു. മറ്റു സമൂഹങ്ങള്‍ ഭൗതിക പുരോഗതി നേടി മുന്നേറുമ്പോള്‍ വിജ്ഞാനത്തെ മതപരമെന്നും ഭൗതികമെന്നും നാം രണ്ടാക്കി തിരിച്ചു. മലയാളം നരകത്തിലെ ഭാഷയാണെന്ന ധാരണയായി. ശുദ്ധമലയാളം സംസാരിക്കുന്നവരില്‍നിന്ന് പാവപ്പെട്ട നമ്മുടെ സമുദായാംഗങ്ങള്‍ അല്ലാഹുവിനോട് ‘രക്ഷ’ തേടി. ഇംഗ്ലീഷ് ഉച്ചരിച്ചവന്‍ കാഫിറായിത്തീര്‍ന്നു. സര്‍ സയ്യിദ് അഹ്മദ്‌ ഖാന്‍ വരെ കാഫിറുകളുടെ നേതാവായി മുദ്ര കുത്തപ്പെട്ടു. സ്ത്രീസമൂഹം ഇരുട്ടുപുതച്ച അടുക്കളകളില്‍ അടച്ചിടപ്പെട്ടു. പാതിരാവയളുകള്‍ക്കും കല്യാണപുതുക്കങ്ങള്‍ക്കും വേഷവിധാനത്തോടെ പുറത്തിറങ്ങാനവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടും മതപഠനത്തിനവസരം നല്‍കിയില്ല. അക്ഷരമെഴുതല്‍ അവള്‍ക്ക് ഹറാമാക്കപ്പെട്ടു. പൗരോഹിത്യവ്യവസ്ഥിതി സമൂഹത്തെയാകെ ഭരിച്ചുപോന്നു. ഇസ്‌ലാമിന്റെ ആദര്‍ശസൗന്ദര്യം ഈ കൂരിരുട്ടില്‍ കിടന്നു ശ്വാസംമുട്ടി.

ഈ തമസ്സിന്റെ താണ്ഡവനൃത്തത്തെ എതിര്‍ക്കുന്നത് അന്ന് ആപല്‍ക്കരമായിരുന്നു. സമൂഹത്തിന്റെ ധാരണക്കെതിരായ ഏതു ചിന്തയും പിഴച്ചതായിരുന്നു. പിഴച്ചവരെ സമൂഹം ബഹിഷ്‌കരിച്ചിരുന്നു. അവര്‍ക്കെതിരെ മര്‍ദനങ്ങള്‍ പോലും നടത്താന്‍ ശുദ്ധഗതിക്കാരായ പാവങ്ങള്‍ അന്ന് തയ്യാറാവുന്നേടത്തോളം സ്ഥിതിഗതികള്‍ ചെന്നെത്തിയിരുന്നു. എന്നിട്ടും ഒരുപിടി ധീരമുജാഹിദുകള്‍ സത്യം ഉറക്കെ പറഞ്ഞു; വളരെയുറക്കെ. നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ അവരെതിര്‍ത്തു. അനാചാരങ്ങളെ അവര്‍ ചോദ്യം ചെയ്തു. അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ചു. തൗഹീദിനെതിരായ പ്രവണതയെ ധീരമായി ചെറുത്തു. ഏകനായ നാഥന്റെ അധീശാധികാരത്തിനെതിരായ ഏതു പ്രവണതകള്‍ക്കും അവരെതിര്‍നിന്നു. ഒരു വലിയ സാമൂഹ്യവിപ്ലവമായിരുന്നു ആ പോരാളികള്‍ നടത്തിയത്. 
അന്ധവിശ്വാസങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍, പുരോഗതിയുടെ പാതയിലേക്കു നയിക്കാന്‍, മതത്തില്‍ കടന്നുകൂടിയ തെറ്റായ ധാരണകളെ, മിഥ്യകളെ എതിര്‍ക്കാന്‍, അല്ലാഹുവിന്റെ ദീനിന്റെ ആദര്‍ശ വിശുദ്ധി ലോകത്തിനു മനസ്സിലാക്കി കൊടുക്കാന്‍, മതവിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കാന്‍ ശ്രമിച്ച ആ കര്‍മയോഗികളുടെ, വീരാത്മാക്കളുടെ ചരിത്രം പുതിയ തലമുറക്കാവേശദായകമാണ്. ഇന്നു സമൂഹത്തില്‍ കാണുന്ന നല്ല ചലനങ്ങളും മാറ്റങ്ങളും ആ മഹാന്‍മാരുടെ നിസ്വാര്‍ത്ഥസേവനത്തിന്റെ ത്യാഗത്തിന്റെ സല്‍ഫലമാണ്. പുതിയ തലമുറയ്ക്ക് തീര്‍ച്ചയായും അവരോട് കടപ്പാടുണ്ട്. 

മുസ്‌ലിം സമുദായത്തില്‍ വന്ന മാറ്റങ്ങളുടെ മൊത്താവകാശം തങ്ങള്‍ക്കാണെന്നു വാദിക്കാനും സമര്‍ത്ഥിക്കാനും ചില ആളുകളിന്ന് ശ്രമിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ അപഹാസ്യത തോന്നുന്നു. വളരെ അടുത്തുണ്ടായ ചില സംഘടനകളാണീ മാറ്റം സൃഷ്ടിച്ചതെന്ന വാദം എത്രമാത്രം ബാലിശമാണ്. ഇരുപതുകളില്‍ വക്കം മൗലവി, കെ.എം മൗലവി, സീതി സാഹിബ്, ചാലിലകത്ത്, ഹമദാനി തങ്ങള്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ യുഗപ്രഭാവന്‍മാരായ നേതാക്കള്‍ നടത്തിയ ത്യാഗോജ്വലമായ സേവനങ്ങളിലൂടെയാണ് ഈ പരിവര്‍ത്തനങ്ങളുണ്ടായത്. ഈ മഹാത്മാക്കളുമായി താരതമ്യപ്പെടുത്താന്‍ മാത്രം ഈ രംഗത്ത് അടുത്തകാലത്ത് കേരളത്തിലാരുമുണ്ടായിട്ടില്ല എന്നതാണ് സത്യം. ആ ത്യാഗിവര്യന്‍മാര്‍ അജ്ഞതയുടെ, അന്ധകാരത്തിന്റെ കോട്ടകള്‍ തകര്‍ത്തു തരിപ്പണമാക്കി. അന്ധതയുടെ പെരുംകാടുകള്‍ വെട്ടിതെളിയിച്ചു പരിവര്‍ത്തനത്തിന്റെ രാജവീഥികളുണ്ടാക്കിയത് അവരാണ്. പിന്നില്‍ വരുന്നവര്‍ക്ക് സുഗമമായി മുമ്പോട്ടു പോകാനുള്ള വഴി സൃഷ്ടിച്ച ആ മഹാനുഭവന്‍മാരെ മറക്കാന്‍ മുസ്‌ലിം കേരളത്തിനു സാധിക്കില്ല. അവരുണ്ടാക്കിയ വഴികളിലൂടെ പലരും മോട്ടോര്‍ കാറുകളിലും സൈക്കിളുകളിലുമെല്ലാം മുമ്പോട്ടുപോയി. നല്ലതുതന്നെ. പക്ഷേ ഈ കാറില്‍പോയവരാണ് റോഡ് നിര്‍മിച്ചതെന്നവകാശപ്പെട്ടാല്‍, അത് വകവെച്ചുകൊടുക്കാന്‍ ചരിത്രബോധമുള്ള ആരും തയ്യാറാകില്ല. കേരള മുസ്‌ലിംകളുടെ സാമൂഹ്യജീവിതത്തിലും ചിന്താമണ്ഡപത്തിലും പരിവര്‍ത്തനം സൃഷ്ടിച്ച ആ ചിന്താ വിപ്ലവത്തെക്കുറിച്ചും നാം ഇനിയും പഠിക്കേണ്ടതുണ്ട്. ഗവേഷണം നടത്തേണ്ടതുണ്ട്. നമ്മുടെ പുതിയ തലമുറക്കാലഘട്ടം തികച്ചും അജ്ഞാതമാണ്. നമ്പൂതിരി സമുദായത്തിന്റെ സാമൂഹ്യജീവിതത്തില്‍ വിപ്ലവം നടത്തിയ വി.ടി ഭട്ടതിരിപ്പാടിനെ കേരളത്തിനറിയാം. പക്ഷേ മുസ്‌ലിം സമുദായത്തില്‍ ആരോഗ്യകരമായ ഒരു ചിന്താവിപ്ലവമുണ്ടാക്കിയ വക്കം മൗലവിയും ഹമദാനി തങ്ങളും സീതി സാഹിബുമൊക്കെ നമുക്കജ്ഞാതരാണ്. സാഹിതീ കേരളത്തിന്റെ ഒരു പുതിയ വാഗ്ദാനമായ എന്റെ സുഹൃത്ത് മി: കെ.എം അഹ്മദിനോടൊപ്പം ഒരു നിമിഷം ഇതില്‍ ദുഃഖിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍?

തൗഹീദിന്റെ ഖഢ്ഗമേന്തി, ഇസ്‌ലാമികാദര്‍ശങ്ങളുടെ സന്ദേശവുമായി, കൂരിരുട്ടിനെതിരെ പോരാടിയ മഹാത്മാക്കളുടെ പട്ടികയില്‍ ഒരാളായിട്ടാണ് ഞാന്‍ ശൈഖിനെ കാണുന്നത്. ആ വീരമുജാഹിദുകള്‍ പലരും നമ്മെ വിട്ടുപിരിഞ്ഞു. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും പതുക്കെ പതുക്കെ നമുക്കിടയില്‍ നിന്ന് മാഞ്ഞുമാഞ്ഞു പോകുന്നു. തങ്ങളുടെ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി പരിശ്രമിച്ച മഹാനുഭവന്‍മാരെ ഓര്‍മിക്കുന്നതില്‍ മറ്റു സമുദായങ്ങള്‍ നമ്മുടെ മുന്നിലാണ്. പക്ഷേ നാം ആ വീരാത്മാക്കളെ മറക്കുകയാണ്. അവരുടെ ജീവിതം നമുക്കജ്ഞാതമാണ്. പുതിയ തലമുറയ്ക്ക് അവരെക്കുറിച്ച് ഒന്നുമറിയില്ല. ഒന്നുമറിയിക്കാന്‍ നാമും ശ്രമിച്ചിട്ടില്ല. കേരളത്തിന്റെ മതവിദ്യാഭ്യാസ മണ്ഡലത്തിലും കേരള മുസ്‌ലിംകളുടെ ചിന്താമണ്ഡലത്തിലും ആരോഗ്യകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച യുഗപ്രഭാവന്‍മാരായ പണ്ഡിത ശ്രേഷ്ഠന്‍മാരെ, സമുദായ നേതാക്കളെ, സ്മരിക്കാന്‍, അവരുടെ ജീവിതത്തില്‍നിന്നു പ്രചോദനമുള്‍ക്കൊള്ളാന്‍ നമ്മുടെ പുതിയ തലമുറയ്ക്ക് ഇത്തരം സ്മാരകഗ്രന്ഥങ്ങളിലൂടെ സാധിക്കും. ആ മഹാത്മാക്കളുടെ, ആദര്‍ശധീരന്‍മാരുടെ ആശയങ്ങള്‍ക്ക് മരണമില്ല. പക്ഷേ ആ വീരാത്മാക്കളും അവരുടെ ആദര്‍ശങ്ങളും വീരപുളകമണിയിക്കുന്ന അവരെക്കുറിച്ചുള്ള ഓര്‍മകളും ഈ സ്മാരകഗ്രന്ഥങ്ങളുടെ പേജുകളില്‍ മാത്രം നിലനില്‍ക്കുന്നതാവാതിരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.


Tags :


റഹീം മേച്ചേരി