അൽ ഖാഇദയുടെ ഇസ്‌ലാം വ്യാഖ്യാനം
25 September 2019 | Study
[ഭീകരവാദത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുകളിലൊന്നായ, ഐ.എസിനടക്കം പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിലമൊരുക്കിയ അല്‍ ഖാഇദയുടെ ജിഹാദ് സങ്കല്‍പം എവിടെ നിന്നെല്ലാമാണ് നിര്‍ധരിക്കപ്പെട്ടതെന്ന് വിശദമായി അപഗ്രഥിക്കാന്‍ ശ്രമിച്ചിട്ടുള്ള ചരിത്രകാരനാണ് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫയ്‌സൽ ദേവ്ജി. അദ്ദേഹത്തിന്റെ Landscapes of the Jihad: Militancy, Morality, Modernity (Foundation Books: New Delhi, 2005 ) എന്ന പുസ്തകം ഭീകരത ഇസ്‌ലാമിക പ്രമാണങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പിന്‍പറ്റലില്‍ നിന്നുണ്ടാകുന്നതാണെന്ന സാമ്രാജ്യത്വാരോപണത്തെ പല നിലയ്ക്കും വിചാരണ ചെയ്യുന്നുണ്ട്. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങളുടെ ആശയ വിവര്‍ത്തനമാണ് മില്ലി റിപ്പോർട്ട് ഇങ്ങനെ ഒരു ലേഖനം ആയി പ്രസിദ്ധീകരിക്കുന്നത്]
അല്‍ ഖാഇദ ജിഹാദിനെക്കുറിച്ചുള്ള പഠനങ്ങള്‍, അതിന്റെ ഹിംസയിലാണ് പൊതുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബെര്‍ണാഡ് ലൂയിസിനെപ്പോലുള്ള പണ്ഡിതന്‍മാര്‍ അല്‍ ഖാഇദയുടെ ഹിംസയെ ഇസ്‌ലാമിന്റെ പ്രകൃതവുമായി തന്നെ ബന്ധിപ്പിക്കുകയും അതിന്റെ വേരുകള്‍ മുസ്‌ലിം ചരിത്രത്തിന്റെ തുടക്കത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. മറ്റൊരു പ്രശസ്ത ഇസ്‌ലാം വിദഗ്ധനായ ജോണ്‍ എസ്‌പോസിറ്റോ ഈ രീതിശാസ്ത്രത്തോട് വിയോജിക്കുകയും അല്‍ ഖാഇദയുടെ ഹിംസയെ സമീപകാല ഉത്ഭവങ്ങളുള്ള രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ അഭിപ്രായ വ്യത്യാസത്തിലുള്ളത് പരസ്പരവിരുദ്ധമായ ചരിത്രസങ്കല്‍പങ്ങള്‍ മാത്രമല്ല, പരസ്പരവിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ കൂടിയാണ്. രണ്ടുപേരും പക്ഷേ ഹിംസയാണ് അല്‍ ഖാഇദ ജിഹാദിന്റെ ഏറ്റവും പ്രധാനപ്പെട്ട തലമെന്ന് കരുതുകയും അതിന്റെ നിമിത്തങ്ങളും സാഹചര്യങ്ങളും വിശദീകരിക്കുന്നതിന് ഊര്‍ജ്ജം ചെലവഴിക്കുകയും ചെയ്യുന്നു. ഹിംസയാണ് അല്‍ ഖാഇദ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പ്രത്യക്ഷ ഭാവമെന്നത് ശരിയാണ്. എന്നാല്‍, അത് വിശ്വാസങ്ങളുടെയും കര്‍മങ്ങളുടെയും വലിയൊരു ലോകവുമായി ബന്ധപ്പെട്ടിരിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ ആശയലോകം മിക്ക പഠനങ്ങളിലും കടന്നുവരുന്നേയില്ല. അല്‍ ഖാഇദയുടെ ഹിംസയെ അതിന്റെ വിശ്വാസ-ആചാര സങ്കല്‍പങ്ങള്‍ക്കുള്ളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വിശകലനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇസ്‌ലാം അനുശാസിക്കുന്ന ധാര്‍മിക വിശുദ്ധി ചിട്ടയോടുകൂടി കൊണ്ടുനടക്കുന്ന ഭക്ത മുസ്‌ലിംകളുടെ ഏകശിലാ കൂട്ടായ്മയല്ല അല്‍ ഖാഇദ. സെപ്റ്റംബര്‍ 11 ആക്രമണത്തെ പരിശോധിക്കുക. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചുവെന്ന് പറയുന്ന, ജര്‍മനിയില്‍ താമസിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് അത്ത മതനിഷ്ഠയുള്ളയാളായി അറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ മദ്യം കഴിക്കുന്നതിനോടോ ലാസ് വഗാസില്‍ ചൂതാട്ടത്തിലേര്‍പ്പെടുന്നതിനോടോ ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വരെ ലാപ് ഡാന്‍സിംഗ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുന്നതിനോടോ വിമുഖരായിരുന്നില്ല. ഇത് ജിഹാദികളുടെ, വിശേഷിച്ചും ‘രക്തസാക്ഷിത്വ’ത്തിന് പുറപ്പെടുന്നവരുടെ, ഇടയില്‍ ആവര്‍ത്തിച്ചു കാണപ്പെട്ടിട്ടുള്ള സ്വഭാവസവിശേഷതയാണ്. 2004 ഏപ്രിലില്‍ നടന്ന മാഡ്രിഡ് റെയില്‍വേ സ്റ്റേഷന്‍ ബോംബിംഗിന് പിന്നിലുള്ളവരെന്ന് സംശയിക്കപ്പെടുന്ന ഭീകരരെ സംബന്ധിച്ച് ബി.ബി.സി യില്‍ വന്ന റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു: ”അവരില്‍ പലരും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ജീവിതശൈലിക്കുടമകളും സ്പാനിഷ് സാമൂഹ്യഘടനയില്‍ ഇഴചേര്‍ക്കപ്പെട്ടവരും ഫുട്‌ബോളിലും ഫാഷനിലും മദ്യപാനത്തിലും സ്പാനിഷ് ഗേള്‍ ഫ്രണ്ട്‌സിലുമെല്ലാം താല്‍പര്യമുള്ളവരുമായിരുന്നുവെന്ന് സ്പാനിഷ് പത്രവാര്‍ത്തകള്‍ പറയുന്നു.” ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് സര്‍വസാധാരണമാണെന്നതാണ് സത്യം. ഇസ്‌ലാമിക നിഷ്ഠകളുടെ ഈ പരസ്യമായ ലംഘനം ‘ആഗോള ജിഹാദി’ന്റെ ഒരു സവിശേഷതയാണ്. അതിന് സമാനതകളുള്ളത് മധ്യകാലഘട്ടത്തില്‍ ഇറാനിലും സിറിയയിലുമുണ്ടായിരുന്ന ‘അസാസിനുകള്‍’ എന്നറിയപ്പെട്ട ശീഈ കലാപകാരികളുടെ സ്വഭാവങ്ങളോടാണ്.
ഇസ്‌ലാമിക വിശ്വാസത്തെ സംബന്ധിച്ച് മുസ്‌ലിം അവാന്തര വിഭാഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഏതാണ് ശരിയെന്ന ചോദ്യം പോലും പ്രധാനമായി തോന്നാത്തവിധം അത്തരം കാര്യങ്ങളില്‍ അല്‍ ഖാഇദയുടെ നേതൃത്വം ‘ഉദാര’മാണെന്നാണ് മനസ്സിലാകുന്നത്. താലിബാന് അധികാരം നഷ്ടമായതിനുശേഷം അല്‍ ഖാഇദ ക്യാമ്പുകളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഇന്‍സ്ട്രക്ഷന്‍ മാനുവലിലെ ഒരു നിയമം ഇതാണ്. ”വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഇസ്‌ലാമിക കൂട്ടായ്മകളെയോ സംഘടനകളെയോ വ്യക്തികളെയോ -അത് ഇമാമുമാരായലും ചിന്തകരായാലും നേതാക്കളായാലും രാഷ്ട്രീയ പ്രവര്‍ത്തകരായാലും- വിമര്‍ശിക്കുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു.” (Alan Cullison, ‘Inside Al-Qaeda’s Hard Drive’). ആഗോള പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന അല്‍ ഖാഇദ ജിഹാദ്, ഇസ്‌ലാമിക ഭക്തിയുടെ മറ്റ് രൂപങ്ങളുടെ കൂട്ടത്തിലുള്ള ഒന്നല്ല എന്നര്‍ത്ഥം. മറിച്ച്, ഭക്തിയുടെ നിര്‍വചനങ്ങളെത്തന്നെ അട്ടിമറിക്കുകയാണ് അത് ചെയ്യുന്നത്. മതപഠനത്തിന്റെയും പ്രചാരണത്തിന്റെയും ആചരണത്തിന്റെയും പഴയ രീതികളെയെല്ലാം കക്ഷിത്വപരമായ സങ്കുചിതത്വങ്ങളും അനാവശ്യ കാര്‍ക്കശ്യങ്ങളുമായി തള്ളിക്കളഞ്ഞ്, പുതിയൊരു തരം മുസ്‌ലിമിനെ നിര്‍മിച്ചെടുക്കുകയാണ് ഈ പ്രക്രിയ ചെയ്യുന്നത്; വിശ്വാസപരമോ കര്‍മപരമോ ആയ യാതൊരു അഖണ്ഡതയുമില്ലാത്ത ഒരു ജിഹാദി മുസ്‌ലിം സാമൂഹികതയെ.
ആഗോള ‘ജിഹാദി’ന്റെ ഈ ‘പുതുമ’യെ നാം എങ്ങനെ വിശകലനം ചെയ്യും എന്ന ചോദ്യം പ്രധാനമാണ്. ജിഹാദികളുടെ ‘വംശാവലി’ കണ്ടെത്തി ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുള്ള പല വിദഗ്ധരും ‘രാഷ്ട്രീയ ഇസ്‌ലാമില്‍’ ഇത്തരം പ്രസ്ഥാനങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നവരാണ്. പക്ഷേ, കൗതുകകരമായ കാര്യം, ഇവരുടെയെല്ലാം പഠനങ്ങളില്‍ അല്‍ ഖാഇദയുടെ ദാര്‍ശനിക ചരിത്രം ആരംഭിക്കുന്നതും കേന്ദ്രീകരിച്ചുനില്‍ക്കുന്നതുമെല്ലാം സുന്നീ ഇസ്‌ലാമിലും മിഡില്‍ ഈസ്റ്റിലുമാണ് എന്നതത്രെ. രാഷ്ട്രീയ ഇസ്‌ലാം (Political Islam) വിജയം കൈവരിച്ചുവെന്നു പറയാവുന്ന രണ്ട് ഉദാഹരണങ്ങളും -ഇറാന്‍ വിപ്ലവവും ലബനനിലെ ഹിസ്ബുല്ലയും- ശീഈ സംരഭങ്ങളായിരുന്നുവെന്ന വസ്തുതയുടെ വെളിച്ചത്തില്‍ ഈ നിലപാട് വിചിത്രമല്ലേ? ഹിസ്ബുല്ലയും ഇറാന്‍ വിപ്ലവവുമാണ് മറ്റ് കാര്യങ്ങളുടെ കൂട്ടത്തില്‍ രക്തസാക്ഷിത്വ ഓപ്പറേഷനുകള്‍ എന്നറിയപ്പെടുന്ന ചാവേര്‍ ആക്രമണങ്ങളുടെ സമരശൈലിയും സുന്നികള്‍ക്ക് പരിചയപ്പെടുത്തിയത് എന്ന കാര്യം സുവ്യക്തമാണ്. അതുപോലെത്തന്നെ താല്‍പര്യജനകമാണ് ‘ജിഹാദ്’ പ്രധാനമായും നിലയുറപ്പിച്ചത് മിഡില്‍ ഈസ്റ്റിനു പുറത്തുള്ള ചെച്‌നിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ, സലഫി/വഹ്ഹാബി പാരമ്പര്യങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത മുസ്‌ലിം ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് എന്നതും. അവിടങ്ങളില്‍ ‘ജിഹാദി’നെത്തുന്ന അറബ് സംഘാംഗങ്ങളെ കാണിച്ച് മിഡില്‍ ഈസ്റ്റിലെ ഇസ്‌ലാമികാശയങ്ങള്‍ ഭീകരപ്രസ്ഥാനങ്ങളുടെ ചാലകശക്തിയാകുന്നതിനെക്കുറിച്ച് പറയുന്നവരൊന്നും അവിടെ പോയി മടങ്ങിവരുന്ന അറബികള്‍ വഴിയാണ് മിഡില്‍ ഈസ്റ്റില്‍ ഈ ‘പുതിയ ഇസ്‌ലാം’ എത്തുന്നത് എന്ന ഒരു തിരിച്ചുള്ള വായനയുടെ സാധ്യതയെ പരിഗണിക്കാത്തതെന്തുകൊണ്ടാണ്? അറബ് മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ വിത്തുകള്‍ പാകിയത് സോവിയറ്റ് അഫ്ഗാനില്‍ പോരാട്ടത്തിനുപോയി മടങ്ങി വന്നവരാണെന്ന ചരിത്രവസ്തുത ഈ സാധ്യതയുടെ ശക്തി വളരെ കൂടുതലാണെന്ന് കാണിക്കുന്നുണ്ട്.
അനറബി മുസ്‌ലിംകളും അനറബി ഇസ്‌ലാമും മിഡില്‍ ഈസ്റ്റിലും മുസ്‌ലിം ലോകത്തും ചെലുത്തുന്ന സ്വാധീനത്തെ നാം എന്തിനാണ് കുറച്ചുകാണുന്നത്? 2005ലെ ഇറാഖ് നോക്കുക. അവിടെ ശിആ പരമാധികാരിയായിരുന്ന ആയത്തുല്ലാഹ് സീസ്താനി തന്റെ അറബി ഉച്ചാരണത്തെപ്പോലും പാര്‍സി സ്വാധീനത്തില്‍നിന്നും മോചിപ്പിക്കാന്‍ കഴിയാത്ത ഇറാനിയായിരുന്നു. ഇറാഖിലെ അദ്ദേഹത്തിന്റെ ഭദ്രത പ്രധാനമായും ആശ്രയിച്ചത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ശീആ സമൂഹങ്ങള്‍ സമാഹരിച്ചിരുന്ന ഫണ്ടുകളെ ആയിരുന്നു. ആ ശീഅകളുടെ വളരെ പ്രധാനപ്പെട്ടൊരു ഭാഗം ഇന്‍ഡ്യയിലും പാക്കിസ്ഥാനിലുമാണെന്ന വസ്തുതകള്‍ നാം ഇതിനോട് ചേര്‍ത്തുവായിക്കുക. മുംബൈയിലെ തന്റെ ഏജന്റ് വഴിയായിരുന്നു ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തിലെ സീസ്താനിയുടെ സ്വാധീനമണ്ഡലം നിലനിന്നത്. അറേബ്യന്‍ ഉപദ്വീപില്‍ ജോലി ചെയ്യുന്ന അസംഖ്യം അനറബി മുസ്‌ലിംകളും ആഗോള മുസ്‌ലിം സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കുന്നതില്‍ അനറബി പണ്ഡിതന്‍മാര്‍ക്കുള്ള മേല്‍കയ്യും -വിശേഷിച്ചും ഇംഗ്ലീഷ് ഭാഷയില്‍- എല്ലാം അറബ് മധ്യേഷ്യയാണ് റാഡിക്കല്‍ ഇസ്‌ലാമിന്റെ തറവാട് എന്ന തരത്തിലുള്ള ഏതു ധാരണയും അസംബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
സൗദി അടക്കമുള്ള മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ‘ഇറക്കുമതി’ ചെയ്യപ്പെടുന്ന ഒന്നായി ഈ പുതിയ ആഗോളപ്രതിഭാസത്തെ നിര്‍വചിക്കുന്നതിന്റെ പ്രശ്‌നങ്ങളെയാണ് ഞാന്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത്. താലിബാന്റെ കാര്യത്തിലേക്കു വരാം. ദയൂബന്ദി വേരുകളുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന താലിബാന്റെ ഇസ്‌ലാം സഊദി ഇസ്‌ലാം ആണോ? താലിബാന്‍ നേതാവ് മുല്ല ഉമര്‍ കന്ദഹാറില്‍ പ്രവാചകന്‍ ഉപയോഗിച്ചതെന്നു പറയുന്ന ഒരു വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട് താന്‍ അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ നേതാവ്/ഖലീഫ) ആണെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും അര്‍ത്ഥത്തില്‍ ഒരു വഹ്ഹാബി രീതിയാണോ? അല്ല. തീര്‍ച്ചയായും അത് ഒരു സൂഫീ-ശീആ പിന്തുടര്‍ച്ചയാണ്. പ്രവാചകന്‍ തന്റെ വസ്ത്രം തന്റെ കുടുംബാംഗങ്ങളെ അണിയിച്ചുവെന്നും അതിനാല്‍ അവരുടെ സന്തതിപരമ്പരയ്ക്കാണ് ഖിലാഫത്തിനുള്ള അധികാരം എന്നുമുള്ള ശീആ സങ്കല്‍പം പ്രസിദ്ധമാണ്. മാത്രവുമല്ല, തനിക്ക് സ്വപ്‌നങ്ങള്‍ വഴി ദിവ്യനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുവെന്നും മുല്ലാ ഉമര്‍ അഭിപ്രായപ്പെട്ടു. ‘സലഫി’ ഇസ്‌ലാം ഇത്തരം യാതൊരു ധാരണയും പങ്കുവെക്കുന്നില്ലെന്ന കാര്യം സ്പഷ്ടമാണ്. താലിബാന്‍ പ്രാദേശിക അഫ്ഗാൻ സൂഫീ ഇസ്‌ലാമിനെ അതിന്റെ അറബ് അംഗങ്ങളിലൂടെ സഊദിയിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നായിരിക്കും, അല്ലാതെ സഊദി-ഇസ്‌ലാമിനെ അഫ്‌ഗാനിലേക്ക് ഇറക്കുമതി ചെയ്യുന്നുവെന്നാകില്ല ഇക്കാര്യത്തെക്കുറിച്ച് പറയേണ്ടി വരിക. അഫ്ഗാനില്‍ നാമ്പെടുത്ത മിസ്റ്റിക്/ശീഈ സങ്കല്‍പങ്ങള്‍ ജിഹാദികള്‍ക്കിടയില്‍ വലിയ അംഗീകാരമാണ് നേടിയെടുത്തത് എന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്കാണ് നിഷേധിക്കാനാവുക? അഫ്ഗാനില്‍ പോരാട്ടത്തിനുവന്ന ഒരു ഇന്‍ഡോനേഷ്യന്‍ മുസ്‌ലിം, താലിബാന്‍ ‘സൂഫി’ ആണെന്നും സ്വപ്‌നങ്ങളെയും ഭ്രമകല്‍പനകളെയും പിന്തുടരുന്നുവെന്നും തന്നോട് പറഞ്ഞത് ജെസീക്കാ സ്റ്റേണ്‍ തന്റെ ‘ടെറര്‍ ഇന്‍ ദി നെയിം ഓഫ് ഗോഡ്’ എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നത് ഇക്കാരണത്താല്‍ സ്മരണീയമാണ്.
അല്‍ ഖാഇദയുടെയും മറ്റും ‘ജിഹാദ്’ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ, ഒരു ഇസ്‌ലാമിക ചിന്താധാരയുടെ മാത്രം ശുദ്ധമായ പ്രതിഫലനമാണെന്ന് വാസ്തവവിരുദ്ധമായി വരുത്തിത്തീര്‍ക്കുകയും സങ്കീര്‍ണമായ വസ്തുതകളെ അസൗകര്യങ്ങളായി കണ്ട് അപഗ്രഥനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്ന രീതിയാണ് ഇവിടെയെല്ലാമുള്ള അടിസ്ഥാനപ്രശ്‌നം. പാക്കിസ്ഥാനിയായ മൗദൂദി ഖുമയ്‌നിക്കും സയ്യിദ് ഖുതുബിനും ഒരേപോലെ പ്രചോദനമായിരുന്നുവെന്നതുപോലെയുള്ള സങ്കീര്‍ണതകളെ നാം അഭിമുഖീകരിക്കേണ്ടതില്ലേ? വിശ്വാസപരമോ ആചാരപരമോ രാഷ്ട്രീയപരമോ വംശീയമോ ഒന്നും ആയ ഏകശിലാത്മകതയില്ലാത്ത ബഹുസ്വരതയാണ് വാസ്തവത്തില്‍ ജിഹാദീ പ്രസ്ഥനങ്ങള്‍ക്കകത്തുള്ളത്. കന്ദഹാറില്‍ അതുകൊണ്ടുതന്നെ ‘അരാഷ്ട്രീയവും ശാന്തവുമായ’ തബ്‌ലീഗ് ജമാഅത്തിന്റെയും ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ജമാഅത്തെ ഇസ്‌ലാമിയുടെയും പാക്കിസ്ഥാനി ദേശീയവാദികളായ മുസ്‌ലിം ലീഗിന്റെയുമെല്ലാം ആളുകളെ മാറിമാറി കാണാം; അവരെല്ലാം വ്യത്യാസങ്ങള്‍ക്കതീതമായി ഇത്തരം ഗറില്ലാ ഗ്രൂപ്പുകളില്‍ കൈകോര്‍ത്തുനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം.
അല്‍ ഖാഇദാ ജിഹാദിന് കൊളോണിയല്‍ കാലഘട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ മിസ്റ്റിക് സൂഫീ കലാപങ്ങളുമായുള്ള സാധര്‍മ്യം നിഷേധിക്കുക സാധ്യമല്ല തന്നെ. ആ കലാപങ്ങളില്‍ നിന്നാണ് പല നിലക്കും ഇപ്പോഴത്തെ ജിഹാദ് സങ്കല്‍പം രൂപപ്പെട്ടിരിക്കുന്നതും. അല്‍ ഖാഇദക്ക് ഒരു മതകൂട്ടായ്മ എന്ന നിലയില്‍ ഘടനാപരമായിത്തന്നെ സൂഫീ കൂട്ടായ്മകളുമായുള്ള സാദൃശ്യം, അതിന്റെ വക്താക്കള്‍ തന്നെ നിഷേധിച്ചാല്‍ പോലും, വളരെ വ്യക്തമാണ്. സായുധ ജിഹാദിനുള്ള താല്‍പര്യത്തില്‍ മുതല്‍ രക്തസാക്ഷികളെ വിഗ്രഹവല്‍ക്കരിക്കുന്ന സംസ്‌കാരത്തില്‍ വരെ അതുണ്ട്. രക്തസാക്ഷികള്‍ക്ക് ദൈവത്തിന്റെയടുക്കല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള അസാധാരണമായ കഴിവുകള്‍ ചാര്‍ത്തുന്ന സൂഫീ പരികല്‍പന -സൂഫീവിരുദ്ധരായ മുസ്‌ലിംകള്‍ ഈ സങ്കല്‍പത്തിന് നഖശിഖാന്തം എതിരാണ്- ഉസാമ ബിന്‍ ലാദന്‍ പങ്കുവെച്ചിരുന്നു. (Bin laden’s intreview with Abc news producer rahimullah yousafzai on dec. 22 1998, http://abcnews.go.com/sections/world/DailyNews/transcript_ binladen_ 981228.html). ജിഹാദ് നിര്‍വഹിക്കേണ്ടത് രാഷ്ട്രത്തിന്റെ സൈന്യമാണ് എന്ന സങ്കല്‍പത്തില്‍ നിന്നുമാറി അത് വ്യക്തികളുടെ/ ഗ്രൂപ്പുകളുടെ ഉത്തരവാദിത്തമാക്കുന്ന അല്‍ ക്വാഇദാ രീതിയും സൂഫീ സൈനിക സംഘങ്ങളുടേതാണ്. സായുധ ജിഹാദ് ഇസ്‌ലാമികരാഷ്ട്ര നേതൃത്വം ആവശ്യമായ ഘട്ടത്തില്‍ ചെയ്യേണ്ടതാണെന്നും വ്യക്തികള്‍ക്ക് അതിന് അധികാരമില്ലെന്നുമാണ് പരമ്പരാഗത ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ കര്‍ക്കശമായ നിലപാട്. ജിഹാദിനെ വൈയക്തികോത്തരവാദിത്തമാക്കി പ്രഖ്യാപിക്കുകയും വിവിധ നാടുകളിലെ അധികാരമില്ലാത്ത പ്രജകളായ സാധാരണ മുസ്‌ലിംകളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന അല്‍ ഖാഇദാ രീതി ഈ കര്‍മശാസ്ത്ര നിലപാടിന്റെ നിരാകരണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ നിരാകരണത്തിന് പൂര്‍വ മാതൃകകളുള്ളത് സൂഫീ പാരമ്പര്യത്തിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രത്തിനും സൈന്യത്തിനും പകരം സാധാരണക്കാര്‍ ആയുധം കയ്യിലെടുക്കുന്ന സമാന്തര ജിഹാദിന്റെ ഏറ്റവും ജനകീയമായ സന്ദര്‍ഭങ്ങളെല്ലാമുള്ളത് സൂഫീ ചരിത്രത്തിലാണ്. ആ ‘ജിഹാദുകള്‍’ക്ക് നേതൃത്വം നല്‍കിയ വിശുദ്ധരുടെ ശവകുടീരങ്ങള്‍ സൂഫീ മുസ്‌ലിംകളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി നിലകൊള്ളുന്നു. രിഫിലെ അബ്ദുല്‍ ഖാദിര്‍, വടക്കുപടിഞ്ഞാറന്‍ ഇന്‍ഡ്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സയ്യിദ് അഹ്മദ് ബറേല്‍വി, സൊകോതോയിലെ ഉഥ്മാന്‍ ദാന്‍ഫൂദിയ്യൂ, ദഗിസ്ഥാനിലെ ഇമാം ശാമില്‍, മുഹമ്മദ് അഹ്മദ്, സുഡാനിലെ സയ്യിദ് മുഹമ്മദ് തുടങ്ങിയ ഇത്തരം പോരാട്ടങ്ങളിലെ യോദ്ധാക്കള്‍ കൂടിയായി വര്‍ത്തിച്ച വിശുദ്ധ പുരുഷന്‍മാരുടെയെല്ലാം സൂഫീ പശ്ചാത്തലം ശ്രദ്ധേയമാണ്.
അല്‍ ഖാഇദയുടെ അണികള്‍ ഉസാമ ബിന്‍ ലാദനെ ഒരു ‘ആത്മീയ നേതാവ്’ ആയാണ് പരിഗണിക്കുന്നത് എന്ന കാര്യം തന്നെ അതിന്റെ ഘടനാപരമായ സൂഫീ സ്വഭാവത്തെ അനാവരണം ചെയ്യുന്നുണ്ട്. ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍മാരെ പഠനത്തിന് ഗുരുനാഥന്‍മാരായി സ്വീകരിക്കുന്ന മുഖ്യധാരാ മുസ്‌ലിം ശൈലിയുമായല്ല അതിന് ബന്ധമുള്ളത്. അഗാധജ്ഞാനമുള്ള ഒരു മതപണ്ഡിതന്‍ തന്നെയല്ല അദ്ദേഹം. ഉസാമ ‘ശെയ്ഖ്’ എന്ന് അനുയായികളാല്‍ അഭിസംബോധന ചെയ്യപ്പെടുന്നത് സൂഫീ രീതിയിലാണ്. ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ സവിശേഷമായ ദൈവിക സുരക്ഷാവലയമുള്ള, ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന സവിശേഷമായ ആത്മീയാധികാരങ്ങളാണ് അദ്ദേഹത്തിന് വകവെച്ചു നല്‍കപ്പെടുന്നത്. ഉസാമയുടെ ഇത്തരം അത്ഭുതസിദ്ധികളെ സംബന്ധിച്ച കഥകള്‍ക്ക് വമ്പന്‍ പ്രചാരമാണ് ജിഹാദികള്‍ക്കും അനുഭാവികള്‍ക്കും ഇടയിലുള്ളത്. പ്രമാണ ഇസ്‌ലാമിന്റെ വക്താക്കള്‍ ഇത്തരം ആത്മീയ പരിവേഷങ്ങള്‍ ആര്‍ക്കും വകവെച്ചു കൊടുക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ ശക്തമായി എതിര്‍ക്കുന്ന ഇത്തരം വിശ്വാസങ്ങള്‍ക്കാണ് ‘ജിഹാദ്’ അഫ്ഗാനില്‍ ജന്മം നല്‍കിക്കൊണ്ടിരുന്നത്. ഒരു പാക്കിസ്ഥാനി മുസ്‌ലിമിന്റെ കൂടെ നടത്തിയ അഫ്ഗാന്‍ യാത്രയുടെ അനുഭവങ്ങള്‍ വില്യം ഡാല്‍റിംപ്ള്‍ രേഖപ്പെടുത്തുന്നതിങ്ങനെയാണ്. ”റോഡരികില്‍ വെളുത്ത പെയിന്റടിച്ച് പുതുതായി നിര്‍മിക്കപ്പെട്ട ഒരു ആരാധനാലയത്തിന് സമീപത്തുകൂടി ഞങ്ങള്‍ കടന്നുപോയി. ”അവിടെയാണ് പട്ടാളം രണ്ട് അല്‍ ഖാഇദക്കാരെ പതിയിരുന്ന് കൊന്നത്”; ജാവേദ് പറഞ്ഞു. ”പ്രദേശവാസികള്‍ക്ക് പിന്നെ ഈ രക്തസാക്ഷികള്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഇവര്‍ വിശുദ്ധന്‍മാരായി അറിയപ്പെടുന്നു. ഒരുപാട് രോഗശാന്തികളും അത്ഭുതങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സ്ത്രീകള്‍ ദൈവത്തോട് എന്തെങ്കിലും ചോദിക്കേണ്ട ആവശ്യമുണ്ടാകുമ്പോള്‍ ഇവിടെയാണ് വരുന്നത്.” (Inside Islam’s terror schools, http://www.newstatesman.com/20050320010).
പ്രമാണ ഇസ്‌ലാമിന്റെ വക്താക്കളായ മുസ്‌ലിം പണ്ഡിതന്‍മാരുടെ നിലപാടുകളെയും നിരൂപണ ശൈലിയെയുമെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ ‘ജിഹാദി’ന്റെ വക്താക്കള്‍ തങ്ങളുടേതായ ഒരു മതവ്യാഖ്യാനശൈലി രൂപപ്പെടുത്തിയെടുക്കുന്നത് എന്ന കാര്യം സ്മരണീയമാണ്. ഇസ്‌ലാമികചരിത്രത്തിന്റെ വ്യഖ്യാനത്തില്‍ ഈ ‘സ്വാതന്ത്ര്യം’ അവര്‍ പ്രയോഗിക്കുന്നത് വ്യക്തമായി കാണാം. കാനോനിക ഇസ്‌ലാം പ്രചരിപ്പിക്കുന്ന പണ്ഡിതന്‍മാര്‍ അസന്നിഗ്ധമായി വഴിപിഴച്ചവരെന്നു പറയുന്ന ഖവാരിജുകളില്‍ നിന്നുപോലും ആവേശമുള്‍ക്കൊള്ളാന്‍ സന്ദര്‍ഭാനുസരണം അവര്‍ സന്നദ്ധമാണ്. 1998ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബാക്രമണ കേസില്‍ അമേരിക്കന്‍ ജയിലിലായ ഈജിപ്തിലെ ജമാഅത്തുല്‍ ഇസ്‌ലാമിയ്യാ ആത്മീയനേതാവ് ശയ്ഖ് ഉമര്‍ അബ്ദുര്‍റഹ്മാന്‍ 1981ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തെ തുടര്‍ന്ന് വിചാരണ നേരിട്ടപ്പോള്‍ കോടതിയില്‍ പറഞ്ഞ വാചകങ്ങള്‍ ഉമറിന്റെ സഹപ്രവര്‍ത്തകനായി ‘ജിഹാദ്’ ആരംഭിച്ച് പില്‍ക്കാലത്ത് അല്‍ ഖാഇദയുടെ ഉന്നതാധികാരിയായി മാറിയ അയ്മന്‍ അല്‍ ദവാഹിരി പില്‍ക്കാലത്ത് ഉദ്ധരിച്ചത് നോക്കുക. (www.sas.org): ”അധികാരം അല്ലാഹുവിന് എന്ന മുദ്രാവാക്യം ഇസ്‌ലാമിക രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യം മുന്നിൽകണ്ട് ശയ്ഖ് ഉമര്‍ മുഴക്കിയതിനെ പരാമര്‍ശിച്ച് അത് ഖവാരിജുകളുടെ മുദ്രാവാക്യമാണെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ‘അതെ, യൂസുഫ് പ്രവാചകന്‍ ജയിലില്‍വെച്ച് പറഞ്ഞ വാചകം, ഖവാരിജുകള്‍ ഖലീഫ അലിയോട് പറയാന്‍ ധൈര്യം കാണിച്ച വാചകം, ഇപ്പോള്‍ ഞങ്ങള്‍ ജിഹാദികള്‍ ആവര്‍ത്തിക്കുന്ന വാചകം’ എന്ന ആശയം വരുന്ന മറുപടിയാണ് ശയ്ഖ് ഉമര്‍ പറഞ്ഞത്.” ആ മറുപടിയെ ദവാഹരി ആഘോഷപൂര്‍വം ഏറ്റെടുക്കുന്നുവെന്ന കാര്യം കൂടി നാം മനസ്സിലാക്കുക. വഴിപിഴച്ച കക്ഷികളായി പണ്ഡിതന്‍മാര്‍ വ്യവഹരിക്കുന്നവരെയൊന്നും അല്‍ ഖാഇദാ നേതൃത്വം അങ്ങനെ കാണുന്നില്ലെന്നും തങ്ങളുടെ ആശയത്തിനുള്ള സാധൂകരണം കിട്ടാവുന്ന ഇടങ്ങളെയെല്ലാം അവര്‍ അതിനുവേണ്ടി ആശ്രയിക്കുന്നുവെന്നുമാണ് ഇത് അടിസ്ഥാനപരമായി വ്യക്തമാക്കുന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ട എല്ലാ അവാന്തര വിഭാഗങ്ങളില്‍നിന്നും നിര്‍ബാധം ആശയങ്ങള്‍ സ്വീകരിച്ച് തങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടിനെ മതപരമായി പ്രതിരോധിക്കുകയാണ് അല്‍ ഖാഇദ ചെയ്യുന്നത്. അവാന്തരവിഭാഗങ്ങളുടെ വാദങ്ങളുടെ വഴിപിഴവില്‍നിന്ന് ശരണം തേടുന്ന പ്രമാണ ഇസ്‌ലാമിന്റെ വക്താക്കളെ പരിഹസിക്കുകയാണ് അവരുടെ രീതി. നേരത്തെ സൂചിപ്പിച്ചതുപോലെ, അതുകൊണ്ടാണ് ‘സുന്നീ’ ജിഹാദിന് ശിആ സ്വഭാവം ഉണ്ടാകുന്നത്. ചാവേര്‍ സ്‌ഫോടനങ്ങളും സ്വയം മരിച്ച് ശത്രുവിനെക്കൊന്ന് രക്തസാക്ഷിത്വം വരിക്കുവാനുള്ള തീവ്രമായ ആഹ്വാനങ്ങളുമെല്ലാം ഇറാന്‍-ഇറാഖ് യുദ്ധകാലത്തെ ഇറാന്റെ രീതിയായിരുന്നു. ലെബനോനിലെ ഇസ്രയേലികള്‍ക്കെതിരില്‍ ഹിസ്ബുല്ല പരീക്ഷിച്ച ചാവേര്‍ സ്‌ഫോടന പദ്ധതികളെയാണ് ഹമാസ് ഏറ്റെടുത്തത്. വിപ്ലവാനന്തരം ഇറാന്‍ ലോകത്തുടനീളം മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചിട്ടുണ്ട് എന്നത് കേവലമായ ഒരു സത്യമാണ്. മുസ്‌ലിം ലോകത്ത് ഏറ്റവും തീവ്രമായ രാഷ്ട്രീയ നിലപാടുള്ളവര്‍, വിശേഷിച്ചും സായുധ കലാപങ്ങളില്‍ വിശ്വസിച്ചവര്‍, ഇറാന്‍ വിപ്ലവത്തിന്റെ ആരാധകരായി മാറിയ കാലമാണത്. 1989ല്‍ സാതാനിക് വേഴ്‌സസിന്റെ പശ്ചാത്തലത്തില്‍ ഖുമയ്‌നി സല്‍മാന്‍ റുശ്ദിക്കെതിരെ പുറപ്പെടുവിച്ച ഫത്‌വ ഈ കാലാവസ്ഥക്കാക്കം കൂട്ടി. ഫലസ്ത്വീനിലെ ഇസ്‌ലാമിക് ജിഹാദും ഈജിപ്തിലെ ജമാഅതുല്‍ ഇസ്‌ലാമിയ്യയുമെല്ലാം ഖുമയ്‌നിയുടെ ഫത്‌വയെ പിന്തുണച്ച് രംഗത്തുവന്നു. സുന്നി തീവ്രവാദികള്‍ ഖുമയ്‌നിയുടെ വക്താക്കളായി നിന്ന ഈ കാലത്തു നടന്നിരിക്കാവുന്ന ആശയപരമായ കൊടുക്കല്‍ വാങ്ങലുകളെ നാം എങ്ങനെയാണ് പഠനങ്ങളില്‍ അവഗണിക്കുക?
പോരാളികളെ ‘ഫിദായീന്‍’ എന്നുവിളിക്കുന്ന ജിഹാദ് ഗ്രൂപ്പുകളുടെ ശൈലി ഖുമയ്‌നിയടക്കമുള്ള ഇഥ്‌നാ അശരീ ശീഅകളുടേതിനേക്കാള്‍ തീവ്രമായ ശിആയിസം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്മാഈലി ശീഅകളില്‍ നിന്നു വന്നതാണ്. മധ്യകാലഘട്ടത്തില്‍ ചാവേര്‍ ആക്രമണണങ്ങളുടെ പേരില്‍ പ്രസിദ്ധരായിത്തീര്‍ന്ന ഇസ്മാഈലി വിഭാഗത്തില്‍പ്പെട്ട അസാസിന്‍ കലാപകാരികള്‍ പോരാളികളെ വിളിച്ചിരുന്ന പേരാണ് അത്. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ ശരീരത്തില്‍ ബോംബുകെട്ടി ചാവേറായ ഖാലിദുല്‍ മിഹ്ദറിനെ അല്‍ ഖാഇദക്കകത്ത് വിളിച്ചിരുന്നത് സിനാന്‍ എന്നായിരുന്നു. സിറിയയിലെ പ്രശസ്തനായ അസാസീന്‍ പോരാളി, പര്‍വതത്തിലെ വൃദ്ധന്‍ എന്ന അപരാഭിധാനത്തില്‍ അറിയപ്പെട്ടിരുന്ന റശീദുദ്ദീന്‍ സിനാനെ അനുസ്മരിച്ചുകൊണ്ടാണ് ഈ നാമകരണം നടന്നത് എന്ന് മനസ്സിലാക്കുന്നതിന് സാംഗത്യമുണ്ട്. ഉസാമയും ദവാഹിരിയും അടക്കമുള്ള അല്‍ ഖാഇദ നേതാക്കളൊന്നും ശീആ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പ്രചരിപ്പിക്കുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. മാത്രവുമല്ല, അത്തരം നിലപാടുകള്‍ക്കെതിരിലാണ് അവര്‍ സംസാരിച്ചിട്ടുള്ളത്. ആഭ്യന്തരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിച്ച് ഐക്യപ്പെടാനാണ് മുസ്‌ലിം സമൂഹത്തോട് ഉസാമ എപ്പോഴും ആഹ്വാനം ചെയ്തത്. എന്തിനധികം പറയുന്നു, ശായെ അട്ടിമറിച്ച് ഇറാനില്‍ നടന്ന വിപ്ലവം ഇസ്‌ലാമികമാണെന്ന പ്രതീതി ജനിപ്പിക്കുംവിധം പോലും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇറാനില്‍ ശാ അട്ടിമറിക്കപ്പെട്ടതുപോലെ സഊദിയില്‍ അവിടുത്തെ രാജാധിപത്യം അട്ടിമറിക്കപ്പെടുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. (John Miller’s Interview with Osama Bin Laden, 1998, http://www.pbs.org/wgbh/pages/frontline/shows/binladen/who/interview.html). 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട് അല്‍ ഖാഇദയും ഹിസ്ബുല്ലയും ഇറാനും തമ്മിലുള്ള ബാന്ധവത്തിനു വരെ സാധ്യത കല്‍പിക്കുന്നുണ്ട്. (pp. 240-1).
ഇസ്‌ലാമിക പ്രമാണങ്ങളെയും പാരമ്പര്യത്തെയും നിലനില്‍ക്കുന്ന എല്ലാ പണ്ഡിതവ്യാഖ്യാനങ്ങളെയും തള്ളി പുതിയ ലോകസാഹചര്യത്തില്‍ മുസ്‌ലിംകള്‍ കൈക്കൊള്ളണമെന്ന് തങ്ങള്‍ കരുതുന്ന ഒരു രാഷ്ട്രീയത്തിനുകൂലമായി സൗകര്യപൂര്‍വം സ്വതന്ത്രമായി പുനരാഖ്യാനം ചെയ്യുകയും അങ്ങനെ ഇസ്‌ലാമിനെത്തന്നെ പുനര്‍നിര്‍വചിക്കുകയുമാണ് അല്‍ ഖാഇടയും കൂട്ടാളികളും ചെയ്യുന്നത് എന്ന് ചുരുക്കം. ചരിത്രത്തില്‍ എവിടെയും മുമ്പുണ്ടായിട്ടില്ലാത്ത പുതിയൊരു ഇസ്‌ലാമിനെ ആഗോളവ്യാപകമായി പ്രചരിപ്പിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. മുസ്‌ലിം മതമൗലികവാദികളുടെയല്ല, മറിച്ച് കാലാനുസൃതമായി ഇസ്‌ലാമിനെ പുനര്‍വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ ഉദാരചിത്തരായ മുസ്‌ലിം ലിബറലുകളുടെ പിന്തുടര്‍ച്ചക്കാരാണ് ജിഹാദികള്‍ എന്നാണിതിനര്‍ത്ഥം. മുന്നോട്ടുവെച്ച ആശയങ്ങളുടെ അനാകര്‍ഷണീയതയും ആഭ്യന്തര വൈരുധ്യങ്ങളും കാരണവും രാഷ്ട്രീയ പിന്തുണയില്ലാതിരുന്നതിനാലും മുന്‍കാല മുസ്‌ലിം ലിബറലുകള്‍ക്ക് നേടാന്‍ കഴിയാതെ പോയ വിജയം മതത്തെ ‘പരിഷ്‌കരിച്ച്’ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ജിഹാദ് പ്രസ്ഥാനങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. ശക്തമായ രാഷ്ട്രീയ പിന്തുണ ലഭിച്ച അപൂര്‍വം മുസ്‌ലിം ലിബറലുകള്‍ക്കുപോലും ഇത്ര വലിയ ലക്ഷ്യപൂര്‍ത്തീകരണത്തിനു കഴിഞ്ഞിട്ടില്ല. ഇറാനില്‍ രിസാ ശായും തുര്‍ക്കിയില്‍ മുസ്തഫാ കമാല്‍ പാഷയും പാക്കിസ്ഥാനില്‍ അയ്യൂബ് ഖാനുമെല്ലാം കൂടെ നിന്നിട്ടും ‘മതനവീകരണം’ നേടാതെ പോയ വിജയമാണ് അവര്‍ നേടിയത്. ആ നിലയ്ക്ക്, ‘ലിബറല്‍ ഇസ്‌ലാമി’ന്റെ പാരമ്പര്യത്തിലെ ഏറ്റവും വലിയ വിപ്ലവകാരികളായാണ് ഉസാമ ബിന്‍ ലാദനെയും അയ്മന്‍ അല്‍ ദവാഹിരിയെയും വായിക്കേണ്ടത്, അല്ലാതെ ‘പ്രമാണ ഇസ്‌ലാ’മിന്റെ ‘അക്ഷര വായന’ക്കാരായല്ല.