Logo

 

മുസ്‌ലിം സംഘടനകൾ ചരിത്ര സൂക്ഷിപ്പിൽ ശ്രദ്ധിക്കണം

9 February 2021 | Interview

By

മാപ്പിള ചരിത്ര ശേഖരണവും സൂക്ഷിപ്പുമെല്ലാം ഒരു വികാരവും ദൗത്യവുമാക്കിയ ആളാണ് അബ്ദുർറഹ്‌മാൻ മങ്ങാട്.
അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂർവ്വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളിൽ താൽപര്യമുള്ളവരുടെ മുഖ്യ അവലംബമാണ്.
ഫാറൂഖ് കോളേജിനടുത്തുള്ള കക്കോവിലെ വീട്ടിലിരുന്ന് ചരിത്രത്തിൻ്റെ സഹയാത്രികൻ എന്ന നിലയിലുള്ള തൻ്റെ അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ, ആശങ്കകൾ എന്നിവ മില്ലി റിപ്പോർട്ടിനോട് പങ്ക് വെക്കുകയാണ് അബ്ദുർറഹ്‌മാൻ മങ്ങാട്.

• താങ്കളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ പറ്റി സംസാരിച്ച് നമ്മുടെ ചർച്ച ആരംഭിക്കാമെന്ന് തോന്നുന്നു. ചരിത്രത്തെ ഇത്രമേല്‍ ഇഷ്ടപ്പെടാന്‍ കാരണം?

– ചരിത്രം ചെറുപ്പം മുതലേ ഒരു പാഷന്‍ ആയിരുന്നു. പ്രസ്തുത പാഷനെ ഒരു ദൗത്യമാക്കാനുള്ള പ്രചോദനം ലഭിച്ചത്‌ എന്റെ അധ്യാപകനായിരുന്ന എം പി അഹ്‌മദ്‌ കുട്ടി മൗലവിയില്‍ നിന്നാണ്. 1970-77 കാലഘട്ടത്തില്‍ കക്കോവിലെ പള്ളി ദർസിൽ അദ്ദേഹത്തിന്റെ കീഴില്‍ ആയിരുന്നു എന്റെ പഠനം. പ്രധാനപെട്ട ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ ആ കാലയളവിൽ അവസരമുണ്ടായി. പ്രവാചകൻ്റെ ചരിത്രം, ഖുലഫാഉറാശിദുകളുടെ ചരിത്രം, ഇൻഡ്യൻ മുസ്‌ലിംകളുടെ ചരിത്രം എന്നിവയെല്ലാം ആഴത്തില്‍ അന്ന് വായിക്കാന്‍ കഴിഞ്ഞു. ഒരു പുസ്തകം വായിക്കുന്നതിനു മുമ്പ്‌ ഗ്രന്ഥകര്‍ത്താവിനെ കുറിച്ചും പ്രസ്തുത ഗ്രന്ഥം എഴുതാനുണ്ടായ സാഹചര്യത്തെയും ഗ്രന്ഥ രചന നടന്ന കാലത്തെ ഗ്രന്ഥകാരന്റെ സാമൂഹിക സ്ഥിതി വിശേഷത്തെ പറ്റിയും ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാവണമെന്ന് ഞാൻ മനസ്സിലാക്കിയത് എം പി അഹ്‌മദ്‌ മൗലവിയില്‍ നിന്നാണ്. അക്കാലത്തെ അറിയപ്പെട്ട പണ്ഡിതന്മാരുമായും ചരിത്ര കാരന്മാരുമായി അദ്ദേഹം നടത്തിയിരുന്ന എഴുത്തിടപാടുകൾ ഞങ്ങളെ കൊണ്ട്‌ വായിപ്പിക്കുമായിരുന്നു. അബുൽ ഹസന്‍ അലി നദ്‌വി,
മൻസ്വൂർ നുഅ്മാനി, ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബ് എന്നിവരുമായിട്ടൊക്കെയായിരുന്നു മൗലവിയുടെ പ്രധാനപ്പെട്ട കത്തിടപാടുകള്‍ നടന്നിരുന്നത്.

• കേരള മുസ്‌ലിം ചരിത്രത്തെ അപഗ്രഥിച്ചപ്പോൾ ബോധ്യപ്പെട്ട പ്രധാനമായ എന്തെങ്കിലും സവിശേഷതകളുണ്ടോ?

– തങ്ങളുടെ ചരിത്രത്തെ കൃത്യമായി രേഖപ്പെടുത്തി വെക്കാൻ കേരളത്തിലെ മുസ്‌ലിംകൾക്ക് സാധിച്ചില്ല എന്ന് തന്നെയാണ് ഏറ്റവും പ്രധാനമായി തോന്നിയ കാര്യം. പ്രവാചക കാലത്തുതന്നെ അറബികളുമായി ഇൻഡ്യയില്‍ ഏറ്റവും കൂടുതല്‍ ബന്ധമുണ്ടായിരുന്ന പ്രദേശങ്ങള്‍ കേരളവും ഗുജറാത്തുമാണ്. കേരളം-ഗുജറാത്ത് റൂട്ടിലൂടെയായിരുന്നു അറബികള്‍ അക്കാലത്ത് സിലോണിലേക്കും ചൈനയിലേക്കുമെല്ലാം പോയിരുന്നത്. പ്രവാചക കാലം മുതലേ ഇസ്‌ലാം കേരളത്തിലെത്തിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഗുജറാത്തിനേക്കാളും അറബികള്‍ക്ക് ഒരുപക്ഷേ കൂടുതൽ ബന്ധമുണ്ടായിരിക്കാന്‍ സാധ്യത കേരളവുമായിട്ടായിരിക്കും എന്നാണ് കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രപരമായ സവിശേഷതകള്‍ പരിശോധിക്കുമ്പോൾ അറിയാൻ കഴിയുക. എന്നാൽ ആ ബന്ധത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന രേഖകളൊന്നും നമുക്ക് മുന്നിലില്ല. കാരണം ചരിത്ര സൂക്ഷിപ്പില്‍ കേരളീയര്‍ വളരെ പിറകിലായിരുന്നു. അതേസമയം ഉത്തരേന്ത്യയിലുള്ളവർ തങ്ങളുടെ കുടുംബ വേരുകളും ചരിത്ര രേഖകളുമെല്ലാം സൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവരുടെ അറബ് – ഇസ്‌ലാമിക ബന്ധത്തെ സൂചിപ്പിക്കുന്ന അനേകം രേഖകളും മറ്റും നമുക്ക് കാണുവാന്‍ സാധിക്കും.

ഗുജറാത്തില്‍ ജീവിച്ചിരിക്കുന്ന നൂറുകണക്കിന് മുഹദ്ദിഥുകളുടെ ചരിത്രം ഇന്ന് ഉപലഭ്യമാണ്. അതേസമയം ഇത്തരം രേഖപ്പെടുത്തലുകള്‍ നടക്കാത്തത്കൊണ്ടു തന്നെ അക്കാലത്തെ കേരളത്തിലെ മുഹദ്ദിഥുകളെ പറ്റി നമുക്ക് യാതൊന്നും അറിയില്ല.

മാലിക് ഇബ്നു ദീനാറും സംഘവും ഇങ്ങോട്ട് വരുന്നതിന് മുമ്പ്‌ തന്നെ കേരളത്തില്‍ മുസ്‌ലിം സ്വാധീനത്തിന്റെ അടിത്തറയുണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടായിരിക്കാം ഇവിടേക്ക് എത്തിയ ഉടനെ തന്നെ പള്ളികള്‍ നിർമ്മിക്കാൻ അവര്‍ക്ക് കഴിഞ്ഞത്. കേരളത്തിലെ തങ്ങളുടെ വ്യവഹാരങ്ങളുടെ ആരംഭ ദശയില്‍ തന്നെ കൊടുങ്ങല്ലൂർ, ശ്രീകണ്ഠാപുരം, മാഠായി, ചാലിയം, പന്തലായനി, മംഗലാപുരം തുടങ്ങിയ വ്യത്യസ്ത ഏരിയകളില്‍ മാലിക് ഇബ്നു ദീനാറിനും സംഘത്തിനും പള്ളി നിർമ്മിക്കുവാൻ സാധിച്ചുവെങ്കിൽ അവിടങ്ങളിലൊക്കെ നേരത്തെ തന്നെ ഇസ്‌ലാമിക സെറ്റില്‍മെന്റ് നടന്നിട്ടുണ്ട് എന്നാണല്ലോ നമുക്ക് മനസ്സിലാക്കാൻ കഴിയുക.

• കേരള മുസ്‌ലിം ചരിത്ര രംഗത്ത് താങ്കൾ ഇടപെട്ടു/ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയാൻ പറ്റുന്ന മേഖലകള്‍?

– ആരും ഇതുവരെ ഇടപെടാത്ത/തിരിഞ്ഞുനോക്കാത്ത ചില വ്യക്തികളെയും പുസ്തകങ്ങളെയും സംഭവങ്ങളെയും പറ്റി പഠിക്കാനും അത് മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കാനും ചെറിയരീതിയിലെങ്കിലും സാധിച്ചു എന്നൊക്കെ തോന്നുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എൻ്റെ ഒരു പുസ്തകത്തിൻ്റെ ഉള്ളടക്കം ശൈഖ് മാഹിന്‍ ഹമദാനി തങ്ങളാണ്. കേരളത്തിൽ മക്തി തങ്ങളോടും വക്കം മൗലവിയോടും കിടപിടിക്കാവുന്ന, ഒരുപക്ഷേ അവരെക്കാള്‍ കൂടുതൽ നവോത്ഥാന പരിശ്രമങ്ങള്‍ നടത്തിയ ആളാണ് ഹമദാനി തങ്ങൾ. അദ്ദേഹത്തിന്റെ ജീവിതം ആഴത്തില്‍ അപഗ്രഥിക്കുന്ന ഒരു പുസ്തകം മലയാളത്തിൽ ഇതുവരെ ഉണ്ടായിരുന്നില്ല. അത്തരമൊരു ബോധ്യത്തില്‍ നിന്നാണ് ആ പുസ്തകം എഴുതിയത്. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദ, റശീദ് റിള, സർ സയ്യിദ് എന്നിവരെയൊക്കെ പരാമര്‍ശിച്ച് തന്റെ നവോത്ഥാന സങ്കല്പങ്ങള്‍ വിശദീകരിക്കുന്ന ഹമദാനി തങ്ങളുടെ “അല്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാമിയ” എന്ന ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഈ പുസ്തകത്തിന്റെ രചന.

ഉടനെ പുറത്തിറങ്ങുന്ന മൂന്ന് പുസ്തകങ്ങൾ കൂടിയുണ്ട്. അതിലൊന്ന് “1921 ഫത്‌വകൾ,
ആഹ്വാനങ്ങൾ” ആണ്. മലബാര്‍ സമര കാലത്ത് അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന
ഫത്‌വകൾ, ലഘുലേഖകള്‍, നോട്ടീസുകൾ എന്നിവയുടെ സമാഹാരമാണത്. ഇരുനൂറിലധികം പേജുള്ള പുസ്തകമാണ്.
മറ്റൊരു ഗ്രന്ഥം കെ സി. കോമു കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ 1928-1929 കാലഘട്ടങ്ങളില്‍ അറബിമലയാളത്തില്‍ പുറത്തിറങ്ങിയിരുന്ന “നിസാഉല്‍ ഇസ്‌ലാം” എന്ന വനിത മാസികകളുടെ മലയാള പതിപ്പാണ്. കേരളത്തിൽ ആദ്യമായും അവസാനമായും ഇറങ്ങിയ അറബി മലയാളത്തിലുള്ള വനിതാ മാസികയായ “നിസാഉല്‍ ഇസ്‌ലാമില്‍” ഇസ്‌ലാമിലെ സ്ത്രീ സങ്കല്‍പ്പത്തെ സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നാമത്തേത് അറബിമലയാള ഗ്രന്ഥ സൂചിയാണ്. അറുനൂറിലധികം പേജുകളുള്ള പ്രസ്തുത പുസ്തകം കേരളത്തിൽ ഇറങ്ങിയ 1000 അറബി – മലയാള പുസ്തകങ്ങളെ കുറിച്ച് വായനക്കാരന് ഒരു ഏകദേശ ചിത്രം ലഭിക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. മറ്റൊരു പുസ്തകം പണിപൂര്‍ത്തിയായത് കേരളത്തിന്റെ പത്രാധിപ ഹലീമ ബീവിയെ പറ്റിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ലോക മുസ്‌ലിം നവോത്ഥാന നായകരെ കുറിച്ചുള്ള ഒരു പഠനവും പ്രസ്സിലേക്ക് പോവാന്‍ വേണ്ടി നില്‍ക്കുകയാണ്. “മിശ്കാത്തുല്‍ മസാബീഹ്” എന്ന ഹദീസ് കൃതിയുടെ വിവര്‍ത്തനവും ചെയ്തിട്ടുണ്ട്‌.

• ഇൻഡ്യയില്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകര്‍ന്ന മുസ്‌ലിം രചനകളെ കുറിച്ച് പറയാമോ?

– വളരെ അടുത്ത കാലത്താണ് ഇത്തരം രചനകളെ കുറിച്ച്
മുസ്‌ലിംകൾ ബോധവാൻമാരായത് എന്നാണ് ഇവിടെ ഒന്നാമതായി മനസ്സിലാക്കേണ്ടത്. ആദ്യത്തെ അധിനിവേശ വിരുദ്ധ പോരാട്ട കൃതി
“തഹ്‌രീദു അഹ്‌ലിൽ ഈമാൻ അലാ ജിഹാദി അബ്ദതിസ്സ്വുൽബാൻ” ആണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ (1467- 1521) വിപ്ലവ കാവ്യമായിരുന്നു അത്. “വിശ്വാസികളെ, കുരിശു പൂജകരോട് പോരാടൂ” എന്ന അര്‍ത്ഥം വരുന്ന തഹ് “തഹ്‌രീദു അഹ്‌ലുൽ അലാ ജിഹാദി അബ്ദു സുല്‍ബാന്‍ എന്ന തലക്കെട്ടിലുള്ള വിപ്ലവ കാവ്യം രചിച്ചു കൊണ്ട്‌ പറങ്കികൾക്കെതിരായ ശക്തമായ പോരാട്ടത്തിന് അദ്ദേഹം പ്രചോദനം നല്‍കി. ‘കുരിശു പൂജക്കാര്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പോര്‍ച്ചുഗീസുകാരെയാണ്.അതേ കാലഘട്ടത്തില്‍ തന്നെയാണ് കോഴിക്കോട്ടെ കാള്വി മുഹമ്മദ് സാമൂതിരിയും സംഘവും ചാലിയംകോട് ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് “ഫത്ഹുൽ മുബീൻ”
രചിക്കുന്നത്. പിന്നീട് അതിനോടനുബന്ധിച്ച് വന്ന കൃതിയാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്വുല്‍ മുജാഹിദീന്‍.
പോരാളികള്‍ക്ക് അഭിവാദനങ്ങൾ എന്നാണ് തുഹ്ഫത്വുല്‍ മുജാഹിദീന്റെ മലയാള അര്‍ത്ഥം. മുസ്‌ലിംകളോട്
അധിനിവേശ ശക്തികള്‍ക്കെതിരെ ജിഹാദ് ചെയ്യാൻ ആവശ്യപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ സെക്യുലര്‍ മനോഭാവം എത്രത്തോളമുണ്ടായിരുന്നെന്നും തുഹ്ഫത്വുല്‍ മുജാഹിദീനിൽ നിന്നും മനസ്സിലാക്കാം. പിന്നീട് മമ്പുറം ഫസല്‍ പൂക്കോയ തങ്ങളുടെ
“ഉദ്ദത്തുല്‍ ഉമറാഅ്” രചിക്കപ്പെട്ടു. മാപ്പിളമാർക്ക് സമരാവേശം പകർന്നു നല്‍കിയിരുന്ന ഈ കൃതി 1851 ല്‍ അന്നത്തെ മലബാർ ജില്ലാ കളക്ടര്‍ എച്ച്.വി. കൊണോലി നിരോധിച്ചുകൊണ്ട്‌ വിജ്ഞാപനമിറക്കിയിരുന്നു.
ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ അനേകം കൃതികളില്‍ ഒന്നാണ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ രചിച്ച “മുഹിമ്മാത്തുല്‍ മുഅ്മിനീന്‍”. ഇസ്‌ലാമിൻ്റെ ശത്രുക്കളുമായുള്ള നിസ്സഹകരണം, ഖിലാഫത്തിന്റെ നിലനില്‍പ്പിനെ സഹായിക്കല്‍ എന്നിവയൊക്കെയാണ് ഇതിന്റെ ഉള്ളടക്കം.
മുകളില്‍ പറഞ്ഞ കൃതികളെല്ലാം പ്രത്യക്ഷമായി തന്നെ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആവശ്യപ്പെടുന്നവയാണ്. എന്നാല്‍ പരോക്ഷമായി ആ ദൗത്യം നിര്‍വഹിക്കുന്ന അനേകം കൃതികളും ഉണ്ട്. മുണ്ടബ്ര ഉണ്ണി മമ്മദിന്റെ ‘വെള്ളപ്പൊക്കമൊക്കെ’ ഉദാഹരണം.

• മോയിന്‍കുട്ടി വൈദ്യര്‍ മലബാറിന്റെ ആദ്യത്തെ ജനകീയ ചരിത്രകാരനാണെന്ന പ്രസ്താവനയെ എങ്ങനെ നോക്കിക്കാണുന്നു?

– ആദ്യത്തേത് എന്നൊന്നും പറയാൻ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ രചനകള്‍ക്ക് മുമ്പാണല്ലൊ ചേരൂർ പടപ്പാട്ടൊക്കെ വന്നത്. എന്തായിരുന്നാലും മാപ്പിള ചരിത്രത്തെ ജനകീയമായി നിര്‍ത്തുന്നതിൽ മോയിന്‍കുട്ടി വൈദ്യരുടെ രചനകള്‍ക്ക് വലിയ പങ്കുണ്ട്.

• കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം കേരള മുസ്‌ലിം ചരിത്ര ക്രോഡീകരണത്തില്‍ വഹിച്ച പങ്ക് എന്തൊക്കെയാണ്?

– ‘മാപ്പിള സാഹിത്യ പാരമ്പര്യം’എന്ന പഠനം കരീം മാഷ് നടത്തിയിരുന്നില്ലെങ്കില്‍ അറബി മലയാളം എന്ന സമ്പ്രദായം തന്നെ ഇന്ന്‌ കേരളത്തില്‍ ചർച്ചയിൽ വരില്ലായിരുന്നു. കരീം മാഷെ അപഗ്രഥിക്കുമ്പോൾ ഞാൻ എത്താറുള്ള നിഗമനം ഇതാണ്. കേരള മുസ്‌ലിം ചരിത്രം ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് മുമ്പിലുള്ള പ്രധാന അവലംബ കൃതിയാണത്. അപൂര്‍വമായ ഒരുപാട് രേഖകൾ ശേഖരിച്ച ആളായിരുന്നു അദ്ദേഹം.
ആരും കൈവെക്കാത്ത മേഖലകളില്‍ ഇടപെട്ടു എന്നതും കെ. കെ മുഹമ്മദ് അബ്ദുല്‍ കരീമിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

• വാരിയന്‍കുന്നത്തിനെ ആസ്പദമാക്കി നാലോളം സിനിമകൾ മലയാളത്തില്‍ പുറത്തിറങ്ങാൻ പോവുകയാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും പുലര്‍ത്തുന്നവരാണ് ഈ നാല് സിനിമകള്‍ക്കും പിന്നിലുള്ളത്. അവരുടെയെല്ലാം വീക്ഷണത്തിനനുസരിച്ച് വ്യാഖ്യാനിക്കുവാനുള്ള ‘സ്കോപ്പ്’ വാരിയന്‍കുന്നത്തിന്റെ ജീവിതത്തിനുണ്ടോ?

– ഉണ്ട് എന്നാണല്ലോ ഇപ്പോഴത്തെ അദ്ദേഹവുമായി ബന്ധപ്പെട്ട കോലാഹലങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത്. പക്ഷേ വര്‍ഗീയ ചിന്താഗതിയുണ്ടായിരുന്ന ആളാണ് വാരിയന്‍കുന്നത്തെന്ന് അദ്ദേഹത്തിന്റെ സമകാലികര്‍ക്കോ മലബാര്‍ സമര ചരിത്രത്തെ സത്യസന്ധമായി അപഗ്രഥിച്ചവര്‍ക്കോ അഭിപ്രായമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിലൊന്നും അദ്ദേഹം പോരാട്ട മുഖത്തുണ്ടായിരുന്നില്ല. സത്യസന്ധതയും ഭാഷാ പരിജ്ഞാനവുമൊക്കെയുള്ള ഒരു നേതാവായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. സിനിമകളില്‍ എങ്ങനെയാണ് വാരിയന്‍കുന്നത്തിനെ അവതരിപ്പിച്ചിരിക്കുന്നതെന്നും, പ്രസ്തുത വ്യാഖ്യാനത്തിന് ചരിത്രപരമായി എത്രത്തോളം സത്യസന്ധതയുണ്ടെന്നും സിനിമകൾ ഇറങ്ങിയതിന്‌ ശേഷമാണല്ലോ പറയാൻ കഴിയുക.

• ചരിത്രവും രേഖകളുമെല്ലാം സൂക്ഷിക്കുന്നതില്‍ സമുദായം എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്?

– കാര്യമായിട്ടൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് തന്നെ പറയാം. സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ചെയ്യുവാന്‍ കഴിയും. പക്ഷേ പലപ്പോഴും ഇത്തരം പരിശ്രമങ്ങള്‍
സമുദായ സംഘടനകളുടെ
അജണ്ടയായി വരുന്നേയില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെയൊക്കെ പഴയ തലമുറ ഈ വിഷയത്തില്‍ വലിയ ഗൗരവം കാണിച്ചിരുന്നു. ആരംഭ കാലത്ത് കേരള നദ്‌വത്തുല്‍ മുജാഹിദീന് വലിയൊരു ലൈബ്രറിയുണ്ടായിരുന്നു. ആ ലൈബ്രറിയും, അതിലെ രേഖകളും, അതിന്റെയൊക്കെ നടത്തിപ്പും വലിയ പ്രാധാന്യത്തോടെയായിരുന്നു പ്രസ്ഥാനം സമീപിച്ചിരുന്നതെന്ന് കെ എന്‍ എമ്മിന്റെ പഴയ കാല മിനുട്സുസുകൾ മറിച്ച് നോക്കിയാൽ ബോധ്യമാവും.

വ്യക്തികളും പ്രസ്ഥാനങ്ങളും സംഭവങ്ങളുമൊക്കെയായി ബന്ധപ്പെട്ട രേഖകളും ചരിത്രങ്ങളും മഹല്ലത്തിന്റെയും സംഘടനകളുടെയുമൊക്കെ കീഴില്‍ സൂക്ഷിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല.
പള്ളികളോടനുബന്ധിച്ച് ജനന – മരണ -വിവാഹ- അക്കാദമിക് രജിസ്ട്രറുകള്‍ സൂക്ഷിക്കണമെന്ന് നൂറു വർഷങ്ങൾക്ക് മുമ്പ്‌ വക്കം മൗലവി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെടുത്തി വക്കം മൗലവിയുടെ ഈ നിര്‍ദേശത്തെ നോക്കുമ്പോള്‍ അവരുടെ ദീര്‍ഘ വീക്ഷണവും, രേഖകളും പൈതൃകങ്ങളും സൂക്ഷിക്കുന്നതിന്റെ പ്രാധാന്യവും നമുക്ക് മനസ്സിലാക്കാം.

• ഐക്യസംഘത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുകയാണ് കെ.എന്‍.എം. പ്രസ്തുത പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ. എന്‍. എം എന്തൊക്കെ ചെയ്യണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?

– പൊതു പ്രസംഗങ്ങളും സമ്മേളനങ്ങളുമായി അത് ചുരുങ്ങി പോവരുത് എന്നാണ് ആദ്യത്തെ ആഗ്രഹം. ക്രിയാത്മകമായി അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയണം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലെ തങ്ങളുടെ ചരിത്ര രേഖകളെ ശേഖരിച്ചുവെക്കുക എന്നത് ഒരു അജണ്ടയായി ഏറ്റെടുത്താല്‍ അതായിരിക്കും ഈ വാര്‍ഷികാഘോഷത്തിന്റെ എറ്റവും വലിയ വിജയമെന്നാണ് എനിക്ക് തോന്നുന്നത്.

വ്യക്തികളുടെയും, പ്രദേശങ്ങളുടെയും, സംഭവങ്ങളുടെയും, സംഘങ്ങളുടെയും ചരിത്രം, പ്രസ്ഥാന രേഖകൾ, പ്രസ്ഥാനത്തിനു കീഴിലുള്ള എഴുത്തുകാരും പ്രസാധകരും എഴുതിയ പുസ്തകങ്ങൾ, ലഘുലേഖകള്‍ എന്നിവയെല്ലാം ശേഖരിച്ചു വെക്കാൻ കഴിഞ്ഞാൽ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇസ്‌ലാഹീ പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി ഈ കാലത്ത് കെ എന്‍ എമ്മിന് നൽകാൻ കഴിയുന്ന വലിയ സംഭാവന ആയിരിക്കുമത്. സംഘടന ചാനലുപയോഗിച്ച് ഇവയെല്ലാം സുന്ദരമായി ചെയ്യാൻ സാധിക്കും.

• കേരള മുസ്‌ലിം ചരിത്രരംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ സങ്കടങ്ങള്‍ക്ക് എത്രത്തോളം ആശ്വാസമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സി എച്ച് ചെയറും അതിനോടനുബന്ധിച്ച മാപ്പിള ഹെറിറ്റേജുമെല്ലാം?

– ഒരു പരിധിവരെ ഇവയെല്ലാം വലിയ ആശ്വാസമാണ്. കേരളത്തിലിറങ്ങിയ ആയിരത്തോളം അറബി മലയാള കൃതികള്‍ സി. എച്ച് ചെയറിലുണ്ട്. അതുപോലെ ഇതുവരെയിറങ്ങിയ മുഴുവന്‍ മദ്റസ പാഠപുസ്തകങ്ങളും കളക്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പത്രങ്ങളുടെ കോപ്പികളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നൂറു കണക്കിന്‌ വ്യത്യസ്ത
മുസ്‌ലിം സംഘടനകളും കക്ഷികളും പുറത്തിറക്കിയ പതിനായിരത്തിലധികം മലയാള പുസ്തകങ്ങളും സി എച്ച് ചെയറിലുണ്ട്. സമുദായവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുവനീറുകള്‍, സ്മരണികകള്‍ എന്നിവയുമുണ്ട്. കേരള മുസ്‌ലിം നവോത്ഥാനത്തെ ഉത്തേജിപ്പിച്ച നവോത്ഥാന നായകര്‍ക്ക് കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികകളും വാരികകളും ശേഖരിച്ച് വെക്കാനും കഴിഞ്ഞിട്ടുണ്ട്.

• മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികളെകുറിച്ച്?

– മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു ആഘോഷമായൊന്നും ഏറ്റെടുക്കേണ്ടതില്ല. മറിച്ച് സമര ചരിത്രം ആഴത്തിൽ അനുസ്മരിച്ച് വലിയ ഉള്‍ക്കാഴ്ചയും ദിശാബോധവും ഉണ്ടാക്കിയെടുക്കാന്‍ സമുദായത്തിനാവണം. അധിനിവേശ ശക്തികള്‍ക്ക് പാദസേവ ചെയ്തവര്‍ സ്വാതന്ത്ര സമര ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്ന ഈ കാലത്ത് അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ ഏറ്റവും മുന്നില്‍ നിന്ന് പോരാടിയത് മുസ്‌ലിം സമുദായമാണെന്ന് ഇൻഡ്യന്‍ പൊതുമണ്ഡലം അറിയുന്ന രൂപത്തിലുള്ള സംരംഭങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.

രണ്ടാമതായി മലബാര്‍ സമരം സമുദായത്തെ പഠിപ്പിച്ചതെന്ത് എന്നതിനെ കുറിച്ച് മുസ്ലിം സമൂഹത്തിന്‌ അവബോധമുണ്ടാവാന്‍ ശ്രമിക്കണം. പുതിയ കാലത്തെ പോരാട്ടത്തില്‍ ആ ദിശാബോധം മുറുകെപ്പിടിക്കാന്‍ സമുദായത്തിന് കഴിയണം. അതുപോലെ തന്നെ സമര പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് പോരാടിയവര്‍ക്കൊപ്പം അവരുടെ കുടുംബത്തെയും, സ്ത്രീകളെയും സാഹചര്യങ്ങളെയുമൊക്കെ അപഗ്രഥിക്കുന്ന പഠനങ്ങൾ പുറത്ത്‌ വന്നാല്‍ നന്നാവും. സമരാനന്തര മലബാറിലെ സ്ത്രീകളെ കുറിച്ചുള്ള പഠനമൊക്കെ വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം സമരാനന്തരം ഭര്‍ത്താക്കന്‍മാര്‍ നഷ്ടപ്പെട്ട മാപ്പിള പെണ്ണുങ്ങള്‍ അഭിവൃദ്ധിയുള്ള ആധുനിക മലബാറിന്റെ നിര്‍മ്മിതിക്ക് വേണ്ടി പ്രവർത്തിച്ചവരുടെ ഉമ്മമാരാണ്. അത്തരം ‘മക്കളുടെ’ വളര്‍ച്ചയ്ക്ക് പിന്നിൽ ഈ ഉമ്മമാരുടെ ‘പാരൻ്റിങ്’ വലിയ തോതില്‍ പങ്ക് വഹിച്ചിട്ടുണ്ടാവുമല്ലോ!


mm

Nasim Rahman