ബാബരി: കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ സമുദായം ചിന്തിക്കേണ്ടത്
4 October 2020 | Opinion
ഫാഷിസം തേറ്റകൾകാട്ടി നാടിൻ്റെ നെറുകെയും കുറുകെയും ഓടിനടക്കുകയാണ്. ആര്യപ്രോക്ത ബ്രാഹ്മണ്യം ഇൻഡ്യയെ കടിച്ചുകീറുമ്പോൾ നോക്കി നിൽക്കുകയോ ഒത്താശ ചെയ്തുകൊടുക്കുകയോ ആണ് ജുഡീഷ്യറി പോലും എന്നാണ് ബാബരി വിധിയിൽ നിന്നൊക്കെ എത് സാധാരണക്കാരനും അപഗ്രഥിക്കുവാൻ കഴിയുന്നത്. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ കണ്ട അന്യായത്തിന് ‘തെളിവില്ല’ എന്ന് പ്രസ്താവിക്കുമ്പോൾ പരമോന്നത നീതിപീഠം ഹിന്ദുത്വത്താൽ തെളിക്കപ്പെടുന്ന എത്രവലിയ ഗൂഢ കന്ദരങ്ങളിലൂടെയാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായി മനസിലാക്കുവാൻ കഴിയും.
സംഘ്പരിവാർ ഗോൾവാൽക്കറിനെ പോലുള്ളവരുടെ മുസ്‌ലിം വിരുദ്ധ സ്വപ്നങ്ങൾക്ക് നിറം പകർന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന, അവയ്ക്ക് നീതിപീഠത്തിൻ്റെ മോറൽ സപ്പോർട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് സമുദായം ഒന്നിച്ചിരുന്ന് അതിജീവനത്തിൻ്റെ വഴികളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
ജുഡീഷ്യറിയിലും മുഖ്യധാരാ മതനിരപേക്ഷ പാർട്ടികളിലും മുസ്ലിം പ്രശ്നങ്ങൾ ‘തവക്കുൽ’ ചെയ്യുന്നതിന് ഇന്ന് വലിയ സാധ്യതയൊന്നുമില്ലായെന്ന് തിരിച്ചറിഞ്ഞ് ദിശനിർണയിക്കാൻ സമുദായ നേതൃത്വത്തിന് സാധിക്കണം. സംഘ്പരിവാർ സ്വപ്നങ്ങൾക്ക് പച്ചക്കൊടി കാണിക്കും വിധത്തിലുള്ള കോടതി വിധികളും, അതിനോട് പ്രത്യക്ഷമായും പരോക്ഷമായുമെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ‘മതനിരപേക്ഷ’ പക്ഷത്തുള്ള പലരുടെയും നിലപാടുകളും സമുദായം പ്രശ്നവിധേയമാക്കി, ബദൽ മാർഗങ്ങളെ പറ്റി ആലോചിക്കുകയും ചെയ്തേ മതിയാകൂ. സംഘ്പരിവാറിൻ്റെ മുസ്ലിം ഉന്മൂലന സിദ്ധാന്തങ്ങൾ ഓരോന്നായി വരുമ്പോഴെല്ലാം “സംയമനം പാലിക്കുക, നീതി പീഠത്തിൽ പ്രതീക്ഷയുണ്ട് ” തുടങ്ങിയ ക്ലീഷേ ഡയലോഗുകൾക്കപ്പുറം പ്രായോഗികമായ ചുവടുവെപ്പുകൾ നടത്തിയിട്ടില്ലെങ്കിൽ വലിയ അപകടങ്ങൾക്കത് കാരണമാവുമെന്ന് സമുദായ നേതൃത്വങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
നിയമ സംവിധാനങ്ങളേയും മതനിരപേക്ഷ കക്ഷികളെയും അവഗണിച്ച് മസിൽ പവറുകൊണ്ട് ഫാഷിസത്തെ മുട്ടുകുത്തിക്കുകയെന്നതല്ല മുകളിൽ സൂചിപ്പിച്ചതു കൊണ്ട് അർത്ഥമാക്കിയത്. മറിച്ച്, സമുദായം രാഷ്ട്രീയമായി സംഘടിച്ച് ജനാധിപത്യ വിലപേശലുകൾ വഴി അവകാശങ്ങൾ നേടിയെടുക്കുകയും സ്വത്വ സംരക്ഷണത്തിനു വേണ്ടി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സെക്യുലർ പാർട്ടികളുടെ പങ്കാളിത്തത്തോടുകൂടി പോരാടുകയും ചെയ്യുക എന്നതാണ്. ഇൻഡ്യയിൽ ഇന്ന് മുസ്ലിം സ്വത്വം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ കുറച്ചെങ്കിലും കഴിയുന്ന പ്രദേശങ്ങളുണ്ടെങ്കിൽ, ഈ ദർശനത്തിൻ്റെ സാന്നിധ്യം അവിടങ്ങളിൽ കണ്ടെത്തുവാൻ കഴിയും. സമുദായത്തിൻ്റെ ഇത്തരം നീക്കങ്ങൾ ‘അഗ്രസീവാണ്’ എന്നൊക്കെ തങ്ങളുടെ മതേതരപട്ടം ഉറപ്പിക്കാൻ പണ്ട് പറഞ്ഞിരുന്ന പല ബുദ്ധിജീവികളും, മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കലാണ് അതിജീവനത്തിനുള്ള ഏക മാർഗം എന്ന് പൗരത്വ നിയമ പ്രക്ഷോഭങ്ങളെയും അതുമായി ബന്ധപ്പെട്ടുണ്ടായ ഡൽഹി കലാപത്തെയും അപഗ്രഥിച്ച് പ്രബന്ധങ്ങൾ എഴുതിയത് ഇതിൻ്റെ ഗൗരവം വിളിച്ചു പറയുന്നുണ്ട്.
ഇൻഡ്യയിലെ മുഖ്യധാരാ മതനിരപേക്ഷ ബഹുജന പാർട്ടികൾക്ക് ഒരിക്കലും തന്നെ മുസ്ലിം സ്വത്വ പ്രശ്നങ്ങൾ ആഴത്തിൽ മനസിലാക്കാനോ അവയെ പൂർണമായി പ്രതിരോധിക്കുവാനോ സാധിക്കില്ല. അതിന് അതിൻ്റേതായ പല കാരണങ്ങളും പരിമിതികളുമുണ്ട്. ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമോ എന്ന ഭയമാണ് പ്രധാനപ്പെട്ട ഒരു കാരണം. ഹിന്ദുക്കൾ ഇരകളാണെന്ന ഹിന്ദുത്വത്തിൻ്റെ പ്രചാരണം പ്രസ്തുത ഭയത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ‘മതനിരപേക്ഷ’കക്ഷികളുടെ ആശ്രിതരാവുന്നതിനപ്പുറം ഇൻഡ്യൻ മുസ്ലിംകൾക്ക് സ്വന്തമായി ഒരു രാഷ്ട്രീയ നേതൃത്വമുണ്ടാവുക തന്നെയാണ് പ്രായോഗികമായ പരിഹാരം. ഇൻഡ്യയിലെ മുസ്ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്ന പരിഹാരത്തിന് വേണ്ടി പരിശ്രമിക്കുന്ന മതേതരവാദിയായ അമുസ്ലിമിൻ്റെയും മുസ്ലിമിൻ്റെയും മനോഭാവങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് വ്യാഖ്യാനിച്ചവരുണ്ട്. കാരണം മതനിരപേക്ഷനായ അമുസ്ലിമിന് പ്രസ്തുത പോരാട്ടം ഒരു രാഷ്ട്രീയ പ്രതിബദ്ധത നിമിത്തമായുണ്ടായതാണെങ്കിൽ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അസ്തിത്വ പ്രതിസന്ധി തരണം ചെയ്യാനുള്ള പോരാട്ടമാണത്. അതുകൊണ്ടുതന്നെ ഒരേ മാനസികാവസ്ഥയിലുള്ളവർ സംഘടിക്കുന്നതിൻ്റെ സാധ്യതകൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അരക്ഷിതാവസ്ഥ തളംകെട്ടി നിൽക്കുമ്പോൾ ഒരു ന്യൂനപക്ഷമെങ്കിലും തീവ്രവാദ പ്രവണതകളിലേക്കും ചിന്താശൂന്യ പ്രവർത്തനങ്ങളിലേക്കും എടുത്തുചാടുന്നതായി നാം കാണുന്നുണ്ട്. ശരിയായ രീതിയിലുള്ള ഒരു സാമൂഹ്യ രാഷ്ട്രീയ നേതൃത്വം ഇൻഡ്യൻ മുസ്ലിംകൾക്കുണ്ടെങ്കിൽ ഇത്തരം അവിവേകങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും.
രചനാത്മക സാമുദായിക ബോധമുണ്ടാക്കാൻ കഴിയും എന്നതാണ് ഈ ദർശനത്തിൻ്റെ പ്രധാനപ്പെട്ടൊരു പ്രത്യേകത. പീഡിതരും മർദ്ദിതരുമായ ഒരു ന്യൂനപക്ഷത്തിനിടയിൽ തങ്ങളുടെ ദുരവസ്ഥയോട് പ്രതികരിക്കുന്ന മൂന്ന് രീതികൾ സാമൂഹിക ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്.
ഒന്ന്, സ്വയം അഭിവൃദ്ധിപ്പെടുക വഴി നേടുന്ന പ്രതിരോധം.
രണ്ട്, ഭൂരിപക്ഷ സമൂഹത്തിലെ സ്വതന്ത്ര ചിന്തയും നീതിബോധവുമുള്ള വിഭാഗവുമായി സഹകരിക്കുകയും ഭൂരിപക്ഷത്തിൻ്റെ സഹായം തേടുകയും ചെയ്തു കൊണ്ടുള്ള പ്രതിരോധം.
മൂന്ന്, തീവ്രവാദപരമായ പ്രതിരോധം.
(Robert L. Sutherland, Julian L. Wood Ward, Milton A Maxwell. Introductory Sociology P- 174)
ഇൻഡ്യയിലെ മുസ്ലിംകൾ സ്വയം രാഷ്ട്രീയമായി സംഘടിക്കുന്നതിലൂടെ ആദ്യത്തെ രണ്ട് രീതിയിലുള്ള ക്രിയാത്മക പ്രതിരോധം സാധ്യമാവുകയും അപക്വമായ മൂന്നാമത്തെ ‘പ്രതിരോധത്തെ’ പ്രതിരോധിക്കാനും കഴിയും.
ഇൻഡ്യയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നടന്ന സമുദായത്തെ ഉന്നംവെച്ചുള്ള കത്തിയേറുകളെ തടുക്കാതിരിക്കാൻ കഴിയാത്തതിൻ്റെ പ്രധാനകാരണം ഇത്തരമൊരു സംഘടിത രാഷ്ട്രീയത്തിൻ്റെ അഭാവം തന്നെയാണ്. ഇന്ന് നാം ചർച്ച ചെയ്യുന്ന ബാബരി പ്രശ്നവും, മുസ്ലിംകൾക്ക് രാഷ്ട്രീയ മേൽവിലാസമില്ലാത്തത് കാരണം പക്വമായ രാഷ്ട്രീയ നിലപാടെടുക്കാൻ സാധിക്കാതെ വന്നതാണ് ഇത്ര ഭീകരമായതെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രീയ നിരീക്ഷകരുണ്ട്.
സ്വത്വപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ ഒരു അഭിപ്രായമുണ്ടാവുക, അത് ഉറക്കെപ്പറയാനുള്ള തൻ്റേടമുണ്ടാവുക, അതിനു വേണ്ടി ആത്മാർഥമായി പോരാടുക എന്നിവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു കക്ഷിയുടെ ഭാഗമാവുമ്പോൾ പ്രായോഗികമാക്കുക അത്ര എളുപ്പമല്ല.
ഇത്രയും എഴുതിയത് ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്, രാഷ്ട്രീയമായ ഒരു ചരടിലേക്ക് ഉൾച്ചേർന്നു കൊണ്ടല്ലാതെ ഇൻഡ്യയിൽ മുസ്ലിം അതിജീവനം സാധ്യമല്ല.
രണ്ട്, ആഭ്യന്തരമായ ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ പൊതുലക്ഷ്യത്തിനു വേണ്ടിയും മുഖ്യശത്രുവിനെതിരെയും പോരാടാനുള്ള കൂട്ടായ്മയിലൂടെയാണ് രാഷ്ട്രീയമായ ഏകീകരണം സാധ്യമാവുക.
ഈ ദർശനത്തിൻ്റെ അടിത്തറയിൽ രൂപപ്പെട്ടതാണ് മുസ്ലിം ലീഗ്. സക്രിയമായ ഇടപെടലുകൾ നടത്താൻ രൂപീകരണ കാലം മുതൽക്കേ ലീഗിന് സാധിച്ചിട്ടുണ്ട്. പിന്നീട് വിഭജനത്തിൻ്റെ ഉത്തരവാദിത്തം ലീഗിന് മേൽ തീറെഴുതിയപ്പോൾ പിരിച്ചുവിടുകയോ, സാംസ്കാരിക സംഘടനയാക്കി ചുരുക്കുകയോ, പേര് മാറ്റുകയോ എന്നൊക്കെ കടുത്ത അപകർഷതയിൽ അന്നത്തെ അമരക്കാർ പറഞ്ഞ സമയത്ത് ഖാഇദെ മില്ലത്തും കെ എം സീതി സാഹിബുമെല്ലാം പിടിവാശി പിടിച്ച് ലീഗിനെ വീണ്ടും നട്ട് നനച്ച് വളർത്തി വലുതാക്കാൻ ശ്രമിച്ചത്, ഈ ദർശനമാണ് പരിഹാരം എന്ന ബോധ്യം കൊണ്ടാണ്. സീതി സാഹിബിനെ പോലെയുള്ളവർ അന്ന് അത്തരമൊരു നിലപാടെടുത്തിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഇന്നത്തെ ഉത്തരേൻഡ്യൻ മുസ്ലിമിനു സമാനമായൊരു ജീവിതം കേരളീയ മുസ്ലിംകൾക്കും നയിക്കേണ്ടി വന്നേക്കുമായിരുന്നു.അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഇൻഡ്യൻ മുസ്ലിംകളെ സംഘടിപ്പിക്കുക എന്നത് ഇന്നത്തെ ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ചരിത്രപരമായ ഒരു ബാധ്യത കൂടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നഷ്ടപ്പെടാതിരിക്കാൻ തന്ത്രങ്ങൾ മെനയുന്നതിലേറെ ശുഷ്കാന്തി കേരളത്തിലെ ലീഗ് രാഷ്ട്രീയത്തിന് ഫാഷിസ്റ്റ് വിരുദ്ധ പ്രോപ്പഗണ്ടയോടുണ്ടാവണം. ഏതെങ്കിലും കാലത്ത് ലീഗ് വിട്ട നാലാംകിട രാഷ്ട്രീയക്കാരുടെ വീടിനു മുമ്പിൽ നിന്ന് ഊർജ്ജം കളയുന്നതിനപ്പുറം സംഘ്പരിവാർ വിരുദ്ധ പോരാട്ടങ്ങൾക്ക് തുടർച്ച കൈവരിക്കുന്നതിൽ ലീഗ് യുവത്വം പരിശ്രമിക്കണം.
സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുക എന്നത് ഈ തിയറികൾ എഴുതുന്നത്ര എളുപ്പമല്ല എന്ന ഉറച്ച ബോധ്യമുണ്ട്. ഒരൽപം ‘റിസ്കുള്ള’, വൈതരണികൾ താണ്ടിക്കടക്കേണ്ടുന്ന, ശ്രദ്ധ ആവശ്യമുള്ള കാര്യം തന്നെയാണ്. പക്ഷേ ‘ഇൻഡ്യ ഒരു ഹിന്ദു രാജ്യമായി’ എന്ന പ്രഖ്യാപനം ഏത് നേരത്തും വരാൻ സാധ്യതയുള്ള ഈ കാലസന്ധിയിൽ മറ്റെന്ത് പരിഹാരമാണ് നമുക്ക് നിർദ്ദേശിക്കാനാവുക?
അല്ലാമാ ഇഖ്ബാലിൻ്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു:
”നീ വെറും ഒരു മൺതരിയാണെന്ന് കരുതുന്നുവോ?
നിൻ്റെ സ്വത്വത്തിൻ്റെ കെട്ട് മുറുക്കുക;
ചെറുതെങ്കിലും നിൻ്റെ സ്വന്തം ഉണ്മയെ മുറുകെ പിടിക്കുക!
സ്വത്വത്തെ തേച്ചു മിനുക്കുക, എത്ര മനോഹരമാണത്;
അതിൻ്റെ തിളക്കത്തെ സൂര്യനുമായൊന്ന് ഒത്തു നോക്ക്!
നിൻ്റെ അതിപുരാതന ചട്ടക്കൂട് വീണ്ടും ചെത്തിമിനുക്കുക;
പുതിയൊരു ഉണ്മയെ അങ്ങനെ നീ പണിതെടുക്കുക;
അതാകുന്നു യഥാർത്ഥ ഉണ്മ,
ഇത്രയെങ്കിലും ചെയ്യാനാകുന്നില്ലെങ്കിൽ
നിൻ്റെ സ്വത്വം വെറും ഒരു
പുകവലയം മാത്രം”.
(Reconstruction of Religious thought in Islam p. 199)