Logo

 

ചേകന്നൂർ കേസ്‌ വീണ്ടും ചർച്ചയാകുന്നു

16 October 2018 | Reports

By

എറണാകുളം: ചേകന്നൂർ മൗലവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ മുഹമ്മദ്‌ അബുൽ ഹസൻ എന്ന ഇസ്‌ലാമിക പണ്ഡിതന്റെ കാൽ നൂറ്റാണ്ടു മുമ്പുണ്ടായ തിരോധാനം വീണ്ടും ചർച്ചയാകുന്നു. 1993 ജൂലൈ 29ന്‌ മതപ്രസംഗത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മൗലവിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തുകയും തെളിവുകൾ ആസൂത്രിതമായി നശിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്‌. കേസിൽ സി ബി ഐ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ പി വി ഹംസയെ മൗലവി കൊല്ലപ്പെട്ടതിന്‌ അസന്നിഗ്ധമായ തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ച്‌ കേരള ഹൈക്കോടതി വെറുതെവിട്ട പശ്ചാതലത്തിലാണ്‌ ചേകന്നൂർ തിരോധാനം വീണ്ടും വാർത്തകളിൽ നിറയുന്നത്‌.

ചേകന്നൂർ വധവുമായി ബന്ധപ്പെട്ട്‌ കാന്തപുരം എ പി അബൂബക്‌ർ മുസ്‌ലിയാരുടെ പേര്‌ പല തവണ ഉയർന്നുവന്നിരുന്നു. കാന്തപുരം വിഭാഗം സുന്നികൾക്കിടയിൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ സജീവമായതായി നിരീക്ഷിക്കപ്പെടുന്ന സുന്നീ ടൈഗർ ഫോഴ്സ്‌-ജംഇയതുൽ ഇഹ്‌സാനിയ്യ തീവ്രവാദ സംഘത്തിലെ അംഗങ്ങളാണ്‌‌ ചേകന്നൂർ മൗലവിയെ ഗൂഢാലോചനയിലൂടെ വധിച്ചതെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്‌. കോഴിക്കോട് ആനിഹാൾ റോഡിലെ‌ കെ എൻ എം ഓഫീസിൽ ബോംബ്‌ സ്ഫോടനം നടത്തിയതും ഇതേ വിഭാഗമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ചേകന്നൂർ കേസിൽ കാന്തപുരം അടക്കമുള്ളവർ പ്രതി ചേർക്കപ്പെട്ടിരുന്നു. പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ചേകന്നൂരിന്റെ ബന്ധുക്കൾക്ക്‌ നീതി ഉറപ്പുവരുത്തണം എന്നും ഇ.മൊയ്തു മൗലവിയെപ്പോലുള്ളവർ അന്നത്തെ കേരള സർക്കാറിനോട്‌ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഇ. മൊയ്തു മൗലവി

ഇസ്‌ലാമിക മൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടും ഇൻഡ്യൻ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടും ചേകന്നൂർ മൗലവിയെ ‘കാണാതാക്കിയവർ’ നിയമനടപടികൾക്ക്‌ വിധേയമാവുക ഇനി എന്നായിരിക്കും എന്ന ചോദ്യമാണ്‌ പുതിയ കോടതിവിധി ബാക്കിയാക്കുന്നത്‌. കേരള മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷത്തിനും വിയോജിക്കേണ്ടി വന്ന മതവ്യാഖ്യാനങ്ങളാണ്‌‌ ചേകന്നൂർ മൗലവി നടത്തിയിരുന്നത്‌. അവയെ ആശയപരമായി നിരൂപണം ചെയ്യുന്നതിൽ പ്രമുഖരായ മലയാളി മുസ്‌ലിം പണ്ഡിതന്മാർ സജീവമായിരുന്നു. എന്നാൽ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും രീതി വിട്ട്‌ മൗലവിയെ ഉന്മൂലനം ചെയ്യാൻ ഒരു ചെറുസംഘം ശ്രമിച്ചതിനെ മുസ്‌ലിം സമുദായം പൊതുവിൽ തള്ളിക്കളയുകയും അപലപിക്കുകയും ആണ്‌ ചെയ്തത്‌.

വെല്ലൂരിലെ പ്രശസ്തമായ ബാഖിയാതുസ്സാലിഹാതിൽ നിന്ന് പഠനം പൂർത്തിയാക്കിയ മതപണ്ഡിതനായിരുന്നു അബുൽ ഹസൻ മൗലവി. സുന്നീ പള്ളി ദർസുകളിലും ശാന്തപുരം അൽജാമിഅതുൽ ഇസ്‌ലാമിയ്യയിലും എടവണ്ണ അൽജാമിഅതുന്നദ്‌വിയ്യയിലും അൽപകാലം അധ്യാപനം നടത്തുകയും സുന്നീ-മുജാഹിദ്‌ വാദപ്രതിവാദങ്ങളിൽ ഇടപെടുകയും ചെയ്തെങ്കിലും അവയെല്ലാം വളരെ പെട്ടെന്ന് അവസാനിപ്പിച്ച്‌ സ്വന്തമായ ഇസ്‌ലാമിക വ്യാഖ്യാനങ്ങൾ അവതരിപ്പിച്ച്‌ വേറെ വഴിക്ക്‌ നടക്കുകയാണ്‌ ചേകന്നൂർ മൗലവി ചെയ്തത്‌. ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങൾ സ്വേഛപ്രകാരം പരിഷ്‌കരിക്കാനും ഹദീഥ്‌ സ്വീകരണത്തിന്റെ സർവാംഗീകൃതമായ മാനദണ്ഡങ്ങളെ തള്ളിപ്പറയാനുമുള്ള ചേകന്നൂരിന്റെ ശ്രമം അറുപതുകളിൽ തന്നെ അദ്ദേഹത്തെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തോട്‌ ആദരവുള്ളവർക്ക്‌ അസ്വീകാര്യനാക്കിയിരുന്നു. നിരീക്ഷണം എന്ന മാസികയിലൂടെയാണ്‌ മൗലവി അക്കാലഘട്ടത്തിൽ പ്രധാനമായും തന്റെ വാദങ്ങൾ അവതരിപ്പിച്ചത്‌. എഴുപതുകളുടെ മധ്യത്തോടെ സജീവ മതപ്രബോധനരംഗത്തുനിന്ന് പിൻവാങ്ങി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ച മൗലവി, എൺപതുകളിലെ ശരീഅത്ത്‌ വിവാദത്തോടെ വീണ്ടും മതസംവാദങ്ങളിൽ സജീവമായി. ഇസ്‌ലാം ആൻഡ്‌ മോഡേൺ എയ്ജ്‌ സൊസൈറ്റിയുടെ സഹകാരിയായി പ്രത്യക്ഷപ്പെട്ട അദ്ദേഹം മുസ്‌ലിം വ്യക്തിനിയമത്തിന്റെ പല ഭാഗങ്ങളെയും തള്ളിപ്പറഞ്ഞു.

സി. എൻ അഹ്മദ് മൗലവി

പ്രസംഗത്തിലും എഴുത്തിലും മൗലവിയുടെ ഭാഷ മിക്കവാറും ഉപരിപ്ലവവും കർമ്മശാസ്ത്ര വിശകലനങ്ങളിൽ കേന്ദ്രീകൃതവും വാദപ്രതിവാദതൽപരവും എതിരാളികളെ പരിഹാസപൂർവം ആക്രമിക്കുന്നതും ശൈലീനിലവാരം ഇല്ലാത്തതും ആയിരുന്നു. ഹദീഥുകളെ പൂർണ്ണമായി നിഷേധിക്കുക, ശീഈ സാഹിത്യങ്ങളെയും ചില ആധുനിക അറബ്‌ ഹദീഥ്‌ നിഷേധികളെയും ഗോൾഡ്സിഹറെപ്പോലുള്ള ഓറിയന്റലിസ്റ്റുകളെയും അന്ധമായി പിന്തുടർന്ന് പ്രവാചകശിഷ്യന്മാരെയും ഹദീഥ്‌ സമാഹർത്താക്കളെയും അപഹസിക്കുക തുടങ്ങിയ നിലപാടുകളിൽ ആണ്‌ മൗലവി ക്രമേണ എത്തിപ്പെട്ടത്‌. നമസ്കാരം ഒരു ദിവസം അഞ്ചു നേരമല്ല, മറിച്ച്‌ മൂന്നു നേരമാണെന്ന മൗലവിയുടെ നവീനവാദം കേരള മുസ്‌ലിംകൾക്കിടയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി. എന്നാൽ പിന്നീട്‌ നമസ്കാരവും ഹജ്ജും നോമ്പും ബാങ്കും അടക്കമുള്ള അടിസ്ഥാന ഇസ്‌ലാമിക കർമ്മങ്ങളെ ഏതാണ്ട്‌ പൂർണമായി നിരാകരിക്കുന്നേടത്താണ്‌ മൗലവിയുടെ ‘ഗവേഷണങ്ങൾ’ ചെന്നെത്തിയത്‌. സർവമതസത്യവാദവും മൗലവി അവസാന കാലഘട്ടത്തിൽ അവതരിപ്പിച്ചു. പൊതുപ്രസംഗങ്ങൾക്കുപുറമെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. 1990-91 കാലഘത്തിൽ ഖുർആൻ സുന്നത്ത്‌ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. മുസ്‌ലിംകൾ പിന്തുടരേണ്ട സുന്നത്ത്‌ (ചര്യ) പ്രവാചകജീവിതത്തിൽ നിന്നല്ല, മറിച്ച്‌ ഖുർആൻ വചനങ്ങളിൽ നിന്ന് മാത്രമായാണ്‌ നിർധരിക്കേണ്ടത്‌ എന്ന വീക്ഷണമായിരുന്നു ഇതിന്റെ ദർശനം. 1400 വർഷത്തോളം പഴക്കമുള്ള ഒരു ഗ്രന്ഥത്തിലെ വചനങ്ങളെ അവയുടെ അവതരണപശ്ചാതലങ്ങളിൽ നിന്ന് പൂർണ്ണമായി അടർത്തിയെടുത്ത്‌ ഇരുപതാം നൂറ്റാണ്ടിൽ ഓരോരുത്തരുടെയും യുക്തിക്കനുസൃതമായി അഭീഷ്ടപ്രകാരം അർത്ഥങ്ങൾ സങ്കൽപിക്കുന്ന വൈജ്ഞാനിക കോമാളിത്തമായി പ്രസ്ഥാനം സ്വയം അടയാളപ്പെട്ടു.

ഇ. കെ അബൂബക്കർ മുസ്‌ലിയാർ

സി എൻ അഹ്‌മദ്‌ മൗലവിയും കെ ഉമർ മൗലവിയും ആണ്‌ മുസ്‌ലിം പണ്ഡിതന്മാരിൽ ചേകന്നൂർ മൗലവിയുമായി തൂലികാ സംവാദങ്ങളിൽ ഏർപ്പെട്ട പ്രമുഖർ. എടവണ്ണ അലവി മൗലവി, എ പി അബ്ദുൽ ഖാദിർ മൗലവി, കെ സി അബൂബക്ർ മൗലവി, ഇ കെ അബൂബക്ർ മുസ്‌ലിയാർ, ഇ കെ ഹസൻ മുസ്‌ലിയാർ തുടങ്ങിയവർ അദ്ദേഹവുമായി പൊതുവേദികളിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്‌. വണ്ടൂർ, പറവണ്ണ തുടങ്ങിയ പ്രദേശങ്ങളിൽ ചേകന്നൂർ മൗലവിക്കുണ്ടായിരുന്ന ആശയ സ്വാധീനം പിൽകാലത്ത്‌ ഇല്ലാതായി. മൗലവിയുടെ അനുയായികളായി ഇന്ന് വളരെ ചുരുക്കം പേരേ ഉള്ളൂ. അവർ പല വിഭാഗങ്ങളായി ചേരി തിരിഞ്ഞാണ്‌ പ്രവർത്തിക്കുന്നത്‌. വൈജ്ഞാനികമായും ബുദ്ധിപരമായും ഭാഷാപരമായും ഏറ്റവും ദരിദ്രവും പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടിയിട്ടില്ലാത്തവയും ആണ്‌ വിവിധ ചേകന്നൂർ വിഭാഗങ്ങളുടെ ആനുകാലികങ്ങൾ. കേരളീയ മുസ്‌ലിം സമൂഹത്തിൽ ഗുണപരമായ യാതൊരു മാറ്റവും മൗലവിയുടെ അനുകർത്താക്കൾ ഇന്ന് സംഭാവന ചെയ്യുന്നില്ല.

എ. പി. അബ്ദുൽ ഖാദർ മൗലവി

ചേകന്നൂർ മൗലവിയോട്‌ യോജിക്കലും വിയോജിക്കലും ഓരോരുത്തരുടെയും ജനാധിപത്യ സ്വാതന്ത്ര്യമാണ്‌. എന്നാൽ അദ്ദേഹത്തെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാക്കാൻ മനുഷ്യർക്കാർക്കും അവകാശം ഉണ്ടായിരുന്നില്ല. അത്‌ ചെയ്തവർ ഇപ്പോഴും നിയമത്തിന്റെ വരുതിയിൽ വന്നിട്ടില്ലെന്നത്‌ നിസ്സാരമായ കാര്യമല്ല. ചേകന്നൂർ കേസ്‌ നീതി പുലരും വരെ മറവിയിലേക്ക്‌ മറയാതിരിക്കേണ്ടതാവശ്യമാണെന്നാണ്‌ പൗരാവകാശ പ്രവർത്തകർ കോടതിവിധിയുടെ പശ്ചാതലത്തിൽ ചൂണ്ടിക്കാണിക്കുന്നത്‌.


Tags :


mm

Admin