പെണ്ണ്
11 October 2018 | Fiction
കവിത
1
പൂക്കളൊരിക്കലും
ഉറങ്ങാറില്ല!
പകൽ
പൂമ്പാറ്റകളും
രാത്രി
നക്ഷത്രങ്ങളുമിങ്ങനെ
കൺചിമ്മാതെ
നോക്കിനിൽക്കുമ്പോൾ
എങ്ങനെയാണ്
ഒന്നു മനസ്സമാധാനത്തോടെ
കിടന്നുറങ്ങുക?
2
മുഖത്തു തേച്ചുപിടിപ്പിച്ച
ചായങ്ങളിലപ്പടി
എന്റെ ആത്മവിശ്വാസം
പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.
അതുകൊണ്ടാണ്,
അതുകൊണ്ടു മാത്രമാണ്,
(വേറൊന്നും തോന്നരുത്)
കുടയില്ലാത്ത മഴയത്ത്,
ചായങ്ങൾ ചാലിട്ടൊഴുകിയപ്പോൾ
ഞാൻ നിന്നു കരഞ്ഞുപോയത്.
3
വസ്ത്രത്തിന്റെ തുമ്പ് പാറുമ്പോൾ
വെപ്രാളപ്പെടേണ്ടതില്ലെന്ന്
എനിക്ക് ധൈര്യം പകർന്നത് നിങ്ങളല്ലേ?
മറയ്ക്കേണ്ടത്, മറയ്ക്കേണ്ടാത്തതെന്ന്
അവയവങ്ങളോട് വിവേചനമരുതെന്ന
സമത്വവചനങ്ങളുരുവിട്ടത് നിങ്ങളല്ലേ?
കുറയുന്ന ഓരോ ഇഞ്ച് നീളവും
അഴിയുന്ന ചങ്ങലകളാണെന്ന്
ചൊല്ലിപ്പഠിപ്പിച്ചതും നിങ്ങളല്ലേ?
ഉടുത്തതഴിപ്പിച്ചെന്നെ കൂടുതൽ
ചെറുതുടുപ്പിച്ചുകൊണ്ടേയിരുന്ന
പരസ്യങ്ങളിൽ, ഫാഷൻ ഡിസൈനർമാരിൽ
വലിയ രക്ഷകരെ
ചൂണ്ടിക്കാണിച്ചുതന്നതും നിങ്ങൾ തന്നെയല്ലേ?
എന്നിട്ട്,
ഇന്നലെയർധരാത്രിയിൽ
ഉറങ്ങിയ നഗരത്തെയുണർത്താതെ
ചീറിപ്പാഞ്ഞൊരു ചുവന്ന കാറിൽ നിന്ന്
ചെറു തുണിക്കഷ്ണം പോലെ
ഉടുതുണിയില്ലാതെ റോഡരികിൽ പാറിവീണ
എന്നെയിന്ന് നിങ്ങൾ പൊതിഞ്ഞുകെട്ടി
അവഹേളിക്കുന്നതെന്തിനാണ്?
പറഞ്ഞുപഠിപ്പിച്ച അടിമത്തത്തിലെന്നെ
പുതച്ചുമൂടി വീർപ്പുമുട്ടിക്കുന്നത് എന്തിനാണ്?
ഇത്ര വേഗം മാറുന്ന നിർവചനങ്ങളിലെന്തിനാണ് നിങ്ങൾ
എന്റെ വിമോചനത്തെ കുരുക്കിയിടുന്നത്?