സമുദായത്തിനുവേണ്ടി മുന്നിൽ നടന്ന സി എച്ച്
28 September 2018 | Interview
സി എച്ചിന്റെ ജീവചരിത്രകാരൻ എം സി വടകര മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു
തയ്യാറാക്കിയത്- നാസിം പൂക്കാടഞ്ചേരി, ആശിക് തത്തമംഗലം
– സി എച്ച് മുഹമ്മദ് കോയ സാഹിബിനെ എം സി ആദ്യമായി നേരിൽ കണ്ട, പരിചയപ്പെട്ട സന്ദർഭം?
| 1953 ൽ വടകര ജുമുഅത്ത് പള്ളി ദർസിൽ പഠിക്കുന്ന സമയത്താണ് ഞാൻ സി എച്ചിനെ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ദർസിന്റെ സമീപത്തുള്ള ഒരു പ്രദേശത്ത് പ്രസംഗിക്കാൻ വന്നതായിരുന്നു അദ്ദേഹം. അന്ന് പക്ഷേ അടുത്ത് ചെന്ന് പരിചയപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. ഒരാൾക്ക് എത്രത്തോളം മെലിയാൻ പറ്റുമോ അത്രത്തോളം മെലിഞ്ഞിട്ടായിരുന്നു അന്നത്തെ സി എച്ചിന്റെ രൂപം.
അക്കാലത്ത് ഞങ്ങളുടെ വീടിനടുത്ത് ബാഫഖി തങ്ങൾക്ക് ഒരു പാണ്ടികശാല ഉണ്ടായിരുന്നു. ഈ ഭാഗത്ത് യോഗങ്ങൾക്ക് വേണ്ടി വരുമ്പോൾ സി എച്ച് ചിലപ്പോൾ രാത്രി പാണ്ടികശാലയിൽ തങ്ങാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ സി എച്ച് ബാഫഖി തങ്ങളുടെ പാണ്ടികശാലയിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. ആ സമയത്ത് എന്റെ ഒരു ചെറുകഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് അയച്ചിരുന്നു. അത് പ്രസിദ്ധീകരിക്കാൻ വേണ്ടി സി എച്ചിനെക്കൊണ്ട് ശുപാർശ ചെയ്യിക്കുവാൻ ഞാൻ അവിടേക്ക് ചെന്നു. അവിടെ ഒരു മുണ്ടും തോർത്തുമെടുത്ത് കുളിക്കാൻ ഒരുങ്ങുന്ന സി എച്ചിനെ ആണ് ചെന്നപ്പോൾ കണ്ടത്. ആ ബഹുമുഖ പ്രതിഭയെ അടുത്തുനിന്ന് കാണാനും സംസാരിക്കാനും പരിചയപ്പെടാനും എനിക്കവസരം ലഭിച്ച സന്ദർഭം അതായിരുന്നു.
1958 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് കേരള സംസ്ഥാന മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷന്റെ ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയിൽ അംഗമാവാൻ എനിക്കും ഭാഗ്യം ലഭിച്ചു. അവിടം മുതലാണ് സി എച്ചിന്റെ സഹപ്രവർത്തകനാവാൻ അവസരം ലഭിച്ചത്. എന്നാൽ പിന്നീട് സർക്കാർ ഉദ്യോഗം ലഭിച്ചതിനാൽ കുറച്ചുകാലം സംഘടനാ പ്രവർത്തനത്തിൽ കൂടുതൽ സജീവമാകാൻ കഴിഞ്ഞില്ല. വായനയും എഴുത്തും വഴിയാണ് ആ കാലയളവിൽ ഞാൻ പ്രധാനമായും രാഷ്ട്രീയ പ്രവർത്തനം തുടർന്നത്. എന്നോട് പലപ്പോഴും എഴുതാൻ ആവശ്യപ്പെടുകയും പ്രചോദിപ്പിക്കുകയും ചെയ്ത സി എച്ച്, രചനകളെ പുകഴ്ത്തുകയും ന്യൂനതകൾ സ്നേഹപൂർവം തിരുത്തിത്തരികയും ചെയ്തിരുന്നു.
-സി എച്ചിന്റെ രാഷ്ട്രീയ ഗുരു എന്ന് വിശേഷിപ്പിക്കാവുന്നത് ആരെയാണ്?
| മുസ്‌ലിം ലീഗിന്റെ പൂർവകാല നേതാക്കളെല്ലാം സി എച്ചിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ‘രാഷ്ട്രീയ ഗുരു’ എന്നതിലുപരി അവരെല്ലാം സി എച്ചിന്റെ റോൾ മോഡലുകളായിരുന്നു. സി എച്ച് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നേതാക്കൾ മുഹമ്മദ് അലി ജിന്ന, കെ എം സീതി സാഹിബ്, കെ എം മൗലവി, എം കെ ഹാജി എന്നിവരായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെ, പി കെ മൂസ മൗലവി, എം സി സി അഹമദ് മൗലവി മുതലായവരുമായുള്ള സമ്പർക്കം സി എച്ചിന്റെ മതചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. പ്രസംഗങ്ങളിൽ ജിന്ന പലപ്പോഴും പരാമർശിക്കപ്പെട്ടിരുന്നു. ജിന്ന തന്റെ എഴുത്തിലും പ്രസംഗത്തിലുമുപയോഗിച്ചിരുന്ന പല പ്രയോഗങ്ങളും സി എച്ച് മനോഹരമായി മാപ്പിള ഭാഷയിൽ പറയുമായിരുന്നു.
സമുദായ പുരോഗതിയെക്കുറിച്ച് സ്വപ്നം കാണാൻ സി എച്ചിനെ പ്രേരിപ്പിച്ചത് സർ സയ്യിദ് അഹമദ് ഖാന്റെയും കെ എം സീതി സാഹിബിന്റെയും ജീവിതമായിരുന്നു.
പാതിരാത്രികളിൽ തഹജ്ജുദ് നമസ്കരിച്ച് ആകാശത്തേക്ക് കൈകളുയർത്തുകയും മുസ്‌ലിം സമുദായത്തിന്റെ എല്ലാ മേഖലകളിലുമുള്ള പിന്നാക്കാവസ്ഥകളെക്കുറിച്ചോർത്ത് തേങ്ങിക്കരയുകയും അതിൽ നിന്നുള്ള മോചനത്തിനുവേണ്ടി പ്രപഞ്ചസ്രഷ്ടാവിനോട് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തിരുന്ന സർ സയ്യിദിന്റെ മാതൃക പിൻപറ്റി അദ്ദേഹത്തെപ്പോലെ മുസ്‌ലിംകൾക്കുവേണ്ടി ദുഖിക്കുകയും, സമുദായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു സി എച്ച്.
മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സൗധത്തിന് അടിത്തറ പണിയുന്ന സമയത്ത് സ്ഥാപക നേതാക്കൾ കണ്ട കുറേ കിനാവുകൾ ഉണ്ടായിരുന്നു. ആ കിനാവുകളെയെല്ലാം ഏറ്റവും ആത്മാർത്ഥമായി ഹൃദയത്തിലേക്കും തലച്ചോറിലേക്കും ആവാഹിച്ച ഒരാളായിട്ടാണ് സി എച്ചിനെ ചരിത്രത്തിൽ നാം കണ്ടുമുട്ടുന്നത്.
? എം സിയുടെ കാഴ്ചയിൽ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ സി എച്ചിനുള്ള സവിശേഷമായ പ്രാധാന്യം എന്താണ്?
| മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ സി എച്ചിനെ വ്യതിരിക്തമാക്കി നിർത്തുന്നത് 1957 മുതൽ 82 വരെയുള്ള അദ്ദേഹത്തിന്റെ നിയമസഭാ ജീവിതവും, അവിടുത്തെ ഇടപെടലുകളുമാണ്. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരമമായ ലക്ഷ്യം മനസ്സിൽ കൊത്തിവെച്ചുകൊണ്ട് അതിൽ നിന്ന് അണുഅളവ് പോലും പിന്നോട്ടുമാറാതെയായിരുന്നു നിയമസഭയിലെ സി എച്ചിന്റെ ഓരോ ഇടപെടലും. അതുകൊണ്ടുതന്നെ 1957 മുതൽ 80 വരെയുള്ള ചെറിയ കാലയളവിനുള്ളിൽ സമുദായ പുരോഗതിയുടെ ഗ്രാഫ് ഒരുപാട് മുകളിലേക്ക് പോയിട്ടുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്‌ലിം സമുദായത്തിന് അവരുടെ സ്വത്വം ഉയർത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം നിയമസഭയിൽ പ്രധാനമായും പോരാടിയത്. അതിനൊരുപാട് ഉദാഹരണങ്ങൾ കാണുവാൻ കഴിയും.
1957 ൽ ഗവൺമെന്റ് പിന്നാക്ക വിഭാഗങ്ങൾക്കെല്ലാംകൂടി 35% സംവരണം എന്ന നിയമം കൊണ്ടുവന്നു. ഇത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്ന് സി എച്ച് മനസ്സിലാക്കി. കാരണം പിന്നാക്ക വിഭാഗങ്ങൾക്ക് മൊത്തത്തിൽ 35% റിസർവേഷൻ കൊണ്ടുവരുമ്പോൾ പിന്നാക്കക്കാരിൽ താരതമ്യേന മുന്നോക്കക്കാരായ ഈഴവ, ലത്തീൻ കത്തോലിക്ക തുടങ്ങിയവരിൽ മാത്രം അത് കേന്ദ്രീകരിക്കപ്പെടുകയും പിന്നാക്കക്കാരിൽ പിന്നാക്കക്കാരായ മാപ്പിള സമുദായം തഴയപ്പെടുകയും ചെയ്യും. സി എച്ചിനുള്ളിലെ സമുദായസ്നേഹി ഉണർന്നു. ഒരു ഉപമയിലൂടെയാണ് ഇതിലെ കുതന്ത്രം അദ്ദേഹം നിയമസഭയിൽ തുറന്നുകാണിച്ചത്.
സി എച്ച് പറഞ്ഞു: “ഈ നിയമം ‘കൊക്ക് കുറുക്കനെ സൽക്കാരത്തിന് വിളിച്ചതുപോലെ’യാണ്. കൊക്ക് ഒരിക്കൽ തന്റെ വീട്ടിലേക്ക് കുറുക്കനെ ക്ഷണിച്ചു. നല്ലൊരു പായസമുണ്ടാക്കി അതൊരു കുപ്പിയിലാക്കി, കുറുക്കന്റെ മുന്നിൽ വെച്ചുകൊടുത്തു. കുറുക്കന്റെ ചുണ്ട് ആ കുപ്പിക്കുള്ളിലേക്ക് ഇറക്കുക അസാധ്യമാണ്. എന്നാൽ വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കൊക്കിന്റെ ചുണ്ടിന് അനായാസം കുപ്പിയിൽ നിന്നും പായസം കുടിക്കാൻ കഴിഞ്ഞു. ഇവിടെ കൊക്ക് കുറുക്കന് പായസം കൊടുത്തോ എന്ന് ചോദിച്ചാൽ കൊടുത്തു, എന്നാൽ കുറുക്കന് കുടിക്കാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല. ഇതുപോലെയാണ് ഈ നിയമവും. സംവരണം ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്, എന്നാൽ മാപ്പിളമാരടക്കമുള്ളവർക്ക് അത് അനുഭവിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല.”
സി എച്ചിന്റെ സംസാരം ആ നിയമം എടുത്തു മാറ്റാനും പകരം എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്ന ‘കമ്മ്യൂണൽ സബ് റൊട്ടേഷൻ’ കൊണ്ടുവരാനും കാരണമായി. 1957ൽ ആദ്യമായി നിയമസഭയിലെത്തിയ വർഷത്തിൽ തന്നെ സി എച്ചിന് ഇത്തരമൊരു ഇടപെടൽ സാധ്യമായി എന്നത് അത്ഭുതകരമാണ്.
ആ കാലഘട്ടത്തിൽ തന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുടങ്ങണമെങ്കിൽ ഗവൺമെന്റിൽ നിന്ന് പ്രത്യേകാനുമതി വേണമെന്ന നിയമമുണ്ടായി.ഇതിന്റെയും അപകടം മനസിലാക്കിയ സി എച്ച് നിയമസഭയിൽ പൊട്ടിത്തെറിച്ചു. പടക്കക്കമ്പനിക്ക് ലൈസൻസെടുക്കുന്നതുപോലെ ആരാധനാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ഗവൺമെന്റിന്റെ കാലുപിടിക്കണോ എന്ന് ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഇടിമുഴക്കത്തിനു മുന്നിൽ ആ നിയമവും ഒഴിവാക്കേണ്ടി വന്നു. ഇങ്ങനെ എവിടെയെല്ലാം അവകാശങ്ങൾ മുസ്‌ലിം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം ഇടപെടുകയും അത് പരിഹരിക്കുകയും ചെയ്ത ഒരാളായിട്ടാണ് സി എച്ചിനെ ചരിത്രം പ്രത്യേകമായി ഓർക്കുന്നത്.
? കേരളത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയിൽ സി എച്ച് വഹിച്ച നേതൃപരമായ പങ്കിനെ ഓർക്കാമോ?
| സീതി സാഹിബിനെപ്പോലുള്ളവർ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ പ്രായോഗികമാക്കുകയും നിറവേറ്റുകയും ചെയ്തുവെന്നതാണ് സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലെ സി എച്ചിന്റെ പങ്ക്.
1967 മാർച്ച് ആറിനാണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാവുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാക്ഷാൽകരിക്കുന്ന കാര്യത്തിൽ സി എച്ചിനോട് കിടപിടിക്കുന്ന മറ്റൊരു മന്ത്രിയും ഇല്ലെന്ന് തന്നെ പറയാം. പുതുതായി 13 കോളജുകൾ ആണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം കൊണ്ടുവന്നത്! മമ്പാട് എം ഇ എസ് കോളേജ്, കൊല്ലം ടി കെ എം കോളേജ്, എടത്തല അൽഅമീൻ കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളജ്, സർ സയ്യിദ് കോളേജ് മുതലായവ അതിൽ ചിലതാണ്.
‘കേരള യൂണിവേഴ്സിറ്റി’യെന്ന ഒരു സർവകലാശാല മാത്രമാണ് ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നത്. അതിലാവട്ടെ പേരിനുപോലും ഒരു മുസ്‌ലിം കുട്ടിയെ കാണാൻ കഴിഞ്ഞിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സി എച്ച് കോഴിക്കോട് സർവകലാശാല കൊണ്ടുവന്നത്. അതുപോലെ സ്കൂൾ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ശ്രദ്ധിച്ചു. ഞങ്ങളുടെ ഈ വടകര ചുറ്റുഭാഗത്തു മാത്രം 13 സ്കൂളുകൾ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ കേരളത്തിന്റെ നാനാഭാഗത്തും അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി കലാലയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിലെ സ്കൂളുകളിലെ അറബി ഭാഷാധ്യാപകർക്ക് മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള അതേ സ്ഥാനം ഉറപ്പുവരുത്തി വംശീയമായ വിവേചനങ്ങൾക്കുള്ള ശ്രമത്തെ ചെറുത്തുതോൽപിച്ചതും സി എച്ചാണ്.
? സി എച്ചിന്റെ പ്രസംഗശൈലി ഇന്നും വ്യാപകമായി അനുസ്മരിക്കപ്പെടുന്നു. സമുദായത്തെ ആവേശം കൊള്ളിച്ച ആ വാഗ്ധോരണിയെക്കുറിച്ച് പറയാമോ?
| പ്രഭാഷണം കൊണ്ട് ഒരു ജനതയെ കീഴടക്കിയ ആളാണ് സി എച്ച്. മലയാളത്തിന് ഇത്രയധികം മനോഹാരിതയുണ്ടോയെന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ. ഉച്ചാരണ സ്ഫുടത, ഗാംഭീര്യം തുടങ്ങിയവയിൽ സി എച്ചിനെ വെല്ലാൻ കഴിയുന്ന പ്രഭാഷകർ മലയാളത്തിൽ കുറവാണ്. ‘കത്തിക്കയറി’ ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു. എന്നാൽ അത് കേവലം ശബ്ദം കനപ്പിക്കലും വികാരം കൊള്ളിക്കലും ആയിരുന്നില്ല, മറിച്ച് വലിയ ഉൾക്കനമുള്ള, വിജ്ഞാനപ്രദമായ ശബ്ദപ്രവാഹം ആയിരുന്നു. ഒരു മണിക്കൂർ വരെയൊക്കെ പരമാവധി നീളുന്ന സി എച്ചിന്റെ പ്രസംഗം ഉപമകൾ, പഴമൊഴികൾ, കവിത, കഥ, ജീവിതാനുഭവങ്ങൾ എന്നിവ കൊണ്ട് ധന്യമായിരുന്നു.
? സി എച്ചിന്റെ ജീവചരിത്രം (സി എച്ച് മുഹമ്മദ് കോയ: രാഷ്ട്രീയ ജീവചരിത്രം എന്ന പുസ്തകം) രചിക്കുവാൻ പ്രചോദനമായത് എന്താണ്?
| റഹീം മേച്ചേരിയാണ് ആ പുസ്തകം രചിക്കുവാനുള്ള എന്റെ മുഖ്യ പ്രചോദനം. വായന, എഴുത്ത്, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷത്തിന്റെയത്ര മുന്നോട്ട് പോകുവാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ലീഗിന്റെ ചരിത്രം പോലും വരമൊഴിക്കു പകരം വാമൊഴിയിൽ നിന്നാണ് ജനങ്ങൾ മനസ്സിലാക്കിയിരുന്നത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ശ്രമം എന്ന നിലക്കാണ് റഹീം മേച്ചേരി എന്നെ ഇതിന് ഏൽപ്പിച്ചത്. സി എച്ചിനെ കേന്ദ്ര കഥാപാത്രമാക്കി മുസ്‌ലിം ലീഗിന്റെ ചരിത്രം അവതരിപ്പിക്കാനാണ് ഞാൻ അതിലൂടെ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സി എച്ചിന്റെ കുടുംബം പോലുള്ള വ്യക്തിപരമായ വിവരങ്ങൾ അതിൽ കുറവാണ്.
സി എച്ചിനെ രോഗം കീഴടക്കാൻ തുടങ്ങിയ സമയത്താണ് ഈ ദൗത്യം ആരംഭിക്കുന്നത്. അതിനാൽ അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ടിയിരുന്ന പല വിവരങ്ങളും കിട്ടാതെയായി. പിന്നീടുണ്ടായ സി എച്ചിന്റെ പെട്ടന്നുള്ള വേർപ്പാട് അതിനെക്കാൾ വലിയ പ്രയാസമായി. ഒരു വേള ദൗത്യം ഉപേക്ഷിച്ചാലോ എന്നുവരെ തോന്നിപ്പോയി. വായനയോടും ഗവേഷണത്തോടും എഴുത്തിനോടുമുള്ള അദമ്യമായ ഇഷ്ടവും, റഹീം മേച്ചേരിയുടെ നിർബന്ധവും കാരണമാണ് ഏകദേശം ഒരു വർഷം വരെ സമയമെടുത്ത് ഈ പുസ്തകം പൂർത്തിയാക്കാൻ കഴിഞ്ഞത്. നാല് എഡിഷനുകൾ പിന്നിട്ടതിൽ നിന്നു തന്നെ അതിന് ലഭിച്ച സ്വീകാര്യത മനസിലാക്കാം.
? പുതുതലമുറ എം എസ് എഫ്, യൂത്ത് ലീഗ് പ്രവർത്തകരോട് എം സിക്ക് പറയാനുള്ളതെന്താണ്? സി എച്ചിന് അവർ കൂടുതൽ ശക്തമായ തുടർച്ചകൾ നൽകേണ്ടത് എങ്ങനെയൊക്കെ ആണ്?
| പുതുതലമുറയുടെ ലീഗ് ആക്ടീവിസം സമൂഹനൻമക്കുതകുന്നതും അനുകരണീയവുമായിട്ടാണ് ഞാൻ മനസിലാക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണ്. എന്നാൽ പാലവും റോഡും ജീവകാരുണ്യ പ്രവർത്തനങ്ങളും അല്ല മുസ്‌ലിം രാഷ്ട്രീയത്തിന്റെ മൗലിക ചേരുവ എന്ന കാര്യം ചെറുപ്പക്കാർ കുറേക്കൂടി ഗൗരവത്തിൽ ഓർക്കേണ്ടതുണ്ട്. മുസ്‌ലിം ലീഗിനെ മറ്റു പാർട്ടികളിൽ നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ഘടകമുണ്ട്. അതിനെ കൂടുതൽ പ്രാധാന്യത്തിൽ മുന്നോട്ട് കൊണ്ടുപോകണം. അതായത്, മുസ്‌ലിംകളുടെ സാംസ്കാരിക വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനുള്ള രാഷ്ട്രീയ പരിസരം ഇൻഡ്യയിൽ ഉറപ്പുവരുത്തുക എന്ന അടിസ്ഥാന കർത്തവ്യം. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കൽ, അവ വെല്ലുവിളികൾ നേരിടുമ്പോൾ ജനാധിപത്യരീതിയിൽ ചെറുത്തുനിൽക്കൽ- ഇതാണ് മുസ്‌ലിം ലീഗിന്റെ ഏറ്റവും സുപ്രധാനമായ ധർമം.
സി എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാൽ ഭാഗവും നീക്കിവെച്ചത് അതിനാണ്.സി എച്ച് മുറുകെപ്പിടിച്ച ആ വിപ്ലവവീര്യം ഹരിതപതാക കയ്യിലേന്തുന്ന ഓരോരുത്തർക്കുമുണ്ടാവണം. ‘മുസ്‌ലിം സ്വത്വ’വുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാമ്പസിലാണെങ്കിൽ എം എസ് എഫ് ഉണരണം, അത് യുവജനങ്ങൾക്കിടയിലാണെങ്കിൽ യൂത്ത് ലീഗും ഉണരണം. ഇൻഡ്യയിൽ ഫാഷിസം രൗദ്രഭാവം പൂണ്ടു നിൽക്കുന്ന സമകാലിക സാഹചര്യത്തിൽ വിശേഷിച്ചും. ഇവിടെ ലീഗ് ഉറങ്ങിയാൽ ആ ‘ഗ്യാപ്പ്’ നികത്തുക സമുദായത്തിന്റെ പേരും പറഞ്ഞുള്ള തീവ്രവാദ സംഘടനകളും, അവരുടെ അപക്വമായ പ്രവർത്തനങ്ങളുമായിരിക്കും.
പ്രസ്ഥാനത്തിന്റെ ലക്ഷ്യവും, ചരിത്രവും, സമൂഹത്തിന്റെ അവസ്ഥയും പഠിച്ച് സമുദായത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയെക്കുറിച്ച് സ്വപ്നം കാണുന്നവരെയാണ് നമുക്കാവശ്യം. എങ്കിലേ ഹിന്ദുത്വവാദികളുടെയും, ഇസ്‌ലാമിസ്റ്റുകളുടെയും, സെക്യുലർ ഫണ്ടമെന്റലിസ്റ്റുകളുടെയും വെല്ലുവിളികൾക്ക് നടുവിൽ സമുദായ നൗകയെ ആടിയുലയാതെ നയിക്കുവാൻ സാധിക്കുകയുള്ളൂ.