‘ഭക്തിസാന്ദ്രമായിരുന്ന കർമവസന്തം’
22 August 2019 | Interview
എൻ. വി. അബ്ദുസ്സലാം മൗലവിയെ മകൻ എൻ. വി. അബ്ദുർറഹമാൻ ഓർക്കുന്നു
അരീക്കോട്ടെ എൻ. വി. അബ്ദുസ്സലാം മൗലവിയെ (1913-1997) മലബാറിലെ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും ഉള്ള ആർക്കും പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വരില്ല. സുല്ലമുസ്സലാം സ്ഥാപനങ്ങളുടെ ശിൽപി, ഖുർആൻ ക്ലാസ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, കേരള നദ്‌വതുൽ മുജാഹിദീന്റെയും ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും സ്ഥാപക നേതാവ്, മിശ്കാതുൽ ഹുദായുടെയും അൽ മനാറിന്റെയും പത്രാധിപർ, സ്വന്തം നാട്ടിൽ മതബോധമുള്ള അഭ്യസ്തവിദ്യരുടെ ഒരു വലിയ നിരയെ വാർത്തെടുക്കുന്നതിൽ വിജയിച്ച പരിഷ്കർത്താവ് എന്നീ നിലകളിൽ കേരള മുസ്‌ലിംകളുടെ കഴിഞ്ഞ മൂന്ന് തലമുറകളിൽ സുപ്രസിദ്ധനായിരുന്നു അബ്ദുസ്സലാം മൗലവി. അബ്ദുസ്സലാം മൗലവിയുടെ ജീവിതത്തിന് വളരെ അടുത്തുനിന്ന് സാക്ഷിയായ ഒരാൾ മില്ലിറിപ്പോർട്ടിനോട് സംസാരിക്കുകയാണ്, ചരിത്രം സൃഷ്ടിച്ച ഒരു ജീവിതത്തിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത വൈയക്തികാധ്യായങ്ങൾ ആ ആഖ്യാനത്തിൽ ചുരുൾ നിവരുന്നു. മൗലവിയുടെ ഒരേയൊരു പുത്രനാണ് കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗവും ആയ പ്രൊഫ. എൻ. വി. അബ്ദുർറഹ്‌മാൻ. അരീക്കോട്ടെ തന്റെ വീടിന്റെ സ്വീകരണമുറിയിലിരുന്ന് അബ്ദുർറഹ്‌മാൻ സാഹിബ് പിതാവിനെ ഓർത്തെടുത്തു.
“ഞാൻ തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ ബാപ്പ കുടുംബത്തെയുമായി കോഴിക്കോട്ടാണ് താമസം. 1950കളുടെ തുടക്കമാണ്. കെ. എൻ. എം രൂപീകരിക്കപ്പെട്ട ഉടനെയുള്ള സമയം. ഇടിയങ്ങരയിൽ അന്നത്തെ കെ. എൻ. എം. ഓഫീസിൽ വെച്ച് കോഴിക്കോട്ടുകാർക്കുവേണ്ടി സ്ഥിരമായി ഖുർആൻ ക്ലാസ് നടത്തുന്നതിനുവേണ്ടി ആയിരുന്നു ഇത്. രാത്രി ക്ലാസിനുപോകുമ്പോൾ പലപ്പോഴും എന്നെയും കൂടെ കൂട്ടും. ക്ലാസ് കഴിയുമ്പോഴേക്ക് ഞാൻ ഉറങ്ങിയിട്ടുണ്ടാകും. ബാപ്പ മടങ്ങുമ്പോൾ സഹായികളിൽ ആരെങ്കിലും എന്നെയും തോളിലിട്ട് ഞങ്ങളുടെ താമസസ്ഥലത്തേക്ക് അനുഗമിക്കും.” മുഹമ്മദ് അബ്‌ദുർറഹ്‌മാൻ സാഹിബിന്റെയും ഇ. മൊയ്തു മൗലവിയുടെയും പട്ടാളപ്പള്ളി കേന്ദ്രീകരിച്ചുള്ള അനുചരവൃത്തമായിരുന്നു കോഴിക്കോട്ടെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സാമൂഹികാടിത്തറ. അവരിലേക്ക് അബ്ദുസ്സലാം മൗലവിയുടെ ഖുർആൻ ക്ലാസുകൾ നവോൽകർഷത്തിന്റെ ഉണർത്തുപാട്ടായി തഴുകിച്ചെന്നു. കോഴിക്കോട്ട് മുജാഹിദുകളുടെ ഒരു സമൂഹം വളർന്നുവന്നത്, പ്രസ്ഥാനം ജനകീയമായിത്തുടങ്ങിയത്, അന്ന് കെ. എൻ. എം. ജനറൽ സെക്രട്ടറി ആയിരുന്ന മൗലവിയുടെ ഈ ക്ലാസുകളിലൂടെ ആയിരുന്നു. ബാപ്പയെക്കുറിച്ചുള്ള എൻ. വി. യുടെ ഓർമ്മകൾ ബാല്യകാലത്തിന്റെ, വക്കുകളിൽ ഖുർആനൊട്ടി നിൽക്കുന്ന അതിവിദൂരമായ ആ ശ്ലഥചിത്രങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്.
“പിന്നീട് ഞങ്ങൾ അരീക്കോട്ടേക്ക് തന്നെ താമസം മാറ്റി. ബാപ്പ ജംഇയ്യതുൽ മുജാഹിദീന്റെയും സുല്ലമുസ്സലാമിന്റെയും പ്രവർത്തനങ്ങളിൽ വ്യാപൃതനായി നാട്ടിൽ തന്നെ നിന്നു. ഞാൻ അരീക്കോട്ട് സ്കൂളിൽ പോയിത്തുടങ്ങി. വാഴയിൽ പള്ളിക്ക് സമീപമുണ്ടായിരുന്ന തറവാട് വീട്ടിലായിരുന്നു അന്നൊക്കെ താമസം. ഏകദേശം യു.പി-ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ബാപ്പ വീട്ടിൽ എനിക്കും സഹോദരിമാർക്കും വേണ്ടി ദിനേന രാവിലെ ഉള്ള ഒരു ക്ലാസ് തുടങ്ങി-അറബി ഗ്രാമർ ആയിരുന്നു വിഷയം. ക്ലാസിനെക്കുറിച്ച് കേട്ടറിഞ്ഞ ഏതാനും കുട്ടികൾ കൂടി അതിൽ വന്ന് ചേർന്നു. നഹ്‌വുൽ വാദി മുതൽ അൽഫിയ വരെ ക്ലാസിനുപയോഗിച്ചിരുന്നു. ഖുർആൻ വെച്ചാണ് വ്യാകരണപ്രയോഗങ്ങൾക്ക് ഉദാഹരണങ്ങൾ വിശദീകരിക്കുക. ഓരോ ദിവസവും പഠിപ്പിക്കുന്ന ഖുർആൻ ആയത്തുകൾ, പിറ്റേന്ന് ഹിഫ്ദ് ആക്കി അർത്ഥസഹിതം, ഇഅ ്റാബിന്റെ കാര്യകാരണങ്ങൾ വിശദീകരിച്ച് ബാപ്പയെ തിരിച്ചുചൊല്ലി കേൾപിക്കണം. അന്നൊക്കെ എനിക്കിതിൽ പ്രയാസവും മടുപ്പും അനുഭവപ്പെട്ടിരുന്നു. പക്ഷേ ഞാൻ പോലും അറിയാതെ അറബി ഭാഷ അതുവഴി എന്റെ ഉള്ളിൽ കയറി. ഇന്ന് തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ മൂലധനങ്ങളിൽ ഒന്നാണ് ഖുർആനിന്റെ ഭാഷയുടെ നിയമഘടനയിൽ അങ്ങനെ കൈവന്ന പരിജ്ഞാനം.” ബി. ടെക്ക് ബിരുദധാരിയും പോളിടെക്നിക്ക് അധ്യാപകനും ആയിരുന്ന അബ്ദുർറഹമാൻ സാഹിബ്, വളരെ വിലപ്പെട്ട വിദ്യാഭ്യാസം കുറേയൊക്കെ കണിശക്കാരനായിരുന്ന ബാപ്പ നിഷ്ഠാപൂർവ്വം പഠിപ്പിച്ച അറബി ആയിരുന്നുവെന്ന് ആലോചിക്കുകയാണ്. സംസ്കരണ പ്രവർത്തനങ്ങൾ വീട്ടിനകത്തുനിന്ന് തുടങ്ങണം എന്ന്, ദീൻ പഠിച്ചും അനുഷ്ഠിച്ചുമാകണം മക്കൾ വളരുന്നത് എന്ന് മൗലവിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് പ്രായപൂർത്തി ആകുന്നതുവരെ കൃത്യാന്തരബാഹുല്യങ്ങൾക്കിടയിലുംആ രക്ഷിതാവ് ഒരു കണ്ണ് മക്കൾക്കുമേൽ സൂക്ഷിച്ചു. “കുട്ടിക്കാലത്ത് ബാപ്പ ഞങ്ങളോട് കാര്യമായി അന്വേഷിക്കാറുണ്ടായിരുന്നത് നമസ്കാരത്തിന്റെ കാര്യമായിരുന്നു. ഓരോ വഖ്തിന്റെ നേരത്തും നമസ്കരിച്ചോ എന്ന ചോദ്യം വരും. വീട്ടിലെ സംസാരങ്ങൾ പരദൂഷണത്തിൽ നിന്ന് മുക്തമാകണം എന്ന് വളരെ ഗൗരവത്തിൽ നിഷ്കർഷിച്ചിരുന്നു. അന്യരുടെ കുറ്റവും കുറവും പറയുന്നതിൽ നിന്ന് കുടുംബക്കാരെ ശക്തമായി വിലക്കി.”
പരലോകത്തിനുമുന്നിൽ ദുൻയാവ് തീരെ നിസ്സാരമാണെന്ന അറിവായിരുന്നു അബ്ദുസ്സലാം മൗലവി എന്ന കർമ്മവസന്തത്തിന്റെ ചാലകശക്തി. ഇഹലോക വിഭവങ്ങളുടെ സമൃദ്ധിക്കായി പണിയെടുക്കാൻ അദ്ദേഹം താൽപര്യം കാണിച്ചില്ല. സമയം ആഖിറനാളിലേക്ക് ഉപകാരപ്പെടുംവിധം ഉപയോഗപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധ. മുസ്‌ലിംകൾക്കിടയിൽ സർക്കാറുദ്യോഗസ്ഥർ അത്യപൂർവമായിരുന്ന കാലത്ത്, 1940കളുടെ തുടക്കത്തിൽ, ഗവൺമന്റ് ജോലി ലഭിച്ച വ്യക്തിയാണ് അബ്ദുസ്സലാം മൗലവി. എന്നാൽ ഒരു വർഷമോ മറ്റോ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം അത് രാജിവെച്ച് ഒഴിയുകയായിരുന്നു. പണവും പദവിയും ഉപേക്ഷിച്ച് മതപഠനത്തിനും ഇസ്‌ലാഹീ, ലീഗ് ആക്റ്റിവിസങ്ങൾക്കും ജീവിതം ഉഴിഞ്ഞുവെക്കാനുള്ള തീരുമാനം ഉറച്ചതായിരുന്നു. ഐഹിക ജീവിതത്തിന്റെ ഭദ്രതയോടുള്ള ബാപ്പയുടെ നിസ്സംഗത, സ്കൂൾ പ്രായം മുതൽക്കുതന്നെ അബ്ദുർറഹ്മാൻ സാഹിബിന് കണ്ടു ശീലമുള്ളതാണ്. “പാടത്തുനിന്നും പറമ്പിൽനിന്നുമൊക്കെ എതെങ്കിലും വരുമാനമുണ്ടായാൽ പണിക്കാർ അത് ബാപ്പയുടെ കയ്യിൽ കൊണ്ടുവന്നേൽപിക്കും. ബാപ്പ ആ കാശ് എണ്ണിനോക്കുക പോലും ചെയ്യാതെയാണ് വാങ്ങിവെക്കുക. കുറച്ചുകഴിഞ്ഞാൽ ഏതെങ്കിലുമൊക്കെ ആളുകൾ ബാപ്പാന്റെ അടുത്ത് വന്ന് അവരുടെ ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറയും. ബാപ്പ കിട്ടിയ കാശ് അങ്ങനെത്തന്നെ, അപ്പോഴും എണ്ണിനോക്കാൻ നിൽക്കാതെ, അവർക്കെടുത്ത് കൊടുക്കും. കിട്ടിയതൊക്കെ കൊടുക്കുന്ന ഈ ശീലം വീട്ടിൽ പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. കാര്യങ്ങൾ കഴിഞ്ഞുപോകാൻ കാശില്ലാത്ത അവസ്ഥ ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഉമ്മ (അബ്ദുസ്സലാം മൗലവിയുടെ ഭാര്യ) പണിക്കാരോട് ഭൂമിയിൽ നിന്നുള്ള കുറച്ച് വരുമാനം മൗലവിയെ ഏൽപിക്കാതെ തന്നെ നേരിട്ട് ഏൽപിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് വീട് പുലർന്നുപോയത്.”
പത്താം ക്ലാസ് കഴിഞ്ഞ മകൻ അബ്ദുർറഹ്‌മാൻ ഉമറാബാദിൽ പോയി ദീൻ പഠിക്കണം എന്നായിരുന്നു അബ്ദുസ്സലാം മൗലവിയുടെ നിലപാട്. “എനിക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. നല്ലൊരു ജോലി സമ്പാദിച്ച് വീട്ടുകാരെ സഹായിക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നു. വീട്ടിലെ അവസ്ഥ അതായിരുന്നു. ഫാറൂഖ് കോളജിൽ അന്ന് ബാപ്പാന്റെ അനിയൻ എൻ. വി. ബീരാൻ സാഹിബ് അധ്യാപകനാണ്. പക്ഷേ എന്നോട് ഫാറൂഖ് കോളജിൽ ഒന്നും പോകേണ്ട എന്നാണ് ബാപ്പ പറഞ്ഞത്. ബാപ്പ പഠിപ്പിച്ച അറബിയും ചെറുപ്പം മുതൽക്കേ കേട്ട ഖുർആൻ ക്ലാസുകളും പ്രസംഗങ്ങളും ഒക്കെ ഉള്ളതുകൊണ്ട് ഇസ്‌ലാമിക വിഷയങ്ങൾ ഇനി സ്വന്തമായി വായിക്കാമല്ലോ എന്ന് ഞാൻ കരുതി. പക്ഷേ ബാപ്പ ഉമറാബാദിൽ പോയി ഔപചാരിക മതപഠനം എന്നുതന്നെ നിർദ്ദേശിച്ചുകൊണ്ടിരുന്നു. ഒടുവിൽ ബീരാൻ സാഹിബാണ് കുറേ സംസാരിച്ച് ഫാറൂഖ് കോളജിൽ പ്രീഡിഗ്രിക്ക് ചേരാൻ സമ്മതിപ്പിച്ചത്. ബീരാൻ സാഹിബിന്റെ കൂടെ ഫാറൂഖ് കോളജിനടുത്ത് താമസിച്ചാണ് ഞാൻ പ്രീഡിഗ്രിക്ക് ക്ലാസിൽ പോയത്.” അനിയൻമാരായ ബീരാനെയും ഇബ്‌റാഹീമിനെയും കോളജ് വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും അതിനുള്ള സമ്മതം വീട്ടിൽ നിന്ന് വാങ്ങിക്കൊടുത്തതും ജ്യേഷ്ഠനായ അബ്ദുസ്സലാം മൗലവി തന്നെ ആയിരുന്നു. ബീരാൻ സാഹിബ് പിന്നീട് ഫാറൂഖ് കോളജിൽ മാത്തമാറ്റികസ് പ്രൊഫെസറും ശേഷം പ്രിൻസിപ്പലും ആയി. കെ. സി. അബൂബക്‌ർ മൗലവി ബീരാൻ സാഹിബിന്റെ ആത്മമിത്രമായിരുന്നു. രണ്ടുപേരും കൂടി ഖുർആൻ-ശാസ്ത്ര താരതമ്യം നടത്തുന്ന ഒരു ബൃഹദ് രചനയുടെ ജോലികൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് എൺപതുകളുടെ അവസാനത്തിൽ ബീരാൻ സാഹിബ് മരണപ്പെടുന്നത്.
ഇബ്‌റാഹീം സാഹിബ്, എൻ. വി. ഇബ്‌റാഹീം മാസ്റ്റർ എന്ന പേരിൽ മുജാഹിദ്, മുസ്‌ലിം ലീഗ് മണ്ഡലങ്ങളിൽ വിശ്രുതനായി. സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ പ്രിൻസിപ്പളും അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. ഇസ്‌ലാമിക ചരിത്ര പണ്ഡിതനും നല്ല എഴുത്തുകാരനും അതിനേക്കാൾ നല്ല വായനക്കാരനും ആയിരുന്നു ഇബ്‌റാഹീം മാസ്റ്റർ. ശയ്ഖുൽ ഇസ്‌ലാം ഇബ്നു തയ്മിയ്യ ആയിരുന്നു ഇബ്‌റാഹീം മാസ്റ്ററുടെ വലിയ ആവേശങ്ങളിൽ ഒന്ന്. “നമ്മുടെ കൂട്ടത്തിലെ അബൂദർറിൽ ഗിഫ്ഫാരി ആണ് അവൻ എന്നായിരുന്നു ബാപ്പ ഇബ്‌റാഹീം മാസ്റ്ററെക്കുറിച്ച് പറഞ്ഞിരുന്നത്. കാരണം, തറവാട്ടിൽ ഏതെങ്കിലും നിലക്ക് നെല്ലോ പണമോ എത്തിയാൽ അന്നത്തേക്കുള്ളത് ഉപയോഗിച്ച് ബാക്കിയൊക്കെ ഉടൻ ദാനം ചെയ്ത് തീർക്കുകയായിരുന്നു അദ്ദേഹത്തിന്റെ നയം. ഇബ്‌റാഹീം എളാപ്പാക്ക് ആകെ പണത്തിനോട് താൽപര്യം ഉണ്ടായിരുന്നത് പുസ്തകം വാങ്ങാൻ അതുപകാരപ്പെടും എന്ന നിലയിൽ ആയിരുന്നു. കിട്ടുന്ന പൈസയുടെ നല്ലൊരു ഭാഗവും അദ്ദേഹം പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. അങ്ങാടിയിൽ കുടുംബത്തിന് ആശ്രയമാകാൻ വേണ്ടി ഒരു വാടകക്കെട്ടിടം നിർമ്മിക്കാൻ സ്വരൂപിച്ച പണം ഒരു ഇസ്‌ലാമിക് എൻസൈക്ലോപീഡിയയുടെ പ്രസാധനത്തിന് ഉപയോഗിക്കാൻ ശ്രമിച്ച ആളാണ് ഇബ്‌റാഹീം മാസ്റ്റർ. അദ്ദേഹം സ്കൂളിൽ നിന്ന് പിരിയുമ്പോൾ സഹപ്രവർത്തകർ പതിനായിരം രൂപ ഉപഹാരമായി നൽകി. അന്ന് പതിനായിരം രൂപ വളരെ വലിയ സംഖ്യയാണ്. ആ പണവുമായി അന്നുതന്നെ നേരെ കോഴിക്കോട്ട് ബസ് കയറി അതിനുമുഴുവൻ ഇംഗ്ലീഷ് പുസ്തകങ്ങൾ വാങ്ങിക്കൊണ്ടാണ് മാസ്റ്റർ തിരിച്ച് അരീക്കോട്ട് എത്തിയത്. പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ തന്നെ വെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിൽ ഇംഗ്ലീഷിൽ നല്ല കലക്ഷൻ ഉണ്ടായിരുന്നു, ഇംഗ്ലീഷ് നോവലുകൾ ഒക്കെ കുറേ ഉണ്ടായിരുന്നു. സ്കൂളിൽ നിന്നുള്ള വിനോദയാത്രകൾക്കൊന്നും ബാപ്പ എന്നെ പറഞ്ഞയക്കാറുണ്ടായിരുന്നില്ല. ഇബ്‌റാഹീം മാസ്റ്ററുടെ കൂടെ ഒരിക്കൽ തിരുവനന്തപുരത്ത് പോയതാണ് കൗമാരകാലത്തെ എന്റെ ആദ്യ ദീർഘയാത്ര.”
“ബാപ്പയും ബീരാൻ സാഹിബും ഇബ്‌റാഹീം മാസ്റ്ററും മിക്കവാറും പഠനത്തിന്റെയും പുസ്തകങ്ങളുടെയും ലോകത്ത് ജീവിക്കാൻ വേണ്ടി പടക്കപ്പെട്ടവരെപ്പോലെ ആയിരുന്നു. കൃഷിയും പറമ്പ് നോക്കലുമൊന്നും അവർക്ക് വഴങ്ങുമായിരുന്നില്ല. അതുകൊണ്ടുതന്നെ, തറവാട്ടിൽ നിന്ന് മൂന്നുപേരെയും ഉപരിപഠനത്തിനയക്കുന്നതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ബാപ്പാന്റെ രണ്ടാമത്തെ അനിയൻ എൻ. വി. മുഹമ്മദ് കുട്ടി സാഹിബ് (എൻ. വി. സകരിയ്യായുടെ പിതാവ്) കുറേയൊക്കെ മറ്റു ജോലികളിൽ കൂടി അഭിരുചി ഉള്ള ആളായിരുന്നു. അതുകൊണ്ട് വല്ല്യുപ്പ അദ്ദേഹത്തെ ഉപരിപഠനത്തിന് അയച്ചില്ല. അദ്ദേഹം തറവാട്ടുകാര്യങ്ങളിൽ സഹായിക്കാൻ ഏൽപിക്കപ്പെട്ടു. നല്ല ബുദ്ധിശക്തിയും ഗണിതശാസ്ത്ര-എഞ്ചിനിയറിംഗ് അഭിരുചിയും പരന്ന വായനയും ഉള്ള ആളായിരുന്നു വിശുദ്ധമായ ജീവിതത്തിന്റെ ഉടമ ആയിരുന്ന മുഹമ്മദ് കുട്ടി സാഹിബ്. പക്ഷേ അദ്ദേഹത്തിന് ഉയർന്ന് പഠിക്കാൻ പോകാൻ കഴിഞ്ഞില്ല.” നാട്ടുകാർ ബഹുമാനപൂർവ്വം ‘മയ്മിട്ട്യാക്ക’ എന്ന് വിളിച്ച എൻ. വി. മുഹമ്മദ് കുട്ടി സാഹിബിനെക്കുറിച്ച് അബ്ദുർറഹ്മാൻ സാഹിബ് പറഞ്ഞു.
തിരുവനന്തപുരം സി. ഇ. ടി. യിൽ നിന്ന് ആണ് അബ്ദുർറഹ്മാൻ സാഹിബ് ബി. ടെക്ക് നേടിയത്. അറുപതുകൾ ആണ് കാലം. “ഒറ്റയ്ക്കാണ് കോളജിൽ ചേരാൻ എത്തിയത്. രക്ഷിതാവ് കൂടെയില്ലാതെ അഡ്മിഷൻ നൽകില്ലെന്ന് പ്രിൻസിപ്പൾ തീർത്തുപറഞ്ഞു. അഡ്മിഷനുള്ള അവസാന ദിവസമായിരുന്നു. ഉച്ചയായിട്ടുണ്ട്. അന്ന് 5 മണിക്കുമുമ്പ് ബാപ്പയെ എങ്ങനെ തിരുവനന്തപുരത്ത് എത്തിക്കാനാണ്! എന്തു ചെയ്യും എന്നറിയാതെ ഞാൻ നഗരത്തിലൂടെ നടന്നു. അപ്പോഴാണ് ഇബ്‌റാഹീം മാസ്റ്ററുടെ കൂടെ തിരുവനന്തപുരത്ത് വന്നപ്പോൾ ടി. പി. കുട്ട്യാമു സാഹിബിന്റെ വീട്ടിൽ ചെന്ന കാര്യം ഓർത്തത്. കുട്ട്യാമു സാഹിബ് ചീഫ് എഞ്ചിനീയറായി അവിടെയുള്ള സമയമാണ്. ഔദ്യോഗിക വൃത്തങ്ങളിൽ അദ്ദേഹത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു, അബ്ദുസ്സലാം മൗലവിയുടെ മകനാണെന്ന് പറഞ്ഞു, കോളജിലെ പ്രതിസന്ധി വിശദീകരിച്ചു. ഉടൻ പ്രിൻസിപ്പൾക്ക് കുട്ട്യാമു സാഹിബിന്റെ ഫോൺ – ‘രക്ഷിതാവില്ലെന്ന് പറഞ്ഞ് നിങ്ങൾ ഒരു കുട്ടിയെ മടക്കി അയച്ചില്ലേ? ആ കുട്ടിയുടെ രക്ഷിതാവ് ഞാൻ ആണ്!’ കോളജിൽ വീണ്ടും ചെന്നപ്പോൾ പ്രിൻസിപ്പൽ അഡ്മിഷൻ തന്നു, എന്നിട്ട് ചോദിച്ചു: ‘എടോ, തന്റെ ഗാഡിയൻ കുട്ട്യാമു ആണെന്ന കാര്യം നേരത്തെ പറഞ്ഞുകൂടായിരുന്നോ?” കുട്ട്യാമു സാഹിബിന് ബാപ്പാനോട് ഉണ്ടായിരുന്ന ആദരവ് നേരിട്ടറിഞ്ഞ നിമിഷങ്ങൾ അബ്ദുർറഹമാൻ സാഹിബ് ഓർത്തു. “ബാപ്പയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അരീക്കോട് മേത്തലങ്ങാടി പള്ളിയുടെ വിപുലീകരണത്തിന് അദ്ദേഹം വന്ന് വിദഗ്ധോപദേശങ്ങൾ നൽകിയിരുന്നു.” സി. എച്ച്. മുഹമ്മദ് കോയയാണ് അബ്ദുസ്സലാം മൗലവിയുമായി ഉറ്റ ബന്ധമുണ്ടായിരുന്ന മറ്റൊരു പ്രമുഖൻ. “ബാപ്പാനോടുള്ള ഇഷ്ടം കാരണം അരീക്കോട്ടേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് പോലും സി. എച്ച്. ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. രാഷ്ട്രീയമായ തിരക്കുകൾ കുറച്ച് അബ്ദുസ്സലാം മൗലവിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്ന ആഗ്രഹം അദ്ദേഹം അന്ന് കൊണ്ടുനടന്നിരുന്നു.”
കോഴിക്കോട് ഹിമായത് സ്കൂളിലും മലപ്പുറം ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലും പഠിക്കുകയും ബ്രിട്ടീഷ് ബ്യൂറോക്രസിയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുള്ള എൻ. വി. അബ്ദുസ്സലാം മൗലവിക്ക് ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. പ്രശസ്തരുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ മുസ്‌ലിം ലീഗ് വേദികളിൽ തൽസമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്ന പരിഭാഷകൻ കൂടിയാണല്ലോ അദ്ദേഹം. “ഞാൻ തിരുവനന്തപുരത്ത് പഠിക്കുമ്പോൾ ബാപ്പ എനിക്ക് കത്തെഴുതുക ഇംഗ്ലീഷിലാണ്. ഇംഗ്ലീഷിൽ തന്നെ മറുപടിയും അയക്കാൻ ആവശ്യപ്പെടും. ഞാൻ ഇംഗ്ലീഷിൽ എഴുതി അയക്കുന്ന മറുപടിക്കത്തുകളിലെ ഭാഷാപരമായ സ്ഖലിതങ്ങളൊക്കെ ബാപ്പ അടയാളപ്പെടുത്തുകയും തിരുത്തലുകൾ രേഖപ്പെടുത്തുകയും ചെയ്യും. എന്നിട്ട് അടുത്ത കത്തിന്റെ കൂടെ അത് എനിക്കുതന്നെ പോസ്റ്റ് ചെയ്യും.” ബി. ടെക്കിന് പഠിക്കുന്ന മകന് തൊള്ളായിരത്തി അറുപതുകളിൽ ഇംഗ്ലീഷ് വ്യാകരണം തിരുത്തിക്കൊടുക്കാൻ പ്രാഗൽഭ്യമുണ്ടായിരുന്ന ‘മൗലവി’- അതായിരുന്നു എൻ. വി. അബ്ദുസ്സലാം ബിൻ മുഹമ്മദ്. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഒന്നാം തലമുറയുടെ ധൈഷണികമായ തലയെടുപ്പും പ്രബുദ്ധതയുടെ പ്രഭാവവും അബ്ദുർറഹ്മാൻ സാഹിബിന്റെ തിരിഞ്ഞുനോട്ടം ഒപ്പിയെടുക്കുന്നു.
കുട്ട്യാമു സാഹിബിനെയും സി. എച്ചിനെയും പോലുള്ള ഉൽപതിഷ്ണുക്കൾ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെട്ട മുസ്‌ലിംകൾ എൻ. വി. അബ്ദുസ്സലാം മൗലവിയോട് സ്നേഹാദരവുകൾ കാത്തുസൂക്ഷിച്ചിരുന്നതായാണ് അബ്ദുർറഹ്മാൻ സാഹിബിന്റെ അനുഭവം. “തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്ത് പാളയം പള്ളിയിൽ നിസ്കരിക്കാൻ പോയാൽ അവിടെയുള്ള മുതിർന്നവരോടൊക്കെ സംസാരിച്ചിരിക്കും. മലബാറിൽ നിന്നാണ്, അരീക്കോട് നിന്നാണ് എന്നറിഞ്ഞാൽ അബ്ദുസ്സലാം മൗലവിയെ അറിയുമോ എന്ന് ബഹുമാനപൂർവ്വം പലരും ചോദിക്കുമായിരുന്നു. അരീക്കോട് താഴത്തങ്ങാടിയിലെ സുന്നിപ്പള്ളിയിലെ അബൂബക്‌ർ ഖാദി വീട്ടിൽ ബാപ്പയുടെ നിത്യസന്ദർശകൻ ആയിരുന്നു. രണ്ടു ദിവസമൊക്കെ ഖാദിയെ കാണാതിരുന്നാൽ ബാപ്പ അന്വേഷിക്കുമായിരുന്നു. ഒരിക്കൽ, എറണാകുളം ഭാഗത്തെ ഒരു വലിയ പള്ളിയിൽ ജോലി ചെയ്തിരുന്ന ഒരു സുന്നീ മുസ്‌ലിയാർ ബാപ്പാന്റെ അരികിൽ വലിയ അദബോടുകൂടി വന്നിരിക്കുകയും ഖിദ്‌മത് ചെയ്യുകയും ദുആ ചെയ്യാൻ ആവശ്യപ്പെടുകയും ഒക്കെ ചെയ്യുന്നത് കണ്ടാണ് ഞാൻ വീട്ടിലേക്ക് കയറി വന്നത്.” സമുദായത്തിനുവേണ്ടിയുള്ള പിടച്ചിലുകൾക്ക് സമുദായം തിരികെ നൽകിയ സ്നേഹം ബാപ്പയെ വലയം ചെയ്തത് അബ്ദുർറഹ്മാൻ സാഹിബിന്റെ വാക്കുകളിൽ അമരസ്മരണകളായി നിറയുന്നു.
എൻ. വി. അബ്ദുസ്സലാം മൗലവിയുടെ ഉറ്റ കൂട്ടുകാരനായിരുന്നു എം. കെ. ഹാജി. ഹാജിയുടെ മകളെയാണ് അബ്ദുർറഹ്മാൻ സാഹിബ് വിവാഹം ചെയ്തത്. ആ വിവാഹം എം. കെ. ഹാജിയുടെ നിർദ്ദേശമായിരുന്നു. “കല്ല്യാണാലോചനയെക്കുറിച്ച് സംസാരിക്കവെ ബാപ്പ എന്നോട് പറഞ്ഞു: എം. കെ. ഹാജിയോട് എനിക്ക് രണ്ട് വലിയ കടപ്പാടുകളുണ്ട്. ഒന്ന്, ജംഇയതുൽ മുജാഹിദീൻ സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഞാൻ പിരിവിനുവേണ്ടി കറാച്ചിയിൽ പോകാൻ തീരുമാനിച്ചു. ഞാൻ അന്ന് ക്ഷയരോഗബാധിതനായിരുന്നു. യാത്രക്കൊരുങ്ങവെയാണ് എം. കെ. ഹാജി എന്നെ സന്ദർശിച്ചത്. അനാരോഗ്യകരമായ അവസ്ഥയിൽ പാകിസ്ഥാനിൽ പോകുന്നത് അദ്ദേഹം കർശനമായി വിലക്കുകയും അപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ, ഒന്നും സ്വന്തം ആവശ്യത്തിനായി ബാക്കിവെക്കാതെ, ജംഇയ്യതിനായി സംഭാവന നൽകുകയും ചെയ്തു. തിരൂരങ്ങാടി യതീം ഖാനക്കുവേണ്ടി സ്വന്തം വീട് വിട്ടുകൊടുത്ത ഹാജി, പകരം മറ്റൊന്ന് വാങ്ങാൻ മദിരാശിയിലെ കച്ചവടത്തിൽ നിന്ന് സ്വരൂപിച്ച കാശ് ആയിരുന്നു അത്. പണവുമായി മദിരാശിയിൽ നിന്ന് മടങ്ങുംവഴിയാണ് ഹാജി എന്നെ കാണുന്നതും അത് എന്നെയേൽപിക്കുന്നതും. പിന്നെ കാറ് തിരൂരങ്ങാടിയിലെത്താനുള്ള പെട്രോൾ അടിക്കാനുള്ള പൈസ പോലും ഹാജിയുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്നില്ല. മഞ്ചേരിയിൽ നിന്ന് ഹസൻകുട്ടി കുരിക്കളോട് അതിനുള്ള പൈസ കടം വാങ്ങിയാണ് അദ്ദേഹം പിന്നെ തിരൂരങ്ങാടിയിലെത്തിയത്.” അല്ലാഹുവിന്റെ മാർഗത്തിൽ മുൻപിൻ നോക്കാതെ കയ്യയച്ച് ധനം ചെലവഴിച്ച ഹാജിയെയും രോഗശയ്യയിൽ നിന്ന് സംഘടനക്കുവേണ്ടി ദീർഘയാത്രക്ക് ഒരുങ്ങിപ്പുറപ്പെട്ട ബാപ്പയെയും അനുസ്മരിക്കുമ്പോൾ അബുർറഹമാൻ സാഹിബിന്റെ മുഖത്ത് പ്രകാശമുണ്ട്, സച്ചരിതരായ രണ്ട് മനുഷ്യരുടെ നന്മയുടെ ആഴം നേരിട്ടറിഞ്ഞതിന്റെ പ്രശാന്തത. ക്ഷയരോഗം മരണകാരണമായിരുന്ന കാലമാണ്. യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സുഹൃത്തുക്കളോട് മൗലവി പറഞ്ഞതിങ്ങനെയാണ്: “യാത്ര പോയി രോഗം മൂർച്ഛിച്ച് ഞാൻ മരിച്ചുവെന്ന് കരുതുക. ഞാൻ എന്ന ഒരു വ്യക്തി മാത്രമാണ് അവിടെ മരിക്കുന്നത്. എന്നാൽ ഞാൻ പോകാതിരുന്നാലോ? പണമില്ലാതെ ജംഇയ്യതുൽ മുജാഹിദീൻ എന്ന പ്രസ്ഥാനമാണ് മരിക്കുക. അതുകൊണ്ട് ഞാൻ പോവുകയാണ് ഈ സാഹചര്യത്തിൽ ചെയ്യേണ്ടത്.”
എം. കെ. ഹാജിയോടുള്ള രണ്ടാമത്തെ കടപ്പാട് അബ്ദുസ്സലാം മൗലവി വിവരിച്ചതിപ്രകാരമാണ്: ” എന്റെ ക്ഷയരോഗത്തിന്റെ തീവ്രത മനസ്സിലാക്കിയ ഹാജി എന്നെ മദിരാശിയിൽ കൊണ്ടുപോയി അവിടെ നല്ല ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളം ഞാൻ അവിടെ കിടന്ന് ചികിത്സയിലായിരുന്നു. ആ ദിവസങ്ങളത്രയും എനിക്ക് കൂട്ടുനിന്ന് പരിചരിച്ചത് ഹാജി ഒറ്റയ്ക്കാണ്. അന്ന് മദിരാശിയിൽ കച്ചവടം നടത്തുന്ന ഹാജിക്ക് അവിടെ ഒരുപാട് പരിചയക്കാരുള്ളതാണ്. പക്ഷേ അവരെ ആരെയും അദ്ദേഹം സഹായത്തിന് വിളിച്ചില്ല. എന്റെയടുക്കൽ അവരെ ആരെയെങ്കിലും ഏൽപിച്ച് അദ്ദേഹം എങ്ങോട്ടും പോയില്ല. മറ്റ് ഏർപ്പാടുകളെല്ലാം മാറ്റിവെച്ച് ഒറ്റയ്ക്ക് എന്റെ കൂടെ നിന്നു, തുടക്കം മുതൽ അവസാനം വരെയും എന്നെ ശുശ്രൂഷിച്ചു.” കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന രണ്ട് സാത്വികർ തമ്മിൽ നിലനിന്ന ഗാഢസൗഹൃദത്തിന്റെ മിഴിവുള്ള ചിത്രം അബ്ദുർറഹ്മാൻ സാഹിബ് ഉദ്ദരിക്കുന്ന അബ്‌ദുസ്സലാം മൗലവിയുടെ വാക്കുകൾ ചരിത്രത്തിനായി ബാക്കിവെക്കുന്നു. കോളറക്കാലത്ത് ഒരു പടുകൂറ്റൻ തണൽമരത്തെപ്പോലെ അഭയം പടർത്തിയ എം. കെ. ഹാജി, അനേകായിരം യതീം മക്കളുടെ രക്ഷിതാവായി കാരുണ്യത്തിന്റെ ഒരു വലിയ ആകാശം തീർത്ത എം. കെ. ഹാജി, അബ്ദുസ്സലാം മൗലവിക്ക് രോഗപീഡയിൽ സ്നേഹത്തിന്റെ കെടാവിളക്കായി. ഹൃദയങ്ങൾ കെട്ടുപിണഞ്ഞുനിന്ന ആ രണ്ട് സുഹൃത്തുക്കൾക്ക് മക്കൾ തമ്മിലുള്ള വിവാഹം കാലം കാത്തുവെച്ച നിർവൃതി ആയിരുന്നിരിക്കണം.
പല വിധേനയുള്ള രോഗങ്ങൾ ജീവിതത്തിൽ ആദ്യന്തം കൂടെ നടന്ന ആളാണ് എൻ. വി. അബ്ദുസ്സലാം മൗലവി. പക്ഷേ അരോഗദൃഢഗാത്രരേക്കാൾ കർമ്മകുശലമായി ആ അയുസ്സ് കടന്നുപോയി. രോഗങ്ങളുടെ നോവുകൾ എടുത്ത് കുടഞ്ഞപ്പോഴും അനാദൃശമായ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് ഭക്തനായ മൗലവി ചിരിച്ചുതന്നെ നിന്നു. “രാത്രികളിൽ ബാപ്പാക്ക് ഉറക്കം നാമമാത്രമായിരുന്നു. നമസ്കാരം, ഖുർആൻ പാരായണം, പ്രാർത്ഥന-ഇവയിൽ നിരതമായിരുന്നു അദ്ദേഹത്തിന്റെ ഓരോ രാവും. സുബഹി നമസ്കാരത്തിനുശേഷം ചെറുതായൊന്ന് മയങ്ങി നിദ്രാവിഹീനതയുടെ ക്ഷീണമകറ്റും. ഖുർആൻ സ്വപ്രയത്നത്തിലൂടെ പൂർണ്ണമായി മനപാഠമാക്കിയിരുന്നു. അവസാന കാലത്ത് കാഴ്ച നന്നേ കുറഞ്ഞപ്പോൾ ഖുർആൻ നോക്കി ഓതുക വിഷമകരമായി. അപ്പോഴേക്കും തീർത്തും ശയ്യാവലംബിയും ആയിത്തീർന്നിരുന്നു. ഖുർആൻ കേസറ്റുകൾ വരുത്തി അവയിൽ നിന്ന് മണിക്കൂറുകളോളം പാരായണം കേട്ടുകൊണ്ടേയിരിക്കുകയായിരുന്നു പിന്നീട് പകൽ സമയത്തെ പ്രധാന ദിനചര്യ.” ദീർഘവർഷങ്ങൾ കട്ടിലിൽ വാട്ടർ ബെഡ് വിരിച്ച് വേദന തിന്നുകിടന്ന ശേഷമാണ് എൻ. വി. അബ്ദുസ്സലാം മൗലവി മരണപ്പെടുന്നത്. ഹറം ഇമാം മൗലവിയെ സന്ദർശിക്കാൻ വന്നപ്പോൾ രോഗത്തിന്റെ യാതന കണ്ട് പൊട്ടിക്കരഞ്ഞുപോയിരുന്നു.
“അപാരമായ ക്ഷമയും സമചിത്തതയുമായിരുന്നു. ഒരിക്കൽ, ഞാനും ഉമ്മയും കുളിപ്പിക്കാൻ വീൽ ചെയറിൽ ഇരുത്തി കൊണ്ടുപോയതായിരുന്നു. ബാപ്പാന്റെ കാൽ തട്ടി അടുത്തുണ്ടായിരുന്ന ചൂടുവെള്ളത്തിന്റെ പാത്രം മറിഞ്ഞുവീണു, ബാപ്പയുടെ കാൽപൊള്ളി. രോഗം കൊണ്ട് പറ്റെ അവശനായിരുന്ന ബാപ്പാന്റെ കാൽ പൊള്ളുന്നതുകൂടി കണ്ടതോടെ ഉമ്മാന്റെ ഖൽബ് നുറുങ്ങി; ഭാര്യയുടെ സ്വാഭാവികമായ വേദന. ‘അല്ലാഹുവേ, നീയിത് കാണുന്നില്ലേ’ എന്ന് ഉമ്മ ആത്മഗതം ചെയ്തു. ഉടനെ ബാപ്പ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ചിരിയുടെ അർത്ഥം മനസ്സിലാകാതെ ഉമ്മ അത്ഭുതപ്പെട്ടപ്പോൾ ബാപ്പ പറഞ്ഞു: ‘എനിക്കിപ്പോൾ അല്ലാഹുവിനോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരിക്കുകയാണ്. ജീവിതത്തിൽ വളരെ കുറച്ച് കർമ്മങ്ങൾ മാത്രമുള്ള സാധുക്കളല്ലേ നമ്മളെല്ലാം. പരലോകത്ത് വിജയിക്കണമെങ്കിൽ അത് മതിയാകുമോ? നോക്കൂ, അല്ലാഹു അവന്റെ അപാരമായ കാരുണ്യം കൊണ്ട് എനിക്ക് രോഗവും വേദനകളും തന്ന് പാപമോചനത്തിനും മഹത്തായ പ്രതിഫലത്തിനും ഉള്ള അവസരങ്ങൾ എനിക്ക് തുറന്നുതരികയാണ്. ഇങ്ങനെയുള്ള പരീക്ഷണങ്ങൾകൊണ്ട് അനുഗ്രഹിക്കപ്പെടാൻ ഉള്ള യോഗ്യത ഇല്ലാഞ്ഞിട്ടും എന്നെ അവ കൊണ്ട് അനുഗ്രഹിക്കുകയാണ് എന്റെ പ്രിയപ്പെട്ട റബ്ബ്!” ഈമാനിന്റെ നറുവെളിച്ചമുള്ള, അല്ലാഹുവിനോടുള്ള ബന്ധം കൊണ്ട് ബലിഷ്ഠമായ, പരലോകത്തിനായുള്ള മുന്നൊരുക്കങ്ങൾകൊണ്ട് ദുൻയാവിന്റെ ആരവങ്ങളൊഴിഞ്ഞ ഹൃദയങ്ങൾക്ക് ദുരിതങ്ങളെ അതിലാഘവത്തോടെ മുറിച്ചുകടക്കനാകും. അതായിരിക്കണം അബ്ദുസ്സലാം മൗലവിയുടെ കാര്യത്തിൽ സംഭവിച്ചത്. അബ്ദുർറഹ്മാൻ സാഹിബ് ബാപ്പയുടെ ജീവിതം വാക്കുകളിലേക്ക് പകർത്തുമ്പോൾ പുറത്തുള്ളതിനേക്കാൾ പകിട്ട് മൗലവിക്ക് അകത്തുണ്ടായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. മഹത്വത്തിന്റെ ലക്ഷണമാണത്. ലക്ഷണമൊത്ത യുഗപുരുഷന്മാരിൽ നിന്ന് പ്രചോദനമുൾകൊള്ളാൻ കുറേയെങ്കിലും നമുക്കെല്ലാവർക്കും ആകുമോ!