Logo

 

ഇഷ്ടമുണ്ടായിട്ടാണോ നോമ്പ്‌ നോൽക്കുന്നത്‌?

12 June 2018 | നോമ്പെഴുത്ത്

By

നോമ്പെഴുത്ത്‌-6/ ത്വലാൽ മുറാദ്‌

കയ്യിൽ പണമുണ്ട്‌. ഭക്ഷണം കിട്ടാൻ സൗകര്യമുണ്ട്‌. കഴിക്കാൻ ആരോഗ്യവുമുണ്ട്‌. ഇത്തരമൊരവസ്ഥയിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഒരു തരത്തിലുള്ള ഭക്ഷണപാനീയങ്ങളും ഉപയോഗിക്കാതെ ആരെങ്കിലും സാധാരണ ഗതിയിൽ നിൽക്കുമോ? ഇല്ല. വിശപ്പിന്റെയും ദാഹത്തിന്റെയും പ്രശ്നം മാത്രമല്ല അത്‌. ഭക്ഷണം ഒരു പ്രലോഭനവും ശീലവും ഉന്മേഷവും ആനന്ദവും എല്ലാം ആണ്‌‌. അതിന്റെ രുചിയും ഗന്ധവും ശരീരത്തെ അത്രമേൽ കീഴടക്കുന്നുണ്ട്‌. നോമ്പ്‌ ശരീരത്തിന്റെ ആഗ്രഹങ്ങളോടുള്ള സമരമാണ്‌. ദേഹവും അതിന്റെ കൗതുകങ്ങളും സ്നേഹപൂർവം നമുക്ക്‌ സമ്മാനിച്ച പടച്ചവൻ കൽപിച്ച ഒരു സമയദൈർഘ്യത്തിൽ ദേഹേച്ഛകൾക്ക്‌ കടിഞ്ഞാണിടുവാൻ കഴിയുക എന്നതാണ്‌ അതിന്റെ തത്ത്വം.

ശരീരം അല്ലാഹുവിനുവേണ്ടി പട്ടിണി കിടക്കുമ്പോൾ ‘ഭക്ഷണം കിട്ടുന്നത്‌’ ആത്മാവിനാണ്‌. ആത്മാവാണ്‌ യഥാർത്ഥത്തിലുള്ള ‘നമ്മൾ.’ ശരീരം അതിന്റെ വാഹനം മാത്രമാണ്‌. ഭൗതികമായ ആസ്വാദനങ്ങൾക്കുള്ള ഉപകരണമാണത്‌. പക്ഷേ പലപ്പോഴും പലരും ശരീരം മാത്രമായി ചുരുങ്ങും. ശരീരത്തിന്റെ ഇഷ്ടങ്ങൾ പൂർത്തീകരിക്കാനുള്ള പരക്കംപാച്ചിലായി ജീവിതം മാറുമ്പോൾ ആത്മീയ ദാരിദ്ര്യം മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തും. അല്ലാഹുവിന്റെ തൃപ്തിയാണ്‌‌ ആത്മാവിന്റെ സാഫല്യം. അത്‌ നേടാൻ ചിലപ്പോഴൊക്കെ ശരീരത്തിന്‌ നിയന്ത്രണങ്ങൾ വെക്കേണ്ടിവരും. അതിനുള്ള പരിശീലനമാണ്‌ നോമ്പ്‌ നൽകുന്നത്‌. അനശ്വരമായ വിജയത്തിനുവേണ്ടി താൽകാലികമായ ചില സംതൃപ്തികൾ വേണ്ടെന്ന് വെക്കുകയോ നീട്ടിവെക്കുകയോ ചെയ്യാനുള്ള കെൽപുള്ളവർക്ക്‌‌ നോമ്പ്‌ ഇഷ്ടത്തോടെ നോൽക്കാൻ കഴിയും. റബ്ബിന്റെ ഇഷ്ടത്തോടാണ്‌ ഏറ്റവും ഇഷ്ടമെന്ന് വരുന്ന സാത്വികമായ മനോനിലയെ ഭൗതികവാദത്തിന്റെ ഊഷരതക്ക്‌ ഒരിക്കലും മനസ്സിലാകില്ല.

ശരീരം പാപമാണെന്നോ ഭാരമാണെന്നോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. സർവശക്തന്റെ അനുഗ്രഹമാണത്‌. ഇഹലോകത്തിലെ അലങ്കാരങ്ങളും വിഭവങ്ങളും നമ്മുടെ ജീവിതം ആഘോഷമാകാൻ വേണ്ടി തന്നെ അല്ലാഹു കാരുണ്യപൂർവം സംവിധാനിച്ചതാണ്‌. അവയെ നിഷിദ്ധമായി പ്രഖ്യാപിക്കരുതെന്ന് ക്വുർആൻ ഉണർത്തുന്നുണ്ട്‌ (7:32). എന്നാൽ ഐഹിക സുഖാനുഭൂതികളിൽ നിഷിദ്ധമായ ചിലതുണ്ട്‌. അവയിൽ നിന്ന് ശരീരത്തെ കണിശമായി തിരിച്ചുനിർത്താൻ ആത്മാവിന്‌ കഴിയണം. അങ്ങനെ സംഭവിപ്പിക്കാനുള്ള വിശുദ്ധിയും കരുത്തും ആത്മാവിനും വിധേയത്വവും അവധാനതയും ശരീരത്തിനും നൽകാൻ നോമ്പിന്‌ പറ്റും.

പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച്‌ ശരീരകാമനകളെ സന്ദർഭാനുസരണം അടക്കിവെക്കുന്നത് മനുഷ്യന്‌‌ ആത്യന്തികമായി ഒരു നഷ്ടവും ഉണ്ടാക്കുന്നില്ലെന്ന തിരിച്ചറിവാണ്‌ മതം. സത്യവിശ്വാസികളിൽ നിന്ന് അവരുടെ ശരീരം സ്വർഗം വില നിശ്‌ചയിച്ചുകൊണ്ട്‌ അല്ലാഹു വാങ്ങിയിരിക്കുന്നുവെന്ന് യുദ്ധത്തിനു പോകുന്ന പ്രവാചകാനുചരന്മാരെ പരാമർശിച്ചുകൊണ്ട്‌ ക്വുർആൻ പറയുന്നുണ്ട്‌. (9:111). സ്വർഗം കിട്ടുമെങ്കിൽ പിന്നെ ജീവൻ തന്നെ കൊടുത്താലെന്താണ്‌! അല്ലാഹുവിനുവേണ്ടി അനുഭവിക്കുന്ന ദാഹവും ക്ഷീണവും വിശപ്പുമെല്ലാം സൽകർമ്മങ്ങളായി രേഖപ്പെടുത്തപ്പെടും എന്നും ക്വുർആനിൽ തന്നെ കാണാം. (9:120). നോമ്പിന് നാവിന്റെയും ആമാശയത്തിന്റെയും അഭിലാഷങ്ങളെയും ഒതുക്കിവെച്ചത്‌ പരലോകത്ത്‌ നമ്മുടെ തുലാസിൽ കനം തൂങ്ങും എന്നർത്ഥം. അതുവഴി നാമെത്തിപ്പെടുന്ന സ്വർഗത്തിൽ എല്ലാ മോഹങ്ങൾക്കും നിവൃത്തിയുണ്ട്‌; ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സകല മോഹങ്ങൾക്കും!


Tags :


ത്വലാൽ മുറാദ്