Logo

 

തറാവീഹിൽ മനസ്സാന്നിധ്യം ചോരുന്നുവോ?

11 June 2018 | നോമ്പെഴുത്ത്

By

നോമ്പെഴുത്ത്‌-5/ ത്വലാൽ മുറാദ്‌

ഇശാഇനും ഫജ്‌റിനുമിടയിൽ ദിനേന നടക്കുന്ന ദീർഘമായ ആത്മീയ സപര്യയായിരുന്നു തിരുനബിക്ക്‌ രാത്രിനമസ്കാരം. റമദാനിൽ ഏതാനും ദിവസങ്ങളിൽ അവിടുന്ന് അത്‌ പള്ളിയിൽ വന്ന് ജനങ്ങളെയും കൂട്ടി സംഘമായി നമസ്കരിച്ചു. നോമ്പിന്റെ രാത്രികൾ ആ മാതൃക കൊണ്ട്‌ ധന്യമാക്കാൻ മുസ്‌ലിം സമൂഹം ഖലീഫമാരുടെ കാലം മുതൽ തന്നെ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്‌. റമദാനിൽ നോമ്പ്‌ നോറ്റവർക്ക്‌ ചെയ്തുപോയ പാപങ്ങൾ പൊറുത്തുകിട്ടുമെന്ന് പഠിപ്പിച്ച പ്രവാചകൻ, റമദാനിൽ നമസ്കാരത്തിനായി നിന്നവർക്കും അതേ നേട്ടമുണ്ടാകുമെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്‌. പകൽ വ്രതവും രാത്രി തറാവീഹ്‌ നമസ്കാരവും ആണ്‌ റമദാനിലെ ഏറ്റവും സുപ്രധാനമായ ആരാധനാ കർമങ്ങൾ.

വിശ്വാസികൾക്ക്‌ അസുലഭമായ ഈമാനിക നിർവൃതിയാണ്‌ തറാവീഹ്‌ സമ്മാനിക്കുന്നത്‌. വിശുദ്ധ ക്വുർആൻ ഇത്രയധികം പാരായണം ചെയ്ത്‌ നിറുത്തം ദീർഘിപ്പിക്കുന്ന നമസ്കാരം വേറെയില്ല. ഓരോ റക്‌അത്തിലും ഫാതിഹക്കുശേഷം ഇമാമിന്റെ ക്വുർആൻ പാരായണം ഭക്തിയോടെ സശ്രദ്ധം കേട്ടുനിൽക്കുകയാണ്‌ റുകൂഇലേക്ക്‌ പോകുന്നതുവരെ മറ്റുള്ളവർ ചെയ്യുന്നത്‌. മിക്ക പള്ളികളിലും ഇപ്പോൾ ശ്രുതിമധുരമായി ക്വുർആൻ പൂർണ്ണമായി മനപാഠം പാരായണം ചെയ്യാൻ കഴിവുള്ള ഹാഫിദുമാർ ആണ്‌ തറാവീഹിന്‌ നേതൃത്വം നൽകുന്നത്‌. എത്ര മനോഹരമായ അനുഭവമാണത്‌! ഓരോ നാട്ടിലും വിശ്വാസി സമൂഹം ഒരു മാസക്കാലം ഓരോ ദിവസവും പകൽ നോമ്പ്‌ നോറ്റ ശേഷം രാത്രി വൈകി ദീർഘമായി അല്ലാഹുവിന്റെ വചനങ്ങൾ പാരായണം ചെയ്യപ്പെടുന്നത്‌ അച്ചടക്കത്തോടെ തലകുനിച്ച്‌ കൈകെട്ടി മൗനമായി നിന്ന് കേൾക്കുന്നു. ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസത്തിൽ ക്വുർആനിനെ സമുചിതമായി ആദരിക്കുകയും ആഘോഷിക്കുകയുമാണ്‌ തറാവീഹ്‌ നമസ്കാരങ്ങൾ. ക്വുർആനിനുവേണ്ടി ഉറക്കം നഷ്ടപ്പെടുത്തിയവർക്കായി പരലോകത്ത്‌ ക്വുർആൻ അല്ലാഹുവിനോട്‌ ശുപാർശ പറയുമെന്ന് മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചിട്ടുണ്ട്‌ (മുസ്നദ്‌ അഹ്‌മദ്‌).

റമദാനിലെ രാത്രിനമസ്കാരങ്ങളിൽ ഇപ്പോൾ നല്ല ജനപങ്കാളിത്തമുണ്ട്‌. ഇത്‌ തീർച്ചയായും ശുഭസൂചകമാണ്‌. എന്നാൽ രാത്രിനമസ്കാരത്തിൽ മനസ്സാന്നിധ്യം ലഭിക്കുന്നില്ലെന്ന് സങ്കടപ്പെടുന്നവരുടെ എണ്ണം വിരളമല്ല. ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന സമയത്ത്‌ ചിന്തകൾ പലയിടങ്ങളിലായി വ്യാപരിക്കുന്നതാണ്‌ പലരുടെയും പ്രശ്നം. നമസ്കാരം അപ്രായോഗികവും കാൽപനികവുമായ ധ്യാനമല്ല. മനുഷ്യമനസ്സിന്റെ ചാപല്യങ്ങളിൽ നിന്ന് പൂർണമായി മുക്തമാകാൻ ആർക്കും കഴിഞ്ഞുകൊള്ളണം എന്നില്ല. പക്ഷേ മനസ്സാന്നിധ്യം വർധിപ്പിക്കുക സാധ്യമാണ്‌. ക്വുർആനിന്റെ അർത്ഥം മനസ്സിലാകാത്തതാണ്‌ നല്ലൊരു ശതമാനം പേരുടെയും ഏകാഗ്രത ദുർബലമാകാനുള്ള കാരണം. ക്വുർആനിന്റെ കേവലമായ കേൾവി തന്നെ മനസ്സുകളെ ദൈവഭയത്തിലേക്ക്‌ ചേർത്തുനിർത്തും. പക്ഷേ ആശയങ്ങൾ കൂടി ഗ്രഹിക്കുന്നവരിൽ ആണ്‌ ആ പ്രക്രിയ പൂർണാർഥത്തിൽ സംഭവിക്കുന്നത്‌. രാത്രിനമസ്കാരത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്നത്‌ ക്വുർആൻ പാരായണം കേട്ടുകൊണ്ട്‌ നിൽക്കാനാണ്‌. കേൾക്കുന്ന വാചകങ്ങളുടെയൊന്നും സാരം മനസ്സിലാകാത്തവർക്ക്‌ ആ നിർത്തം അതിന്റെ പൂർണതയിൽ ആസ്വദിക്കാനാവില്ലെന്ന കാര്യം സ്പഷ്ടമാണ്‌. ക്വുർആൻ പാരായണത്തിന്റെ കൂടെ മനസ്സ്‌ സഞ്ചരിക്കുന്നവർക്കാണ് തറാവീഹിന്റെ ‌ കൺകുളിർമ്മ ചോരാതെ കിട്ടുക.

ക്വുർആനിലുള്ളത്‌ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ നമ്മോടുള്ള വർത്തമാനമാണ്‌. ക്വുർആൻ വാക്യങ്ങളുടെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള പഠനപരിശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കിൽ പിന്നെയെന്തിനാണ്‌ നമ്മെ കൊള്ളുക! ക്വുർആനിന്റെ അർത്ഥം പഠിക്കുവാനുള്ള അധ്വാനങ്ങൾക്കുള്ള പ്രതിജ്ഞ തന്നെയല്ലേ റമദാനിൽ നമ്മിൽ നിന്ന് സംഭവിക്കേണ്ടത്‌? വേദഗ്രന്ഥം ലഭിച്ചിട്ടും അതിന്റെ അനുശാസനകൾ യഥാവിധി ഗ്രഹിക്കാതിരുന്ന പൂർവിക സമുദായങ്ങളെ ക്വുർആൻ ഗ്രന്ഥക്കെട്ട്‌ ചുമക്കുന്ന കഴുതയോട്‌ ഉപമിക്കുന്നുണ്ട്‌. (68: 5). കഴുതക്ക്‌ ആ പുസ്തകങ്ങളിൽ എന്തൊക്കെയാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നറിയില്ലല്ലോ. മുസ്‌ലിം സമൂഹം അങ്ങനെ ആയിക്കൂടാത്തതാണ്‌. ക്വുർആനിന്റെ വിശദീകരണം അറിയാത്തവരുടെ അവസ്ഥ രാത്രിയുടെ ഇരുട്ടിൽ കിട്ടിയ രാജാവിന്റെ കത്ത്‌ വായിക്കാൻ വിളക്കില്ലാതെ പോയവരുടേതാണെന്ന് ഇമാം ക്വുർത്വുബി.

ക്വുർആനിന്റെ അർത്ഥം മനസ്സിലാകുന്ന അവസ്ഥയിലേക്ക്‌ വളരുക സാമാന്യേന എളുപ്പമാണ്‌. വാക്കുകളും വാചകങ്ങളും ആശയങ്ങളുമെല്ലാം നിരന്തരമായി ആവർത്തിക്കുന്ന ഘടനയാണ്‌ അതിന്റേത്‌. നല്ലൊരു ക്വുർആൻ വ്യാഖ്യാനഗ്രന്ഥത്തിലൂടെ മനസാന്നിധ്യത്തോടെ ഒരാവർത്തി പൂർണമായി വായിച്ച്‌ കടന്നുപോയാൽ തന്നെ ഏത്‌ ക്വുർആൻ ഭാഗവും ശ്രവണമാത്രയിൽ ചെറിയ രീതിയിലെങ്കിലും മനസ്സിനോട്‌ സംവദിക്കുന്ന സാഹചര്യമുണ്ടാകും. അത്രക്കെങ്കിലും ആയാൽ തന്നെ നമ്മുടെ തറാവീഹുകളുടെ ചൈതന്യം വർധിക്കും. ക്വുർആനിന്റെ ഉപദേശങ്ങൾ ഓരോ രാത്രിയും മനസ്സിൽ കയറും. ഓരോ നമസ്കാരം കഴിഞ്ഞിറങ്ങുമ്പോഴും നാം കൂടുതലായി നന്നാകും. അതിനുള്ള പ്രയത്നങ്ങളാരംഭിക്കുക. അതിനാകട്ടെ ഇനി നമ്മുടെ ഒഴിവുസമയങ്ങളെല്ലാം.


Tags :


ത്വലാൽ മുറാദ്