Logo

 

അല്ലാഹുവിന്റെ സ്‌നേഹം വരുന്ന വഴികള്‍

9 June 2018 | നോമ്പെഴുത്ത്

By

നോമ്പെഴുത്ത്‌-4/ ത്വലാൽ മുറാദ്‌

മുഹമ്മദ്‌ നബി (സ) പറഞ്ഞു: ”ഒരു മുസ്‌ലിമിന്‌‌‌ ക്ഷീണമോ രോഗമോ മനോവ്യഥയോ ദുഃഖമോ ഉപദ്രവങ്ങളോ എന്തെങ്കിലും പ്രയാസമോ ശരീരത്തില്‍ ഒരു മുള്ളു തറയ്ക്കുന്നതുപോലുമോ ബാധിക്കുകയാണെങ്കില്‍ അതുകാരണമായി അവന്റെ പാപങ്ങളെ അല്ലാഹു മായ്ച്ചുകൊടുക്കാതിരിക്കുകയില്ല.” (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അഹ്മദ്)

ജീവിതം പ്രതിബന്ധങ്ങളും പാറക്കെട്ടുകളുമില്ലാത്ത വഴയിലൂടെയുള്ള സ്വച്ഛമായ ഒഴുക്കല്ല. അതില്‍ കയറ്റിറക്കങ്ങളേറെയുണ്ടാകും. ജീവിത പ്രയാസങ്ങളില്‍ തളര്‍ന്നുപോകുന്നവരും തകര്‍ന്നുപോകുന്നവരും അനവധിയാണ്. ഒരു തുണ്ട് കയറിലോ ഒരു നുള്ളു വിഷത്തിലോ ഒരു കിണറാഴത്തിലോ റെയില്‍നീളത്തിലോ ജീവിതം എന്ന മനോഹരമായ അനുഭവത്തെ ഗളഛേദം ചെയ്യാന്‍ മാത്രം പതറിപ്പോകുന്നവരുമുണ്ട് അക്കൂട്ടത്തില്‍. അടിച്ചുപൊളിക്കലാണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള പുതുതലമുറയാണ് പരീക്ഷണങ്ങളെ അഭിസംബോധന ചെയ്യാന്‍ ത്രാണിയില്ലാതെ വാടിപ്പോകുന്നവരിലധികവും. ‘ബുദ്ധിമുട്ടു’കളൊന്നും വരാതിരിക്കാന്‍ വേണ്ടി ചരടു കെട്ടുന്നവരും ഹോമം നടത്തുന്നവരും ദര്‍ഗ സന്ദര്‍ശിക്കുന്നവരും ആത്മീയകെട്ടുവേഷങ്ങളുടെ ‘പൊരുത്തം’ വാങ്ങുന്നവരും അവരുടെ ആശ്ലേഷവും ‘അനുഗ്രഹവും’ നേടുന്നവരും അനേകായിരം. അതുവഴി മതവാണിഭക്കാരുടെ ‘സാമ്പത്തിക ബുദ്ധിമുട്ടുകള്‍’ മാത്രമാണ് പരിഹരിക്കപ്പടുന്നത് എന്ന് പാവങ്ങള്‍ക്കറിയില്ല!

ജീവിതത്തിലെ ചെറുതും വലുതുമായ പ്രയാസങ്ങള്‍ എപ്പോഴും തിന്‍മയാകണമെന്നില്ല എന്ന് തിരിച്ചറിയാന്‍ കഴിയുക വിശ്വാസിക്കാണ്. ആശ്വാസത്തിനും പരിഹാരത്തിനും സുരക്ഷയ്ക്കുംവേണ്ടി ജഗന്നിയന്താവിനോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം തന്നെ ജീവിതത്തില്‍ അങ്ങിങ്ങായി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ തന്റെ നന്മയ്ക്കുവേണ്ടിയായിരിക്കുമെന്ന ബോധ്യം മുറുകെ പിടിക്കുന്നവനുമായിരിക്കും അവന്‍. ഭാവി, മനുഷ്യനെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അജ്ഞാതമാണ്. ഏതൊക്കെ വളവുകളിലൂടെയാണ് തന്റെ ജീവിതം നാളെ തിരിഞ്ഞുപോകാനുള്ളതെന്ന് ആര്‍ക്കുമറിയില്ല. താന്‍ ശപിക്കുകയോ വെറുക്കുകയോ ചെയ്ത പ്രയാസകരമായ ജീവിതസന്ദര്‍ഭങ്ങള്‍ തന്റെ പില്‍ക്കാല ജീവിതത്തെ അയത്‌നലളിതമാക്കിയത് ഒരാള്‍ക്ക് തിരിച്ചറിയാനാവുക അയാള്‍ ആ ‘പില്‍കാല’ ജീവിതത്തില്‍ എത്തുമ്പോള്‍ മാത്രമാണ്. അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് ജീവിതത്തില്‍ ഓരോന്നും സംഭവിക്കുന്നതെന്നും തന്റെ നന്മക്ക് എന്തെല്ലാമാണ് നടക്കേണ്ടതെന്ന് അവന് പൂര്‍ണ്ണമായി അറിയാമെന്നും അവന്‍ തന്നെ അളവില്ലാതെ സ്‌നേഹിക്കുന്നുവെന്നും പഠിച്ചിട്ടുള്ള സത്യവിശ്വാസിക്ക്, ഏത് പ്രാതികൂല്യത്തെയും അല്ലാഹുവിന്റെ സമ്മാനമായും ഭാവിയിലേക്കുള്ള കരുതിവെപ്പായും സസന്തോഷം സ്വീകരിക്കാന്‍ കഴിയും. നമ്മുടെ ഭാവിയറിയുന്ന അല്ലാഹവിനാണല്ലോ, ഭാവിക്കുവേണ്ട പാഥേയം നിര്‍ണയിച്ച് നമുക്ക് നല്‍കാന്‍ കഴിയുക! ഭാവിയെന്തെന്നറിയാത്ത നമുക്കെങ്ങനെയാണ്, ‘അല്ലാഹു എനിക്കിപ്പോള്‍ നല്‍കേണ്ടത് ഇതായിരുന്നില്ല’ എന്ന് കലഹിക്കാനാവുക!

ഭാവി അനന്തമായി നീളുന്നത് പരലോകത്തേക്കാണ് എന്ന വസ്തുതയാണ് വിശ്വാസിയുടെ ജീവിതവീക്ഷണത്തെ നിയന്ത്രിക്കുന്നത്. ജീവിതത്തിലെ ഏതൊരു ചെറിയ പ്രയാസവും പരലോകത്തേക്കുള്ള മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ കഴിയുമെന്ന അന്തിമപ്രവാചകന്റെ സുവിശേഷം, കൊടിയ വേദനകളിലും മനമറിഞ്ഞ് പുഞ്ചിരിക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുക തന്നെ ചെയ്യും. ക്ഷീണവും രോഗവും ദുഃഖവും പ്രയാസവും ഉണ്ടാകാത്ത ആരാണ് ലോകത്തുള്ളത്? എന്നാല്‍ അവ വഴി പ്രപഞ്ചരക്ഷിതാവ് തന്റെ പാപങ്ങള്‍ കരിച്ചുകളയുകയും തന്നെ പരിശുദ്ധനാക്കുകയും സ്വര്‍ഗത്തിലേക്കടുപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നാണ് നബി (സ) പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ ഇഷ്ടം അവന്റെ പ്രിയപ്പെട്ട അടിമയുടെ ജീവിതത്തിലേക്ക് കാലില്‍ തറയ്ക്കുന്ന ഒരു മുള്ളിന്റെ രൂപത്തില്‍ പോലും വരാം എന്ന തിരിച്ചറിവ് നിങ്ങളുടെയും കണ്ണു നനയ്ക്കുന്നില്ലേ?

നോമ്പ്‌ നമ്മിൽ നിറയ്ക്കുന്നത്‌ അല്ലാഹുവിനെക്കുറിച്ചുള്ള ഓർമ്മയും ബോധവുമാണ്‌. ജീവിതം തുറിച്ചുനോക്കുമ്പോഴൊക്കെയും പടച്ചവന്റെ പദ്ധതികൾ ചുരുൾ നിവരുന്നത്‌ കാണാനുള്ള ക്ഷമയോടെ പുഞ്ചിരിക്കാനുള്ള തിരിച്ചറിവിലേക്കാണ്‌ ആ ബോധവും ഓർമ്മയും വളർത്തുന്നത്‌. നോമ്പിന്റെ വിശപ്പും ദാഹവും വികാരവിലക്കും അനർഘസൗഭാഗ്യങ്ങൾ പകരം നൽകാനാണ്‌ അല്ലാഹു സംവിധാനിച്ചിരിക്കുന്നതെന്ന വസ്തുത തന്നെ നമുക്ക്‌ മതിയായ സന്ദേശമല്ലേ!


Tags :


ത്വലാൽ മുറാദ്