Logo

 

ഭക്തി എന്നാൽ ഒളിച്ചോട്ടമല്ല

8 June 2018 | നോമ്പെഴുത്ത്

By

നോമ്പെഴുത്ത്‌-3/ ത്വലാൽ മുറാദ്‌

ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് ഇസ്‌ലാമിക പ്രബോധന രംഗത്ത് ആവേശപൂര്‍വം ഓടിനടന്നിരുന്ന പഴയ സുഹൃത്തിനെ അവിചാരിതമായി വീണ്ടും കണ്ടുമുട്ടിയത്. സമൂഹമധ്യത്തില്‍ എഴുന്നേറ്റുനിന്ന് പൊതുജനങ്ങള്‍ക്ക് ഇസ്‌ലാം എത്തിച്ചുകൊടുക്കാനുള്ള പ്രബോധക കൂട്ടായ്മകളുടെ അധ്വാനങ്ങള്‍ക്ക് ആത്മീയമായ ‘നനവ്’ പോരാഞ്ഞിട്ട്, അത്തരം ‘ഇടപാടുകള്‍’ അവസാനിപ്പിച്ച് ഹൈദരാബാദിലെ ഒരു സ്വൂഫീ ഖാന്‍ഖാഹില്‍ നാല്‍പതുദിവസത്തെ ‘ഭക്തിപരിശീലന’ കോഴ്‌സിനുപോയി മടങ്ങിവരികയായിരുന്നു അദ്ദേഹം! അല്ലാഹുവിനെ ‘അനുഭവിക്കുക’യെന്ന പേരില്‍ ആര്യ സവർണ അദ്വൈതപാഠങ്ങളാണ്‌ ‘ഭക്തി’യുടെ മധുരം തേടിയെത്തിയ അവന്റെ മനസ്സിലേക്ക് ത്വരീക്വത്തുകാര്‍ അറബിവാക്കുകളിൽ പകര്‍ന്നിട്ടുള്ളതെന്നും സമൂഹവുമായുള്ള ബന്ധങ്ങള്‍ അറുത്തുമാറ്റിയുള്ള ‘സാധനകള്‍’ വഴി ആസ്വദിക്കാനായിയെന്ന് അവന്‍ ആണയിട്ട ‘മന:ശാന്തി’ പൈശാചികജന്യമായ വിഭ്രാന്തിയാണെന്നും തുടര്‍ന്നുള്ള സംസാരങ്ങളില്‍നിന്ന് സുതരാം വ്യക്തമായിരുന്നു. ഏതോ ഒരു ‘ശൈഖിനെ’ ആത്മീയാചാര്യനായി പ്രതിഷ്ഠിച്ച് അയാളുമൊത്തുള്ള സഹവാസം വഴി ലഭിക്കുന്ന ‘അനുഭൂതികള്‍’ പ്രവാചകസാമീപ്യം അനുചരന്‍മാരില്‍ നിറച്ച നിര്‍വൃതിയുടെ വഴിയിലുള്ളതാണെന്ന തെറ്റുധാരണയില്‍ ഉഴറി നടക്കുകയാണ് കക്ഷി എന്നു മനസ്സിലായപ്പോള്‍ ശരിക്കും സങ്കടം തോന്നി. ഇനിയുള്ള ജീവിതത്തില്‍ അയാള്‍ നിർദേശിക്കുന്ന ‘ആത്മീയ’ ചടങ്ങുകള്‍ നിർവ്വഹിച്ചും ഇടയ്ക്കിടെ ഹൈദരാബാദില്‍ പോയി വിശ്വാസം ഊട്ടിയുറപ്പിച്ചും അവന്‍ ‘സമാധാനം’ അനുഭവിക്കും; പ്രപഞ്ചനാഥനെ മാത്രമാണ് ആരാധിക്കേണ്ടതെന്ന ലളിത സത്യം പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള പൊതുജനസമ്പര്‍ക്കങ്ങളിലേര്‍പെടുന്നവരുടെ ‘ആത്മീയദാരിദ്ര്യ’ത്തെ നോക്കി പരിതപിക്കും!

കേരളത്തിലെ മുസ്‌ലിംകളെ വിശ്വാസപരമായി സംസ്‌കരിക്കുന്നതിനുവേണ്ടി ഊര്‍ജം ചെലവഴിച്ചിരുന്ന ചില പണ്ഡിതന്മാർ തങ്ങളുടെ പൈതൃകത്തിൽനിന്ന് തെറ്റി ആത്മീയതീവ്രതയുടെ ‘ശുദ്ധി’ദ്വീപുകളിലേക്ക് പലായനം ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുന്നത് ഈയിടെ കേള്‍ക്കേണ്ടി വന്നവരാണ് മലയാളി മുസ്‌ലിംകൾ. ഇന്‍ഡ്യയെപ്പോലൊരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ തിന്‍മകള്‍ ജീവിതത്തെ സ്പര്‍ശിക്കാനുള്ള സാധ്യത ഏറെയായതിനാല്‍ സാമൂഹ്യജീവിതത്തിന്റെ വൃത്തം പരമാവധി ചെറുതാക്കിക്കൊണ്ടുവരാന്‍ മുസ്‌ലിം യുവാക്കളെ ആഹ്വാനം ചെയ്യുകയാണ് അവരിൽ ചിലർ. പ്രബോധനാവശ്യാര്‍ത്ഥമുള്ള സംഘടനാ സംവിധാനങ്ങള്‍പോലും അനാവശ്യമായ ‘ബഹളങ്ങള്‍’ ആണെന്ന് അവർക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് ഇവിടെ പ്രബോധനപരിശ്രമങ്ങള്‍ നടത്തുന്നതിന് പകരം കാനനഛായകളിലോ മധ്യേഷ്യയിലെ മരുപ്പറമ്പുകളിലോ തമ്പുകെട്ടിയുള്ള ജീവിതത്തിന്‌ പോകലാണ് മലയാളി മുസ്‌ലിമിന്റെ ഇസ്‌ലാമിക ധര്‍മ്മം എന്ന് ധ്വനിപ്പിക്കുന്നവര്‍ നല്‍കുന്ന അപകട സൂചന ചെറുതാണോ?

ആത്മീയത എന്നാല്‍ ഗുഹാവാസമാണെന്ന് കരുതുന്നവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹു സമ്മാനമായി നല്‍കിയ ജീവിതം അവന്റെ മാര്‍ഗത്തില്‍ ഓടിത്തീര്‍ക്കാനുള്ളതാണ്, അല്ലാതെ ‘തപസ്സുകളില്‍’ അഭിരമിച്ച് മുരടിപ്പിക്കാനുള്ളതല്ല എന്ന തിരിച്ചറിവാണ് ഇസ്‌ലാമിക ആത്മീയതയുടെ അടിത്തറ. ഒരു മുസ്‌ലിം യുവാവ് ആത്മീയ വിശുദ്ധി കൈവരിക്കുന്നതിന്റെ ലക്ഷണം അല്ലാഹുവിന്റെ സന്ദേശവുമായി അവന്‍ ജനങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുന്നതാണ്, അല്ലാതെ അവരില്‍നിന്നകന്നുമാറി ധ്യാനനിമഗ്നനാകുന്നതല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. ദിവ്യബോധനം നല്‍കിയ ഊര്‍ജം സിരകളില്‍ നിറച്ച് ഹിറാഗുഹയുടെ ഏകാന്തതയില്‍ നിന്ന് മക്കന്‍ സാമൂഹ്യ മുഖ്യധാരയിലേക്ക് ഏകദൈവാരാധനയുടെ പ്രഘോഷണവുമായുള്ള ഇറങ്ങിവരവാണ് മുഹമ്മദ് നബി(സ)യുടെ പ്രവാചക ജീവിതത്തിന്റെ നാന്ദി. ബഹുസ്വരതയെ ഒരു ശാപമായിട്ടല്ല, അവസരമായിട്ടാണ് പ്രവാചകന്മാരഖിലവും കണ്ടത്. സത്യനിഷേധികളുടെ മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ തോണി ക്ഷമാപൂര്‍വം തുഴയുകയായിരുന്നു അവര്‍; അല്ലാതെ വിശ്വാസികള്‍ മാത്രമുള്ള ഇടങ്ങളിലെ ‘ശാന്തി’ തേടി യാത്രയാവുകയായിരുന്നില്ല. എല്ലാ തിന്മകളും നടമാടിയിരുന്ന മക്കയിലെ ഉക്കാദ ചന്തയില്‍ വരെ പോയി സത്യപ്രബോധനത്തിനു പരിശ്രമിച്ച പ്രവാചകന്റെ പേരില്‍ തന്നെയാണ് ഇവര്‍ ഈ സന്യാസം പ്രചരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സങ്കടം.

സ്വൂഫിസം സമ്മാനിച്ച വ്യാജ ആത്മീയലഹരിയില്‍നിന്ന് വിമോചിതരായി സമൂഹമധ്യത്തിലേക്ക് ഇസ്‌ലാമിക പ്രബോധനവുമായി പാഞ്ഞുചെല്ലാനും അല്ലാഹുവിന്റെ തൃപ്തി അതിലാണെന്ന് മനസ്സിലാക്കാനും പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ സന്നദ്ധമായി എന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിനുണ്ടായ ഏറ്റവും മനോഹരമായ അനുഭവം. രണ്ടായിരത്തിനുശേഷം ലോകത്തിനുതന്നെ മാതൃകയാകുന്ന ഇസ്‌ലാമിക പ്രബോധന പദ്ധതികള്‍ക്കാണ് കേരളീയ മുസ്‌ലിം യുവത്വം ചുക്കാന്‍ പിടിച്ചത്. ഒരു ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥിതിക്കു കീഴില്‍ സമ്യക്കായ ഇസ്‌ലാമിക പ്രബോധനശൈലി എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന ചോദ്യത്തിന് കേരളം ഉത്തരമാവുകയായിരുന്നു. അതില്‍ വിറളിപിടിച്ച ശത്രുകരങ്ങളാണ് പല കോലങ്ങളിലുള്ള ‘ആത്മീയറാഞ്ചലുകള്‍ക്ക്’ മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ ആശയപരിസരമൊരുക്കുന്നത് എന്ന സംശയത്തെ തീര്‍ത്തും അവഗണിക്കാമോ?

ക്വുർആൻ പാരായണത്തിന്റെ നൈരന്തര്യമാകണം റമദാനിന്റെ അവസാനത്തെ പകലിരവുകളിൽ നമ്മെ ധന്യമാക്കുന്നത്‌. ക്വുർആനിനെ അറിയാൻ ഭാഗ്യമുണ്ടായിട്ടില്ലാത്ത അനേകർ നമുക്കു ചുറ്റുമുണ്ട്‌. ഹിറയിൽ നിന്ന് പ്രസരിച്ച വെളിച്ചത്തിനായി കാത്തിരിക്കുന്നവർക്കിടയിലേക്ക്‌ അതുമായി ഓടിക്കയറാനാണ്‌, അല്ലാതെ അവരിൽ നിന്ന് ഓടിയകലാനല്ല നോമ്പ്‌ കഴിയുമ്പോൾ നമ്മുടെ കാല്‌ തരിക്കേണ്ടത്‌.


Tags :


ത്വലാൽ മുറാദ്