Logo

 

ഒന്നാം സ്വാതന്ത്ര്യസമരത്തിന് 160 വയസ്സ്

9 May 2017 | Feature

By

മീററ്റ്: ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പരമ്പരാഗതമായി വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യൻ സായുധ മുന്നേറ്റത്തിന് 160 വയസ്സ് തികയുന്നു. ഉത്തരേന്ത്യയെ ഇളക്കിമറിച്ചുകൊണ്ട് ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കെതിരിൽ നാട്ടുരാജാക്കന്മാരും സൈനികരും മതപണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം അണിനിരന്ന് കൊടുമ്പിരികൊണ്ട ‘യുദ്ധം’ എല്ലാ അർത്ഥത്തിലും ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. സൂറത്തിൽ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് കൊല്കത്തയിലേക്കും വികസിക്കുകയും നാട്ടുരാജാക്കന്മാരെ വിറപ്പിക്കുകയും ചെയ്ത ഈസ്റ്റ് ഇൻഡ്യാ കമ്പനി മുഗൾ സാമ്രാജ്യത്തിന് അന്ത്യം കുറിക്കാനും അതുവഴി ദൽഹി അധീനപ്പെടുത്താനുമുള്ള ആസൂത്രണങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് 1857ൽ വ്യാപകമായിരുന്ന തദ്ദേശീയ അസംതൃപ്തികൾ  കൊളോണിയൽ വിരുദ്ധ രക്തവിപ്ലവമായി പൊട്ടിത്തെറിച്ചത്.

ഇന്നത്തെ ഉത്തർ പ്രദേശിലെ മീററ്റിലെ ബ്രിട്ടീഷ് പട്ടാള കന്റോണ്മെന്റിൽ നിന്നായിരുന്നു സംഭവവികാസങ്ങളുടെ പൊടുന്നനെയുള്ള തുടക്കം. കമ്പനിയുടെ പട്ടാളത്തിൽ ബ്രിട്ടീഷുകാർക്ക് പുറമെ തൊഴിലും കൂലിയും ആഗ്രഹിച്ചെത്തിയ ഇന്ത്യക്കാരുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. ശിപായികൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. പല്ലുകൊണ്ട് കടിച്ചുപയോഗിക്കേണ്ട വെടിയുണ്ടകൾ  ഈസ്റ്റ് ഇൻഡ്യാ കമ്പനി പശുവിന്റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ച് നിർമിക്കാൻ ആരംഭിച്ചത് കന്റോണ്മെന്റിലെ ഹിന്ദു-മുസ്‌ലിം ശിപായികളെ മതപരമായ കാരണങ്ങളാൽ  അസ്വസ്ഥരാക്കിയിരുന്നു. 1857 ഏപ്രിൽ അവസാനം അവരിൽ ചിലർ പട്ടാളക്ക്യാമ്പിൽ കലാപം നടത്തി. കലാപകാരികളോടുള്ള സൈനിക കോടതിയുടെ സമീപനം നിർദയവും ക്രൂരവുമായിരുന്നു.

മെയ് 6, 7, 8 തിയതികളിൽ നടന്ന വിചാരണക്കുശേഷം ഒൻപതാം തിയതി മുഴുവൻ സൈനികരെയും ഒരുമിച്ചുകൂട്ടി അവരുടെ മുന്നിൽ വെച്ച്‌ കലാപകാരികളെ അതിനീചമാം വിധം പരസ്യമായി അപമാനിച്ചാണ്‌ ശിക്ഷകൾ പ്രഖ്യാപിക്കപ്പെട്ടത്‌. ഇത്‌ മറ്റു ശിപായികളുടെ മനസ്സിലുണ്ടാക്കിയ മുറിവ്‌ അതിഭീകരമായിരുന്നു. പത്താം തിയതി മീററ്റ്‌ അവരുടെ മുൻകയ്യിൽ ബ്രിട്ടീഷ്‌ വിരുദ്ധ കലാപഭൂമിയായി. പതിനൊന്നാം തിയതി അവർ അധികം വിദൂരമല്ലാത്ത ദൽഹിയിൽ മാർച്ച്‌ ചെയ്തെത്തുകയും ചെങ്കോട്ടയിൽ ചെന്ന് മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർശാ സഫറിനോട്‌ തങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്‌ വടക്കേ ഇന്ത്യ കത്തുകയായിരുന്നു. ബഹദൂർ ശാ ആണ്‌ ഇന്ത്യയുടെ യഥാർത്ഥ ചക്രവർത്തി എന്നും ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ നാട്‌ ഭരിക്കാനവകാശമില്ലെന്നും പ്രഖ്യാപിച്ച്‌ ശിപായികളും സാധാരണക്കാരും ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം സായുധരായി തെരുവിൽ ഇറങ്ങുകയും ബ്രിട്ടീഷ്‌ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഝാൻസി റാണി, താന്തിയാ തോപ്പി, നാനാ സാഹിബ്‌, കൺവർ സിംഗ്‌ തുടങ്ങിയ പ്രാദേശിക ഭരണാധികാരികൾ കലാപത്തിന്റെ മുന്നണിപ്പോരാളികൾ ആയതോടെ ഉത്തരേന്ത്യ ഒരു ബ്രിട്ടീഷ്‌ വിരുദ്ധ രാഷ്ട്രീയ ഏകകമാണെന്ന പ്രതീതിയുണ്ടായി.

അപ്രതീക്ഷിതമായ ഇൻഡ്യൻ ഉയിർപ്പിനെ ഏതാനും ആഴ്ചകൾക്കുശേഷം കമ്പനി പൂർണമായി അടിച്ചമർത്തി. ബ്രിട്ടീഷ്‌ പ്രതികാരം യാതൊരു ദയാദാക്ഷിണ്യവും ഇല്ലാത്തതായിരുന്നു. ഡൽഹിയാണ്‌ ഏറ്റവും തീവ്രതയിൽ ഇതനുഭവിച്ചത്‌. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനിറങ്ങിയ ബ്രിട്ടീഷ്‌ പട്ടാളം ഇന്ന് പഴയ ഡൽഹി എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഒരു ശവപ്പറമ്പാക്കി മാറ്റി. ചെങ്കോട്ടക്കും ജുമാ മസ്ജിദിനും ചുറ്റുമായി അധിവസിച്ചിരുന്ന മുസ്ലിംകളായിരുന്നു ബ്രിട്ടീഷ്‌ കിരാതനൃത്തത്തിന്റെ ഇരകളിൽ ബഹുഭൂരിപക്ഷവും. മുഗൾ കൊട്ടാരമായിരുന്ന ചെങ്കോട്ട ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായി. മുഗള കുടുംബവും ആശ്രിതരും കടുത്ത ശിക്ഷകൾക്കും അപമാനത്തിനും പാത്രമായി. ബഹദൂർ ശാ സഫറിനെ റംഗൂണിലേക്ക്‌ നാടു കടത്തി. അവിടെ വെച്ച്‌ ആരോരുമറിയാതെ മാഹാനായ ആ മുഗൾ ചക്രവർത്തി നിര്യാതനായി. നൂറ്റാണ്ടുകളുടെ പൈതൃകവുമായി തലയുയർത്തി നിന്നിരുന്ന മുഗള രാജവംശത്തിന്റെ ചരമക്കുറിപ്പെഴുതി ഡൽഹി ബ്രിട്ടീഷ്‌ സ്വത്തായി മാറിയതായിരുന്നു 1857ന്റെ ഏറ്റവും മാരകമായ പരിണിതികളിൽ ഒന്ന്.

ഒന്നാം സ്വാതന്ത്ര്യസമരം ലണ്ടനിൽ ഉൽപാദിപ്പിച്ച ചർച്ചകളുടെ ഫലമായി 1858ൽ ഈസ്റ്റ്‌ ഇൻഡ്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ്‌ രാജ്ഞി കമ്പനി നിയന്ത്രിച്ചിരുന്ന ഇൻഡ്യൻ ഭൂപ്രദേശങ്ങളുടെ ഭരണം നേരിട്ടേറ്റെടുത്തു. ഇതോടെ ബ്രിട്ടീഷ്‌ ഗവൺമന്റ്‌ തന്നെയായി കൊളോണിയലിസത്തിന്റെ നേർക്കുനേരെയുള്ള രൂപം. ഇൻഡ്യക്കാരിൽ പലരും സാഹചര്യത്തിൽ വന്ന മാറ്റത്തോട്‌ പ്രതികരിച്ചും 1857ലെ ദുരനുഭവങ്ങളിൽ നിന്ന് പാഠംപഠിച്ചും സൈനിക പ്രതിരോധത്തിനു പകരം ജനാധിപത്യപരമായ രാഷ്രീയ പ്രതിരോധങ്ങളെക്കുറിച്ച്‌ ആലോചിക്കാൻ തുടങ്ങി. 1885ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്‌ രൂപീകരിക്കപ്പെടാനുണ്ടായ സാഹചര്യം ഇതായിരുന്നു.

മുസ്ലിം പണ്ഡിതന്മാരായിരുന്നു 1857ലെ മുന്നേറ്റത്തിന്‌ പരിസരം ഒരുക്കിയ ബ്രിട്ടീഷ്‌ വിരുദ്ധ വികാരങ്ങളുടെ സൈദ്ധാന്തിക ശിൽപികൾ. ശാ വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ചിന്തകളിൽനിന്നും അവയുടെ വെളിച്ചത്തിൽ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടം നടത്തി രക്തസാക്ഷിയായ സയ്യിദ്‌ അഹ്‌മദ്‌ ശഹീദിന്റെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഉത്തരേന്ത്യൻ മുസ്ലിം ബുദ്ധിജീവികൾ സമരത്തിന്റെ ചാലകശക്തിയായി മാറി. സമരം അടിച്ചമർത്തിയ ശേഷം സമരത്തിൽ ഭാഗഭാക്കായവരിൽ നല്ലൊരു ശതമാനത്തെയും അന്തമാനിലേക്ക്‌ നാടു കടത്തുകയും അവിടെവെച്ച്‌ കിരാതമായി പീഡിപ്പിക്കുകയുമാണ്‌ ബ്രിട്ടീഷ്‌ സർക്കാർ ചെയ്തത്‌. കാട്ടുനിവാസികൾ മാത്രമുണ്ടായിരുന്ന അന്തമാൻ ദ്വീപുകളിൽ ബ്രിട്ടീഷുകാർ നാഗരികതയുണ്ടാക്കിയത്‌ അടിമസമാനം ഒന്നാം സ്വാതന്ത്ര്യസമര സേനാനികളെ പണിയെടുപ്പിച്ചാണ്‌. ഇവരിൽ പ്രഖ്യാതരായ പല മുസ്ലിം പണ്ഡിതന്മാരും ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗത്തെയും ബ്രിട്ടീഷുകാർ ‘പ്രശ്നക്കാരായ വഹ്ഹാബികൾ’ ആയി മുദ്രകുത്തി.
1857 ഇന്ത്യൻ മുസ്ലിംകൾക്ക്‌ സമ്മാനിച്ച ദുരനുഭവങ്ങളുടെ നേർസാക്ഷി ആയിരുന്നു സർ സയ്യിദ്‌ അഹ്മദ്‌ ഖാൻ. അങ്ങനെയാണ്‌ അദ്ദേഹം സമുദായ സമുദ്ധാരണത്തെക്കുറിച്ച്‌ ഗൗരവതരമായി ആലോചിച്ചു തുടങ്ങുന്നതും ആംഗ്ലോ മുഹമ്മദൻ ഓറിയന്റൽ കോളജ്‌ സ്ഥാപിക്കുന്നതും. ഇത്‌ പിന്നീട്‌ അലിഗർ മുസ്ലിം സർവകലാശാലയായി വികസിക്കുകയും മുസ്ലിം ലീഗ്‌ രാഷ്ട്രീയത്തിന്‌ സൈദ്ധാന്തിക പരിസരം ഒരുക്കുകയും ചെയ്തു.


Tags :


mm

Admin