Logo

 

അങ്ങാടിപ്പുറം വിശേഷങ്ങൾ

16 May 2017 | Feature

By

അബ്ദുല്‍ ഹാദി. റ്റി

മലപ്പുറം ജില്ലയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങളിലൊന്നാണ് അങ്ങാടിപ്പുറം. പഴയ വള്ളുവനാടിന്റെ തലസ്ഥാനമായതിനാല്‍ വള്ളുവ നഗരം എന്നാണ് അങ്ങാടിപ്പുറത്തെ വിളിച്ചിരുന്നത്. ഏതാണ്ട് 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ വള്ളുവനഗരം വാണിജ്യമേഖലയിലും മറ്റും പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ചേര രാജാക്കന്‍മാരുടെ പ്രവിശ്യയിലുള്‍പ്പെട്ടതായിരുന്നു വള്ളുവനാട്. അതിന്റെ ഭരണം ലഭിച്ചത് ആറങ്ങോട്ടു സ്വരൂപത്തിനാണ്; പ്രദേശത്തെ പ്രമാണികള്‍ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്നതിനാല്‍ അവര്‍ വള്ളുവനാട് സ്വരൂപം എന്നും വിളിക്കപ്പെട്ടു. അവരുടെ ഗവര്‍ണര്‍മാര്‍ വെള്ളാട്ടിരികള്‍ എന്നറിയപ്പെട്ടിരുന്നു.

വള്ളുവനാട് സ്വരൂപം രാജവംശത്തിന്റെ കീഴിലായിരുന്നതിനാല്‍ അവരുടെ കുലദൈവമായ ഭഗവതിയെ പ്രതിഷ്ഠയാക്കി ഒരു അമ്പലം നിര്‍മിക്കപ്പെട്ടു. അതാണ് തിരുമാണ്ഡംകുന്ന് ക്ഷേത്രം എന്നറിയപ്പെടുന്നത്. ഈ ഭഗവതിയുടെ ഉപാസകനായിരുന്ന പൂന്താനം നമ്പൂതിരിയുടെ ഇല്ലം അങ്ങാടിപ്പുറത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.

വള്ളുവക്കോനാതിരിമാര്‍ അങ്ങാടിപ്പുറത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ദശക്കണക്കിന് ക്ഷേത്രങ്ങള്‍ പണിതു. എല്ലാത്തിന്റെയും ചരിത്രം ഉദ്ധരിക്കുന്നതിന് പകരം പേരുകള്‍ മാത്രം താഴെ കൊടുക്കുന്നു.

1. തളി ക്ഷേത്രം

2. തിരുമാന്ധാംകുന്ന് ക്ഷേത്രം

3. പുല്ലൂര്‍ക്കാട് വിഷ്ണു ക്ഷേത്രം

4. മുതുവറ വിഷ്ണു ക്ഷേത്രം

5. മാണിക്യപുരം ക്ഷേത്രം

6. അയ്യപ്പ ക്ഷേത്രം

7. നരസിംഹ ക്ഷേത്രം

8. പുത്തൂര്‍ അമ്പലം

9. കൃഷ്ണ ക്ഷേത്രം

ഇത്രയും ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടാണ് അങ്ങാടിപ്പുറത്തെ ക്ഷേത്രനഗരം എന്നു വിളിക്കുന്നത്.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തിവന്നിരുന്ന പ്രസിദ്ധമായ ഉത്സവമാണ് മാമാങ്കം. വള്ളുവനാട് വള്ളുവക്കോനാതിരിമാരും മലബാര്‍ ഭരിച്ചിരുന്ന സാമൂതിരിമാരും തമ്മില്‍ നിര്‍ഭാഗ്യവശാല്‍ ഒരുതരം ശത്രുത നിലനിന്നിരുന്നു. അത് പ്രതിഫലിച്ചത് മാമാങ്കത്തിലൂടെയാണ്. ഗജവീരന്‍മാരുടെ സാന്നിധ്യവും ജനപിന്തുണയും മാമാങ്കത്തിനുണ്ടായിരുന്നു. അതോടൊപ്പം തന്നെ കാര്‍മികത്വം വഹിക്കല്‍ ഒരു അംഗീകാരമായിരുന്നു.

അഭ്യാസികളും ധീരരുമായ അങ്ങാടിപ്പുറത്തെ നിരവധി ചാവേറുകള്‍ മാമാങ്ക നാളില്‍ സാമൂതിരിയോടേറ്റുമുട്ടുകയുണ്ടായി. പ്രത്യേകം പരിശീലനം സിദ്ധിച്ച പോരാളികള്‍ മാമാങ്കനാളില്‍ ആയുധങ്ങളുമായി സാമൂതിരിയുടെ ആളുകളോടേറ്റുമുട്ടി വീരമൃത്യു വരിച്ചു; മരണം അവര്‍ ഉറപ്പിച്ചതായിരുന്നു. കാരണം ശതക്കണക്കിന് ഭടന്‍മാര്‍ സാമൂതിരിക്കുചുറ്റും കുന്തം കൊണ്ടും വാളുകൊണ്ടും കോട്ടയൊരുക്കിയിരുന്നു. അത് ഭേദിക്കുക അസാധ്യമായിരുന്നു. എന്നിട്ടും സാമൂതിരിയുടെ തൊട്ടുമുന്നില്‍വരെ എത്തിയ ചുണക്കുട്ടികളായ തങ്ങളുടെ പൂര്‍വികരെക്കുറിച്ച് തലനരച്ചവര്‍ ഇപ്പോഴും അയവിറക്കാറുണ്ട്. ചാവേറുകള്‍‍ മാമാങ്കത്തിന്‌ പുറപ്പെടാറുള്ള തറ ഇന്നും തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലുണ്ട്.

അങ്ങാടിപ്പുറം ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഇപ്പോഴും അതങ്ങനെത്തന്നെ. ഹൈന്ദവര്‍ താരതമ്യേന കുറവായിരുന്നു. അന്നത്തെ മുസ്ലിം വ്യവഹാരപ്രശ്‌നങ്ങളും മറ്റും അറബി-മലയാള ലിപിയില്‍ രേഖപ്പെടുത്തി വെച്ചത് ഇപ്പോഴും പള്ളികളുമായി ബന്ധിപ്പിച്ച ലൈബ്രറികളില്‍ ലഭ്യമാണ്. കാരണം അന്നത്തെ കുടുംബപ്രശ്‌നങ്ങളും തര്‍ക്കങ്ങളും സായാഹ്ന നമസ്‌കാരത്തിനുശേഷം അവര്‍ പള്ളികളില്‍വെച്ച് പരിഹരിക്കാറുണ്ടായിരുന്നു. മാപ്പിള മുസ്‌ലിം പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കുന്ന അറബനമുട്ട്, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയവയെല്ലാം ഇന്നും അങ്ങാടിപ്പുറത്ത് തനിമ ചോരാതെ നിലനില്‍ക്കുന്നു.

ബ്രിട്ടീഷ്‌ വൈദേശികാധിപത്യത്തിന്റെ ചൊല്‍പിടിയില്‍ നിന്നും ജന്മി മേധാവിത്വത്തിന്റെ ചങ്ങലകളിൽ നിന്നും കേരളീയരെ രക്ഷിക്കാന്‍ കാലം ആവശ്യപ്പെട്ട രണ്ടു നേതാക്കളെത്തിയിരുന്നു; അവർ രണ്ടു പേരും ഈ പ്രദേശത്തുകാർ ആയിരുന്നു. പ്രതിഭാധനരായ അവരില്‍ ഒരാള്‍ കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും മറ്റൊരാള്‍ എം.പി നാരായണമേനോനുമാണ്. ഇവരായിരുന്നു മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും കുടിയാൻ പ്രസ്ഥാനത്തിന്റെയും തുടക്കക്കാർ.

അങ്ങാടിപ്പുറം പഞ്ചായത്തിലെ പുഴക്കാട്ടിരി, കരിഞ്ചാപ്പാടിയിലാണ്‌ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു ആറുവര്‍ഷം മുന്‍പ് കട്ടിലശ്ശേരിയുടെ ജനനം. ഇതേസ്ഥലത്ത് 1887ലാണ് മുതല്‍പ്പാടത്ത് നാരായണ മേനോന്‍ എന്ന എം.പി നാരായണ മേനോന്‍ പിറക്കുന്നത്. കട്ടിലശ്ശേരി തന്റെ പിതാവിന്റെ ശിഷ്യത്വത്തിലായിരുന്നു ചെറുപ്പത്തില്‍. തുടര്‍ന്ന് പൊന്നാനിയിലും പിന്നീട് വെല്ലൂർ ബാഖിയാതുസ്വാലിഹാത്തിലും പഠനം തുടര്‍ന്നു. പിന്നീടാണ് എം.പിയുമായി കണ്ടുമുട്ടുന്നതും മിത്രങ്ങളാകുന്നതും. കേരള മുസ്ലിം ഐക്യസംഘത്തിന്റെ പ്രവർത്തകൻ ആയിരുന്നു കട്ടിലശ്ശേരി. എം.പി ചില കുടുംബതര്‍ക്കങ്ങള്‍ കാരണം മാതൃഗൃഹമായ അങ്ങാടിപ്പുറത്ത് വാസമുറപ്പിക്കുകയും ചെയ്തു.
ഈ രണ്ടു പേരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം മലബാറുകാര്‍ക്ക്, പ്രത്യേകിച്ച് മാപ്പിളമാര്‍ക്ക് നേടിക്കൊടുത്ത ആശ്വാസത്തിനതിരില്ല.

നാമിന്ന് കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ചെങ്കല്ല് (വെട്ടുകല്ല്); അതിന്റെ ജന്മദേശം അങ്ങാടിപ്പുറമാണ്. അങ്ങാടിപ്പുറത്തും പരിസര പ്രദേശങ്ങളിലും പരക്കെ കാണപ്പെടുന്ന ഈ മണ്ണ്/പാറ; ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ ബുക്കാനന്‍ ആണ് ആദ്യമായി തിരിച്ചറിഞ്ഞത്.

ഈ പാറ നനവുള്ളപ്പോള്‍ മുറിച്ചെടുക്കാമെന്നും ഉണങ്ങിയാല്‍ ഉറപ്പുകൂടുമെന്നും ആ കട്ടകള്‍ കെട്ടിടനിര്‍മാമത്തിനായി ഉപയോഗിക്കാമെന്നും ലോകത്ത് ആദ്യമായി കണ്ടെത്തിയത് ഒരു സ്‌കോട്ടിഷ് ശസ്ത്രക്രിയ വിദഗ്ധന്‍ കൂടിയായിരുന്ന ഇദ്ദേഹമാണ്. ഹാമില്‍ട്ടണിന്റെ ഈ കണ്ടുപിടുത്തം 1807ല്‍ ആയിരുന്നു.

ഇഷ്ടിക (ചെങ്കല്ല്) എന്നര്‍ത്ഥം വരുന്ന ലാറ്റരിറ്റി സെന്‍സ് എന്ന ലാറ്റിന്‍ പദത്തെ ആസ്പദമാക്കി ഇദ്ദേഹം അതിനെ ലാറ്ററൈറ്റ് എന്നു നാമകരണം ചെയ്തു. ഈര്‍പ്പമേറിയ ഉഷണമേഖലാ പ്രദേശങ്ങളില്‍ പാറകളുടെ അപക്ഷയം മൂലമാണ് ലാറ്ററൈറ്റ് ഉണ്ടാകുന്നത്. സാധാരണയായി ചുവന്നതും ദ്വാരങ്ങളോടു കൂടിയുള്ളവയുമാണവ. അതില്‍ സിലിക്കയും ഇരുമ്പ്, അലുമിനിയം, നിക്കല്‍ തുടങ്ങി മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ വ്യത്യസ്ത ഭാഗങ്ങളിലേക്കെത്തിക്കാനും മറ്റു വാണിജ്യ വസ്തുക്കളുടെ കൈമാറ്റത്തിനും വേണ്ടി മലബാര്‍ ലഹളക്കാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച റെയില്‍വേ സ്റ്റേഷനാണ് ഇപ്പോഴും ഇവിടെയുള്ളത്.

1979ലാണ് ഇന്നും അങ്ങാടിപ്പുറം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനു സമീപമുള്ള, ഹാമില്‍ട്ടണ്‍ സ്മാരക കല്‍ത്തറ പണിതത്. തിരുവനന്തപുരത്തു വെച്ചുനടന്ന അന്താരാഷ്ട്ര ലാറ്ററിറ്റൈസേഷന്‍ സെമിനാറില്‍ (IGCP) വച്ചാണ് ഇതിനെ സംബന്ധിച്ച് തീരുമാനമായത്. അദ്ദേഹം ആദ്യമായി ഇത് കണ്ടെത്തി എന്നു പറയപ്പെടുന്ന ഭാഗത്താണ് ആ ചെങ്കല്‍ മന്ദിരം നിലകൊള്ളുന്നത്.


Tags :


mm

Admin