Logo

 

അരീക്കോട്: നാട്ടുചരിത്രത്തില്‍ നിന്ന് ചില അടരുകള്‍

17 May 2017 | Feature

By

എൻ. വി. കുട്ടിമുഹമ്മദ്‌ മാസ്റ്റർ

പ്രാചീനാവശിഷ്ടങ്ങള്‍

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളില്‍ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തില്‍ മൂന്നോ നാലോ ‘കൊടക്കല്ലുകള്‍’ കാണപ്പെട്ടിരുന്നു. മുന്‍കാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകള്‍ കുത്തനെ നിറുത്തി അതിനുമുകളില്‍ തൊപ്പിക്കുട ആകൃതിയില്‍ വെട്ടിയുണ്ടാക്കിയ ചെങ്കല്‍ തൊപ്പി വെക്കുന്നു. മുകളില്‍വെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂണ്‍കല്ലുകളില്‍ കയറ്റി വെക്കാനാവില്ല.

ടൗണിൽ നിന്ന് അൽപം മാറി പെരുമ്പറമ്പിൽ‍ പല സ്ഥലങ്ങളിലും ഭൂമിക്കടിയില്‍ പല കാലങ്ങളിലായി ചെങ്കല്ലില്‍ വെട്ടിയെടുത്ത അറകള്‍ കാണപ്പെട്ടിട്ടുണ്ട്. അവിടെ‍ രണ്ട് അറകളോട്‌ കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകള്‍ എന്നു കേള്‍ക്കുന്നു.

ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ ‍നിന്നും മനസ്സിലാക്കാം. ഊര്‍ങ്ങാട്ടിരിയിലെ മൂര്‍ക്കനാട്‌ എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്.

തിരുമംഗലത്തെ ഒരു വന്‍കിണര്‍ ഞാന്‍ നേരില്‍ കണ്ടതാണ്. ഏകദേശം ഇരുപതടി വ്യാസമുണ്ട്. ഇരു വരിയിലും ചെങ്കല്ല് കൊണ്ടാണ് പാര്‍ശ്വങ്ങള്‍ പണിയിച്ചിട്ടുളളത്. എന്റെ മാതൃഗൃഹമായ വല്യോലോത്തെ മുറ്റത്തിന്റെ അതിര്‍കെട്ടിയ ചെങ്കല്ലുകള്‍ അസാമാന്യ വലുപ്പമുള്ളവയാണ്. അഞ്ചാറാളുകള്‍ ഒന്നിച്ചാലേ അവ പൊക്കാന്‍ പറ്റൂ. ഇതുപോലെയുള്ള ആവാസാവശിഷ്ടങ്ങൾ‍ കീഴുപറമ്പിലും ഉണ്ട്.

ഗതാഗതം

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാര്‍ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാര്‍ഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവന്‍. മലയോരങ്ങളില്‍ നിന്നും തേക്ക്, ഈട്ടി, ഇരുള്‍, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയില്‍ എത്തിക്കുന്ന പണി ധാരാളം ആളുകള്‍ക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാര്‍ഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.

ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയില്‍ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ല്‍ കടുങ്ങല്ലൂര്‍ പാലവും തുടര്‍ന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സര്‍വീസ് 1933ലായിരുന്നു ആരംഭിച്ചത് -അല്‍ ഇസ്‌ലാം മോട്ടോര്‍ സര്‍വീസ്. തുടര്‍ന്ന് റൂറല്‍ മോട്ടോര്‍ സര്‍വീസും നിലവില്‍ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാര്‍ജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു.

1924ലെ വെള്ളപ്പൊക്കം

അരീക്കോടിന്റെ ചരിത്രത്തില്‍ ഇതിനുശേഷം ഇത്രയും വലിയ ഒരു വെള്ളപ്പൊക്കമുണ്ടായിട്ടില്ല. എം.എസ്.പി ക്യാമ്പ് കുന്നും ചുറ്റുമുള്ള കുറേ പ്രദേശങ്ങളും ഒഴിച്ചു ബാക്കിയുള്ള സ്ഥലം മുഴുക്കെ വെള്ളം കയറി. ദിവസങ്ങള്‍ ഇങ്ങനെ കഴിഞ്ഞതോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീര്‍ന്നു പട്ടിണിയായി. കോഴിക്കോട്ടുനിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തോണി വഴി കൊണ്ടുവരുന്നത് വെള്ളപ്പൊക്കം കാരണം നിലച്ചു. പുഴയും കരയും തിരിച്ചറിയാന്‍ കഴിയാത്ത ഈ ഭീകരാവസ്ഥയില്‍ തോണിയിറക്കാന്‍ അളുകള്‍ പേടിച്ചുനിന്നു. ധീരന്‍മാരായ മൂന്നുപേര്‍ സാഹസിക യാത്രക്ക് മുന്നോട്ടുവന്നു. ക്രിസ്ത്യന്‍ മിഷനറി സംഘം സെക്രട്ടറി എസ്.എം ജാക്കോബി, ജെ.ഡി.ടി ഇസ്ലാം സ്ഥാപകന്‍ നൂറുല്‍ ഹസ്സന്‍, അരീക്കോട്ടുനിന്ന് വിവാഹം കഴിച്ചിരുന്ന കോഴിക്കോട്ടുകാരന്‍ പൊന്മളത്ത് മൊയ്തീന്‍ എന്നിവരായിരുന്നു അവര്‍. തോണിയെടുത്തു കല്ലായിയില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്ന് അവര്‍ സൗജന്യമായി വിതരണം ചെയ്തു.

പ്രശസ്തരായ ചില സന്ദര്‍ശകര്‍

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് ഫക്രുദ്ദീന്‍ അലി അഹമ്മദ് 1930കളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അരീക്കോട് പ്രസംഗിക്കുകയുണ്ടായി. ഏകദേശം ഈ കാലത്തുതന്നെ അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവ് ഹാജി അബ്ദുസത്താര്‍ സേട്ടും ഇവിടം സന്ദര്‍ശിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അരീക്കോട് മുമ്പ് രാഷ്ട്രീയ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച പ്രമുഖനാണ്‌.

സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളില്‍ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയില്‍ സുബേദാറായിരുന്നതിനാലാണ് വിജയന്‍ അരീക്കോടെത്തിയത്. എന്‍.വി ഇബ്രാഹിം മാസ്റ്റര്‍, എന്‍.വി അഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. സ്‌ക്കൂളില്‍ നിന്ന് അക്കാലത്ത് പുറത്തിറങ്ങിയിരുന്ന കയ്യെഴുത്ത് മാസികയില്‍ വിജയന്റെ ഇംഗ്ലീഷ് കവിത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

പ്രശസ്ത സഞ്ചാര സാഹിത്യകാരനും നോവലിസ്റ്റുമായ എസ്.കെ പൊറ്റക്കാട് 1971ല്‍ അരീക്കോട് ആഴ്ചച്ചന്ത സന്ദര്‍ശിച്ച വിവരം അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലുണ്ട്.


Tags :


mm

Admin