Logo

 

വെറുതെ ഒന്നൊളിഞ്ഞിരിക്കാന്‍ പോലും വയ്യ

3 June 2021 | സാരസാഗരം

By

നീയെനിക്കു പ്രിയപ്പെട്ടവള്‍
അല്ല, പ്രിയപ്പെട്ടവര്‍ ഒരു വേള വിടപറഞ്ഞു പോയേക്കാം!
നീയെന്റെ സ്‌നേഹിത
അല്ല, സ്‌നേഹിക്കുന്നവരും ഒരിക്കല്‍ നടന്നകന്നേക്കാം!
നീയെന്റെ സഹയാത്രിക
അല്ല, ഇടയ്ക്കുവെച്ച് യാത്രാവഴികള്‍ പിരിഞ്ഞു തിരിഞ്ഞു പോയേക്കാം!
പിന്നെ നീയെനിക്കാര്?
നിന്നെ ഞാന്‍ എന്റെ ആത്മാവെന്ന് വിളിച്ചോട്ടെ;
മരണംവരെ ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നത് ആത്മാവു മാത്രമാണല്ലൊ!
നിന്നെയെനിക്കിഷ്ടമാണ്,
നിനക്കെന്നെയും!

രണ്ട് മലര്‍വാടികളുടെ ഒന്നിച്ചു ചേരലാണ് ദാമ്പത്യം.
രണ്ടിലും കണ്ണിനിമ്പം നല്‍കുന്ന പൂക്കളുടെ,
കാതിന് ഈണം പകരുന്ന സംഗീതത്തിന്റെ,
മനസ്സിനുണര്‍വ്വേകുന്ന സുഗന്ധത്തിന്റെ സാന്നിധ്യമുണ്ട്!

പുരുഷനും സ്ത്രീയും വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതോടെ അവര്‍ ഇണകളാകുകയാണ്. ഭാര്യയും ഭര്‍ത്താവും എന്ന പ്രയോഗത്തേക്കാള്‍ ചന്തം ഇണകള്‍ എന്ന് പറയുന്നതിലാണ്. ഖുര്‍ആനിന്റെ പ്രയോഗം അങ്ങനെയാണ്. ‘ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത്.’ (നജ്മ്: 45)

ഒരു പുരുഷന്‍ ഭര്‍ത്താവാകുക എന്നാല്‍ ഒരു അടിമപ്പെണ്ണിന്റെ യജമാനനാകുക എന്നതല്ല. ഒരു സ്ത്രീ ഭാര്യയാവുക എന്നാല്‍ ഒരു യജമാനന്റെ അടിമപ്പെണ്ണാവുക എന്നതുമല്ല.

പരസ്പരം കൊക്കുരുമ്മിയും കളിപറഞ്ഞും കഥപറഞ്ഞും ജീവിക്കേണ്ടവര്‍.
പരസ്പരം പഴിപറഞ്ഞും പതംപറഞ്ഞും പിണങ്ങിയും ഇണങ്ങിയും ജീവിക്കേണ്ടവര്‍.
ഇണ നോവിച്ചാല്‍, ‘നീയെന്നെ നോവിച്ചു’ എന്ന് പറയാന്‍ ദാമ്പത്യത്തില്‍ സ്വാതന്ത്ര്യമുണ്ടാകണം. ‘വേദനിപ്പിച്ചെങ്കില്‍, ക്ഷമിക്കെടാ’ എന്ന് പരസ്പരം മാപ്പ് ചോദിക്കാന്‍ ദമ്പതികളില്‍ മനസ്സുണ്ടാകണം.

ഇണകളുടെ ജീവിതത്തില്‍ ഇടയ്‌ക്കെങ്കിലും ചില മൗനസന്ദര്‍ഭങ്ങളുണ്ട്. ‘അവന്‍ ചോദിക്കട്ടെ’ എന്ന് ഭാര്യയും, ‘അവള്‍ ചോദിക്കട്ടെ’ എന്ന് ഭര്‍ത്താവും ‘വെറുതെ’ ആഗ്രഹിച്ചു പോകുന്ന മൗനസന്ദര്‍ഭങ്ങള്‍! രണ്ടുപേര്‍ക്കും രണ്ടുപേരുടേയും ആ മൗനങ്ങളുടെ അര്‍ത്ഥമാരായാനും അനുഭാവപൂര്‍വ്വം അത് അറിയാനുമായാല്‍, നമുക്ക് ഉറപ്പിച്ചു പറയാം, അവരിരുവരും പ്രേമക്കൂട്ടിലാണ്.

ഭര്‍ത്താവ് തന്‍റെ ഇണയെ അനാവശ്യമായി പ്രകോപിപ്പിച്ചു കൂടെന്ന് പ്രവാചക ശ്രേഷ്ഠന്‍ ഉപദേശിച്ചിട്ടുണ്ട്. കാരണമെന്താണെന്നല്ലെ?

അബൂ ഹുറയ്റ (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയെ പ്രകോപിപ്പിക്കരുത്. അവളില്‍ അനിഷ്ടകരമായ സ്വഭാവങ്ങള്‍ മാത്രമല്ല ഉള്ളത്. ഇഷ്ടകരമായ സ്വഭാവങ്ങളും അനേകം അവളിലുണ്ട്. (മുസ്ലിം)

ഒരു ഭാര്യ തിരിച്ചും തന്‍റെ ഇണയോട് അപ്രകാരം തന്നെയാകണം പെരുമാറേണ്ടത്. അതേ സമയം, അനിഷ്ടങ്ങളെ ഗുണകാംക്ഷയോടെ പരസ്പരം പറയാം, തിരുത്താം. അത് സ്നേഹമാണ്. പരസ്പര ബഹുമാനമാണ്.

ദാമ്പത്യത്തിലെ ശാന്തി സമാധാനങ്ങള്‍ മൗലികമായ രണ്ട് ശിലകളിലാണ് നിലകൊള്ളുന്നതെന്ന് ഖുര്‍ആനവ പഠിപ്പിക്കുന്നുണ്ട്.
ഒന്ന്: സ്നേഹമാണ്.
രണ്ട്: കരുണയും.

അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (റൂം: 21)

പ്രപഞ്ചത്തിന്റെ നാഥന്‍ സ്ത്രീ പുരുഷന്‍മാരില്‍ പ്രകൃത്യാ സംവിധാനിച്ച രണ്ട് മൗലിക ഗുണങ്ങളാണ് സ്നേഹവും കരുണയും. രണ്ടും പരസ്പര പൂരകങ്ങള്‍. ഒന്നിന്റെ അസാന്നിധ്യം രണ്ടാത്തേതിനെ തീര്‍ത്തും നിഷ്‌ക്രിയമാക്കും. സ്നേഹത്തിന്‍റെയും കരുണയുടെയും ഇരിപ്പിടം മനസ്സാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളായ ഈ രണ്ട് ഗുണങ്ങളേയും ജീവിതത്തില്‍ ശ്രദ്ധയോടെ വിനിയോഗിക്കാനാകുമ്പോള്‍ ദാമ്പത്യത്തിന് എത്രമാത്രം മധുരമായിരിക്കുമെന്നൊ!

ജീവിതത്തിലെ ഏതവസരങ്ങളിലും ആനന്ദിക്കാനും ഉല്ലസിക്കാനും പരിഗണനകള്‍ പരസ്പരം ഉള്ളുതുറന്ന് കെമാറാനും ഇണകള്‍ക്കാകണം. പ്രണയവും കരുണയും ഹൃദയത്തില്‍ സദാ ജ്വലിപ്പിച്ചു നിര്‍ത്താനാകുമെങ്കില്‍ ധന്യമാണ് ദാമ്പത്യം. സംതൃപ്തമാണ് ദാമ്പത്യം. സമ്മോഹനമാണ് ദാമ്പത്യം!

ഇണകളേ, നിങ്ങള്‍ അന്യോന്യം അറിയുക
ഇണകളേ, നിങ്ങള്‍ അന്യോന്യം അറിയിക്കുക
‘വര്‍ഷങ്ങളായില്ലെ നീ എന്നോടൊപ്പമായിട്ട്, എന്തേ എന്‍റെ നിഷ്ഠകളും താത്പര്യങ്ങളും സ്വഭാവങ്ങളും ഇനിയും നിനക്ക് അറിയാനായിട്ടില്ലെ’ എന്ന് പഴിപറയുന്ന ഇണ, ഇണയല്ല!
‘കല്ല്യാണം കഴിഞ്ഞിട്ട്, വര്‍ഷമഞ്ചാറു കഴിഞ്ഞു, ഇനിയും എന്നെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കായില്ലല്ലൊ’ എന്ന് പഴിപറയുന്ന ഇണ, ഇണയല്ല! രണ്ടുപേരും പര്‌സപരം അറിയണമെന്നതുപോലെ സുപ്രധാനമാണ് പരസ്പരം അറിയിക്കണമെന്നതും. സ്വഭാവങ്ങള്‍, നിഷ്ഠകള്‍, രീതികള്‍, ഭക്ഷണങ്ങള്‍, അഭിരുചികള്‍ എല്ലാമെല്ലാം അറിയേണ്ടത് ഭാര്യമാത്രമല്ല, ഭര്‍ത്താവു മാത്രവുമല്ല. രണ്ടു പേരുമായിരിക്കണം.

ദാമ്പത്യത്തിലെ പ്രണയമാണ് സാക്ഷാല്‍ പ്രണയം. ദാമ്പത്യത്തിലെ പ്രണയമാണ് ഇണകളിലെ കരുണയെ ഉത്തോജിപ്പിച്ചു നിര്‍ത്തുന്നത്. ബെഡ്ഡില്‍ തുടങ്ങി ബെഡ്ഡിലവസാനിക്കുന്നത് പ്രണയമല്ല. പ്രണയത്തിന്റെ പരകോടി അംശങ്ങളിലെ ഒന്നുമാത്രമാണ് കിടക്കറ. ജീവിതത്തിന്റെ എല്ലാ മര്‍മ്മങ്ങളിലും പ്രണയത്തിന്റെ തീപ്പൊരിയുണ്ടാകണം. ദാമ്പത്യത്തിലെ പ്രണയത്തില്‍ സ്‌നേഹമുണ്ട്, കരുണയുണ്ട്, കരുതലുണ്ട്, ശാസനയുണ്ട്, മൗനമുണ്ട്, പിണക്കമുണ്ട്, രതിയുണ്ട് അങ്ങനെയങ്ങനെ എല്ലാമുണ്ട്.

ഇണകളൊന്നിക്കും മുന്നെയുള്ള പ്രണയം ക്ഷണികമാകാം. ‘പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിന്‍ നാളത്തെ അണയിച്ചു, നാമൊന്നായ്ത്തീരും മുന്നെ’ എന്ന അവസ്ഥയിലാക്കിയേക്കും വിവാഹപൂര്‍വ്വ പ്രണയം. അങ്ങനെ വന്നാല്‍ ദമ്പതികളുടെ തുടര്‍ ജീവിതം തന്നെ വരണ്ടുണങ്ങിപ്പോകും. മുളകാണാതെ കരുണ കരിഞ്ഞുതീരും. ദാമ്പത്യം മരുഭൂമിയാകും.
പിന്നെ പരസ്പരം അഭിനയമാകും
പരസ്പരം പഴിപറയലുകളാകും
പരസ്പരം ശപിക്കലാകും
അങ്ങനെ വീടകം നരകമായനുഭവപ്പെടും!
ചിരിയും കളിയും വര്‍ത്തമാനങ്ങളും പിണങ്ങലും ഇണങ്ങലും രതിയും ചുംബനവുമൊന്നുമില്ലാത്ത ദാമ്പത്യപരിസരം പിന്നെ എന്തിനു കൊള്ളും!
യന്ത്രങ്ങള്‍ക്ക് വികാരമുണ്ടാകില്ലല്ലൊ.

പ്രിയപ്പെട്ടവരേ, പ്രണയം വാങ്ങാനാകില്ല. പ്രണയം വില്‍പനക്കു വെച്ചവര്‍ക്കൊന്നും അത് നല്‍കാനുമാകില്ല. അതിനാല്‍, ഇണകളാകാന്‍ കൊതിക്കുന്നവര്‍ മനസ്സില്‍ നിറയെ പ്രണയം കരുതിവെക്കുക; തന്‍റെ പ്രിയതമക്കു നല്‍കാന്‍ പുരുഷനും, തന്‍റെ പ്രിയനു നല്‍കാന്‍ സ്ത്രീയും. അങ്ങനെ ഹൃദയ കാരുണ്യം ഇരുവരും അന്യോന്യം വാരിക്കോരി നല്‍കുക. അപ്പോള്‍, ജന്നലിനപ്പുറത്തല്ല, ഇപ്പുറത്തു തന്നെയാണ് സ്നേഹവും സൗന്ദര്യവുമെന്ന് ഇരുവര്‍ക്കും ബോധ്യപ്പെടും. ആഹ്ളാദവും ആനന്ദവും തങ്ങള്‍ക്കരികില്‍ തന്നെയുണ്ടെന്ന് അനുഭവിച്ചറിയും. എങ്കില്‍, ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാനല്ല, അല്‍പ സമയം വെറുതെയൊന്ന് ഒളിഞ്ഞിരിക്കാന്‍ പോലും ഇണകള്‍ക്കു സാധിക്കില്ല.

അല്ലാഹു പറഞ്ഞത് ഇനി ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ:
അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (റൂം: 21)


Tags :


ഹനീന്‍ ഹബീബ്‌