Logo

 

ലക്ഷദ്വീപ്; വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക

24 May 2021 | Opinion

By

സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദ്വീപ് ജനങ്ങളെ അധികാരത്തിന്റെ പിൻബലത്തിൽ നശിപ്പിക്കാനുള്ള പദ്ധതികളാണ് കേന്ദ്രഭരണകൂടം നടത്തുന്നത് എന്ന വസ്തുതാപരമായ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഏത് വിഷയത്തിലുള്ള ഇടപെടലുകളെയും യാതൊരു പൊതുബോധമോ വിവേകമോയില്ലാതെ ന്യായീകരിക്കാൻ തിടുക്കം കാണിക്കുന്ന സംഘപരിവാർ ശക്തികൾ ലക്ഷദ്വീപ് വിഷയവും വർഗീയവൽക്കരിക്കാനുള്ള ഗവേഷണത്തിലാണ്. അങ്ങനെ അവർ കണ്ടെത്തിയ ഒരു വിഷയമാണ് കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ നേവി 3000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട നടത്തിയത് ലക്ഷദ്വീപിൽ നിന്നാണ് എന്ന വ്യാജ പ്രചാരണം. 99% മുസ്‌ലീങ്ങളുള്ള സ്ഥലമെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുകയും അതോടൊപ്പം ആധുധക്കടത്തും തീവ്രവാദവും കൂട്ടിക്കുഴക്കുന്ന നിരവധി അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറക്കുന്നത് അങ്ങേയറ്റം ഹീനമായ കുതന്ത്രങ്ങളുടെ ഭാഗമാണ്.

മത്സ്യബന്ധനത്തിന്റെ മറവിൽ അന്താരാഷ്ട്ര മാർക്കറ്റുകളെ ബന്ധിപ്പിച്ചുകൊണ്ട് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നുവരാണ് ദ്വീപുകാരെന്നും അത് സൂക്ഷിച്ചുവെക്കാൻ ആൾ തമാസമില്ലാത്ത ചെറിയ ദ്വീപുകളും ഇപ്പോൾ ജനവാസ മേഖലയും തിരഞ്ഞെടുക്കുന്നുണ്ടെന്നും അവർ പ്രചരിപ്പിക്കുന്നു. ഇന്ത്യൻ നേവിയുടെ അതീവ ജാഗ്രതയുള്ള രാജ്യസുരക്ഷക്ക് ശ്രദ്ധകൊടുക്കേണ്ട ലക്ഷദ്വീപിന് ചുറ്റുമുള്ള സമുദ്ര ഭഗത്തും, പൊതുവേ ക്രിമിനൽ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത ഒരു പ്രദേശത്ത് പെട്ടന്ന് ഗൂണ്ട ആക്ട് പോലെയുള്ള കരിനിയമങ്ങൾ കൊണ്ട് വന്നതിന്റെ ന്യായീകരണമാണ് ഇതെല്ലാം.

ലക്ഷദ്വീപും അതോടൊപ്പം കേരളവും മുസ്‌ലിം സ്റ്റേറ്റ് ആക്കിമാറ്റാനുള്ള ശ്രമമാണിതെന്ന് ആക്രോശിക്കുന്ന ഉത്തരേന്ത്യൻ സംഘപരിവാർ പ്രൊഫൈലുകൾ നമുക്ക് ഈ വാർത്തകൾക്ക് താഴെ കാണാൻ കഴിയും. മലേഷ്യയിൽ നിന്നും സാക്കിർ നായിക്ക് പറഞ്ഞുവിടുന്നതാണ് ഇവരെ എന്ന് വളരെ ആത്മാർത്ഥമായി പറഞ്ഞ ഒരാളും ആ കൂട്ടത്തിലുണ്ട്. മുസ്‌ലീങ്ങൾക്കെതിരായി ഉത്തരേന്ത്യയിലാകെ എത്രമാത്രം വിഷമാണ് ഈ ഫാഷിസ്റ്റുകൾ കുത്തിവെച്ചിട്ടുള്ളെതെന്ന് നോക്കൂ! ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലും സംഘപരിവാറിനെതിരെയുള്ള പ്രത്യേക താത്പര്യത്താലും കേരളത്തിലെ മാധ്യമങ്ങൾ ഇതെല്ലാം മൂടി വെക്കുകയായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു.

കള്ളക്കടത്തിന് കുപ്രസിദ്ധമായ പാകിസ്താനിലെ മാക്രാൻ തീരത്തുനിന്നും വരികയായിരുന്ന ബോട്ടിൽ നിന്നാണ് ഇത്രയും മയക്കുമരുന്നും, അത് കൊണ്ടുവന്ന അഞ്ച് ശ്രീലങ്കൻ പൗരന്മാരെയും, അറബിക്കടലിൽ പട്രോളിംഗ് നടത്തിയ ഇന്ത്യൻ കപ്പലായ “സുവർണ്ണ” പിടികൂടിയത്. മയക്കുമരുന്ന് കടത്തിനും തീവ്രവാദത്തിനും ജാതിയും മതവുമില്ലാത്തതുകൊണ്ടല്ല അവരുടെ പേര് വിവരങ്ങൾ ലഭ്യമല്ലാത്തത് മറിച്ച് അവരാരും മുസ്‌ലീങ്ങളല്ല എന്ന് വേണം മനസ്സിലാക്കാൻ, ആയിരുന്നെങ്കിൽ അത് എപ്പോഴേ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുമായിരുന്നു.

വാസ്തവമെന്തെന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും തന്നെ ദ്വീപിലെ ജനങ്ങളുമായി ഈ വിഷയത്തെ ബന്ധപ്പെടുത്തിയിട്ടില്ല എന്നതാണ്. ദ്വീപ് ഇത്രയും വർഗീയ വിമർശനങ്ങൾ നേടിരുന്ന ഈ സാഹചര്യത്തിൽ സംഘപരിവാരിന്റെ അടിമകളായ കൂലി മാധ്യമങ്ങൾ പോലും ഈ വിഷയത്തിൽ ദ്വീപിലെ ജനങ്ങൾക്ക് പങ്കുണ്ടെന്ന് പറയാൻ ശ്രമിച്ചിട്ടില്ല എന്നതാണ്. എന്നാലും ഫാഷിസ്റ്റ് സൈബർ പോരാളികൾക്ക് ഈ കള്ളക്കഥകൾ മെനെഞ്ഞെടുക്കാനും സമൂഹത്തിൽ ഭീതി സൃഷ്ടിക്കാനും യാതൊരു പ്രയാസവുമില്ല.

ദ്വീപിൽ നിന്നും കേരളം എത്ര ദൂരെയാണോ, അതിനേക്കാൾ ദൂരത്തിലുള്ള അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയും അതിനനുബന്ധമായുള്ള വഴികളിലൂടെയും പാകിസ്താനും ശ്രീലങ്കലയും തമ്മിൽ വൻ തോതിലുള്ള കള്ളക്കടത്ത് ശ്രമങ്ങൾ പലപ്പോഴായി പിടിക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് കടൽ എന്ന് ചില പ്രദേശങ്ങളെ പറയാറുള്ളത് ലക്ഷദ്വീപ് എന്ന പ്രദേശമാണെന്ന് ബോധപൂർവം തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നവരുമുണ്ട്. രാജ്യസുരക്ഷക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളൊന്നും തന്നെ ദ്വീപിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി ഒരു മാധ്യമങ്ങളിലും കാണാൻ കഴിയില്ല. ഏതെങ്കിലും ഭരണകർത്താക്കൾ അപ്രകാരം പറഞ്ഞതായും കേട്ടിട്ടില്ല.

ദാമാൻ-ദിയുവിൽ, തങ്ങളുടെ സംസ്കാരവും പാരമ്പര്യവും കുടികൊള്ളുന്ന, നൂറ്റാണ്ടുകളായി വസിച്ചിരുന്ന മണ്ണിൽ നിന്ന് ഇതേ കിരാതന്മാരാൽ ആട്ടിയോടിക്കപ്പെട്ട ഒരു പാവം ജനതയുടെ കഥ ഈ അടുത്തിടെ നമ്മൾ കേട്ടതാണ്. ലക്ഷദ്വീപിൽ, രാത്രി കർഫ്യുവിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മത്സ്യബന്ധന സാമഗ്രികളും അത് സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളും നശിപ്പിച്ചത് ഫാഷിസ്റ്റുകളുടെ ദാമൻ മോഡൽ സാംസ്കാരിക അധിനിവേശത്തിന്റെ തുടക്കമായും ടൂറിസത്തിന്റെ പേരിൽ തങ്ങൾ പാദസേവ ചെയ്യുന്ന കോർപറേറ്റുകൾക്ക് കൊള്ളലാഭം നേടിക്കൊടുക്കാനുള്ള നിലമൊരുക്കലായും ഇതിനെ മനസ്സിലാക്കാവുന്നതാണ്.

എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇനിയും സുസ്ഥിരമാകാത്ത നിഷ്കളങ്കരായ ആ ജനതയെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്നേഹത്തോടെ ചേർത്തുപിടിക്കുക എന്നത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. ഇതൊരു മുസ്‌ലിം വിഷയമാണെന്നുള്ള മുദ്രാവാക്യങ്ങളും ഇരവാദവും ഉന്നയിച്ച് അനാവശ്യ വിവാദങ്ങളും ക്യാമ്പയിനുകളും ഉണ്ടാക്കി പലസ്തീൻ പോലെ ഒരു മുസ്‌ലിം വിഷയം മാത്രമായി ഇത് ഒതുങ്ങിപോകുന്ന ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സാമൂഹിക-മത-രാഷ്ട്രീയ സംഘടനകൾ വളരെ പക്വതയോടെ ഈ വിഷയത്തിൽ ഇടപെടടേണ്ടിയിരിക്കുന്നു. പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന സമൂഹം എന്നുള്ള ഇന്ത്യൻ ഭരണഘടന നൽകുന്ന പിന്നോക്ക വിഭാഗ-ന്യൂനപക്ഷ സംരക്ഷണവും പരിഗണനയും അവർക്ക് ലഭിക്കേണ്ടതാണെന്നും ദ്വീപിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള യു.എന്നിന്റെയും യുനെസ്കോയുടെയും പ്രത്യേക പരാമർശങ്ങളും മറ്റും ഊന്നിപറയുകയും അതിനായി ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയും വേണം. അധിനിവേശത്തിന്റെയും വികസനത്തിന്റെയും പേരിൽ അനാവശ്യമായി നശിപ്പിച്ച അനേകം സംസ്കാരങ്ങളും പൈതൃകങ്ങളും ഉൾക്കൊണ്ട ജനതകൾ ഈ ലോകത്തിന്റെ ഭൂപടത്തിൽ അങ്ങിങ്ങായി നിരാലംബരായി ഒറ്റപ്പെട്ട് കിടക്കുന്നത് കാണാം. ആ അവസ്തയിലേക്ക് മറ്റൊരു പ്രദേശം കൂടി എത്തിപ്പെടാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.


Tags :


ആഷിഖ് ഷാജഹാൻ ഫാറൂഖി