Logo

 

ഉമ്മഫലസ്ത്വീൻ

17 May 2021 | Fiction

By

ഉറങ്ങെൻ കുഞ്ഞി-
രുൾ കണ്ണടക്കും വരെ
ഓരോ കഥ ചൊല്ലിയുമ്മ
അരികിലിരിക്കയല്ലേ…
തുറിച്ച കണ്ണടക്ക്
വെയിലുദിച്ചതല്ല
അപ്പുറത്തുള്ളോർ
മിസൈലാൽ കളിക്കയല്ലേ.
ഞെട്ടല്ലേ,
ഇരുകയ്യാൽ ചെവി പൊത്താം ഞാൻ
തലച്ചോറിൻ പൂത്തിരിക്കവർ
ചിരിക്കയല്ലേ.
കതകിലാരോ മുട്ടുന്നെന്നുണർന്നിടല്ലേ
ബോംബു തെറിപ്പിച്ചൊരു കൈ
വന്നെന്നറിയിപ്പല്ലേ…
വിളിക്കുന്നുണ്ടുറപ്പായും നിന്നെയാവില്ലാ
കളിക്കുട്ടികളാരാരുമിവിടെയുറങ്ങാതില്ലാ…
ഉറങ്ങെൻ കുഞ്ഞവരും
കൺതുറക്കും വരെ,
ചിതറിയ മുത്തുകളായ്
ചിരിക്കും വരെ.
ഉറങ്ങെൻ കുഞ്ഞുണരാ-
നിവിടൊന്നുമില്ല,
ചെറുചൂടുറവായിട്ടുമ്മ
നിന്നുടെ അരികിലില്ലേ…

ഉപ്പയവിടെ നിനക്കായ്‌
കളിവീടു കെട്ടുന്നു,
വെയിലത്തും കളിക്കാൻ
മൺകുട നിവർത്തുന്നു …
വസന്തങ്ങൾ മുളക്കുന്ന
മൺവീടാണ്
പൂമ്പാറ്റകൾക്ക് വിശാലമായൊരു
പൂന്തോപ്പാണ്…..

നാളെയെൻ കുഞ്ഞവിടേക്കായ്
ഒരുങ്ങും നേരം
വെളുത്തൊരു പുതപ്പല്ലെൻ-
പെരുന്നാൾ വസ്ത്രം
എന്ന് കരയല്ലേയിരുളാണ്
വെളിച്ചം വേണ്ടേ…


Tags :


ദിൽറുബ. കെ