Logo

 

കുഞ്ഞുഫലസ്ത്വീനിലേക്ക്…

15 May 2021 | Fiction

By

പിറകിൽ
തിളക്കുന്ന, ചോര തെറിക്കുന്ന
ഹൃദയമുള്ള മാർവിടങ്ങളെല്ലാം
ഫലസ്ത്വീനിലേക്ക് പാൽ ചുരത്തുന്നു.
പൊട്ടിച്ചിതറിയ വെളിച്ചത്തിൽ കാത്തുനിൽക്കാതെ
ഇളംകാലുകൾ
ഇരുട്ടിലേക്കോടി മറയുന്നു.
കാഴ്ച തെറിച്ചോരു കുഞ്ഞിക്കണ്ണ്‌
പാൽ നുണയാൻ കുഞ്ഞുവായ്
കൂട്ടിയിട്ട കൂട്ടുകാർക്കിടയിൽ
തപ്പി നടക്കുന്നു.
കൂട്ടം തെറ്റി പറന്നു പോയൊരു
കുഞ്ഞിക്കയ്യ്‌
ചോര പൊതിർത്തിയ
മൺകട്ടകളിലെല്ലാം
തനിക്കായ് ചുരത്തുന്നൊ-
രമ്മിഞ്ഞ തിരയുന്നു.
ഒഴിഞ്ഞ കുഞ്ഞുവയറുകൾ
ഓടാനൊരു കാൽ കിട്ടാതെ
ആർത്തുകരയാനൊരു
ശബ്ദത്തിനായ് പുളയുന്നു.
പാൽ പുഞ്ചിരികൾ വറ്റിക്കിടക്കുന്നു
കൊഞ്ചലുകൾ ചിറകറ്റു തേങ്ങുന്നു
ഗർഭപാത്രങ്ങൾ, പാൽകുടങ്ങൾ
ഒഴിഞ്ഞും നിറഞ്ഞും
ചിതറിയ കളിപ്പാട്ടങ്ങൾക്കിടയിൽ
കൺനിറക്കുന്നു.
കവിഞ്ഞൊഴുകിയ പാൽപുഴ
തീയിൽ തിളച്ചാവിയായ്
മേഘങ്ങളിൽ ഉരുണ്ടകല്ലുകളായ്
പെയ്യേണ്ടിടത്ത് മാത്രം പെയ്യാൻ
കൈകോർത്തിടിപോലായാർത്ത്
മിന്നലായ് ചിരിക്കുന്നു…


Tags :


ദിൽറുബ. കെ