Logo

 

LGBTQ; എം. കെ. മുനീറിനോട് മൂന്ന് ചോദ്യങ്ങൾ

4 June 2021 | Essay

By

എം. കെ. മുനീർ സാഹിബ്‌ LGBTQIA+ പ്രസ്ഥാനം ജൂൺ മാസം pride month ആയി ആചരിക്കുന്നതിനോട്‌ ഐക്യപ്പെടുന്ന പോസ്റ്റർ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്‌ പെയ്ജിൽ കണ്ടു. ഈ സാഹചര്യത്തിൽ അദ്ദേഹത്തോട്‌ മൂന്ന് ചോദ്യങ്ങൾ:

1. നിങ്ങളുടെ ലൈംഗിക സ്വത്വത്തിൽ അഭിമാനിക്കുക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞെടുപ്പുകൾ അഭിമാനപൂർവം നടത്തുക എന്ന സന്ദേശമാണ്‌ മുനീർ സാഹിബ് പോസ്റ്റിൽ LGBTQ സ്വത്വങ്ങൾ അവകാശപ്പെടുന്ന

സമൂഹത്തിന്‌ ‌ നൽകുന്നത്‌. pride monthൽ ഇങ്ങനെയൊരു സന്ദേശം നൽകുന്നതിന്റെ അർത്ഥം താങ്കൾ പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ നടക്കുന്ന സ്വവർഗ ലൈംഗിക ബന്ധങ്ങളെ അംഗീകരിക്കുന്നു എന്നും അത്തരം ബന്ധങ്ങളെ അഭിമാനപൂർവ്വം പ്രഖ്യാപിക്കാനും പുലർത്താനും സ്വവർഗ ലൈംഗിക താൽപര്യങ്ങൾ ഉള്ളവരോട്‌ ആഹ്വാനം ചെയ്യുന്നും എന്നും ആണല്ലോ. എങ്കിൽ, സ്വവർഗ ലൈംഗിക ബന്ധങ്ങൾ പാപമാണെന്നുള്ള ഇസ്‌ലാമിക അധ്യാപനത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? താങ്കൾക്ക്‌ താങ്കളുടേതായ വീക്ഷണങ്ങൾ മുറുകെ പിടിക്കുവാൻ തീർച്ചയായും അവകാശമുണ്ട്‌. ഈ ചോദ്യം താങ്കളുടെ നിലപാട്‌ അറിയുന്നതിനുവേണ്ടിയാണ്‌, അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിരാകരിക്കുവാനല്ല. ഇവ്വിഷയകമായ ഇസ്‌ലാമിക ധാർമികത കാലഹരണപ്പെട്ടതാണെന്നോ പരിഷ്കരിക്കപ്പെടണമെന്നോ പുനർവായിക്കപ്പെടണമെന്നോ ഒക്കെ താങ്കൾ വിചാരിക്കുന്നുണ്ടോ എന്ന് വ്യക്തമായി അറിയാൻ താൽപര്യമുണ്ട്‌. ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചല്ല, ഗെയ്‌/ലെസ്‌ബിയൻ/ബൈസെക്ഷ്വൽ ലൈംഗിക ബന്ധങ്ങളെ കുറിച്ചാണ്‌ ചോദ്യം.

2. ‘അഭിമാനപൂർവ്വം’ ഉയർത്തിപ്പിടിക്കേണ്ട ലൈംഗിക വൈവിധ്യങ്ങൾ താങ്കളുടെ അഭിപ്രായത്തിൽ LGBTQവിൽ പരിമിതമാണോ? അതോ ശിശുക്കളോട്‌ ലൈംഗിക ബന്ധം പുലർത്തുന്ന പീഡോഫീലിയ, ശവശരീരത്തോട്‌‌ രതിയിലേർപ്പെടുന്ന നെക്രോഫീലിയ, മൃഗങ്ങളോടുള്ള ലൈംഗികാഭിനിവേശം അഥവാ ബെസ്റ്റിയലിറ്റി, പങ്കാളിയെ ശാരീരികമായി വേദനിപ്പിച്ച്‌ ലൈംഗികാനന്ദം നേടുന്ന സെയ്ഡിസം, അഗമ്യഗമനം, സംഘരതി തുടങ്ങിയ ലൈംഗിക മനോഭാവങ്ങളെയും അഭിമാനത്തോടെ പ്രഖ്യാപിക്കാനും പ്രാക്റ്റീസ്‌ ചെയ്യാനും അത്തരം താൽപര്യങ്ങൾ ഉള്ളവരോട്‌ താങ്കൾ ആവശ്യപ്പെടുമോ? ഇല്ലെങ്കിൽ എന്തുകൊണ്ടെന്ന് വിശദീകരിക്കാമോ? താങ്കൾ മാതൃകയാക്കുന്ന പടിഞ്ഞാറൻ ‘മനുഷ്യാവകാശ’ സംഘങ്ങൾ പലതും ഇപ്പോൾ നെക്രോഫീലിയയും ഇൻസെസ്റ്റും മറ്റും അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്‌ എന്നും ബെസ്റ്റിയലിറ്റിക്ക്‌ നിയമപരിരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പ്രവീൺസ്വാമി ലേഖനം എഴുതിയിരുന്നുവെന്നും LGBTQIA ക്കുശേഷമുള്ള ‘+’ എന്തിനെയൊക്കെയാണ്‌ ഭാവിയിൽ ഉൾകൊള്ളുക എന്നത്‌ പ്രവചനാതീതമാണെന്നും താങ്കൾക്കും അറിയാമല്ലോ.

3. സ്വവർഗ ലൈംഗിക ബന്ധം പാപമാണെന്ന് വിശ്വസിക്കുന്നതിന്റെ പേരിൽ മുസ്‌ലിംകളെ ‘ഹോമോഫോബുകൾ’ ആയി മുദ്ര കുത്തി ആക്രമിക്കുക എന്നത്‌ യൂറോപ്പിലും അമേരിക്കയിലും ഇപ്പോൾ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരകരുടെ വലിയ ഊന്നുവടികളിൽ ഒന്നാണ്‌. അതിന്റെ തുടർച്ചകൾ കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്‌. പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധം ഹറാം ആണെന്ന് പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ ഹോമോഫോബിയയുടെ ഗണത്തിൽ പെടുത്തി തടയുന്ന സാംസ്കാരിക അടിയന്തരാവസ്ഥയാണ്‌ നിലവിൽ വന്നുകൊണ്ടിരിക്കുന്നത്. സമുദായത്തിന്റെ പള്ളി മിംബറുകളും മദ്‌റസകളുമൊക്കെ ഈ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ഭരണകൂട അതിക്രമങ്ങൾക്ക്‌ അറുതി വരുത്താനും മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനും ആണ്‌ മുസ്‌ലിം ലീഗിന്‌ ബാധ്യത എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുസ്‌ലിം ലീഗിന്റെ ദർശനത്തോടും ദൗത്യത്തോടുമൊപ്പം അപകടകരമായ ഈ വളവിൽ താങ്കൾ ഉണ്ടാകില്ലെന്നാണോ ആ ഫെയ്സ്‌ബുക്‌ പോസ്റ്റിൽ നിന്ന് മനസ്സിലാക്കേണ്ടത്‌?


Tags :


Musthafa Thanveer