സാമ്പത്തിക സംവരണബിൽ: ഭരണഘടനയുടെ പക്ഷത്ത് നിന്നത് ലീഗും ഉവയ്സിയും മാത്രം
9 January 2019 | Reports
ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തിക പിന്നാക്കം അനുഭവിക്കുന്നവർ എന്ന കാറ്റഗറിയുണ്ടാക്കി സവർണർക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസായപ്പോൾ എതിർത്ത് വോട്ട് ചെയ്യാനുണ്ടായത് മൂന്നേ മൂന്ന് പേർ മാത്രം- മുസ്‌ലിം ലീഗ് എം പിമാരായ ഇ റ്റി മുഹമ്മദ് ബശീറും പി കെ കുഞ്ഞാലിക്കുട്ടിയും പിന്നെ അസദുദ്ദീൻ ഉവയ്സിയും. ഭരണഘടനയുടെ സംവരണ സങ്കൽപത്തെ പച്ചക്ക് ചവിട്ടിമെതിക്കുന്ന ബില്ലിനെ പിന്തുണച്ച് സി പി എമ്മും കോൺഗ്രസും പാർലമന്റ് ചരിത്രത്തിലെ ഏറ്റവും വലിയ അശ്ലീല കാഴ്ചകളിൽ ഒന്നായി മാറി.
അധികാരത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും ഉദ്യോഗത്തിൽ നിന്നും സവർണ മേൽക്കോയ്മ നൂറ്റാണ്ടുകളായി അകറ്റി നിർത്തിയ ദലിത്, മുസ്‌ലിം വിഭാഗങ്ങളെ സംവരണം വഴി ജനസംഖ്യാനുപാതികമായ പ്രാധിനിത്യത്തിലേക്ക് കൊണ്ടുവന്നാൽ മാത്രമേ ഇൻഡ്യയിൽ ജനാധിപത്യം സാക്ഷാൽകരിക്കപ്പെടൂ എന്ന വസ്തുതയാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. സാമുദായികവും ജാതീയവുമായ സാമൂഹിക നീതിയാണ്, അല്ലാതെ ദാരിദ്ര്യ നിർമാർജ്ജനം അല്ല സംവരണത്തിന്റെ തത്ത്വം. ദരിദ്രരെ ശാക്തീകരിക്കാൻ ഗവൺമന്റ് സാമ്പത്തിക പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. അതിനുപകരം അനീതിയും വിവേചനവും കൊണ്ട് മുതുകൊടിഞ്ഞുനിൽക്കുന്ന സംവരണസമുദായങ്ങളിലേക്ക് മുന്നോക്കക്കാരെ വ്യാജമായി ചേർത്തുനിർത്തുകയല്ല.
ഇൻഡ്യയിലെ സവർണ മേധാവിത്വത്തെ പരിക്കുപറ്റാതെ നിലനിർത്തുകയാണ് ഫാഷിസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്ന്. സംവരണത്തെ അട്ടിമറിക്കുക എക്കാലത്തെയും ഫാഷിസ്റ്റ് അജൻഡയാണ്. ദലിത്, മുസ്‌ലിം വിഭാഗങ്ങളോടൊപ്പം സവർണ ഹിന്ദുക്കൾക്കുകൂടി സംവരണം നൽകുന്നതോടെ സംവരണം എന്ന ആശയത്തിന്റെ എല്ലാ പ്രസക്തിയുമാണ് നഷ്ടപ്പെടുന്നത്. സംവരണത്തെ തകർക്കാൻ സാമ്പത്തിക വാദമുന്നയിക്കുക സവർണ ഷോവിനിസത്തിന്റെ സ്ഥിരം തട്ടിപ്പാണ്. സി പി എമ്മും കോൺഗ്രസും ആ കപടനാടകത്തിൽ പങ്കുചേർന്ന് സവർണ മേൽക്കോയ്മ നിലനിൽക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ നടപ്പിലാക്കപ്പെട്ട ഒ ബി സി ക്രീമിലെയർ പരിധിയും സംവരണത്തിന്റെ സ്പിരിറ്റിന് എതിരാണ്. അതിനെയും പിന്തുണക്കുകയാണ് സി പി എം ചെയ്തിരുന്നത്. സാമ്പത്തിക സംവരണ വാദം ഫാഷിസ്റ്റുകളെപ്പോലെ മാർക്സിസ്റ്റുകളും ഉന്നയിക്കുന്നതാണ്. ഇൻഡ്യയിൽ ക്ലാസ് അല്ല, മറിച്ച് കാസ്റ്റ് ആണ് ഇത്തരം പ്രശ്നങ്ങളുടെ കാതൽ എന്ന സത്യത്തിൽ നിന്ന് ഒളിച്ചോടി ജാതിമേൽക്കോയ്മക്ക് കുട പിടിക്കുകയായിരുന്നു എല്ലാ കാലത്തും കൊമ്മ്യൂണിസ്റ്റ് നേതാക്കൾ.
മുസ്‌ലിം ലീഗിന് അഭിമാനിക്കാം, ഭരണഘടനയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ഈ പരാജയത്തിൽ, അതും ദലിത്/അംബേദ്കറൈറ്റ് സ്വത്വരാഷ്ട്രീയം പ്രസംഗിക്കുന്ന കക്ഷികൾ പോലും എതിർത്ത് വോട്ട് ചെയ്യാതിരുന്ന സഭയിൽ. ഈ മൂന്ന് വോട്ടുകൾ ഇൻഡ്യയുടെ ചരിത്രത്തിൽ അടയാളപ്പെടും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ സവർണ്ണ താൽപര്യങ്ങൾക്കുവേണ്ടി മുഖ്യധാരയിൽ നിന്ന് അകറ്റാനുള്ള ഗൂഢാലോചനക്കെതിരിൽ ധീരമായി നിന്ന നിലപാട് എന്ന നിലയിൽ.