Logo

 

പി. വി മുഹമ്മദ് മൗലവി: ബ്രിട്ടീഷ് മലബാറിനെ ഭാഷ കൊണ്ട് ത്രസിപ്പിച്ച മുസ്ലിം ലീഗുകാരൻ

22 July 2017 | Study

By

പഠനം/ നജീഹ് നാസ്വിഹ്

പുളിക്കല്‍ പ്രദേശത്ത് മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേഴുംകാട്ടില്‍ കുടുംബത്തില്‍ 1913ല്‍ ആണ് പി.വി മുഹമ്മദ് മൗലവി ജനിക്കുന്നത്. പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവിയുടെ പിതാവ് പി.പി ഉണ്ണിമുഹ്‌യുദ്ദീന്‍കുട്ടി മൗലവി, പി.പി ഉബൈദുല്ല മൗലവി എന്നിവര്‍ പി.വിയുടെ പിതൃസഹോദരന്‍മാരാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പുളക്കലില്‍ സ്ഥാപിച്ച മദ്‌റസത്തുല്‍ മുനവ്വിറയില്‍ പിതൃവ്യനായ ഉണ്ണി മുഹയിദ്ദീന്‍കുട്ടി മൗലവിയുടെ ശിക്ഷണത്തിലാണ് പി.വി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍പഠനത്തിന് കോഴിക്കോട്ടെ പ്രശസ്തമായ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്നു. നാട്ടിലും കുടുംബത്തിലും പഠിച്ച സ്ഥാപനങ്ങളിലുമെല്ലാം നിലനിന്നിരുന്ന ആദര്‍ശാന്തരീക്ഷം പി.വി മുഹമ്മദ് എന്ന ബാലനെ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുരക്തനാക്കി. മദ്‌റസത്തുല്‍ മുഹമ്മദിയയില്‍ പഠിച്ചുകൊണ്ടിരിക്കെ 1925 ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ കോഴിക്കോട്ടുവെച്ച് ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികസമ്മേളനം നടക്കുമ്പോള്‍ പ്രസംഗിക്കുവാനുള്ള അനുവാദം ചോദിച്ച് പി.വി സംഘാടകരെ തേടിയെത്തി. പന്ത്രണ്ടുകാരനായ മുഹമ്മദിന്റെ ആവേശം കണ്ടപ്പോള്‍ സംഘാടകര്‍ക്ക് അവസരം നിഷേധിക്കാന്‍ തോന്നിയില്ല. സദസ്സിനെ വിജ്രംഭിതമാക്കി നിര്‍ത്തിയ ‘കുട്ടിപ്രഭാഷണം’ കഴിഞ്ഞപ്പോള്‍ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ തീരുമാനം വന്നു -മുഹമ്മദ് നമ്മുടെ കൂടെ കൊടുങ്ങല്ലൂരിലേക്ക് പോരട്ടെ! ഹാജിയുടെ വീട്ടില്‍ താമസിച്ച് ഏറിയാട്ടെ സ്‌ക്കൂളില്‍ പോയി പി.വി ഭൗതികവിദ്യാഭ്യാസം കരസ്ഥമാക്കി. സ്‌ക്കൂള്‍ പഠനത്തിനുശേഷം കോഴിക്കോട്ടുവന്ന് എസ്.എസ്.എല്‍.സി എഴുതി അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി.

നവോത്ഥാന നായകരുടെ ശിക്ഷണത്തില്‍ നവോത്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളില്‍ മതപരവും ഭൗതികവുമായ വിജ്ഞാനങ്ങളാര്‍ജ്ജിച്ച പി.വി മുഹമ്മദ് മൗലവി എന്ന ചെറുപ്പക്കാരന്‍ നവോത്ഥാനത്തിന്റെ ദര്‍ശനം ശരിയാംവണ്ണം ഉള്‍ക്കൊണ്ട് ‘പുസ്തകങ്ങള്‍ തിന്ന്’ വളരാനാണ് തുടക്കംമുതല്‍ തന്നെ ശ്രദ്ധിച്ചത്. അറബി മലയാളത്തിന്റെയും പരിമിതമായ അറബിയുടെയും മാത്രം പിന്‍ബലമുണ്ടായിരുന്ന അക്കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്ന പരമ്പരാഗത മതപണ്ഡിതന്‍മാരില്‍നിന്ന് വ്യത്യസ്തമായി അറബിയും മലയാളവും ഇംഗ്ലീഷും ഉര്‍ദുവും നാവിനും തൂലികക്കും നന്നായി വഴങ്ങുന്ന ബഹുഭാഷാപടുവായി അധ്യാപക കോഴ്‌സ് കഴിഞ്ഞപ്പോഴേക്കും പി.വി മാറിക്കഴിഞ്ഞിരുന്നു.

ഐക്യസംഘ പ്രസംഗവേദികളില്‍ കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കൃശഗാത്രനായ പി.വിയുടെ ഭാഷാനൈപുണ്യം തൂലികവഴി കൂടി നിര്‍ഗളിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയത് കെ.എം സീതിസാഹിബാണ്. ഐക്യസംഘത്തിന്റെ മതവീക്ഷണങ്ങളോടൊപ്പം അത് വളര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം രാഷ്ട്രീയ പ്രബുദ്ധതയുടെയും ശക്തനായ വക്താവായിരുന്നു പി.വി. കെ.എം സീതിസാഹിബ് തലശ്ശേരി ജീവിതകാലത്ത് 1932ല്‍ ചന്ദ്രിക ആരംഭിച്ചപ്പോള്‍ അതിന്റെ തൂലികാ നട്ടെല്ലുകളിലൊന്ന് പി.വി ആയിരുന്നു. തലശ്ശേരിയില്‍ താമസമാക്കി ചന്ദ്രികക്കുവേണ്ടിയുള്ള എഴുത്തില്‍ അദ്ദേഹം നിരതനായി; അതോടൊപ്പം ബ്രണ്ണന്‍ കോളേജില്‍ ബിരുദ പഠനത്തിലേര്‍പ്പെട്ടു. ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും മാനേജറുമെല്ലാമായി ഇക്കാലയളവില്‍ കേവലം തന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്ന മൗലവി പ്രവര്‍ത്തിക്കുന്നുണ്ട്. ‘ചന്ദ്രികക്കുവേണ്ടി ആരോഗ്യം പോലും അവഗണിച്ച് ഊണും ഉറക്കവുമൊഴിച്ച് രാപ്പകല്‍ പണിയെടുത്ത് പത്രത്തിന്റെ നിലയിലും പദവിയിലും ഉയര്‍ത്താന്‍ ശ്രമിച്ച അതിന്റെ ജീവനാഡിയെന്ന നിലയിലാണ് ഞങ്ങള്‍ പി.വിയെ സ്മരിക്കുന്നത്’ എന്ന് മൗലവിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് വന്ന ചന്ദ്രിക മുഖപ്രസംഗത്തില്‍ വായിക്കാം.

ഐക്യസംഘം 1924ല്‍ രൂപീകരിച്ച കേരള ജംഇയ്യതുല്‍ ഉലമ ഐക്യസംഘത്തിന് മതപരമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കി പിന്നണിയില്‍ നില്‍ക്കുന്ന രീതിയാണ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ 1934ല്‍ ഐക്യസംഘം കാലയവനികക്കു പിന്നിലേക്ക് മറഞ്ഞതോടുകൂടി ജംഇയ്യതുല്‍ ഉലമ കൂടുതല്‍ പ്രധാന്യമാര്‍ജിക്കുകയും പ്രവര്‍ത്തനപദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുകയും ചെയ്തു. പുളിക്കല്‍ കേന്ദ്രീകരിച്ചാണ് ജംഇയ്യത് അതിന്റെ ചരിത്രത്തിന്റെ ഈ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്. മുപ്പതുകളുടെ പകുതിയാകുമ്പോള്‍ പി.വി മുഹമ്മദ് മൗലവി തലശ്ശേരി വിട്ട് നാട്ടിലേക്കു തിരിച്ചുവരികയും പരപ്പനങ്ങാടിയിലെയും ചാലിയത്തെയും സ്‌ക്കൂളുകളില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്യുന്നുണ്ട്. ജംഇയ്യതുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ തന്റെ നാട്ടുകാരും ബന്ധുക്കളുമായ പണ്ഡിതന്‍മാരോടൊപ്പം അദ്ദേഹം സജീവമായ പങ്കാളിത്തം വഹിച്ചു. 1935 ജനുവരി അഞ്ചിന് പുളിക്കല്‍ വെച്ചുചേര്‍ന്ന ജംഇയ്യത് വാര്‍ഷിക സമ്മേളനത്തില്‍ മാപ്പിള സ്‌ക്കൂളുകളില്‍ മാപ്പിള അധ്യാപകരെ തന്നെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം പി.വി അവതരിപ്പിച്ചതായി രേഖകളില്‍ കാണാം. 1947ല്‍ മദീനത്തുല്‍ ഉലും അറബിക് കോളേജ് സ്ഥാപിച്ച് ജംഇയ്യതുല്‍ ഉലമ അതിന്റെ അടുത്ത ചരിത്രഘട്ടത്തിലേക്കു പ്രവേശിക്കുന്നതുവരെ ജംഇയ്യത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്നു പി.വി. നാൽപതുകളുടെ തുടക്കത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ പണ്ഡിതന്മാരുമായി ജംഇയ്യതുല്‍ ഉലമയുടെ പ്രതിനിധികൾ തറാവീഹ്‌ നമസ്കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണത്ത്തെക്കുറിച്ച്‌ കൊടിയത്തൂരിൽ വെച്ച്‌ നടത്തിയ വാദപ്രതിവാദത്തിലെ അനൗൺസർ പി. വി ആയിരുന്നു. 1947ല്‍ അദ്ദേഹം കെ.ജെ.യു നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നുണ്ട്.

ജംഇയ്യതുമായി പി.വിക്കുണ്ടായിരുന്ന ഈ നാഭീനാളബന്ധം സ്വാഭാവികമായും അതിന്റെ തൂലികാ മൂലധനങ്ങളിലൊന്നാക്കി പി.വിയുടെ ഭാഷാപാടവത്തെ മാറ്റി. 1935 ഫെബ്രുവരിയില്‍ കെ.എം മൗലവിയുടെ പത്രാധിപത്യത്തില്‍ ജംഇയ്യതുല്‍ ഉലമ ആരംഭിച്ച അറബിമലയാള മാസികയാണ് അല്‍ മുര്‍ശിദ്. പി.വി ആയിരുന്നു അല്‍ മുര്‍ശിദിലെ പ്രധാന ലേഖകരില്‍ ഒരാള്‍. അക്കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ശൈഖ് ത്വന്‍ത്വാവി ജൗഹരിയുടെ അല്‍ ക്വുര്‍ആനു വ ഉലൂമുല്‍ അസ്വരിയ്യ എന്ന ഗ്രന്ഥം പി.വി വിവര്‍ത്തനം ചെയ്തത് ക്വുര്‍ആനും ആധുനിക ശാസ്ത്രങ്ങളും എന്ന പേരില്‍ അല്‍ മുര്‍ശിദ് ഖണ്ഡശ പ്രസിദ്ധീകരിച്ചു. 1939 ഏപ്രില്‍ വരെയാണ് മുര്‍ശിദ് പുറത്തിറങ്ങിയത്. പിന്നീട് 1949ല്‍ പുനഃപ്രസിദ്ധീകരണമാരംഭിച്ച് ഒരുവര്‍ഷത്തോളം നിലനിന്നു. 1949ല്‍ അല്‍ മുര്‍ശിദിന്റെ പുനരാഗമനത്തില്‍ ആഹ്ലാദഭരിതനായി പി.വി രചിച്ച അറബി കവിത പ്രസിദ്ധമാണ്.

നവോത്ഥാന പരിസരം തനിക്കു സമ്മാനിച്ച ഭാഷാബഹുത്വത്തിന്റെ സമൃദ്ധിയുപയോഗിച്ച് കൊളോണിയല്‍ മലബാറിലെ മാപ്പിള മതപണ്ഡിതന്‍മാര്‍ക്ക് പൊതുവില്‍ അപ്രാപ്യമായിരുന്ന നവലോകത്തിന്റെ വിശാലസ്ഥലികളിലേക്ക് ജാലകച്ചില്ലുകള്‍ തുറന്ന അപൂര്‍വവ്യക്തിത്വമാണ് പി.വിയുടേത്. മാനകമലയാളത്തില്‍ നേടിയെടുത്ത വഴക്കമാണല്ലോ, ചന്ദ്രികയുടെ തുടക്കക്കാരിലൊരാളാക്കി ആ മതപണ്ഡിതനെ മാറ്റിയത്. 1937ല്‍ ചാലിയം മദ്‌റസതുല്‍ മനാറില്‍ നിന്ന് അധ്യാപക ജോലി അവസാനിപ്പിച്ച് പോരുമ്പോള്‍ പി.വി മലയാളത്തിലെഴുത്തിയ വിടവാങ്ങള്‍ പദ്യം അദ്ദേഹം ആര്‍ജ്ജിച്ചിരുന്ന മലയാളഭാഷാ നൈപുണ്യത്തിന്റെ രേഖയായി മാറുന്നുണ്ട്. മലയാളത്തിന്റെ അത്ര തന്നെ അനായാസമായി ഉര്‍ദുവും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കേരളത്തിലെ ആദ്യകാല പ്രവര്‍ത്തകരിലെ മുന്‍നിരക്കാരനാക്കി പി.വിയെ മാറ്റിയത് സീതിസാഹിബുമായുള്ള അടുപ്പത്തിനും ചന്ദ്രികാജീവിതത്തിനുമൊപ്പം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മുസ്‌ലിം ലീഗ് സാഹിത്യങ്ങളുമായുള്ള നിത്യസമ്പര്‍ക്കം കൂടിയാണ്. മുഹമ്മദലി ജിന്നയുടെയും അലി സഹോദരന്‍മാരുടെയും മുഹമ്മദ് ഇക്ബാലിന്റെയും രാഷ്ട്രീയ ചിന്തകളെ സൂക്ഷ്മമായി ഉള്‍ക്കൊള്ളുകയും പിന്തുടരുകയും ചെയ്തിരുന്ന മൗലവി മലബാറില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ആദ്യത്തെ മൂന്നു ശാഖകളുടെയും രൂപീകരണത്തില്‍ -തലശ്ശേരി, തിരൂരങ്ങാടി, കോഴിക്കോട്- നിര്‍ണായക സാന്നിധ്യമായിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ചെന്നൈയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പി.വി 1943ല്‍ അവിടെവെച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇന്റര്‍വ്യു പാസായി വാര്‍ പ്രൊപഗേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍ ജോലിയാരംഭിക്കുകയും പ്രസ് സൂപ്രണ്ട് ആയി സ്ഥാനക്കയറ്റം നേടുകയും ചെയ്യുന്നുണ്ട്. പി.വിയുടെ ഇംഗ്ലീഷ് പ്രാവീണ്യമായിരുന്നു ഈ ജോലി ലഭിക്കാന്‍ പ്രധാനകാരണം. പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്‍ഡ്യക്കാരുടെ കത്തുകളും മറ്റും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു ജോലിയുടെ പ്രധാനഭാഗം. യുദ്ധം കഴിഞ്ഞാല്‍ സ്വാതന്ത്ര്യം എന്ന വാഗ്ദാനത്തില്‍ നിന്ന് ബ്രിട്ടന്‍ പുറകോട്ടു പോയതോടെ പി.വി ജോലി രാജിവെച്ചു. അധിനവേശ ശക്തികളുടെ ഭാഷ പഠിച്ച് അവരുടെ ബ്യൂറോക്രസിയില്‍ സ്വന്തമായ ഒരു ഇടം നേടിയെടുത്ത് അവരുമായുള്ള വിലപേശലുകള്‍ക്ക് സാധ്യമാകുന്ന ഒരു തലത്തിലേക്ക് വളരുന്ന പി.വിയെയാണ് നാം ഇവിടെ കാണുന്നത്. ഇന്റര്‍വ്യൂവിന് ക്യൂവില്‍ നില്‍ക്കവെ ‘No height, no weihght, no chest’ എന്ന് പി.വിയുടെ ചെറിയ ശരീരത്തെ പരിഹസിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് ക്ഷണനേരം കൊണ്ട് ‘but thought and wisdom’ എന്നുപറഞ്ഞ് പി.വി തിരിച്ചടിച്ചതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. പി.വിയുടെ ഈ ഉദ്യോഗപര്‍വത്തെ കേരളത്തില്‍ സയ്യിദ് ഥനാഉല്ലാ മക്തി തങ്ങള്‍ക്കും ഉത്തരേന്ത്യയില്‍ മൗലാനാ ജഅ്ഫര്‍ താനേശ്വരിക്കും ഉണ്ടായ സമാനമായ കൊളോണിയല്‍ ഉദ്യോഗലബ്ധികളുമായി താരതമ്യപ്പെടുത്താവുന്നതാണ്.

മലയാളത്തിലും ഉര്‍ദുവിലും ഇംഗ്ലീഷിലും നിപുണനായിരുന്നുവെങ്കിലും അറബിയായിരുന്നു പി.വിയുടെ ‘സ്വന്തം’ ഭാഷ. ആധുനിക കാലഘട്ടത്തില്‍ കേരളം കണ്ട ഏറ്റവും പ്രഗല്‍ഭരായ അറബി കവികളില്‍ ഒരാളായിരുന്നു പി.വി മുഹമ്മദ് മൗലവി. അബൂലയ്‌ല മുഹമ്മദ്ബ്‌നു മീരാന്‍ എന്നാണ് കവിതകള്‍ക്കു താഴെ പേരായി ചേര്‍ത്തിട്ടുള്ളത്. കവിത്വം പി.വിയുടെ സഹജഭാവമായിരുന്നു. മിഷനറിമാരുടെ നബിനിന്ദാപരമായ ക്ഷുദ്രരചനകള്‍ക്കെതിരില്‍ പി.വി രചിച്ച മലയാള കവിതകള്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അറബിയിലാണ് അദ്ദേഹത്തിന്റെ സര്‍ഗധനത കൂടുതല്‍ മിഴിവോടെ പ്രകാശിതമായത്. അല്‍ മുര്‍ശിദിലാണ് മൗലവിയുടെ അറബി കവിതകള്‍ അധികവും പ്രസിദ്ധീകൃതമായത്. പ്രസിദ്ധീകൃതമാകാത്തവയാണ് കൂടുതലും. പി.വി സ്വന്തം കൈപ്പടയില്‍ കവിതകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ള നോട്ടുപുസ്തകം കുടുംബക്കാരുടെ കൈവശമുണ്ട്. പുളിക്കല്‍ പള്ളിയുടെ ചുമരുകളില്‍ മുമ്പ് അദ്ദേഹത്തിന്റെ കവിതകളുണ്ടായിരുന്നുവത്രെ. മുഹമ്മദ് നബി(സ)യെക്കുറിച്ചെഴുതിയ ദീര്‍ഘകവിത, 1941ലുണ്ടായ കൊടുങ്കാറ്റിനെ വര്‍ണിച്ചുകൊണ്ടെഴുതിയ കവിത, മുഹമ്മദലി ജിന്നയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള വിലാപകാവ്യം എന്നിവ പ്രസിദ്ധമാണ്. തന്റെ ആത്മമിത്രം കെ.കെ.എം ജമാലുദ്ദീന്‍ മൗലവിയുമായി പി.വി കത്തിടപാടുകള്‍ നടത്തിയിരുന്നതുപോലും അറബി കവിതകളുടെ രൂപത്തിലാണ്. മദ്രാസിലേക്കു ജോലിക്കായി പോകുമ്പോള്‍ ജമാലുദ്ദീന്‍ മൗലവിക്കെഴുതിയ വിരഹഗീതം ഏറെ ജനകീയമായിത്തീര്‍ന്നിരുന്നു.

ലോകമഹായുദ്ധാനന്തരമുള്ള വര്‍ഷങ്ങളില്‍ ജംഇയ്യതുല്‍ ഉലമയുടെയും മുസ്‌ലിം ലീഗിന്റെയും വേദികളിലെ തിരക്കുള്ള പ്രഭാഷകനായി മലബാറിലുടനീളം പി.വി പ്രസിദ്ധനായിരുന്നു. 1946 മുതല്‍ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായി മൗലവി മലബാറില്‍ തന്നെയുണ്ടായതാണ് ഇത്തരമൊരവസ്ഥ എളുപ്പമാക്കിയത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിലേക്കു പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. 1950ല്‍ മദിരാശിയില്‍ പോയി കറാച്ചിയിലേക്ക് ഏകാകിയായി വണ്ടി കയറി. തീവണ്ടിയിലിരുന്ന് നൂറുല്‍ ഇസ്‌ലാമിലെ സഹപ്രവര്‍ത്തകര്‍ക്ക് വേര്‍പാടിന്റെ കദനമുരുക്കി അറബിയില്‍ പി.വിയെഴുതിയ കവിത തപാലില്‍ കിട്ടിയപ്പോള്‍ തങ്ങള്‍ പൊട്ടിക്കരഞ്ഞതായി അന്ന് നൂറുല്‍ ഇസ്‌ലാമിലുണ്ടായിരുന്ന കെ.ഉമര്‍ മൗലവി എഴുതിയിട്ടുണ്ട്.

വിഭജനം പാക്കിസ്ഥാനിലെത്തിച്ച ഏറ്റവും പ്രശസ്തനായ മാപ്പിള മുസ്‌ലിം പി.വി തന്നെയായിരിക്കും; സത്താര്‍ സേട്ടുവിന് ഉര്‍ദു കുടുംബവേരുകളാണല്ലോ ഉണ്ടായിരുന്നത്. പാക്കിസ്ഥാനിലും ഭാഷാപ്രാവിണ്യം തന്നെയാണ് പി.വിക്ക് തണലായത്. പാക്കിസ്ഥാനിലെ സഊദി എംബസിയില്‍ അദ്ദേഹം ട്രാന്‍സലേറ്ററായി ജോലിയില്‍ പ്രവേശിച്ചു. പാക്കിസ്ഥാനില്‍ നിന്ന് മക്കയിലേക്ക് മസ്ജിദുല്‍ ഹറാം ലക്ഷ്യമാക്കി പോയ പി.വി അവിടെവെച്ച് ക്ഷയരോഗം മൂര്‍ഛിച്ച് ചികിത്സയിലാവുകയും മരണപ്പെടുകയുമാണ് ചെയ്തത്. 1951 ജൂലൈ 18നായിരുന്നു അന്ത്യം. മക്കയില്‍ തന്നെയാണ് അദ്ദേഹം മറമാടപ്പെട്ടത്.


mm

Admin