Logo

 

ഇസ്‌ലാമിയ്യാ മിഷനറിസംഘം

30 January 2018 | Essay

By

വക്കം മുഹമ്മദ് അബ്ദുൽ ക്വാദിർ മൗലവി

ഈ തലക്കെട്ടില്‍ പി.എം അബ്ദുല്‍ ക്വാദിര്‍ മൗലവി അവര്‍കള്‍ (ആലപ്പുഴ) ദീപികയില്‍ ചേര്‍ക്കുവാനായി അയച്ചുതന്ന ഒരു ലേഖനം ഇവിടെ കിട്ടുമ്പോള്‍ ഈ ലക്കം ദീപികയുടെ മാറ്റര്‍ മിക്കവാറും അച്ചുകൂടത്തില്‍ ഏല്‍പിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് അടുത്ത ലക്കത്തില്‍ ചേര്‍ക്കാമെന്നു കരുതി ഞങ്ങള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അടുത്തു പുറപ്പെട്ട ‘രാജ്യാഭിമാനി’യിലും പിന്നെ ‘ഐക്യ’ത്തിലും ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതുകൊണ്ട് സംഗതി ഇപ്പോള്‍ പലരും ഗ്രഹിച്ചിരിക്കുമെന്നുള്ളതിനാല്‍, അടുത്ത ദീപികയില്‍ അതു വായിക്കുന്നവര്‍ക്ക് ചര്‍വിതവര്‍ണമായിട്ടേ തോന്നുകയുള്ളുവെന്നു വിചാരിച്ച് ആ ലേഖനത്തെ സംബന്ധിച്ച് ദീപികയ്ക്കുള്ള കര്‍ത്തവ്യത്തെ ഇത്തവണ തന്നെ ഇങ്ങനെ ഒരു കുറിപ്പുമൂലം നിര്‍വഹിക്കാമെന്നു കരുതിയതാണ്.

ലോകത്തുള്ള സകല മതക്കാരും അവരവരുടെ മതം ലോകം മുഴുവന്‍ പ്രചരിച്ചു കാണുവാനാണഗ്രഹിക്കുന്നത്. ഇതില്‍ പല കൂട്ടര്‍ക്കും പല ഉദ്ദേശ്യങ്ങളുണ്ടായിരിക്കാമെങ്കിലും ഓരോ മതക്കാരും അവരവരുടെ മതമാണുത്തമവും രക്ഷാമാര്‍ഗവുമെന്നു വിശ്വസിക്കുന്നതിനാല്‍ അന്യരെക്കൂടി ആ രക്ഷാമാര്‍ഗത്തില്‍ പ്രവേശിപ്പിക്കേണ്ടതു തങ്ങളുടെ ധര്‍മമാണെന്ന ഒരു പ്രധാനസംഗതി, എല്ലാ മതക്കാര്‍ക്കും പറയുവാനുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ക്രിസ്തുമതക്കാരെപ്പോലെ അത്ര ശുഷ്‌കാന്തിയോടും സ്ഥിരതയോടും വ്യവസ്ഥയോടും കൂടി ശ്രമിക്കുന്ന മറ്റൊരു മതക്കാര്‍ ലോകത്തില്ല. അവരുടെ മിഷനറിമാര്‍ ലോകത്ത് സര്‍വത്ര വ്യാപിച്ചു സോത്സാഹം അവരുടെ കര്‍ത്തവ്യത്തെ നിര്‍വഹിച്ച് കൃതാര്‍ത്ഥതയടഞ്ഞുകൊണ്ടിരിക്കുന്നു. മതപ്രചാരണാര്‍ത്ഥം ബലമേറിയ അടിസ്ഥാനങ്ങളിലുറപ്പിക്കപ്പെട്ടിട്ടുള്ള അവരുടെ സ്ഥാപനങ്ങള്‍ എണ്ണത്തിലടങ്ങുന്നതല്ല. ആര്യസമാജക്കാരും തങ്ങളുടെ മതത്തില്‍ ആള്‍ ചേര്‍ക്കുന്നതിനായി വേണ്ട സ്ഥാപനങ്ങളേര്‍പ്പെടുത്തി തീവ്രതയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മതാഭിമാനികളെന്നു സ്വയം അഭിമാനിക്കുന്നവരും എന്തു കാരണവശാലെങ്കിലും അപ്രകാരം ഇതരജനങ്ങളുടെയിടയിലറിയപ്പെടുന്നവരുമായ മുസ്‌ലിംകളാണെങ്കില്‍ അഭിവൃദ്ധിക്കുള്ള ഇതരമാര്‍ഗങ്ങളിലെന്ന പോലെ ഈ വിഷയത്തിലും തിരെ അലസരായിക്കഴിയുന്നതേയുള്ളൂ.

പൂര്‍വകാലത്ത് ഓരോ മുസ്‌ലിമും ഓരോ മിഷണറിയായിരുന്നു. അതിന്റെ ഫലം മാത്രമാണ് ഇന്ന് ഇസ്‌ലാമിനു ലോകത്തുകാണുന്ന വ്യാപ്തി. കാലക്രമത്തില്‍ മതാനുസരണം ജീവിക്കണമെന്നുള്ള നിഷ്ഠ തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ കുറഞ്ഞുപോയ സ്ഥിതിക്കു മതപ്രചാരണത്തിലുള്ള ഉത്സാഹം അവരുടെയിടയില്‍ ക്ഷയിച്ചുപോയതില്‍ അത്ഭുതമില്ല. എന്നാല്‍ ആ വിഷയത്തില്‍ അന്യമതസ്ഥരുടെ ഊര്‍ജ്ജിതത്തോടു കൂടിയ ശ്രമങ്ങള്‍ കണ്ടുകൊണ്ടിരുന്നിട്ടും സംഗതിയുടെ ഗൗരവത്തെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകാത്തതാണ് അത്ഭുതം. ഇസ്‌ലാം മതതത്വങ്ങളെ അന്യരെ ധരിപ്പിച്ചു അവരെ അതിലേക്കു ക്ഷണിക്കണമെന്നുള്ള ഗുരുതരമായ മതശാസനയെ അറിയാത്ത ഒരു മുസ്‌ലിമുമില്ല. ഇസ്‌ലാം മതം ലോകത്തെ പൊതുമതമായി തീരണമെന്നു മുസ്‌ലിംകളെല്ലാവരും ആഗ്രഹിക്കുന്നു. ലോകത്തിന്റെ പൊതുമതമായി തീരുവാനുള്ള യോഗ്യത ഇസ്‌ലാം മതത്തിനു മാത്രമേയുള്ളുവെന്നു അവരില്‍ പലരും ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വമേധയാ അതിന്റെ ചില തത്വങ്ങളെ മനസ്സിലാക്കിയും ആരും ക്ഷണിക്കാതെയും അന്യമതങ്ങളില്‍ നിന്ന് ചിലര്‍ അതില്‍ വന്നുചേരാറുള്ളതുകൊണ്ട് മാത്രം അവര്‍ തൃപ്തിപ്പെടുന്നതേയുള്ളൂ. ഇതുകണ്ടാല്‍ ഇസ്‌ലാം മതം തങ്ങളുടെ ശ്രമമൊന്നും കൂടാതെ തന്നെ സ്വയമേവ ലോകം മുഴുവന്‍ വ്യാപിച്ചുകൊള്ളുമെന്ന് അവര്‍ വിചാരിച്ചിരിക്കുന്നതുപോലെയാണ് തോന്നുന്നത്.

യൂറോപ്പിലും ഇന്‍ഡ്യയില്‍ ചില സ്ഥലങ്ങളിലും ഈ വിഷയത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള സംഗതിയെ ഇവിടെ വിസ്മരിച്ചിട്ടില്ല. ആ ശ്രമങ്ങളെല്ലാം കൂടിച്ചേര്‍ന്നാലും ശക്തിയിലും വ്യാപ്തിയിലും വ്യവസ്ഥയിലും ഒരു ചെറിയ മിഷനറി സംഘത്തോടു കിടപിടിക്കയില്ല. ആരുടെയും ക്ഷണം കൂടാതെ തന്നെ അന്യമതസ്ഥര്‍ വന്നു ഇസ്‌ലാം മതത്തില്‍ പ്രവേശിക്കുന്നുവെന്നൊരു വിശേഷം ഇസ്‌ലാം മതത്തിനുണ്ടുതന്നെ. അങ്ങനെ ആരെങ്കിലും മതത്തില്‍ പ്രവേശിക്കുമ്പോള്‍ മുസ്‌ലിംകള്‍ വളരെ അഭിമാനവും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അപ്രകാരം പ്രവേശിക്കുന്ന പലരും അനന്തരം നിരാശ്രയരായി അലഞ്ഞും വലഞ്ഞും നടക്കുന്ന കാഴ്ച ഇസ്‌ലാം മതം സ്വീകരിക്കുവാന്‍ മനസ്സുള്ളവരും എന്നാല്‍ പൗരുഷത്തോടുകൂടി ജീവിക്കാനാഗ്രഹിക്കുന്നവരുമായ പലരെയും അതില്‍ പ്രവേശിക്കുന്നതിനു തടുക്കുന്നു എന്നുളള സംഗതി രഹസ്യമല്ലാത്ത ഒരു പരമാര്‍ത്ഥമാകുന്നു. മതത്തില്‍ ചേരുന്നവര്‍ക്കു മാന്യമായി ജീവിക്കുന്നതിനുള്ള മാര്‍ഗമുണ്ടാക്കിക്കൊടുക്കുന്നതിനും അവരെ പഠിപ്പും പരിശീലനവും കൊണ്ട് ഉത്തമ മുസ്‌ലിംകളാക്കിത്തീര്‍ക്കുന്നതിനും വേണ്ട വ്യവസ്ഥകളോടു കൂടിയ ഒരു ബലവത്തായ സ്ഥാപനം നമുക്കുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ വരുന്നവരുടെ സംഖ്യ തന്നെ ഇപ്പോഴത്തേതില്‍ പത്തുമടങ്ങ് കൂടുതലായിരിക്കുമായിരുന്നു.

ക്രിസ്തുമിഷനറിമാര്‍, ആര്യസമാജക്കാര്‍ മുതലായ ഇസ്‌ലാമിന്റെ ശത്രുക്കള്‍ അതിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അപവാദങ്ങള്‍കൊണ്ട് പലര്‍ക്കും ഇസ്‌ലാമിനെക്കുറിച്ചുണ്ടായിട്ടുള്ള തെറ്റിദ്ധാരണകളെ നീക്കി അതിന്റെ യഥാര്‍ത്ഥ തത്വങ്ങളെ ജനങ്ങളെ ധരിപ്പിക്കേണ്ടത് മുസ്‌ലിംകളുടെ എത്രയും ഗൗരവമേറിയ ഒരു കര്‍ത്തവ്യമാണെന്നുള്ളത് അവരില്‍ ആരും തന്നെ സമ്മതിക്കാതെയിരിക്കയില്ല. ഇവക്കെല്ലാം പുറമെ, ലോകത്തുനിന്ന് മതങ്ങളെ പാടെ വിപാടനം ചെയ്യുന്നതിനുള്ള ഒരു ശ്രമം നടന്നുവരുന്നുണ്ട്. നമ്മുടെ കേരളത്തിലും അതിന്റെ വേര് ഊന്നിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ മതസംരക്ഷണവിഷയത്തില്‍ മുസ്‌ലിംകള്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെയുള്ള പല കാര്യങ്ങളെയും വ്യവസ്ഥിതമായ രീതിയില്‍ നിര്‍വഹിക്കത്തക്ക ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെയാണ് പി.എം അബ്ദുല്‍ക്വാദിര്‍ മൗലവി അവര്‍കള്‍ തന്റെ ലേഖനംമൂലം മുസ്‌ലിം മഹാജനങ്ങളെ അറിയിക്കുന്നതും. ഇതിലേക്ക് മുന്നിട്ടിറങ്ങുവാന്‍ ആരുമില്ലെന്നുള്ള കാരണം ആരും പറയേണ്ടതില്ല. അതിലേക്ക് അദ്ദേഹം സന്നദ്ധനായിരിക്കുന്നു. ഇത് ഒരു ലഘുവായ കാര്യമല്ലെങ്കിലും മുസ്‌ലിംകള്‍ മനസ്സുവെച്ചാല്‍ അചിരേണ സാധിക്കാവുന്ന ഒന്നാണ്. ഇതു സംബന്ധമായി മൗലവി സാഹിബ് ചില നിര്‍ദ്ദേശങ്ങള്‍ ചെയ്തിരിക്കുന്നു. അവയില്‍ പ്രധാനമായിട്ടുള്ളത് ഒരു ഫണ്ടിന്റെ ആവശ്യകതയാണ്. യഥാര്‍ത്ഥമായ മതാഭിമാനമുള്ളവര്‍ക്കു യഥാശക്തി അതിലേക്കു കുറേ പണമെടുക്കുവാന്‍ വൈഷമ്യം തോന്നുകയില്ല. മതത്തേക്കാള്‍ പണത്തിനു സ്ഥാനം കൊടുത്തിട്ടുള്ളവര്‍ മാത്രമേ ഓരോ ഒഴികഴിവുകള്‍ പറഞ്ഞു പിന്‍മാറുകയുള്ളൂ. അങ്ങനെയുള്ളവരെ പരീക്ഷിച്ചറിയാന്‍ ഇതൊരു സന്ദര്‍ഭവുമാണ്. പ്രാരംഭപ്രവൃത്തിയായി ഒരു മാസിക തുടങ്ങുവാനാണ് മൗലവി സാഹിബ് ആഗ്രഹിക്കുന്നത്. അതിനു വരിക്കാരായി ചേരണമെന്നുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ മുസ്‌ലിം ബഹുജനങ്ങള്‍ ആദരിക്കുകയും ആ ഉദ്യമത്തില്‍ അദ്ദേഹത്തോടു വേണ്ടവിധം സഹകരിക്കുകയും ചെയ്യുമെന്നു ഞങ്ങള്‍ വിശ്വസിക്കുകയും മൗലവി സാഹിബ് അവര്‍കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഒരു സംഗതി ഞങ്ങള്‍ക്ക് അദ്ദേഹത്തോടു പറയുവാനുള്ളത് പ്രാരംഭ പ്രവൃത്തി തന്നെ ശരിയായ ഒരു കമ്മിറ്റി മുഖേന ആയിരിക്കുന്നതു നന്നായിരിക്കുമെന്നുള്ളതാണ്.

(കേരളത്തിലെ ആധുനിക മുസ്‍ലിം പരിഷ്കരണപ്രസ്ഥാനത്തിന്റെയും നവോത്‌ഥാനത്തിന്റെയും യുഗശില്പികളിൽ ഒരാളായിരുന്ന വക്കം എം. മുഹമ്മദ് അബ്ദുൽ ക്വാദിർ എന്ന വക്കം മൗലവി തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് 1931ൽ പ്രസിദ്ധീകരണം ആരംഭിച്ച ദീപികയുടെ ഏഴാം ലക്കത്തിൽ (1106 മിഥുനം) എഴുതിയ ലേഖനം. തൊള്ളായിരത്തി മുപ്പതുകളില്‍ കോട്ടയം താഴത്തങ്ങാടി കേന്ദ്രമാക്കി വളര്‍ന്ന ഇശാഅത്ത് പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിക്കൊണ്ടും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടും പ്രസ്ഥാനത്തിന്റെ നായകന്‍ പി .എം അബ്ദുല്‍ ക്വാദിര്‍ മൗലവി ദീപികക്ക് കുറിപ്പ് അയച്ചതിനെത്തുടർന്ന് വക്കം മൗലവി എഴുതിയതാണ് ഇത്. അമുസ്‌ലിംകള്‍ക്കിടിയിലെ ഇസ്‌ലാമിക പ്രബോധനം, പ്രസ്തുത ലക്ഷ്യത്തോടുകൂടിയുള്ള മതതാരതമ്യ ചര്‍ച്ചകള്‍, ക്രൈസ്തവമിഷനറിമാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍, ക്രിസ്തുമതത്തെ വൈജ്ഞാനികമായി വിമര്‍ശിക്കാനുള്ള ശ്രമങ്ങള്‍, മിഷനറിമാരുമായുളള പേജ്, സ്റ്റേജ് സംവാദങ്ങള്‍ തുടങ്ങിയവയൊക്കെ ഇശാഅത്തിന്റെ പ്രധാനപ്പെട്ട അജൻഡകൾ ആയിരുന്നു. ഇശാഅത്ത് എന്നപേരില്‍ ഈ ലക്ഷ്യങ്ങളെയെല്ലാം നിറവേറ്റി ഒരു മലയാള മാസികയും അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. മാസികക്കുപുറമെ പുസ്തകങ്ങളും ലഘുലേഖകളും സംഘം പുറത്തിറക്കി. കേരള മുസ്‌ലിം ഐക്യസംഘം നേതാക്കളായിരുന്ന മണപ്പാട്ട് കുഞ്ഞഹ്മദ് ഹാജിയും ഇ. മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുര്‍റഹ്മാനും ഇശാഅത്ത് അംഗങ്ങളായിരുന്നു. ഇശാഅത്ത് പ്രസ്ഥാനം ജനിച്ചതും വളര്‍ന്നതും മക്തി തങ്ങളുടെ പ്രചോദനത്തില്‍ ആണെന്ന് ഇ. മൊയ്തു മൗലവി എഴുതിയിട്ടുണ്ട്.)


mm

Admin