Logo

 

എ. അബ്ദുസ്സലാം സുല്ലമിക്ക് യാത്രാമൊഴി 

2 February 2018 | Reports

By

എടവണ്ണ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമിക്ക് വിശ്വാസികളുടെ യാത്രാമൊഴി. ഇന്ന് അസ്റിനുശേഷം എടവണ്ണയിൽ നടന്ന ജനാസ നമസ്കാരത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ബുധനാഴ്ച ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി അവിടെ ആശുപത്രിയിൽ ആയിരുന്നു.

മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖനും ഉജ്ജ്വല വാഗ്മിയും കിടയറ്റ ഖുർആൻ വ്യാഖ്യാതാവും  എടവണ്ണയെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കുന്നതിലും അൽജാമിഅത്തുന്നദ്‌വിയ്യ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ച കർമയോഗിയും ദേശീയപ്രസ്ഥാന പ്രവർത്തകനും ആയിരുന്ന എ. അലവി മൗലവിയുടെ പുത്രനായി 1950ൽ എടവണ്ണയിൽ ആയിരുന്നു ജനനം. കാൽ നൂറ്റാണ്ടോളം കാലം  അൽജാമിഅത്തുന്നദ്‌വിയ്യയിൽ അധ്യാപകൻ ആയിരുന്നു. എഴുത്ത് ആയിരുന്നു പ്രധാന കർമ്മമണ്ഡലം. സ്വഹീഹുൽ ബുഖാരിയുടെയും രിയാദുസ്സ്വാലിഹീന്റെയും പരിഭാഷകൾ ഉൾപടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സുന്നീ-മുജാഹിദ് തർക്കവിഷയങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു രചനകൾ ഏറെയും. തൗഹീദ്‌ മുതൽ സ്ത്രീ ജുമുഅ ജമാഅത്ത്‌ വരെയുള്ള വിഷയങ്ങളിൽ മുജാഹിദ്‌ പക്ഷത്തുനിന്നുകൊണ്ട്‌ നടത്തിയ ഗ്രന്ഥരചനകൾ പ്രസിദ്ധമാണ്‌. അൽ ഇസ്‌ലാഹ് മാസികയുടെ സ്ഥാപനത്തിലും നടത്തിപ്പിലും നിർണായകമായ പങ്കു വഹിച്ചു. അൽമനാർ, ശബാബ് തുടങ്ങിയ ആനുകാലികങ്ങളിൽ ധാരാളമായി എഴുതി. ചേകനൂർ മൗലവിക്കും ജമാഅത്തെ ഇസ്‌ലാമിക്കും ഖാദിയാനികൾക്കും മറുപടി പറഞ്ഞുകൊണ്ടുള്ള പുസ്തകങ്ങളും പുറത്തിറക്കി.

ഹദീഥിലും ഫിഖ്ഹിലും ചില സ്വതന്ത്ര നിലപാടുകൾ വെച്ചുപുലർത്തി. ആധുനിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കർമ്മശാസ്ത്രത്തെ വളരെ ഉദാരമായി വ്യാഖ്യാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ലളിതജീവിതം കൊണ്ടും സരസമായ പ്രഭാഷണങ്ങൾ കൊണ്ടും ശ്രദ്ധേയനായി. ജാമിഅയിൽ അധ്യാപകനായ എ. അബ്ദുല്ല നദ്‍വി, മുജാഹിദ് പ്രഭാഷകയായ എ. ജമീല ടീച്ചർ, പോപ്പുലർ ഫ്രന്റ് നേതാവ് എ. സഈദ്‌ സഹോദരങ്ങൾ ആണ്‌.


Tags :


mm

Admin