Logo

 

ചെന്നൈ ന്യൂകോളജ്‌: തമിൾ മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ സാക്ഷാത്കാരം

2 October 2019 | Feature

By

ഇൻഡ്യയിലെ മുസ്‌ലിം സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കാൻ ജീവത്യാഗം ചെയ്ത മഹാനായിരുന്നു സർ സയ്യിദ് അഹ്മദ്ഖാൻ. ഇൻഡ്യയിലേക്ക് ഇരമ്പിയെത്തിയ യൂറോപ്യൻ അധിനിവേശപ്പട ഇൻഡ്യൻ മുസൽമാന്റെ സർവ സ്വപ്നങ്ങളെയും കുടഞ്ഞെറിഞ്ഞു. പങ്കായം മുറിഞ്ഞ് നടുക്കയത്തിൽ കരയണയാതെ കുഴയുന്ന ഒരു യാത്രാസംഘത്തെ പോലെയായിരുന്ന ഇൻഡ്യയിലെ മുസ്‌ലിം സമുദായത്തിന്റെ ദുരവസ്ഥ സർ സയ്യിദ് എന്ന മഹാരഥന്റെ മനസാക്ഷിയെ മഥിച്ചുകൊണ്ടിരിന്നു. ജ്ഞാനരഹിതരും പ്രതിഭാദരിദ്രരുമായ സമുദായത്തെ കുറിച്ച്‌ ആ മനസിലുണ്ടായ ഉദ്വേഗത്തിന്റെ തീക്ഷ്ണ രൂക്ഷതയാണ് 1886 ൽ All India Muhammadan Educational Conference (AIMEC) എന്ന പ്രസ്ഥാനം രൂപീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചത്. ഇൻഡ്യയിലെ മുസ്‌ലിം സമുദായത്തെ വൈജ്ഞാനികവും സൈദ്ധാന്തികവും രാഷ്ട്രീയവുമായി നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, പുതുകാലത്തിന്റെ സമസ്യകളെ അഭിസംബോധന ചെയ്യാൻ അവരെ പ്രാപ്തമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഒരു തത്ത്വചിന്തകന്റെ സമഗ്രമായ നിരീക്ഷണ പാടവവും നിർഭയനായ സമുദായ സേവകന്റെ നിസ്വാർത്ഥതയുമുണ്ടായിരുന്ന സർസയ്യിദ് രൂപം നൽകിയ ഈ പ്രസ്ഥാനം ആവേശം മാത്രം നീക്കിയിരിപ്പുള്ള ഇൻഡ്യൻ മുസ്‌ലിംകളുടെ ഉള്ളിലെ തീ വീണ്ടും ആളിപ്പടർന്നേക്കാവുന്ന ഒരു പരിസരത്തു നിന്ന് ചിന്തയുടെ വെട്ടത്തിലേക്ക് സമുദായത്തെ നയിക്കാൻ കാരണമായി. മുസ്‌ലിം പ്രബുദ്ധതയുടെ പ്രകടിതരൂപമായ അലീഗഢ്‌ യൂനിവേഴ്സിറ്റിയുടെയും, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റത്തിന്റെ അനന്യമാതൃകയായ മുസ്‌ലിം ലീഗിന്റെയുമെല്ലാം പിറവിക്ക് കാരണം ഈ പ്രസ്ഥാനമായിരുന്നു.

AIMEC ഇൻഡ്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ അതിന്റെ വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തിൽ 1901 ഡിസംബർ 28ന് AIMEC യുടെ പതിനാലാമത്തെ സെഷൻ നടന്നന്ന് മദ്രാസിലായിരുന്നു. ആ സമ്മേളനത്തിന്റെ സൃഷ്ടിയായിരുന്നു 1902ൽ Muhammaden Educational Association of Southern India എന്ന സംഘടന. പിൽകാലത്ത് Muslim Educational Association of Southern India (MEASI) എന്നറിയപ്പെട്ട ഈ പ്രസ്ഥാനത്തിന് ദക്ഷിണേന്ത്യയിലെ മുസ്‌ലി വിദ്യാഭ്യാസ മേഖലയെ മാറ്റിപ്പണിയുന്നതിലും മുഖഛായ മാറ്റുന്നതിലും നിർണായക പങ്ക് വഹിക്കാൻ സാധിച്ചിട്ടുണ്ട്. ടിപ്പു സുൽത്താന്റെ പൗത്രൻ നവാസ് സയ്യിദ് മുഹമ്മദ്,ട് രിച്ചി ജമാൽ മുഹമ്മദ്, ഹമീദ് സേഠ്, ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ജസ്റ്റിസ് സർ അബ്ദുറഹ്മാൻ എന്നിവരായിരുന്നു സ്ഥാപകനേതാക്കൾ.

The New College Chennai (1951),MEASI Matriculation Higher Secondary School (1985),MEASI Institute of Management (1987),MEASI Academy (1991),MEASI Charitable Trust (1992),MEASI Computer Academy (1994),Institute of Research in Soil Biology and Bio-Technology (1995),MEASI Institute of Hotel Management and Catering Technology (1995), MEASI Academy of Architecture (1999), MEASI Urdu Academy (1999),MEASI Institute of Information Technology (2002),MEASI College of Education (2009),MEASI C A Academy (2016) തുടങ്ങിയ ദശക്കണക്കിന് വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ സംഘടനയുടെ കീഴിൽ ഇന്ന് തമിഴകത്ത് പ്രവർത്തിക്കുന്നുണ്ട്.

MEASI യുടെ പ്രഥമ സംരഭമായിരുന്നു 1951 ൽ സമാരംഭം കുറിച്ച ചെന്നൈയിലെ ദി ന്യൂ കോളജ്‌ (Autonomous). ചെന്നൈ സിറ്റി ഹബിനുള്ളിൽ സ്ഥിതിചെയ്യുന്ന അപൂർവം കോളേജുകളിൽ ഒന്നാണിത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലാംഗ്വേജ് തുടങ്ങിയ മേഖലകളിലായി യുജി, പിജി, എംഫിൽ, പി എച്ച് ഡി തലങ്ങളിൽ ഇരുപതിലധികം കോഴ്സുകളുണ്ട് ഇവിടെ. അമേരിക്കൻ കോൺസുലേറ്റും, ബ്രിട്ടീഷ് കൗൺസിലും കോളജിന്റെ തൊട്ടടുത്തായത് ഇംഗ്ലീഷ് ഭാഷാ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള കനപ്പെട്ടതും ചാരുതയാർന്നതുമായ രചനകളുൾക്കൊള്ളുന്ന കാമ്പസ് ലൈബ്രറിക്കു പുറമെ ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി,അണ്ണാ സെന്റിനറി ലൈബ്രറി,കണ്ണിമാരാ ലൈബ്രറി എന്നിവ വിദ്യാർത്ഥികളുടെ വൈജ്ഞാനികവും ഭാഷാപരവുമായ ശാക്തീകരണത്തിന് സഹായകരമാണ്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഈ സ്ഥാപനത്തിൽ മുസ്‌ലിം -ദളിത്- പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും സംവരണവുമുണ്ട്. ഇൻഡ്യക്ക് പുറമെ സുഊദി അറേബ്യ, ഒമാൻ, സുഡാൻ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.അയൽ സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യവും കുറവല്ല. എം എ, എം ഫിൽ, പി എച്ച് ഡി തലങ്ങളിലുള്ള മലയാളി വിദ്യാർത്ഥികൾക്കു പുറമെ പല ഡിപ്പാർട്ടുമെന്റുകളിലും തലവൻമാരായും അസി.പ്രൊഫസർമാരായും മലയാളി അധ്യാപകരുമുണ്ട്. കാമ്പസിൽ നടക്കാറുള്ള ദേശീയ/അന്തർ ദേശീയ നിലവാരമുള്ള സെമിനാറുകളിൽ വലിയതോതിലുള്ള വിദ്യാർത്ഥി പങ്കാളിത്തമാണ് ഉണ്ടാവാറുള്ളത്. പ്രയാസങ്ങളുടെ തീമഴയിൽ പൊള്ളിനിൽക്കുന്നവർക്ക് കുടയായി മാറാൻ ന്യൂ കോളേജിൽ അനേകം ക്ലബ്ബുകളും കൂട്ടായ്മകളുമുണ്ട്.കേരളത്തിലുണ്ടായ പ്രളയങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ ഇവിടെനിന്നുണ്ടായിട്ടുണ്ട്.

ഇൻഡ്യയിലെ മുസ്ലിംകൾക്ക് സ്വപ്നം കാണാൻപോലും അവകാശമില്ലാതിരുന്ന ഒരു കാലത്ത് സർ സയ്യിദ് എന്ന മഹാമനീഷിയുടെ മനോമുകിരത്തിലൂടെ ഇരമ്പിക്കടന്ന വിചാരമണ്ഡലം ദക്ഷിണേന്ത്യയിലെ സമുദായ നേതൃത്വത്തെ എത്രത്തോളം മഥിച്ചു എന്നതിതിന്റെ പ്രകടിത രൂപമാണ് എം. ഇ. എ. എസ്. ഐയും ദി ന്യൂ കോളേജുമെല്ലാം.


Tags :


നാസിം റഹ്‌മാൻ