Logo

 

യുക്തിവാദവും പെട്രോളും തമ്മിലെന്ത്‌?

1 October 2019 | Essay

By

കേരളീയ യുക്തിവാദം, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക താല്‍പര്യങ്ങളുടെ തടവറയില്‍പെട്ട് ഇസ്‌ലാമോഫോബിയ ഛര്‍ദിക്കുന്ന ഏതാനും നവനാസ്തിക ബുദ്ധിജീവികളുടെ നേതൃത്വത്തിന്റെ ഫലമായി, ഫാഷിസ്റ്റ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബൗദ്ധിക ദുരന്തങ്ങളിലൊന്നായി മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഒരു കറുത്ത ആഗോള രാഷ്ട്രീയഹാസ്യമായി ഇതിനകം കലാശിച്ചിട്ടുള്ള പടിഞ്ഞാറന്‍ നവനാസ്തികതാ നുണഫാക്ടറികളുടെ പുകക്കുഴലുകള്‍ തുപ്പുന്ന കടുത്ത വിഷമുള്ള ഇസ്‌ലാംവിദ്വേഷം ആഞ്ഞുശ്വസിച്ച് കേരളത്തില്‍ പുറത്തേക്ക് നിശ്വസിക്കുന്ന പണിയാണ്‌ ഡിങ്കന്‍ കളിച്ച് പരിഹാസ്യരാകുന്ന നേതാക്കളും സോഷ്യല്‍ മീഡിയാ നിവാസികളായ അനുയായികളും ചെയ്യുന്നത്. ‘സ്വതന്ത്രചിന്ത’ ഒട്ടുമേ സ്വതന്ത്രമല്ലെന്നും ഡോക്കിന്‍സ്-ഹിച്ചന്‍സ്-ഹാരിസുമാരെഴുതി വെക്കുന്ന/ പറഞ്ഞുവെക്കുന്ന അസംബന്ധങ്ങളുടെ വള്ളിപുള്ളി വിടാതെയുള്ള നിവേദനങ്ങളാണെന്നും നവനാസ്തികതയുടെ അമേരിക്കന്‍, കേരള പര്‍വങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്ന ആര്‍ക്കും അസന്നിഗ്ധമായി ബോധ്യപ്പെടും.

സാമ്രാജ്യത്വം കേരളത്തില്‍ ഇസ്‌ലാം വിരോധത്തിന്റെ വിത്തുകള്‍ പാകാന്‍ ശ്രമിച്ചുതുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അന്നേക്ക് അരസഹസ്രാബ്ദത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന മലയാളി ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഉജ്ജ്വലമായ പൈതൃകത്തെ ആഞ്ഞുവെട്ടി നശിപ്പിക്കാന്‍ ഗാമപ്പറങ്കി ഇസ്‌ലാംവെറുപ്പിന്റെ കുരിശുമഴു ഉപയോഗിച്ചുനോക്കിയ പോര്‍ച്ചുഗീസ് കാലത്തോളം അതിനു വേരുകളുണ്ട്. അധിനിവേശത്തിന്റെ രൂപവും ഭാവവും മാറിയിട്ടുള്ള പുതിയ കാലത്ത് സാംസ്‌കാരിക സാമ്രാജ്യത്വം കപ്പല്‍ കയറി വരുന്ന കടലിടുക്കുകളിലൊന്ന് യുക്തിവാദത്തിന്റേതാണെന്ന് മാത്രമേയുള്ളൂ.

ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയുമൊന്നും അടിത്തറയില്ലാത്ത ദാര്‍ശനിക മുഷ്‌കാണ് യുക്തിവാദമെന്ന് സുതരാം വ്യക്തമായ പതിറ്റാണ്ടുകളാണ് വാസ്തവത്തില്‍ ലോകം നമ്മുടെ കാലത്ത് പിന്നിട്ടത്. അസ്തിവാരങ്ങളെല്ലാം തകര്‍ന്നുപോയിട്ടുള്ള റേഷണലിസത്തിന്റെ പ്രേതം ഇപ്പോള്‍ പല്ലിളിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ സര്‍വവ്യാപ്തിയെ നട്ടെല്ലാക്കിക്കൊണ്ടാണെന്നും അതിനെ നട്ടെല്ലാക്കാന്‍ നിര്‍ബന്ധിതരാകുന്ന നട്ടെല്ലുരഹിതരെയെല്ലാം മുതലാളിത്തം ഇപ്പോള്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും മനസ്സിലാകുന്നവര്‍ക്ക് മൂലധനവും നവനാസ്തികരും തമ്മിലുള്ള ഇടപാടിന്റെ രഹസ്യം അപഗ്രഥിക്കുവാന്‍ കഴിയും. സാമ്രാജ്യത്വവിരുദ്ധവും യുദ്ധവിരുദ്ധവുമായ ഒരു ഇടതുപക്ഷ ഭൂതകാലത്തുനിന്ന് മാറി മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക ധിക്കാരങ്ങള്‍ക്കുമുഴുവന്‍ മുസ്‌ലിംകളോടുമുള്ള പകയുടെ ഉന്മാദത്തില്‍ സൈദ്ധാന്തിക ഭാഷ്യം ചമക്കുന്ന യുദ്ധരതിക്കാരും വെറുപ്പുവ്യാപാരികളുമായി നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ രൂപാന്തരപ്പെടുന്നതിന്റെ രാഷ്ട്രീയമതാണ്. ഇന്‍ഡ്യയില്‍ രണോത്സുക സവര്‍ണ ഹിന്ദുത്വത്തിന് മുസ്‌ലിം ചോര കുടിക്കുവാനുള്ള വൈജ്ഞാനിക പരിസരമൊരുക്കുന്ന ദൗത്യം അപാരമായ ആത്മസംതൃപ്തിയോടുകൂടി അവര്‍ക്കു നിര്‍വഹിക്കാന്‍ കഴിയുന്നതും ആ പശ്ചാത്തലത്തിലാണ്.

യുക്തിവാദം ഒരു മുസ്‌ലിം വിരുദ്ധ വംശീയ വ്യവഹാരമായി മുടിയഴിച്ചു തുള്ളുന്നത് കാണാന്‍ അവരിലെ മലയാളി ഫെയ്‌സ്ബുക്ക് ആക്റ്റിവിസ്റ്റുകളുടെ നിലപാടുകള്‍ തന്നെ ശ്രദ്ധിച്ചാല്‍ മതി. ആ മനസ്സുകളില്‍ തളംകെട്ടി നില്‍ക്കുന്ന വൃത്തികെട്ട മലിനജലം ഒഴുകിയെത്തുന്ന ചാലുകളുടെ ഉറവിടം തിരിച്ചറിയണമെങ്കിലാണ് നവനാസ്തികതയുടെ പടിഞ്ഞാറന്‍ ആചാര്യന്‍മാരിലേക്ക് നോക്കേണ്ടിവരിക. സ്വതന്ത്രചിന്തകന്‍മാരുടെ സാക്ഷാല്‍ പ്രവാചകന്‍മാര്‍ ഡേവിഡ് ഹ്യൂമോ ഡാര്‍വിനോ അല്ല, മറിച്ച് സാമുവല്‍ ഹണ്ടിംഗ്ടണും ബെര്‍ണാഡ് ലൂയിസുമാണെന്ന് അപ്പോള്‍ ബോധ്യം വരും.

ഭീകരതയുടെ തത്ത്വശാസ്ത്രം ഇസ്‌ലാമാണെന്ന മുരത്ത കളവ് പറയുകയും ഇസ്‌ലാമിനെ ഉപേക്ഷിച്ച് ‘മനുഷ്യരാകാന്‍’ മുസ്‌ലിംകള്‍ സന്നദ്ധമല്ലെങ്കില്‍ അവരെ യുദ്ധം വഴി ഉന്മൂലനം ചെയ്ത് ഭൂമിയെ ശുദ്ധീകരിക്കാന്‍ അമേരിക്ക സന്നദ്ധമാകണമെന്നുപദേശിക്കുകയും ചെയ്യുന്ന നവനാസ്തികതയുടെ ‘മെയ്ന്‍ കാംഫു’കളാണ് റിച്ചഡ് ഡോക്കിന്‍സിന്റെയും ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെയും സാം ഹാരിസിന്റെയും പല രചനകളും. ക്രൈസ്തവത ചില അനുഷ്ഠാനങ്ങളിലേക്ക് കാലക്രമത്തില്‍ ചുരുങ്ങിയതുപോലെ ഇസ്‌ലാം ചുരുങ്ങാത്തതാണ് അതിന്റെ ‘പ്രശ്‌ന’മെന്നും പ്രമാണങ്ങളെ പിന്തുടരണമെന്ന മുസ്‌ലിം വാശിയാണ് ഇതിനു കാരണമെന്നുമെല്ലാം ‘കണ്ടെത്തി’യതിനുശേഷം പ്രമാണനിഷ്‌കര്‍ഷയുള്ള മുസ്‌ലിംകളെ വെടിവെച്ചുകൊന്ന് ‘ഭീകരതയുടെ ബീജങ്ങള്‍’ നിഷ്‌കാസനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന അവരുടെ ഡിസ്‌കോഴ്‌സുകള്‍ പരിശോധിക്കുന്നത് ‘നല്ല മുസ്‌ലിം-ചീത്ത മുസ്‌ലിം’ ബൈനറിയുടെ പര്യായമായി ‘സ്വൂഫി-വഹ്ഹാബി’ എന്ന പ്രയോഗം വരുന്നതിന്റെ പ്രത്യയശാസ്ത്രം വെളിപ്പെടാനും
ഉപകരിക്കും. സാമ്രാജ്യത്വവിരുദ്ധമായ ഒച്ചപ്പാടുകളില്‍ അഭിരമിക്കുമ്പോഴും അജന്‍ഡകള്‍ തിരിച്ചറിയാനുള്ള ആഴമില്ലാതെ സാമ്രാജ്യത്വത്തിന്റെ സാംസ്‌കാരിക മസ്തിഷ്‌ക പ്രക്ഷാളനങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാകുന്ന സംസ്ഥാനമായി കേരളം മാറുന്നതെങ്ങനെയെന്നും അതുവഴി കണ്ടെത്താനാകും.

രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ് നിര്‍മാണത്തിനായി അമേരിക്ക ന്യുയോര്‍ക്കിലെ മാന്‍ഹാട്ടണില്‍ നടത്തിയ കുപ്രസിദ്ധമായ അധ്വാനങ്ങളാണ് മാന്‍ഹാട്ടണ്‍ പ്രൊജെക്ട് എന്നറിയപ്പെടുന്നത്. ആക്രമണോത്സുക അമേരിക്കന്‍ ദേശീയതയുടെ പര്യായമായി യുക്തിവാദം മാറുന്ന കാലത്ത് മാന്‍ഹാട്ടന്‍ അതിന് അഭിമാനമുണര്‍ത്തുന്ന ഒരു ഭൂതമുദ്രയായി മറുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഷോവിനിസത്തിന്റെ ലഹരിയില്‍ നവനാസ്തികത എത്ര അന്ധവും ഭീഷണവുമായിക്കഴിഞ്ഞുവെന്നറിയാന്‍ തന്റെ ‘ദി എന്‍ഡ് ഓഫ് ഫെയ്തി’ല്‍ സാം ഹാരിസ് പുതിയൊരു മാന്‍ഹാട്ടണ്‍ പദ്ധതി ആവശ്യമാണെന്നു പറയുന്ന ഭാഗം ഒരുദാഹരണമെന്ന നിലയില്‍ വായിക്കാവുന്നതാണ്. പെട്രോളിനുപകരം ബദല്‍ ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പദ്ധതിയുടെ ഭാഗമായി നടക്കേണ്ടത്. ലോകത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹമോ പാരിസ്ഥിതിക സംരക്ഷണത്തിനുള്ള അദമ്യമായ അഭിലാഷമോ അല്ല യുക്തിവാദി ആചാര്യനെ ഇതിനു പ്രേരിപ്പിക്കുന്നത്, മറിച്ച് മിഡില്‍ ഈസ്റ്റ് പെട്രോള്‍ നിക്ഷേപങ്ങള്‍ കൊണ്ട് സമൃദ്ധമാണെന്നതും ലോകത്തിന്റെ പെട്രോള്‍ ആശ്രിതത്വം മുസ്‌ലിം രാജ്യങ്ങളെ സമ്പന്നമാക്കുന്നുവെന്നതും ആണ്! മുസ്‌ലിംകളായതുകൊണ്ട് അറബികള്‍ ദാരിദ്ര്യം വന്ന് നശിച്ച് ‘പണ്ടാരമടങ്ങി’ക്കാണാനുള്ള ആഗ്രഹം പച്ചയായി എഴുതിവെച്ച ഒരു പുസ്തകം ബെസ്റ്റ് സെല്ലറാകുന്നത് എത്ര വലിയ വിദ്വേഷ മനോരോഗങ്ങളിലേക്കാണ് ലോകം സംക്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. അതിലുപരി, യുക്തിവാദം ഒരു പെട്രോള്‍ വിരുദ്ധ ‘പ്രാര്‍ത്ഥന’യായി മാറുന്ന വിചിത്രമായ ഒരു സ്ഥലകാലത്തില്‍ സ്വതന്ത്രചിന്ത ദാര്‍ശനികമെന്നതുപോലെ രാഷ്ട്രീയമായും സാംസ്‌കാരികമായും വിമര്‍ശിക്കപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്ക് അത് വിരല്‍ ചൂണ്ടുന്നുണ്ട്.

യുക്തിവാദത്തിന്റെ സ്വാധീനമുള്ള ആളായിരുന്നു സഹോദരൻ അയ്യപ്പൻ; പക്ഷേ ഇസ്‌ലാമിൽ നിന്ന് മനുഷ്യസമത്വത്തിന്റെ പാഠങ്ങൾ സ്വീകരിക്കുകയും മകൾക്ക്‌ ആഇശ എന്ന് പേര്‌ നൽകുകയും മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജിയുടെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങളിൽ കണ്ണിചേരുകയും ചെയ്യാൻ അദ്ദേഹത്തിന്‌ അത്‌ തടസ്സമായിട്ടില്ല. യുക്തിവാദി ആയിരുന്ന പെരിയോർ ഇ. വി. രാമസ്വാമി നായ്ക്കർ തമിൾനാട്ടിലെ മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ഗുണകാംക്ഷികളിൽ ഒരാളായിരുന്നു. ഇസ്‌ലാമിനെ ആദരവോടുകൂടി വായിച്ചിരുന്ന നിത്യചൈതന്യയതിയുടെ ചുറ്റും ശിഷ്യന്മാരായി നിന്ന ഹിപ്പികൾ ആയിരുന്നു ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഭൗതികവാദ ദൃശ്യം. ഇവരുടെയെല്ലാം നിരീശ്വരവാദങ്ങൾ, നവനാസ്തികരുടേതെന്നപോലെത്തന്നെ, തീർത്തും അബദ്ധജഡിലങ്ങളായിരുന്നു. എന്നാൽ അവർ യുക്തിവാദത്തിന്റെ ബോർഡ്‌ വെച്ച്‌ ഹിന്ദുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഇസ്‌ലാംവെറി പങ്കിട്ടവർ ആയിരുന്നില്ല. നവനാസ്തികരുടെ നിയോജക മണ്ഡലം, അതുകൊണ്ടുതന്നെ, മലയാളിക്ക്‌ പരിചയമുള്ള ആ ‘പഴയ യുക്തിവാദം’ അല്ല. ആഇശ എന്ന് മകൾക്ക്‌ പേരിട്ടവരിൽ നിന്ന് ആഇശ എന്ന് കേൾക്കുമ്പോഴേക്ക്‌ നബിവിരോധത്തിന്റെ പനി വന്ന് വിറക്കുന്നവരിലേക്കുള്ള ദൂരം തീരെ ചെറുതല്ല തന്നെ. കേരളം കേരളമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ കണ്ണുതുറന്ന് കാണുക- ഇത് പവനന്റെയോ കോവൂരിന്റെയോ യുക്തിവാദമല്ല, പ്രത്യുത ഗോള്‍വാള്‍ക്കറിനെ സുഹൃത്താക്കുന്ന മനോരോഗമാണ്. അതിനെ ചികിത്സിക്കുവാന്‍ നേരമില്ലെങ്കില്‍ നമ്മളൊന്നായി വലിയ വില കൊടുക്കേണ്ടി വരും.
അവർ സംഘടിപ്പിക്കുന്ന, വെറുപ്പിന്റെ ഉത്സവങ്ങളായ രണോത്സുക യുക്തിവാദ സമ്മേളനങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ സാമൂഹിക ജാഗ്രത അളക്കുന്ന ‘ലിറ്റ്‌മസ്‌’ ടെസ്റ്റുകൾ ആണ്‌. തിരിച്ചറിവുകൾ നേടുന്നതിൽ നമുക്ക്‌ പരാജയപ്പെടാതെ നോക്കുക!


Tags :


mm

Musthafa Thanveer