Logo

 

കഅബ വിഗ്രഹാരാധകർ നിർമിച്ച ക്ഷേത്രമോ?

22 August 2020 | Study

By

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 2

? ” തെക്കേ അറേബ്യൻ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന അൽ ഹജർ അൽ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാക്തന ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയും തീർത്ഥാടന കേന്ദ്രവുമായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ.” – കഅ്ബ ഇബ്റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന രീതിയിൽ ചില ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും ഉന്നയിക്കുന്ന ഈ അവകാശവാദങ്ങൾ ശരിയാണോ?

| അല്ല. അറേബ്യയിലെ വിഗ്രഹാരാധകര്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബയെന്ന് ‘ചരിത്രരേഖകള്‍’ വ്യക്തമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം വിമര്‍ശകരൊന്നും തന്നെ ഒരു ‘ചരിത്രരേഖ’യും നാളിതുവരെ ഇവ്വിഷയകമായി ഹാജരാക്കിയിട്ടില്ല എന്നതാണ് സത്യം. ദക്ഷിണ അറേബ്യ എന്ന ഭൂമിശാസ്ത്രപരമായ മേല്‍വിലാസം സ്ഥാപിക്കുന്നതുപോയിട്ട് ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനക്കുവേണ്ടി ആരെങ്കിലും നിര്‍മിച്ചതാണ് കഅ്ബയെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു ചരിത്രരേഖയും ഇല്ല.

മുഹമ്മദ്‌ നബി (സ) നിയോഗിക്കപ്പെടുന്ന സമയത്ത്‌ കഅ്ബക്കുചുറ്റും നിരവധി വിഗ്രഹങ്ങളും പൂജിക്കപ്പെടുന്ന ശിലകളും ഉണ്ടായിരുന്നുവെന്നും അവയോടനുബന്ധിച്ച് ബഹുദൈവാരാധനാപരമായ അനുഷ്ഠാനങ്ങൾ മക്കക്കാരുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്നുവെന്നും ഉള്ള, നബി(സ)യുടെ ജീവചരിത്രം അസന്നിഗ്ധമായി വ്യക്തമാക്കുന്ന യാഥാർത്ഥ്യങ്ങളെയാണ്‌ പല മിഷനറിമാരും കഅ്ബയുടെ അബ്രഹാമിക ചരിത്രത്തെ ചോദ്യം ചെയ്യാനായി ഉപയോഗിക്കുന്നത്‌. പ്രവാചകൻമാർ പ്രപഞ്ചനാഥനെ ആരാധിക്കുന്നതിനുവേണ്ടി നിർമിക്കുന്ന മന്ദിരങ്ങൾ പിൽകാലത്ത്‌ വിഗ്രഹാരാധനയുടെ വിഹാരരംഗങ്ങളായി മാറുക എന്നത്‌ ചരിത്രത്തിൽ പലപ്പോഴും സംഭവിച്ചിട്ടുള്ള കാര്യമാണെന്നും അത്തരം പിൽകാല വ്യതിയാനങ്ങൾ പ്രസ്തുത മന്ദിരങ്ങളുടെ ആദിമ വിശുദ്ധിയെ ചോദ്യം ചെയ്യാനായി ഉദ്ധരിക്കുന്നത്‌ വിഡ്ഢിത്തമാണെന്നും അറിയാത്തവരാണോ മിഷനറിമാർ? ചുരുങ്ങിയ പക്ഷം ബൈബിളെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ ആയിരിക്കാൻ സാധ്യതയില്ല. കാരണം, ജെറൂസലേമിൽ സോളമൻ രാജാവ്‌ അതിബൃഹത്തായ രീതിയിൽ‌ പണി കഴിപ്പിക്കുകയും യഹൂദരുടെ ആത്മീയ കേന്ദ്രമായി പരിലസിക്കുകയും ചെയ്ത പ്രശസ്തമായ ‘ദി ടെംപ്‌ൾ’, (മുസ്‌ലിംകൾ ഇതിനെയാണ്‌ ‘ബയ്തുൽ മക്വ്‌ദിസ്’‌ എന്ന് വിളിക്കുന്നത്‌), പിന്നീട്‌ ഇസ്രാഈല്യർ തന്നെ പ്രതിമകൾ സ്ഥാപിച്ചും വിഗ്രഹാരാധനയും മൃഗവന്ദനവും സൂര്യപൂജയും പതിവാക്കിയും മലിനമാക്കിയതിനെക്കുറിച്ചും, യഹോവ തത്‌സ്ഥിതിയിൽ നിന്ന് സോളമന്റെ ആലയത്തെ മോചിപ്പിക്കുന്നതിനുവേണ്ടി എസക്കിയേൽ പ്രവാചകനെ സജ്ജമാക്കിയതിനെക്കുറിച്ചും പഴയ നിയമം പറയുന്നുണ്ടല്ലോ. 1

പ്രവാചകന്മാരുടെ നിരന്തരമായ നിയോഗമുണ്ടായ ഇസ്രാഈല്യർ പോലും വിഗ്രഹാരാധനയിലേക്ക്‌ വ്യതിചലിക്കുകയും പ്രവാചകന്മാർ പരിപാലിച്ചിരുന്ന തങ്ങളുടെ വിശുദ്ധ ഭവനത്തെ അതിന്റെ കേന്ദ്രമാക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായെങ്കിൽ, ഇസ്‌മാഈലിനുശേഷം മുഹമ്മദ്‌ നബി (സ) കടന്നുവരുന്നതുവരെ, സഹസ്രക്കണക്കിന്‌ വർഷങ്ങൾ പ്രവാചകന്മാരുടെ ആഗമനമോ വേദഗ്രന്ഥങ്ങളുടെ അവതരണമോ ഉണ്ടാകാതിരുന്ന അറേബ്യയിലെ ഇസ്‌മാഈല്യർക്ക്‌ സമാനമായ പരിണിതിയുണ്ടായതിൽ അത്ഭുതപ്പെടാനായിട്ട്‌ എന്തുണ്ടെന്നാണ്‌ മിഷനറിമാർ കരുതുന്നത്‌! എസക്കിയേലിനോട്‌ ജറൂസലേമിൽ നിർവഹിക്കാൻ ആവശ്യപ്പെട്ട ശുദ്ധീകരണ ദൗത്യം തന്നെയാണ്‌ മക്കയിൽ മുഹമ്മദ്‌ നബി (സ) യോടും‌ പ്രപഞ്ചസ്രഷ്ടാവ്‌ നിർവഹിക്കാൻ ആവശ്യപ്പെട്ടത്‌. എസക്കിയേലിന്റെ കാലത്തെ അവസ്ഥ വെച്ച്‌ സോളമന്റെ ഭവനം വിഗ്രഹപൂജകർ നിർമിച്ചതാണെന്ന് സിദ്ധാന്തം മെനയുന്നതുപോലെ തന്നെ പരിഹാസ്യമാണ്‌ മുഹമ്മദ്‌ നബി (സ) കടന്നുവരുമ്പോഴുള്ള സ്ഥിതി വെച്ച്‌ കഅ്ബയുടെ അബ്രഹാമിക വേരുകൾ നിഷേധിക്കുന്നതും.

ബയതുൽ മക്വ്‌ദിസ്‌ ബഹുദൈവാരാധനയുടെ ആസ്ഥാനമാക്കിയ പിൽകാല യഹൂദർക്ക് ആ ഭവനം യഥാർത്ഥത്തിൽ പ്രവാചകന്മാർ പണികഴിപ്പിച്ചതാണെന്ന് അറിയുമായിരുന്നതുപോലെ, മക്കയിലെ വിഗ്രഹപൂജക അറബികൾക്കും കഅ്ബ ഇബ്‌റാഹീമും ഇസ്‌മാഈലും പണി കഴിപ്പിച്ചതാണെന്ന് കൃത്യമായി അറിയാമായിരുന്നു. (ഈ പരമ്പരയിലെ ആദ്യ ലേഖനം നോക്കുക). ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ശേഷം നൂറ്റാണ്ടുകൾ പിന്നിട്ട്‌ കഴിഞ്ഞ്‌, അംറു ബ്നു ലുഹയ്യ്‌ എന്നയാൾ മക്കക്കാർക്കിടയിലേക്ക്‌ വിഗ്രഹങ്ങളും മൃഗവന്ദനപരമായ അന്ധവിശ്വാസങ്ങളും കൊണ്ടുവന്ന് ഇസ്‌മാഈലിന്റെ മതം അട്ടിമറിച്ചതിനെക്കുറിച്ച്‌ അറബികളുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിലെല്ലാം കാണാം.2 അംറിന്‌ ഇതുകാരണമായി പരലോകത്ത്‌ ലഭിക്കാൻ പോകുന്ന ശിക്ഷയെക്കുറിച്ച്, മുഹമ്മദ്‌ നബി (സ) അനുചരരോട്‌‌ പറഞ്ഞത്‌ ഹദീഥുകളിൽ തന്നെയുണ്ട്‌.3

വിഖ്യാതനായ പ്രാചീന ഗ്രീക്ക് ചരിത്രകാരന്‍ ഹെറഡോട്ടസ് ‘അലിലത്’ എന്നു പേരുള്ള ഒരു അറേബ്യന്‍ ദേവതയെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്നതാണ് 4 കഅ്ബ വിഗ്രഹാരാധകര്‍ സ്ഥാപിച്ചതാണെന്ന് തെളിയിക്കാന്‍ പല ഇസ്‌ലാം വിമര്‍ശകരും എടുത്തുദ്ധരിച്ചിരിക്കുന്നത്. പുരാതനകാലം മുതല്‍ക്കുതന്നെ കഅ്ബ വിഗ്രഹാരാധകരുടെ ദേവാലയമായിരുന്നുവെന്ന് ഹെറഡോട്ടസിന്റെ എഴുത്തുകള്‍ തെളിയിക്കുന്നുവെന്നാണ് വാദം. Aphrodite എന്ന ഗ്രീക്ക്‌ ദേവതയുടെ അറേബ്യൻ പതിപ്പായി ഹെറഡോട്ടസ്‌ കരുതുന്ന ‘അലിലത്‌’, പ്രവാചകന്റെ കാലത്ത് അറേബ്യയിൽ പൂജിക്കപ്പെട്ടിരുന്ന ലാത്ത എന്ന മൂർത്തിയാണ്‌ എന്ന വ്യാഖ്യാനം, പദപരമായ സമാനത അവകാശപ്പെട്ടുകൊണ്ട്‌, അവർ മുന്നോട്ടുവെക്കുന്നു. ഇവിടെ, ഒന്നാമതായി, ഹെറഡോട്ടസ്‌ അറേബ്യയെക്കുറിച്ച്‌ നൽകുന്ന അറിവുകളെല്ലാം ആധികാരികവും സത്യസന്ധവുമാണെന്ന് ചരിത്ര ഗവേഷകർക്കൊന്നും അഭിപ്രായമില്ല എന്ന കാര്യം നമ്മളോർക്കണം. ‘അലിലത്‌’ ‘ലാത്ത’ ആണെന്നതാകട്ടെ,‌ ഒരു വ്യാഖ്യാനം മാത്രമാണ്‌; അതിനെ വസ്തുതാപരമായി തെളിയിക്കാൻ അതിന്റെ വക്താക്കളുടെ കയ്യിൽ തെളിവുകളൊന്നും തന്നെയില്ല. അതെന്തുതന്നെയായിരുന്നാലും, മക്കയെക്കുറിച്ചോ കഅ്ബയെക്കുറിച്ചോ ഹെറഡോട്ടസ് എന്തെങ്കിലും സംസാരിച്ചിട്ടുള്ളതായി അദ്ദേഹത്തെ ഈ ചർച്ചയിലേക്ക്‌ കൊണ്ടുവരുന്നവർക്കാർക്കും കാണിക്കാനായിട്ടില്ല. ലാത്ത പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്‌‌ മക്കയിൽ അല്ല, ഹിജാസിലെ ത്വാഇഫ്‌ എന്ന മറ്റൊരു നഗരത്തിലാണ്‌.5 ഹെറഡോട്ടസിന്‍റെ ‘അലിലത്ത്’ ‘ലാത്ത’യാണെങ്കില്‍ ത്വാഇഫിനെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം എന്നാണ് വരിക. അങ്ങനെയാണെങ്കിലും അല്ലെങ്കിലും, അറേബ്യയുടെ ഒരു ഭാഗത്ത് ബി.സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഒരു വിഗ്രഹം ദേവതയായി ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വിവരണം പരമാവധി തെളിയിക്കുന്നത്. ഇതിന് കഅ്ബയുടെ നിർമാണവുമായി എന്തു ബന്ധമാണുള്ളത്? കഅ്ബ വിഗ്രഹാരാധനക്കുവേണ്ടി പടുത്തുയര്‍ത്തപ്പെട്ട ഭവനമാണെന്ന മിഷനറി വാദത്തിന് അതെങ്ങനെയാണ് തെളിവാകുക?

ഹെറഡോട്ടസ് ഇനി സാക്ഷാല്‍ കഅ്ബയെക്കുറിച്ചുതന്നെ ഇതേ കാര്യം എഴുതിയാലും അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും കഅ്ബക്കു ചുറ്റുമുള്ള ജനത ദേവതാപൂജ ആരംഭിച്ചുവെന്നല്ലാതെ കഅ്ബ സ്ഥാപിക്കപ്പെട്ടത് അന്നായിരുന്നുവെന്നും അതിനു വേണ്ടിയായിരുന്നുവെന്നും എങ്ങനെയാണ് സ്ഥാപിക്കപ്പെടുക? ഇബ്റാഹിം നബി(അ)യാണ് കഅ്ബ സ്ഥാപിച്ചതെന്ന പ്രവാചകാധ്യാപനത്തെ അതെങ്ങനെയാണ് തിരുത്തുക? ബൈബിള്‍ കാലഗണന പ്രകാരം ഹെറഡോട്ടസിന് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഇബ്റാഹിം പ്രവാചകന്‍ സ്ഥാപിച്ച ഒരാരാധനാലയത്തിന്റെ പരിസരത്ത് ഹെറഡോട്ടസിന്റെ കാലമായപ്പോഴേക്കും വിശ്വാസവ്യതിചലനങ്ങളുടെ ഫലമായി വിഗ്രഹങ്ങള്‍ വന്നുചേരുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്? കഅ്ബയെ ഇബ്റാഹിം നബി (അ) പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൂല്യങ്ങളില്‍ തന്നെ അറബികള്‍ ചരിത്രത്തിലുടനീളം നിലനിര്‍ത്തി എന്ന് മുഹമ്മദ് നബി(സ)യോ മുസ്‌ലിംകളോ അവകാശപ്പെട്ടിട്ടില്ലല്ലോ.

ബി. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഡിയോഡറസ് സിക്കുലസ്(Diodorus Siculus) എന്ന ഗ്രീക്ക് ചരിത്രകാരന്‍ അന്ന് അദ്ദേഹത്തിനറിയാമായിരുന്ന ഭൂപ്രദേശങ്ങളെക്കുറിച്ചെഴുതിയ ബിബ്ളിയോത്തിക്ക ഹിസ്റ്റോറിക്ക (Bibliotheca Historica) എന്ന ബൃഹദ്‌ ഗ്രന്ഥത്തില്‍ 6 മക്കയെ പരമാര്‍ശിച്ചുകൊണ്ട് ‘അവിടെ അതിവിശുദ്ധവും എല്ലാ അറബികളും അങ്ങേയറ്റം ആദരിക്കുന്നതുമായ ഒരാരാധനാലയം നിലിവിലുണ്ട്’ എന്നെഴുതിയിട്ടുള്ളതാണ് വിമര്‍ശകരുടെ മറ്റൊരു ‘തെളിവ്.’ ഗ്രീക്കുകാര്‍ക്കുപോലും പരിചിതമാകും വിധമുള്ള പ്രശസ്തി ക്രിസ്തുയേശുവിനു മുമ്പുതന്നെ കഅ്ബ കൈവരിച്ചിരുന്നുവെന്ന് മാത്രമാണ് വാസ്തവത്തില്‍ ഡിയോഡറസിന്റെ ഗ്രന്ഥം തെളിയിക്കുന്നത്. കഅ്ബ ഇബ്റാഹീം നബി(അ) സ്ഥാപിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന വിദൂരമായ സൂചനകള്‍പോലും അദ്ദേഹത്തിന്റെ എഴുത്ത് ഉള്‍ക്കൊള്ളുന്നില്ല. കഅ്ബയില്‍ വിഗ്രഹാരാധന നടക്കുന്നതായിത്തന്നെ ഡിയോഡറസിന്റെ എഴുത്തുകള്‍ പറഞ്ഞാല്‍പോലും അദ്ദേഹത്തിനു രണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇബ്റാഹീം നബി (അ) ഏകദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചതായിരുന്നു പ്രസ്തുത ഭവനമെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കുകയില്ലെന്നതാണ് വാസ്തവം.

കഅ്ബ ഇബ്റാഹീം പ്രവാചകനും പുത്രന്‍ ഇസ്മാഈല്‍ പ്രവാചകനും ചേര്‍ന്ന് പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുവാന്‍വേണ്ടി പടുത്തുയര്‍ത്തിയതാണെന്ന ഇസ്‌ലാമിക നിലപാടിനെ നിരാകരിക്കുകയോ ബഹുദൈവാരാധകര്‍ സ്ഥാപിച്ചതോ ബഹുദൈവാരാധനയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതോ ആയ ദേവാലയമാണ് അത് എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല വിമര്‍ശകരുടെ കൈവശമുള്ള ‘ചരിത്രരേഖ’കളൊന്നും തന്നെ എന്ന് നമുക്ക് വ്യക്തമായി. കഅ്ബയെ ശിലാപൂജയുമായി ബന്ധിപ്പിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ പിന്നീട് ആശ്രയിക്കുന്നത് അൽ ഹജർ അൽ അസ്‌വദ്‌ (The Black Stone) എന്ന, കഅ്ബയുടെ ചുമരില്‍ പരിരക്ഷിക്കപ്പെടുന്ന കറുത്ത കല്ലിനെയാണ്. വാസ്തവത്തില്‍,അങ്ങേയറ്റം പരിഹാസ്യമായ ഒരു വാദമാണിത്. അൽ ഹജർ അൽ അസ്‌വദ്‌ എന്ന അറബി പ്രയോഗത്തിനര്‍ത്ഥം കറുത്ത കല്ല് എന്നു മാത്രമാണ്. ആരാധനാലയങ്ങളുടെ ചുമരുകള്‍ നിര്‍മിക്കപ്പെടുക സ്വാഭാവികമായും കല്ലുകളുപയോഗിച്ചു തന്നെയാണ്. കഅ്ബ പടുത്തുയര്‍ത്തുവാനാരംഭിച്ചപ്പോള്‍ മൂലശിലയായി ഇബ്റാഹീമും ഇസ്മാഈലും ഉപയോഗിച്ച കറുത്ത കല്ലാണ് അൽ ഹജർ അൽ അസ്‌വദ്‌ എന്ന പേരില്‍ വിശ്രുതമായിത്തീര്‍ന്നത്. ചരിത്രത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടന്ന പുനര്‍നിര്‍മാണ വേളകളില്‍ ഈ മൂലശില എടുത്തുമാറ്റപ്പെടാതെ പരിരക്ഷിക്കപ്പെട്ടുവെന്നതാണ് അതിന്റെ ചരിത്രപരമായ പ്രാധാന്യം. ഇന്നത്തെ കഅ്ബയുടെ ഭിത്തികൾ മൊത്തമെടുത്താൽ ഇബ്‌റാഹീം നബി (അ) വെച്ച ഒരൊറ്റ കല്ല് മാത്രമേ അതിലുള്ളൂ – അത്‌ അൽ ഹജർ അൽ അസ്‌വദിന്റെ ശകലങ്ങളാണ്‌. മുഹമ്മദ്‌ നബി (സ) യുടെ കാലത്തും അത്‌ അങ്ങനെത്തന്നെ ആയിരുന്നു. പ്രപഞ്ചനാഥനുള്ള ആരാധനയായി കഅ്ബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നവർക്ക്‌ അത് തുടങ്ങുവാനുള്ള മൂല ഏതാണെന്ന് മനസ്സിലാകാനുള്ള നാട്ടക്കുറിയായാണ് ഇബ്‌റാഹീം നബി (അ) ആ കല്ല് വെച്ചത്‌ എന്നതത്രെ ആ കല്ല് മാത്രം ഇപ്രകാരം കഅ്ബയുടെ പുനർനിർമാണ വേളകളിലെല്ലാം പരിരക്ഷിക്കപ്പെടാനുള്ള കാരണം. ഇപ്പോഴും അൽ ഹജർ അൽ അസ്‌വദിന്‌ ഇസ്‌ലാമിലുള്ള കർമശാസ്ത്രപരമായ പ്രാധാന്യം അതാകുന്നു.

ആരാധനാലയങ്ങളുടെ ചുമരുകളില്‍ കല്ലുകളുണ്ടാകുന്നതിന്റെ പേരല്ല ശിലാപൂജ, മറിച്ച് ചുമരിലോ അല്ലാതെയോ ഉള്ള ഏതെങ്കിലും കല്ല് ആരാധിക്കപ്പെടുന്നതിന്റെ പേരാണ്. അറബികള്‍ ഇബ്റാഹീമീ ഏകദൈവ വിശ്വാസത്തില്‍നിന്ന് പല രീതിയിലും വ്യതിചലിച്ചു പോവുകയും മുഹമ്മദ് നബി (സ)യുടെ കാലമായപ്പോഴേക്കും കടുത്ത വിഗ്രഹാരാധകരായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ പൂജാവസ്തുക്കളില്‍ ഒരിക്കല്‍പോലും അൽ ഹജർ അൽ അസ്‌വദ്‌ ഉള്‍പ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തിലും ആരാധിക്കപ്പെട്ടിട്ടില്ലാത്ത, കഅ്ബയുടെ മൂലശിലയെന്ന നിലയില്‍ അപ്പടി നിലനിര്‍ത്തപ്പെടുക മാത്രം ചെയ്തിട്ടുള്ള ഒരു കല്ലാണത്. കഅ്ബയെ ശിലാപൂജയുടെ കേന്ദ്രമായി അവതരിപ്പിക്കാനാഗ്രഹമുള്ള മിഷനറിമാര്‍ക്കും ഓറിയന്റലിസ്റ്റുകള്‍ക്കുമൊന്നും അൽ ഹജർ അൽ അസ്‌വദിനെ അറബികള്‍ പൂജിച്ചിരുന്നുവെന്ന് കാണിക്കുന്ന ഒരു ചരിത്രരേഖയും ഉദ്ധരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കഅ്ബക്കകത്തും കഅബക്കുചുറ്റും ഒക്കെ രൂപങ്ങൾ കൊത്തിവെച്ചപ്പോഴും അറബികള്‍ അൽ ഹജർ അൽ അസ്‌വദിനെ ആരാധനാമൂര്‍ത്തിയായി സ്വീകരിച്ചില്ലെന്ന് പറയുമ്പോള്‍, കടുത്ത വിഗ്രഹാരാധകർക്കുപോലും ആശയക്കുഴപ്പങ്ങൾക്കിടം നൽകാത്ത വിധം ഭദ്രമായിരുന്നു അതിന്റെ ഉദ്ദേശ്യം എന്നാണർത്ഥം. വന്ദിക്കപ്പെടുകയോ ഭക്തി സമര്‍പ്പിക്കപ്പെടുകയോ നിവേദ്യങ്ങള്‍ നേരപ്പെടുകയോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കപ്പെടുകയോ ഭരമേല്‍പിക്കപ്പെടുകയോ സഹായമഭ്യര്‍ത്ഥിക്കപ്പെടുകയോ പ്രാര്‍ത്ഥിക്കപ്പെടുകയോ ഒന്നും ചെയ്യുന്ന ഒരു വസ്തുവായിട്ടല്ല, ഇസ്‌ലാം പൂർവ്വ അറബികള്‍ക്കിടയിൽ പോലും അൽ ഹജർ അൽ അസ്‌വദ്‌ നിലനിന്നത് എന്നതിനാൽ തന്നെ, ആ കല്ലിനെ ചൂണ്ടിക്കാണിച്ച് ‘ശിലാപൂജ’ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നത് എത്രമേല്‍ അപഹാസ്യമാണെന്ന് സുവ്യക്തമാണ്‌. ആ കറുത്ത കല്ലിനെ ആരാധിക്കുന്ന യാതൊരു കര്‍മവും ഹജ്ജോ ഉംറയോ ഉള്‍ക്കൊള്ളുന്നില്ല, ഉള്‍ക്കൊണ്ടിട്ടുമില്ല. “ഒരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത കല്ല് മാത്രമാണിത്‌ എന്ന് നിശ്ചയമായും എനിക്കറിയാം” 7 എന്ന് പ്രവാചകാനുചരന്മാരിൽ പ്രമുഖനും രണ്ടാം ഖലീഫയും ആയിരുന്ന ഉമർ ഇബ്നുൽ ഖത്വാബ്‌ അൽ ഹജർ അൽ അസ്‌വദിനെക്കുറിച്ച്‌ പറഞ്ഞത്‌ അതിനോടുള്ള ഇസ്‌ലാമിക മനോഭാവത്തെ കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്‌. ഹിജാസിൽ മതപരമായ പ്രാധാന്യം കൽപിക്കപ്പെട്ടിരുന്ന കല്ലുകളെ ജനങ്ങളുടെ മനസ്സിൽ നിന്ന് നിഷ്കാസനം ചെയ്യാൻ നബി (സ)ക്ക്‌ നിരന്തരമായ പ്രബോധനപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ അൽ ഹജർ അൽ അസ്‌വദിന്റെ കാര്യത്തിൽ അങ്ങനെ ഒരു അധ്വാനം ആവശ്യമായി വന്നിട്ടില്ല. കാരണം അതിന്‌ ദിവ്യശക്തിയുണ്ടെന്ന് അറബികൾ ഇസ്‌ലാമിനുമുമ്പും കരുതിയിരുന്നില്ല. ഇനി, അൽ ഹജറുൽ അസ്‌വദ്‌ ഇസ്‌ലാമിനുമുമ്പ്‌ അറബികളാൽ ആരാധിക്കപ്പെട്ടിരുന്നു എന്നുതന്നെ സങ്കൽപിക്കുക. അതെന്ത്‌ തെളിയിക്കുമെന്നാണ്‌ വിമർശകർ കരുതുന്നത്‌? ഇബ്‌റാഹീം നബി (അ) കഅ്ബ ഉണ്ടാക്കാൻ ഉപയോഗിച്ച ഒരു കല്ല് പിൽകാലത്ത്‌ ആരാധനാ വസ്തുവായിത്തീർന്നാൽ അത്‌ വെച്ചത്‌ ഇബ്‌റാഹീമല്ല എന്നോ വെച്ചത്‌ ആരാധിക്കപ്പെടുക എന്ന ഉദ്ദേശ്യത്തിലാണെന്നോ വരുമോ? കഅ്ബയിലെ പ്രശസ്തമായ കറുത്ത കൽകഷ്ണങ്ങളിൽ നിന്ന് കഅ്ബയ്ക്ക് ഇബ്റാഹിം നബി (അ)യുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിഷേധിക്കാനാവശ്യമായ യാതൊരു തെളിവും ഹാജരാക്കാനാവില്ല എന്നു ചുരുക്കം.

ആരാധിക്കപ്പെടുന്ന കല്ലുകള്‍ ദൈവത്തിന്റെ പ്രവാചകന്‍മാര്‍ സ്ഥാപിക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുവാനുള്ള സ്ഥലം അടയാളപ്പെടുത്താന്‍വേണ്ടി ദൈവനിര്‍ദേശപ്രകാരം കല്ലുകള്‍ വെക്കുക പ്രവാചകന്‍മാരുടെ സമ്പ്രദായം തന്നെയാണ്. കഅ്ബയുടെ കാര്യത്തില്‍ ഇബ്റാഹിം നബി(അ) ചെയ്തത് അതുമാത്രമാണ്. അൽ ഹജർ അൽ അസ്‌വദ്‌ സ്വർഗത്തിലെ കല്ലായിരുന്നുവെന്നും അല്ലാഹു അത്‌ ഭൂമിയിലേക്ക്‌ ഇറക്കിക്കൊടുത്തതാണെന്നും പറയുന്ന, സ്വീകാര്യമെന്ന് ചില പണ്ഡിതന്മാർക്ക്‌ അഭിപ്രായമുള്ള ഹദീഥുകൾ ഉണ്ട്‌. 8 അവ പ്രകാരം, കഅ്ബയുടെ നിർമാണത്തിനുള്ള ആരംഭശില അല്ലാഹു തന്നെ ഇബ്‌റാഹീമിന്‌ നൽകിയതാണെന്ന് വരും. ആരാധനാലയത്തിന്റെ നിര്‍മാണം തുടങ്ങാന്‍വേണ്ടി ഉപയോഗിച്ച ആ കല്ലിനെ ചൂണ്ടിക്കാണിച്ച് കഅ്ബ അബ്രഹാമികമല്ലെന്ന് ‘സമര്‍ത്ഥിക്കുന്നവര്‍’, ഈ രീതി പ്രവാചകന്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന വസ്തുതയെ വളരെ സമര്‍ത്ഥമായി മറച്ചുവെക്കുകയാണ് ചെയ്യുന്നത്. അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാഖിന്റെ പുത്രനും ഇസ്രാഈല്‍ ഗോത്രങ്ങളുടെ പിതാവുമായ യാക്കോബ് പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ബൈബിള്‍ പഴയനിയമം ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക: “യാക്കോബ് ബേര്‍ഷെബായില്‍ നിന്ന് ഹാരാനിലേക്ക് പുറപ്പെട്ടു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്തു തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്ത് തലയ്ക്കുകീഴെ വെച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി; ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി, അതിന്റെ അറ്റം ആകാശത്തു മുട്ടിയിരിക്കുന്നു. ദൈവദൂതന്‍മാര്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് കര്‍ത്താവ് അരുളി ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും. നിന്നെ ഈ നാട്ടിലേക്ക് തിരികെ കൊണ്ടുവരും. നിന്നോട് പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. അപ്പോള്‍ യാക്കോബ് ഉറക്കില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതി പൂണ്ട് അവന്‍ പറഞ്ഞു; ഈ സ്ഥലം എത്ര ഭയാനകമാണ്! ഇത് ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം. യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയ്ക്കുകീഴെ വെച്ചിരിക്കുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. അവന്‍ ആ സ്ഥലത്തിന് ബഥേല്‍ എന്നു പേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്. അതുകഴിഞ്ഞ് യാക്കോബ് ഒരുപ്രതിജ്ഞ ചെയ്തു. ദൈവമായ കര്‍ത്താവ് എന്‍റെ കൂടെ ഉണ്ടായിരിക്കുകയും, ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും, എനിക്ക് ഉണ്ണാനും ഉടുക്കാനും തരികയും, എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും.’ 9 ദൈവം തന്റെ ജനതക്ക് നല്‍കിയ വാഗ്ദത്ത വിശുദ്ധഭൂമിയില്‍ ദൈവനിര്‍ദേശപ്രകാരം ആരാധനാലയമടയാളപ്പെടുത്താന്‍ കല്ലുനാട്ടിയ യാക്കോബ് ചെയ്തുവെന്ന് ബൈബിള്‍ പറയുന്നതിലധികമൊന്നും അബ്രഹാമും ഇശ്മയേലും മക്ക എന്ന വാഗ്ദത്ത വിശുദ്ധ ഭൂമിയില്‍ അൽ ഹജറുൽ അസ്‌വദ്‌ എന്ന മൂലശിലകൊണ്ട് കഅ്ബയുടെ നിര്‍മാണമാരംഭിച്ചപ്പോള്‍ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. കറുത്ത കല്ല് ചൂണ്ടിക്കാണിച്ച് കഅ്ബയുടെ അബ്രഹാമിക പ്രവാചകപാരമ്പര്യം നിഷേധിക്കുന്നത് അതിനാല്‍ തന്നെ, എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

കുറിപ്പുകൾ

  1. 1. എസക്കിയേൽ, അധ്യായം 8 നോക്കുക.
  2. 2. See, for instance, A. Guillaume, The Life of Muhammad – A Translation of Ibn Ishaq’s Sirat Rasul Allah (Oxford University Press, 2007), pp. 35-40.
  3. 3. ബുഖാരി, സ്വഹീഹ്‌ (കിതാബുൽ മനാക്വിബ്‌ – ബാബു ക്വിസ്സ്വതി ഖുസാഅ); മുസ്‌ലിം, സ്വഹീഹ്‌ (കിതാബുൽ ജന്നതി വ സ്വിഫതു നഈമിഹാ വ അഹ്‌ലിഹാ – ബാബുന്നാറു യദ്‌ഖുലുഹൽ ജബ്ബാറൂന വൽജന്നതു യദ്ഖുലുഹദ്ദുഅഫാഅ്.
  4. 4. യൂറോപ്യൻ ചരിത്രരചനയുടെയും ഭൂമിശാസ്ത്ര, നരവംശ ശാസ്ത്ര പര്യവേക്ഷണങ്ങളുടെയും തുടക്കക്കാരിലൊരാളായി പരിഗണിക്കപ്പെടുന്ന ഹെറഡോട്ടസ്‌, പേർഷ്യൻ സാമ്രാജ്യത്തെക്കുറിച്ചും പേർഷ്യൻ-ഗ്രീക്ക്‌ യുദ്ധങ്ങൾക്കുറിച്ചും മെഡിറ്ററേനിയൻ, ഈജിപ്ഷ്യൻ, അറേബ്യൻ ഭൗമ, സാമൂഹിക സവിശേഷതകളെക്കുറിച്ചും അവിടങ്ങളിലൊക്കെ താൻ നടത്തിയ യാത്രകളെ മുഖ്യാവലംബമായി കാണിച്ചുകൊണ്ട് ബി. സി. ഇ. അഞ്ചാം ശതകത്തിൽ‌ തയ്യാറാക്കിയ രചനകൾ ആധുനിക കാലഘട്ടത്തിൽ പലരും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. George Rawlinson തയ്യാറാക്കിയ വിവർത്തനം ‌http://classics.mit.edu/Herodotus/history.mb.txt എന്ന ലിങ്കിൽ ഉണ്ട്‌‌. A. D. Godley തയ്യാറാക്കിയ പതിപ്പും ലഭ്യമാണ്‌ (Cambridge: Harvard University Press, 1920).
  5. 5. Guillaume, op. cit, pp. 615-6.
  6. 6. For an English translation in 12 volumes – Harvard University Press, 1933.
  7. 7. ബുഖാരി, സ്വഹീഹ്‌ (കിതാബുൽ ഹജ്ജ്‌ – ബാബു മാ ദുകിറ ഫിൽ ഹജരിൽ അസ്‌വദ്‌).
  8. 8. നസാഇ, സുനൻ (കിതാബു മനാസികിൽ ഹജ്ജ്‌ – ബാബു ദിക്‌രിൽ ഹജരിൽ അസ്‌വദ്‌); തിർമിദി, ജാമിഅ് (കിതാബുൽ ഹജ്ജി അൻ റസൂലില്ലാഹ്‌).
  9. 9. ഉല്‍പത്തി 28 : 10-22.

Tags :


mm

Musthafa Thanveer