Logo

 

ദേശീയതയുടെ ഭാഷാ ഇടപാടുകള്‍

30 August 2020 | Essay

By

കിഴക്കന്‍ പാക്കിസ്ഥാനിലെ സംസാര ഭാഷയായ ബംഗാളിയെ ഉര്‍ദുവിനോടൊപ്പം തന്നെ ഔദ്യോഗികമായ് അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1952 ഫെബ്രുവരി 21ന് ധാക്കാ സര്‍വ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം കലാശിച്ചത് അവര്‍ സ്വയം ജീവന്‍ നല്‍കികൊണ്ടാണ്. ദേശീയതയെ നിര്‍ണ്ണയിക്കുന്ന വ്യവഹാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്കാരമാണെങ്കില്‍ അതിന്‍റെ ഇടപാടുകള്‍ സാധ്യമാക്കുന്നത് ഭാഷയാണ്. ഇന്ത്യന്‍ സ്വത്വം പലപ്പോഴും നിര്‍മ്മിക്കപ്പെടുന്നത് അതിന് അവാന്തരമായിട്ടുളള ആയിരക്കണക്കിന് വരുന്ന ഭാഷകളും അത് പ്രതിനിധാനം ചെയ്തു കൊണ്ടിരിക്കുന്ന ‘ദേശീയതകളുടെ’ ഏതെങ്കിലും ഒന്നിന്‍റെ ഭാഗമാകുമ്പോഴാണ്, കാരണം എമിനൊ (MB Emeneau) നിരീക്ഷിച്ചതു പോലെ ഇന്ത്യ ഒരു ഭാഷാ പ്രദേശമാണ്.

കോളനിയാനന്തരം ഇന്ത്യന്‍ ഭാഷകള്‍ പ്രത്യേകിച്ച് മലയാളമുള്‍പ്പെടെയുളള പ്രാദേശികമായ സംസാര ഭാഷകള്‍ ജനാധിപത്യ ഇടത്തില്‍ പുതിയ രാഷ്ട്രീയ മാനം തേടുകയായിരുന്നു. 1952 ല്‍ പൊട്ടി ശ്രീ രാമലു ആദ്യമായി സ്വതന്ത്ര ഇന്ത്യയില്‍ പ്രാദേശിക വാദം ഉയര്‍ത്തി ഒരു തെലുഗു സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ നിരാഹാരസമരവും തുടര്‍ന്നുളള അദ്ദേഹത്തിന്‍റെ മരണവും ഈയൊരു പശ്ചാതലത്തില്‍ വേണം മനസ്സിലാക്കാന്‍. ദേശീയ തലത്തില്‍ ഹിന്ദി സൃഷ്ടിച്ച അപ്രമാദിത്വം മറ്റു ഭാഷകളെ ഒരു രാഷ്ട്രീയ പ്രാതിനിധ്യത്തിന് വേണ്ടി പ്രേരിപ്പിക്കുകയായിരുന്നു.

ഹിന്ദിവാദം കടന്നുവരുന്നത് ഉര്‍ദുവുമായുളള അതിന്‍റെ സംഘട്ടന ഭൂമികയിലൂടെയാണ്. ഹിന്ദിയുടെയും ഉര്‍ദുവിന്‍റെയും ഭാഷയെന്ന നിലയിലുളള പരിണാമത്തെക്കുറിച്ച് നടക്കുന്ന അക്കാദമികമായ ഗവേഷണങ്ങളെല്ലാം പലപ്പോഴും ചെന്നെത്തുന്നത് പല നിഗമനങ്ങളിലാണ്. യഥാര്‍ത്ഥത്തില്‍ ഉത്തരേന്ത്യയുടെ വിവിധങ്ങളായ ഭാഗങ്ങളില്‍ സംസാരിച്ച് പോന്നിരുന്ന ഭ്രജ് ഭാഷ (Bharaj Bhasha) ഖടി ഭോലി (Khari Bholi) അവധി (Avadhi) തുടങ്ങിയ ഇന്തൊ ആര്യന്‍ (Indo Aryan) സംസാരശൈലികളെ (Dialects) ഹിന്ദിയായ് രൂപാന്തരപ്പെടുത്തുകയായിരുന്നു. പല നിലക്കും സമാനതകളുളള ഈ സംസാര രീതികളില്‍ മധ്യകാല ഘട്ടത്തില്‍ പുറത്തുനിന്നുളള മുസ്ലിം ഭരണാധികാരികളുടെ ഭരണ സംസ്ഥാപനത്തിന്‍റെ ഭാഗമായ് സംഭവിച്ച ടര്‍ക്കിഷ്, പേര്‍ഷ്യന്‍, അറബിക്ക് സ്വാധീനമാണ് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഉറുദുവെന്ന ഭാഷയുടെ ഉൽഭവം വഴിയൊരുക്കിയതെന്നാണ് ഒരു വിഭാഗം നിരീക്ഷിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ അഥവാ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍റെ കാലഘട്ടം മുതലാണ് ഉര്‍ദുവെന്ന പേരില്‍ ഈ സംസാര ഭാഷ അറിയപ്പെട്ടുതുടങ്ങിയത് എന്നാണ് ചില രേഖകള്‍ സൂചിപ്പിക്കുന്നത്.

ആദ്യകാലങ്ങളില്‍ ദേവനാഗിരി (Devanagari) ലിപി ഉപയോഗപ്പെടുത്തിയുളള എഴുത്തു രീതിയെ അവലംബമാക്കുന്ന ഹിന്ദിയെന്ന നിലയിലും പേര്‍ഷ്യൊ അറബിക്ക് (Persio Arabic) ലിപിയെ ആശ്രയിക്കുന്ന ഉര്‍ദു എന്ന നിലയിലുമുളള മാനദണ്ഡപ്രകാരമായിരുന്നു ഈ രണ്ടു ഭാഷകളും പരസ്പരം വ്യത്യസ്തപ്പെട്ടു നിന്നിരുന്നത്. ഔദ്യോഗിക ഇടപാടുകള്‍ക്ക് വേണ്ടി എല്ലാ ഗവണ്‍മെന്‍റ് തലങ്ങളിലും കോടതികളിലും മുഗള്‍ കാലഘട്ടം മുതല്‍ ഉപയോഗിച്ചു വന്നിരുന്ന പേര്‍ഷ്യന്‍ ഭാഷയെ മാറ്റി ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഉര്‍ദുവിനെ ഔദ്യോഗികമായ് അംഗീകരിച്ചു. അത് കൊണ്ട് തന്നെ ഉര്‍ദു മാതൃ ഭാഷയായ് സംസാരിക്കുന്ന മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മേല്‍ കൈ നേടുവാനും മാറ്റാനുകൂല്യങ്ങള്‍ നേടിയെടുക്കാനും എളുപ്പത്തില്‍ സാധിച്ചുപോന്നു. ഇതിനെ പ്രശ്നവത്കരിച്ചു കൊണ്ടാണ് ഹിന്ദിവാദം കടന്നു വരുന്നത്. ഹിന്ദിയെ ഔദ്യോഗികമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും ഗവണ്‍മെന്‍റിലേക്ക് സമര്‍പ്പിക്കപ്പെട്ടു.

ഈയൊരു ദ്വന്ദതലം കേവലം ഉപരിപ്ലവമായ വിലയിരുത്തലുകള്‍ക്കപ്പുറം ദാര്‍ശനികമായ വായനകള്‍ ആവശ്യപ്പെടുന്നു. വേദ ഭാഷയായ സംസ്കൃതം എഴുതിപ്പോന്നിരുന്ന ലിപിയെന്ന നിലക്ക് ദേവനാഗരിയെ ഭാരതീയ പാരമ്പര്യം ഉള്‍കൊളളുന്ന ഒന്നായി കരുതിപ്പോന്നു. മറിച്ച് പേര്‍ഷ്യൊ അറബിക്ക് ലിപിയ്ക്ക് ഒരു വൈദേശിക മാനവും കല്‍പ്പിക്കപ്പെട്ടു. ഭൂരിപക്ഷം വരുന്ന പൊതു ജനങ്ങള്‍ക്ക് ചിരപരിചിതമായത് ദേവനാഗരിയാണെന്നും അത്കൊണ്ടുതന്നെ പേര്‍ഷ്യൊ അറബിക്ക് ലിപിയെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറ്റി ദേവനാഗരിയെ പകരം സര്‍ക്കാര്‍ ഭരണ തലങ്ങളില്‍ നടപ്പാക്കണമെന്ന വാദമാണ് ഹിന്ദി അനുകൂലികള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. ഇതിനു മുന്നില്‍ നില്‍ക്കുകയും ഏറ്റവും ആദ്യം നിലവില്‍ വരികയും ചെയ്ത പല പ്രസ്ഥാനങ്ങളിലൊന്ന് 1893 ല്‍ രൂപീകരിക്കപ്പെട്ട നാഗരി പ്രചരണ സഭയായിരുന്നു. തുടര്‍ന്നങ്ങോട്ട് അലഹബാദില്‍ രൂപീകൃതമായ ഹിന്ദി സാഹിത്യ സമ്മേളന്‍, ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭ, രാഷ്ട്ര ഭാഷ പ്രചാര്‍ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈയൊരു ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായ്. ഇതിനെതിരെയുളള ചെറുത്തു നില്‍പ്പുകള്‍ അന്‍ജുമാന്‍ താരീഖി പോലുളള സംഘടനകള്‍ രൂപീകരിച്ചുകൊണ്ട് ഉര്‍ദു ക്യാമ്പില്‍ നിന്നും ഉണ്ടായി. ഇന്ന് ഹിന്ദി ബെല്‍റ്റിന്‍റെ ഭാഗമായ കോളോണിയല്‍ കാലഘട്ടത്തിലെ അവധ് ഉള്‍പ്പെടുന്ന വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ (Oudh & North Western Provinces)ഈ ഭാഷാ സംവാദം ഹിന്ദു മുസ്ലിം ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ഒന്നായിത്തീര്‍ന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ് വ്യക്തമായ വര്‍ഗ്ഗീയ പരിപ്രേക്ഷ്യത്തിലേക്ക് ഹിന്ദി-ഉര്‍ദു സംവാദം വഴിമാറുന്നത്. ഹിന്ദി വാക്കുകളുടെ സംസ്കൃതവത്കരണം ശക്തമാവുന്നത് ഈയൊരു ഘട്ടത്തിലാണ്. സവര്‍ക്കര്‍ തന്‍റെ കാലാപാനിയിലെ ജയില്‍വാസത്തിനു ശേഷം ഹിന്ദിയെ സംസ്കൃത വല്‍ക്കരിക്കുകയെന്ന ദൗത്യം തന്‍റെ പ്രഥമ പരിഗണനകളില്‍ ഒന്നായി ഏറ്റെടുത്തു. ഭാഷാപരമായും ഹിന്ദിയെ കൂടുതല്‍ പ്രാപ്തമാക്കാനുളള ഭൗതിക പരിശ്രമങ്ങള്‍ കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോളേജ് കേന്ദ്രീകരിച്ച് നടത്താന്‍ തുടങ്ങി.

സ്വാതന്ത്രത്തിന് തൊട്ടു മുമ്പുളള ദശകങ്ങളില്‍ സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രഭാഷയെക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനായ് ഹിന്ദിയെ അനുകൂലിച്ചുകൊണ്ടുളള പ്രമേയം പാസാക്കിയിരുന്നു. ഗാന്ധി പലപ്പോഴും സ്വയം ഹിന്ദി പ്രചാരകനായ് മാറി. പക്ഷേ ഒരു ഘട്ടത്തില്‍ അദ്ദേഹം ദേവനാഗരിയോ അല്ലെങ്കില്‍ പേര്‍ഷ്യൊ അറബിക്ക് ലിപിയിലോ എഴുതുന്ന ഹിന്ദുസ്ഥാനിയാവണം ദേശീയ ഭാഷ എന്ന് വാദിച്ചിരുന്നു. ദേശീയ നേതാക്കള്‍, പ്രത്യേകിച്ച് ഭരണഘടന സമിതിയില്‍ ഉള്‍പ്പെട്ടയാളുകള്‍ രാഷ്ട്രഭാഷയെ സംബന്ധിച്ച് വിഭിന്ന ചേരികളിലായിരുന്നു. ഹിന്ദിയ്ക്ക് പുറമെ ഉര്‍ദുവിനും ശക്തമായ അനുകൂലികളുണ്ടായി. പുറമെ ഹിന്ദുസ്ഥാനിക്കും ഇഗ്ലീഷിനും വേണ്ടി ശക്തമായി മറ്റു ചിലര്‍ മുന്നോട്ട് വന്നു. ദേവനാഗരിയുടെയും പേര്‍ഷ്യൊ അറബിക്ക് ലിപിയുടെ പേരിലും അഭിപ്രായ വ്യത്യാസമുണ്ടായി. ഈ ഒരു ഘട്ടത്തിലാണ് ഹിന്ദിയ്ക്ക് വേണ്ടിയുളള വോട്ടെടുപ്പിലേക്ക് ഭരണഘടന സമിതി നീങ്ങിയത്. ആദ്യഘട്ടത്തില്‍ എഴുപത്തിയെട്ടു പേര്‍ ഹിന്ദിയെ അനുകൂലിച്ചും അത്രതന്നെ (എഴുപത്തിയെട്ടുപേര്‍) ഹിന്ദിക്കെതിരായുമാണ് വോട്ടുചെയ്തത്. സമാസമം ആയത് കൊണ്ട് തന്നെ വോട്ടെടുപ്പ് മാറ്റിവെക്കുകയും പിന്നീട് എഴുപത്തിയെട്ടുപേര്‍ വോട്ടു ചെയ്തതില്‍ എഴുപത്തിയേഴുപേരും ഹിന്ദിക്കെതിരായി വോട്ട് ചെയ്യുകയും ഒരു വോട്ടിന് മാത്രം കൂടുതല്‍ ഹിന്ദി വിജയിക്കുകയും ചെയ്തു. അതായത് എഴുപത്തി എട്ട് പേര്‍ ഹിന്ദിക്ക് വേണ്ടി വോട്ടു ചെയ്തു.

ഇത്രയും ഭാഷകളുളള ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഒരു പ്രത്യേക ഭാഷരാഷ്ട്ര അസ്ഥിത്വത്തിന്‍റെ പ്രതിനിധാനമായി മാറുമ്പോള്‍, വൈവിധ്യങ്ങളുടെ ആഘോഷമായ ഭാരതീയത ചുരുക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന ആളുകള്‍ ഏറെയാണ്. അതുകൊണ്ടാണ് നെഹ്റു രാഷ്ട്രഭാഷാ തെരെഞ്ഞെടുപ്പ് ഒരിക്കലും മറ്റ് ഭാഷകളുടെ വക്താക്കളേയും സംസ്കാരങ്ങളേയും മുറിവേല്‍പ്പിക്കുന്ന ഒന്നായിക്കൂടയെന്ന് ഓര്‍മിപ്പിച്ചത്. കൂടാതെ ഹിന്ദി രാഷ്ട്ര ഭാഷയാകുമ്പോള്‍, അത് ഹിന്ദി പ്രദേശങ്ങള്‍ മറ്റു പ്രദേശങ്ങളുടെ ഭരണ തലത്തിലുളള പ്രാതിനിധ്യത്തിന് തടസ്സമാകുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സൂക്ഷമാര്‍ത്ഥത്തില്‍ ഹിന്ദിയിലൂടെയും അതിലൂടെ അത് പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തിലൂടെയുമാണ് ഇന്ത്യന്‍ ദേശീയത പലപ്പോഴും തിരിച്ചറിയപ്പെടുന്നത്.

Reference

1. King, Christopher. “The Hindi-Urdu Controversy of the North-Western Provinces and Oudh and Communal Consciousness.” Journal of South Asian Literature 13.1/4 (1977): 111-120.
2. SIWACH, JR. “NEHRU AND THE LANGUAGE PROBLEM.” The Indian Journal of Political Science 48.2 (1987): 251-265.


Tags :


ആഷിഖ് മുബാരിസ് അബൂബക്കർ