Logo

 

‘ഇസ്‌ലാമിക അന്തരീക്ഷ’ത്തെ ആർക്കാണ്‌ പേടി?

9 October 2020 | Opinion

By

“ലോകോത്തര സർവ്വകലാശാലകളിൽ
ഇസ്ലാമിക അന്തരീക്ഷത്തിൽ എം ബി ബി എസ് പഠിക്കാം” എന്ന തലക്കെട്ടിലുള്ള ഒരു സ്ഥാപനത്തിൻ്റെ പരസ്യവും അതുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
ഇങ്ങനൊരു പരസ്യത്തിനുപുറത്ത് ചർച്ച നടത്താൻ മാത്രമൊക്കെ നമ്മുടെ സമൂഹം മാറുന്നു എന്നത് അമ്പരപ്പിക്കുന്നതാണ്.
ഇസ്ലാമിക അന്തക്ഷത്തിൽ പഠനം എന്നതിൽ ‘അപരാധം’ കണ്ടെത്തുന്ന വിശകലനബുദ്ധിക്ക് ഏതായാലും വലിയ കാലത്തെ പ്രായം കാണില്ല. കാരണം നമ്മുടെയൊക്കെ ജീവിത പരിസരത്ത് ഇതൊക്കെ സാധാരണമാണ്. ‘മാപ്പിള സ്‌കൂളുകളിൽ’ നിന്ന് തുടങ്ങി ഉന്നതവിദ്യാസം വരെ.പതിനഞ്ചാം നൂറ്റാണ്ടിൽ പൊന്നാനിയിൽ നിന്ന് സൈനുദ്ധീൻ മഖ്ദൂം മിസ്റിൽ (ഈജിപ്ത്) പഠിക്കാൻ പോയതും ഈ അന്തരീക്ഷം ഉറപ്പുവരുത്തിയാണ്.

എന്നിട്ട് സമീകരിക്കുന്നതോ ?
വംശീയവിച്ഛേദന വാദത്തിന്റെ ജീവിക്കുന്ന അധികാരരൂപമായ, ജാതീയതയും അപരവിദ്വേഷവും സ്വയംഭരണം നടത്തുന്ന സംഘ്പരിവാറിന്റെ ദർശനങ്ങളോടും.

വിശ്വാസത്തിനും വ്യക്തിത്വത്തിനും ഇണങ്ങുന്ന അന്തരീക്ഷം മുസ്ലിം സമൂഹം ജീവിക്കുന്നിടത്ത് രൂപപ്പെടുക സ്വാഭാവികമാണ്.
കാപ്പാട് കടപ്പുറത്ത് ഗാമ വന്നിറങ്ങുന്നതിനു മുൻപേ അറബികൾ കോഴിക്കോട്ടെ സാമൂതിരിയുമായി കച്ചവടബന്ധമുണ്ട്.
ഇബ്നു ബത്തൂത്തയും ചൈനീസ് സഞ്ചാരി മാഹിയാങ്ങും ഇവിടെ വന്നു കണ്ട് രേഖപ്പെടുത്തിയത് കോഴിക്കോട് കടപ്പുറത്ത് മാത്രം ഇരുപതിനും മുപ്പത്തിനുമിടക്ക് മുസ്ലിം നിസ്ക്കാരപള്ളികൾ ഉണ്ടായിരുന്നു എന്നാണ്. വാസ്കോഡിഗാമക്കും സാമൂതിരിക്കുമിടയിലെ പരിഭാഷകർ പോലും അറബികളാണ്.

കിടയറ്റ സെക്കുലർ ക്രെഡൻഷിയൽസ് ഉള്ള സുഹൃത്തുക്കൾ പോലും കാര്യങ്ങൾ മനസിലാക്കാതെയാണോ അഭിപ്രായങ്ങൾ പറയുന്നത് എന്ന് തോന്നിപ്പോവും. ഇതൊക്കെ എന്നുമിങ്ങനെ പറഞ്ഞു പഠിപ്പിക്കേണ്ടതാണ് എന്ന് വരുന്നത് കഷ്ടം തന്നെയാണ്.


Tags :


Muhammad Danish KS