Logo

 

പ്രമുഖ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു.

9 October 2020 | Obituary

By

പ്രസിദ്ധ ഹദീഥ് പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി വിടപറഞ്ഞു. മക്കയിലെ അന്നൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. വിശ്രുത എത്യോപ്യന്‍ പണ്ഡിതനായ ശൈഖ് അലി ആദം എത്യോപിയുടെ (മരണം ഹി. 1412) മകനാണ് ശൈഖ് മുഹമ്മദ് ഇബ്നു അലി ഇബ്നു ആദം അല്‍ എത്യോപി. മക്ക ദാറുല്‍ ഹദീഥിലെ മുൻ അധ്യാപകനായിരുന്നു അദ്ദേഹം. ആഴവും പരപ്പുമുള്ള അറിവ് പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ പൗരാണിക മുസ്‌ലിം പണ്ഡിതന്മാരുടെ കൃതികളോട് കിടപിടിക്കുന്നവയാണ്. ഹദീഥ് വിജ്ഞാനീയങ്ങളിലുള്ള അവഗാഹം അദ്ദേഹത്തെ ആധുനിക പണ്ഡിതന്മാരുടെ പ്രശംസക്കര്‍ഹനാക്കി.

ഹിജ്റ 1366 ല്‍ എത്യോപ്യയില്‍ ജനനം. ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും പ്രധാനമായി തന്റെ പിതാവില്‍ നിന്ന് തന്നെയാണ് അറിവ് നേടിയിട്ടുള്ളത്. ക്വുര്‍ആന്‍, ഹദീഥ്, അറബി ഭാഷ‍, ഉസ്വൂലുല്‍ ഫിക്വ്ഹ്, ഗണിതം, ലോജിക്ക് തുടങ്ങിയവയ്ക്കുപുറമെ പ്രാദേശികമായി പ്രചാരത്തിലുണ്ടായിരുന്ന കര്‍മശാസ്ത്ര സരണിയായ ഹനഫീ മദ്ഹബും പിതാവിനുകീഴില്‍ അഭ്യസിച്ചു. അറബി ഭാഷാ വിദഗ്ദന്മാരായിരുന്ന ശൈഖ് മുഹമ്മദ് സഅ്ദ് ഇബ്നു അലി അദ്ദര്‍രി, ശൈഖ് അബ്ദുല്‍ ബാസിത്വ് ഇബ്നു മുഹമ്മദ് ഇബ്നി ഹസന്‍ അല്‍എത്യോപി,ഹദീഥ് പണ്ഡിതൻമാരായിരുന്ന ശൈഖ് ഹയാത് ഇബ്നു അലി അല്‍ എത്യോപി, ശൈഖ് മുഹമ്മദ് സൈന്‍ ഇബ്നു മുഹമ്മദ് യാസീന്‍ അല്‍ എത്യോപി തുടങ്ങി ധാരാളം പണ്ഡിതന്മാര്‍ അദ്ദേഹത്തിന് അറിവ് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. ധാരാളം പണ്ഡിതന്മാരില്‍ നിന്ന് ഇജാസയും സനദും നേടിയിട്ടുണ്ട്.

നാല് വര്‍ഷക്കാലം തന്റെ നാട്ടില്‍ അധ്യാപന സേവനം നിര്‍വഹിച്ചു. നാട്ടില്‍ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ അതിപ്രസരണം വരുത്തിയ സമ്മര്‍ദങ്ങള്‍ അദ്ദേഹത്തെ പലായനത്തിന് നിര്‍ബന്ധിപ്പിച്ചു. ഇരുഹറമുകളുൾക്കൊള്ളുന്ന നാടിനെയാണ് പലായനത്തിനായി ശൈഖ് തെരെഞ്ഞെടുത്തത്. ഹിജ്റ 1401ല്‍ അദ്ദേഹം മക്കയിലെത്തി. മക്ക ഹറമിലെ പഠനകേന്ദ്രത്തില്‍ അദ്ദേഹം വിദ്യാര്‍ഥിയായി ചേര്‍ന്നു. അധികം വൈകാതെ ദാറുല്‍ ഹദീഥ് മക്കയില്‍ അധ്യാപകനായി നിയമിതനായി. കഴിവുതെളിയിച്ച ധാരാളം പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ നിന്ന് വളര്‍ന്നുവന്നിട്ടുണ്ട്. ശൈഖ് ഇബ്നുബാസിനെപ്പോലുള്ള പണ്ഡിത്മാരുമായി അടുത്ത ബന്ധം പുലര്‍ത്തി.

കുട്ടിക്കാലംമുതല്‍ തന്നെ ഹദീഥ് പഠനങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. പിതാവായ ശൈഖ് അലി ഇബ്നു ആദം അല്‍ എത്യോപിയുടെ കീഴില്‍‍ വിദ്യാര്‍ഥികള്‍ സ്വഹീഹുല്‍ ബുഖാരി പാരായണം ചെയ്തുപഠിക്കുന്നത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചുവരിനു പിറകില്‍‍ മറഞ്ഞിരുന്ന് കേട്ടിരുന്നതും സ്വഹീഹുല്‍ ബുഖാരി കേള്‍ക്കുകവഴി മനസ്സില്‍ ഹദീഥ് പഠനത്തിനുള്ള താല്‍പര്യമുദിച്ചതും ശൈഖ് ഓര്‍ത്തെടുക്കുന്നുണ്ട്. ഹദീഥുകളില്‍ പ്രബലമായവ കണ്ടെത്താനും അത് ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചപ്പോള്‍ നാട്ടിലെ മദ്ഹബായ ഹനഫീ മദ്ഹബിലെ പല അഭിപ്രായങ്ങള്‍ക്കും അശ്അരി വിശ്വാസ ധാരക്കും എതിരായിത്തുടങ്ങി. മക്കയില്‍ എത്തിയ ശേഷം ശൈഖുല്‍ ഇസ്ലാം ഇബ്നുതെയ്മിയയുടെയും ഇബ്നുല്‍ ക്വയ്യിമിന്റെയും ശൈഖ് മുഹമ്മദ് ഇബ്നു അബ്ദില്‍ വഹ്ഹാബിന്റെയും രചനകള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രമാണവിരുദ്ധമായിരുന്ന നാട്ടിലെ പല വിശ്വാസാദര്‍ശങ്ങളും തെറ്റായിരുന്നുവെന്ന് അദേഹത്തിന് ബോധ്യപ്പെട്ടുതുടങ്ങി. വ്യക്തികള്‍ക്കോ മദ്ഹബുകള്‍ക്കോ അല്ല മറിച്ച് പ്രമാണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അദ്ദേഹത്തിനുബോധ്യപ്പെട്ടു. അതു കൊണ്ടുതന്നെ പ്രമാണങ്ങളോട് യോജിക്കുന്ന അഭിപ്രായങ്ങള്‍ മാത്രം സ്വീകരിക്കുകയെന്ന തീരുമാനവുമെടുത്തു.

ഇടക്കാലത്ത് പിതാവിനെ സന്ദര്‍ശിക്കാന്‍ നാട്ടില്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. ‘നീയൊരു വഹ്ഹാബി ആയിട്ടുണ്ട്’ എന്ന് നാട്ടിലെ ചിലയാളുകള്‍ അദേഹത്തോട് പറഞ്ഞു. ‘അല്ല. ഞാന്‍ ക്വുര്‍ആനും സുന്നത്തുമാണ് പിന്തുടരുന്നത്. ‍ മക്കയിലേക്കുപോകുന്നതിനുമുമ്പുതന്നെ ശരിയായ പ്രമാണങ്ങളെ പിന്തുടര്‍ന്നിരുന്നയാളായിരുന്നു ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ’, അദ്ദേഹം മറുപടി നല്‍കി. ‘അതറിയാം. എന്നാല്‍ ഇപ്പോള്‍ കുറച്ച് കുടുപ്പം കൂടിയിട്ടുണ്ട്’ എന്നായിരുന്നു പിന്നീടുള്ള ആരോപണം. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘ഹിജാസിലും ഇറാക്വിലും ആയിരുന്നപ്പോള്‍ ഇമാം ശാഫിഈ (റഹി)ക്ക് ചില അഭിപ്രായങ്ങളുണ്ടായിരുന്നു. പിന്നീട് ഈജിപ്തിലെത്തിയപ്പോള്‍ ധാരാളം മറ്റുതെളിവുകള്‍ അദ്ദേഹത്തിന് ലഭിച്ചു. പഴയ അഭിപ്രായങ്ങള്‍ വെടിയുകയും ചെയ്തു. പിന്നീട് അദ്ദേഹം ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുതിയ അഭിപ്രായങ്ങള്‍ രൂപീകരിച്ചു. ഇത് നിങ്ങള്‍ക്കറിയാവുന്നകാര്യമല്ലേ? അതുപോലെത്തന്നെയാണ് ഞാനും ചെയ്യുന്നത്. എന്റെ നാട്ടിനന്യമായിരുന്ന പല തെളിവുകളും എനിക്ക് ലഭിച്ചപ്പോള്‍ ഞാന്‍ അതിനെ പിന്തുടരാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. ഈ രീതി എന്റെ ജീവിതത്തിലുടനീളം പാലിക്കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്, ഇന്‍ ശാ അല്ലാഹു തആലാ.’ (https://www.aletioupi.com/tarjama.php)

‍ബുഖാരി (ഹി. 194-256), മുസ്‌ലിം (ഹി. 204-261), നസാഇ (ഹി. 215-303), അബൂദാവൂദ് (ഹി. 202-275), തിര്‍മിദി (ഹി. 200-279), ഇബ്നുമാജ (ഹി. 207-275) എന്നിവരുടെ പ്രസിദ്ധ ഹദീഥുഗ്രന്ഥങ്ങള്‍ക്കെല്ലാം വ്യാഖ്യാനം എഴുതുകയെന്ന അടങ്ങാത്ത മോഹമുള്ളയാളായിരുന്നു അദ്ദേഹം. ഇമാം തിര്‍മിദിയുടെ ജാമിഇന് ശൈഖ് രചിച്ചുതുടങ്ങിയ വ്യാഖ്യാന ഗ്രന്ഥമായ ഇത്തിഹാഫുത്വാലിബില്‍ അഹ്‌വദി ബി ശര്‍ഹി ജാമിഇല്‍ ഇമാം അത്തിര്‍മിദി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള മനപ്രമാസം അവസാന നാളുകളില്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചിരുന്നു.
ചെറുതും വലുതുമായി ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

1. ദഖീറതുല്‍ ഉക്വ്ബാ ഫീ ശര്‍ഹില്‍ മുജ്തബാ: സുനനുന്നസാഇയുടെ ബൃഹത്തായ വ്യാഖ്യാന ഗ്രന്ഥമാണിത്. അര്‍ഹമായ രീതിലുള്ള ഒരു ശര്‍ഹിന്റെ അഭാവം സുനനുന്നസാഇക്കുണ്ടെന്നും അത് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശൈഖ് വ്യക്തമാക്കുന്നുണ്ട്. സ്വഹീഹുല്‍ ബുഖാരിക്ക് ഹാഫിദ് ഇബ്നു ഹജര്‍ അല്‍അസ്ക്വലാനി (ഹി. 773-852) എഴുതിയ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയോട് സാദൃശ്യം പുലര്‍ത്തുന്ന കൃതിയാണിത്.‍ ഹദീഥുകളുടെ നിവേദന പരമ്പരയെയും ഉള്ളടക്കത്തെയും ഒരുപോലെ വിശാലമായ പഠനത്തിനുവിധേയമാക്കുന്ന കൃതി. മദ്ഹബീ പക്ഷപാദിത്വം വെടിഞ്ഞ് തെളിവുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകളെടുക്കുന്ന രീതിയാണദ്ദേഹത്തിന്റെ കൃതികളുടെ സ്വഭാവം. ഈ ഗ്രന്ഥം 42 വോല്യങ്ങളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏകദേശം 15 വര്‍ഷമെടുത്താണ് രചന പൂര്‍ത്തീകരിച്ചത്.

2. അല്‍ബഹ്റുല്‍ മുഹീത്വുഥജ്ജാജ് ഫീ ശര്‍ഹി സ്വഹീഹില്‍ ഇമാം മുസ്‌ലിം ഇബ്നില്‍ ഹജ്ജാജ്: സ്വഹീഹു മുസ്‌ലിമിന്‌ ശൈഖ് നല്‍കിയ വ്യാഖ്യാന ഗ്രന്ഥമാണിത്. 45 വോള്യങ്ങളിലായി ദാറു ഇബ്നില്‍ ജൗസി ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സുനനുന്നസാഇയുടെ ശര്‍ഹിന് അവലംബിച്ച രീതിതന്നെയാണ് ഇതിലും പുലര്‍ത്തിയിട്ടുള്ളത്.

3. മശാരിക്വുല്‍ അന്‍വാര്‍ അല്‍വഹ്ഹാജ വ മത്വാലിഉള്‍ അസ്റാരില്‍ ബഹ്ഹാജ ഫീ ശര്‍ഹി സുനനില്‍ ഇമാം ഇബ്നി മാജ: സുനനുബ്നിമാജയുടെ വ്യാഖ്യാന ഗ്രന്ഥം. ഹദീഥ് നമ്പര്‍ 266 വരെ മാത്രമാണ് എഴുതിത്തീര്‍ന്നിട്ടുള്ളത്. രിയാളിലെ ദാറുല്‍ മുഗ്നിയാണ് പ്രസാധകര്‍.

4. ഇത്തിഹാഫുത്വാലിബില്‍ അഹ്‌വദി ബി ശര്‍ഹി ജാമിഇല്‍ ഇമാം അത്തിര്‍മിദി: ജാമിഉത്തിര്‍മിദിയുടെ ശര്‍ഹ്. 16, 17, 18 വോല്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകൃതമായി. ജാമിഉത്തിര്‍മിദിയിലെ 1400 ല്‍പരം ഹദീഥുകള്‍ വിശദീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഇമാം സുയൂത്വിയുടെ (ഹി. 849-911) ഹദീഥ് നിദാനശാസ്ത്ര അടിസ്ഥാനങ്ങള്‍ വിവരിക്കുന്ന അല്‍ഫിയ്യ (ആയിരംവരിപദ്യം)യുടെ രണ്ട് വ്യാഖ്യാനഗ്രന്ഥങ്ങളും ഹദീഥ് നിദാനശാസ്ത്ര പ്രാധാന്യമുള്ള സ്വഹീഹുമുസ്‌ലിമിന്റെ ആമൂഖത്തിനുള്ള വിശദീകരണവും ബുഖാരി-മുസ്‌ലിം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട നിവേദകന്മാരുടെ ജീവചരിത്രം പറയുന്ന ഗ്രന്ഥവും വ്യക്തിവിജ്ഞാനീയത്തിലും നിവേദകരുടെ ബലാബല പരിശോധനാ ശാസ്ത്രത്തിലും കിടയറ്റ ധാരാളം ഗ്രന്ഥങ്ങളും‍ രചിച്ചിട്ടുണ്ട്. ഉസ്വൂലുല്‍ ഫിക്ഹിലും നഹ്വ്, സ്വര്‍ഫ് തുടങ്ങിയ ഭാഷാ ശാസ്ത്രങ്ങളിലുമുള്ള ധാരാളം ഗ്രന്ഥങ്ങളും‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്വുര്‍ആന്‍, ഹദീഥ്, അറബി ഭാഷ‍, ഉസ്വൂലുല്‍ ഫിക്വ് ഹ്, ഉസ്വൂലുല്‍ ഹദീഥ് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ധാരാളം ഓഡിയോ ക്ലാസുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

മസ്ജിദുല്‍ ഹറാമില്‍ ഇശാഇന് ശേഷം ജനാസ നമസ്കാരം നിര്‍വഹിക്കപ്പെട്ടു.


Tags :


mm

Admin