Logo

 

സഹിഷ്‌ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 5)

7 January 2020 | Study

By

ഇസ്‌ലാമിന്റെ മനുഷ്യസങ്കല്‍പത്തില്‍ നിന്നാണ് അതിന്റെ സഹിഷ്ണുതാ ദര്‍ശനം രൂപപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. സകല മനുഷ്യരും തുല്യരായതിനാല്‍ ‘വലിയവന്‍’ ചമഞ്ഞ് അതിക്രമങ്ങള്‍ക്ക് മുതിരാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. താന്‍ സവിശേഷമാണെന്ന അഹങ്കാരത്തില്‍ നിന്നാണല്ലോ എല്ലാ അസഹിഷ്ണുതകളും ജനിക്കുന്നത്. മനുഷ്യര്‍ സമന്‍മാരാണെന്നു മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നുകൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഖുര്‍ആനില്‍ നമുക്കിങ്ങനെ വായിക്കാം:
”നിശ്ചയമായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവരെ നാം വഹിച്ചുകൊണ്ടുപോകുന്നു. അവര്‍ക്ക് ശുദ്ധമായ വിഭവങ്ങളും നല്‍കിയിരിക്കുന്നു. നമ്മുടെ ഒട്ടനേകം സൃഷ്ടികളേക്കാള്‍ അവര്‍ക്കു നാം ഉന്നതമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(39)

ഭൂമുഖത്തുള്ള മറ്റു സൃഷ്ടിജാലങ്ങളില്‍ നിന്ന് തീര്‍ത്തും വ്യതിരിക്തമായ അസ്തിത്വ സവിശേഷതകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്; അവന്റെ പുരോഗതി സ്‌നിഗ്ധമാക്കുന്നത്; ഭൂമിയില്‍ ‘ചരിത്രം’ സൃഷ്ടിക്കുന്നത്. പ്രസ്തുത സവിശേഷതകള്‍ കേവലമായ യാദൃഛികതയല്ല, പ്രത്യുത അല്ലാഹുവിന്റെ ഔദാര്യപൂര്‍ണമായ ദാനമത്രെ. ഭൂമിയെ നയിക്കാനുള്ള കഴിവുകള്‍ നല്‍കിയും അതിനാവശ്യമായ വിഭവങ്ങളും സഞ്ചാരസാധ്യതകളും സമ്മാനിച്ചും മനുഷ്യനെ പരിഗണിക്കുകയായിരുന്നു അല്ലാഹു. ഭൂമുഖത്തുള്ള ദശലക്ഷക്കണക്കിന് ജീവജാതികളിലെ കേവലമായ ഒരു ജൈവസ്വത്വമല്ല മനുഷ്യന്‍; മറിച്ച് അല്ലാഹു മൗലികമായ വ്യത്യാസങ്ങൾ വ്യവസ്ഥപ്പെടുത്തി ആദരിച്ച ശ്രേഷ്ഠനാണ്. ആദമിന്റെ മക്കളെ മുഴുവന്‍ അല്ലാഹു ആദരിച്ചിരിക്കുന്നു എന്നുപറയുമ്പോള്‍ മനുഷ്യകുലത്തിലെ എല്ലാ ഓരോ അംഗവും ദൈവികമായ ആദരവിന്റെ സദ്ഫലങ്ങളനുഭവിച്ചാണ് ജീവിക്കുന്നത് എന്നാണര്‍ത്ഥം. അല്ലാഹു ആദരിച്ചവരെ അനാദരിക്കാൻ ആര്‍ക്കാണവകാശം? പെണ്ണിനെയും കറുത്തവനെയും ദലിതനെയും എന്നുവേണ്ട, സകലമനുഷ്യരെയും പടച്ച തമ്പുരാന്‍ ആദരിച്ചിട്ടുണ്ട്. പടച്ചവന്റെ ആദരവിനര്‍ഹരായവരെ പടപ്പുകള്‍ അനാദരിക്കുന്നുണ്ടെങ്കില്‍ അതാകുന്നു അഹങ്കാരത്തിന്റെ മൂര്‍ധന്യത. എന്താണ് അഹങ്കാരമെന്ന്അനുചരന്‍മാര്‍ ചോദിച്ചപ്പോള്‍ നബി (സ) മറുപടി പറഞ്ഞതിങ്ങനെയാണ്: ”അഹങ്കാരമെന്നാല്‍ സത്യം മറച്ചുവെക്കലും മനുഷ്യരെ അനാദരിക്കലുമാണ്.”(40)
പ്രവാചകന്‍ (സ) അരുളി: ”ഒരു അണുവിന്റെ തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.”(41)അഹങ്കാരത്തിന്റെയും തദ്ഫലമായുള്ള അതിക്രമത്തിന്റെയും അനന്തരഫലം തിരുനബി (സ) പഠിപ്പിച്ചതിങ്ങനെയാണ്. ”അഹങ്കാരികളും സ്വേഛാധിപതികളും എന്റെ അവകാശമാണെന്ന് നരകം പറഞ്ഞു.”(42)

മനുഷ്യന്റെ അന്തസ്സ്/ആദരണീയത (human dignity) എന്ന സങ്കല്‍പമാണ് മനുഷ്യാവകാശങ്ങളുടെയെല്ലാം അടിത്തറ. മനുഷ്യരെല്ലാം എല്ലാ വൈജാത്യങ്ങള്‍ക്കുമതീതമായി ആദരവര്‍ഹിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ പിറക്കുന്നത്. മനുഷ്യന്റെ മൗലികാവകാശമായ ആ ആദരവിന് നിരക്കാത്തതൊന്നും ഒരു മനുഷ്യനും മറ്റു മനുഷ്യരില്‍ നിന്നനുഭവിക്കുന്നില്ലെന്നുറപ്പു വരുത്താനുള്ള ത്വരയാണത്. ഇസ്‌ലാമില്‍ മനുഷ്യാസ്തിത്വത്തിന്റെ ശ്രേഷ്ഠത ദൈവം തന്നെ പ്രഖ്യാപിച്ചതാണ്; അതിനുള്ള ആദരവ്‌ ദൈവത്തില്‍ നിന്നുതന്നെ ആരംഭിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ‘ആധുനികത’യുടെ വെളിപാടുകള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ (സ) ഉജ്ജ്വലമായ മനുഷ്യാവകാശ വിളംബരങ്ങള്‍ നടത്തി; ആധുനികതയുടെ രാഷ്ട്രീയ പരിമിതികളൊന്നുമില്ലാതെ തന്നെ! ‘പവിത്രത’ മതവിശ്വാസികള്‍ക്ക് സുപരിചിതമായ ആശയമാണ്. മതചിഹ്നങ്ങള്‍ മാത്രമല്ല, മനുഷ്യനും പവിത്രമാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചു. ഹജ്ജിന്റെ ഭാഗമായി അറഫയില്‍ നടത്തിയപ്രഭാഷണത്തില്‍ അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: ”ഈ ദിവസം (അറഫദിനം) ദിവസങ്ങളില്‍ വെച്ചേറ്റവും പവിത്രമായ ദിവസമല്ലേ? ഈ മാസം (ഹജ്ജ്മാസം) മാസങ്ങളില്‍ വെച്ചേറ്റവും പവിത്രമായ മാസമല്ലേ? ഈ നാട് (മക്ക), പ്രദേശങ്ങളില്‍വെച്ചേറ്റവും പവിത്രമായതല്ലേ? (എങ്കില്‍ ഞാന്‍ നിങ്ങളോട് പറയുന്നു): നിങ്ങളുടെ രക്തവുംനിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും ഇവയെപ്പോലെത്തന്നെ പവിത്രമാണ്.”(43)

മനുഷ്യന്റെ അഭിമാനത്തിനും സമ്പത്തിനും ജീവനും നേര്‍ക്കുള്ള അന്യായങ്ങള്‍, ഇതിനാല്‍ തന്നെ, ഇസ്‌ലാമില്‍ മതവിരുദ്ധവും ദൈവവിരുദ്ധവുമായ കൊടിയ ഔദ്ധത്യങ്ങളാണ്. അതുകൊണ്ടാണ് കവർച്ചക്കും മാനഭംഗത്തിനും കൊലപാതകത്തിനുമൊക്കെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ കനത്ത ശിക്ഷകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്; മരണാനന്തര ജീവിതത്തില്‍ അത്തരം അതിക്രമങ്ങള്‍ക്കുള്ള ശിക്ഷകള്‍ അതീവ വേദനാജനകവുമാകുന്നു.

(തുടരും)

കുറിപ്പുകൾ:

39. ഖുർആൻ 17:70.
40. മുസ്‌ലിം, സ്വഹീഹ്.
41. മുസ്‌ലിം, സ്വഹീഹ്.
42. ബുഖാരി, സ്വഹീഹ്.
43. വാചകവ്യത്യാസങ്ങളോടെ വിവിധ അധ്യായങ്ങളിലായി അനേകം നിവേദനങ്ങളില്‍ ഈ പ്രഭാഷണ ശകലങ്ങളുണ്ട്. -ഇബ്‌നു മാജ, സുനന്‍.


Tags :


mm

Admin