Logo

 

അബ്ദുൽ ഖാദിർ പുല്ലങ്കോട് അന്തരിച്ചു

5 January 2020 | Reports

By

കാളികാവ്‌: പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അബ്ദുൽ ഖാദിർ മദനി പുല്ലങ്കോട് (74) അന്തരിച്ചു.

പുല്ലങ്കോട്, ഉദിരംപൊയിൽ പ്രദേശങ്ങളിൽ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം ഈ രണ്ട് പ്രദേശങ്ങളിലും നിലവിലുള്ള സലഫി മസ്ജിദുകൾ നിർമ്മിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു. കിഴക്കൻ ഏറനാട്ടിൽ ഇസ്‌ലാഹീ പ്രബോധനം സാധ്യമാക്കുന്നതിൽ സുപ്രധാന കണ്ണിയായി നിലകൊണ്ടു. ദീർഘകാലം വ്യത്യസ്ത പള്ളികളിൽ ഖത്തീബായിരുന്നു. കെ.എൻ.എം കാളികാവ് മണ്ഡലം പ്രസിഡന്റ്‌, സംസ്ഥാന കൂടിയാലോചന സഭാംഗം, മദ്റസാ പാഠപുസ്തക രചയിതാവ്, കാളികാവ് സിറാജുൽ ഉലൂം അറബി കോളേജ് പ്രസിഡന്റ്‌ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സജീവ സഹചാരി കൂടിയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന് വേണ്ടി പാട്ടുകൾ എഴുതിയാണ് അദ്ദേഹം ലീഗ് വേദികളിൽ ശ്രദ്ധേയനായത്‌. അറബി അധ്യാപക പ്രസ്ഥാനമായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ കർമോൽസുകനായ പ്രവർത്തകനായിരുന്നു. വണ്ടൂർ സബ് ജില്ലാ പ്രസിഡൻറും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.

ചന്ദ്രിക ആഴ്ചപ്പതിപ്പ്,
അൽ മനാർ, ശബാബ്, വിചിന്തനം, പുടവ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരവധി ചരിത്ര ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു. സ്വഹാബികൾ, വെളിച്ചം വിതറിയ തിരുനബി തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ എഴുതി.

കാളികാവ് ഗ്രാമപഞ്ചായത്ത് പ്രഥമ ബോർഡ് മെമ്പറായിരുന്ന പുൽപ്പാടൻ മമ്മദ് ( നാണിപ്പ) ഹാജിയുടെയും ഫാത്തിമയുടേയും മകനായി 1946ൽ ജനിച്ച അബ്ദുൽ ഖാദിർ മദനി അമ്പലക്കടവ് എ. എം.എൽ.പി സ്കൂ ൾ, കാളികാവ് ജി.യു.പി.സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി കരുവാരക്കുണ്ട്, കല്ലാമൂല തുടങ്ങിയ പള്ളിദർസുകളിൽ പഠിച്ചതിനു ശേഷം പുളിക്കൽ മദീനത്തുൽ ഉലൂമിൽ നിന്നാണ് അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കിയത്.

എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പി.എസ്.സി മുഖേന സർക്കാർ സർവീസിൽ പ്രവേശിച്ചു. 2001 ൽ പുല്ലങ്കോട് ജി.എൽ.പി.സ്കൂളിൽ നിന്നാണ് വിരമിച്ചത്. ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ അൽപകാലം അധ്യാപകനായിരുന്നു. ചുങ്കത്തറ നജാതുൽ ഉലൂം അറബിക്‌ കോളജിൽ പ്രിൻസിപ്പൾ ആയിരുന്നു.


Tags :


mm

Admin