Logo

 

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 8)

3 March 2020 | Study

By

ബഹുദൈവാരാധകര്‍ക്ക് ആധിപത്യമുണ്ടായിരുന്ന പ്രാചീന റോമാസാമ്രാജ്യത്തില്‍ തന്നെ ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. സി.ഇ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആദിമ ക്രിസ്ത്യാനികളെ മതത്തിന്റെ പേരില്‍ വിചാരണ ചെയ്യാനും വധിക്കുവാനും ചക്രവര്‍ത്തി ട്രോജന്റെ നിര്‍ദ്ദേശപ്രകാരം ബിതീനിയന്‍ പ്രവിശ്യയില്‍ നിയമജ്ഞനായ പ്ലീനിക്ക് യാതൊരു മനസങ്കോചവുമുണ്ടായില്ല. അവിടം മുതല്‍, റോമിലുണ്ടാകുന്ന ദുരന്തങ്ങളില്‍ പലതിനും ക്രിസ്ത്യാനികളുടെ ‘വിശ്വാസവ്യതിയാന’ങ്ങളെ പഴിച്ച് അവരെ പീഡിപ്പിക്കുന്ന രീതി സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായിത്തീര്‍ന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചതോടെയാണ് ക്രിസ്ത്യാനികള്‍ പീഡനങ്ങളില്‍നിന്ന് സുരക്ഷിതരായത്.(53)

റോമിനുകീഴിലായിരുന്ന ഫിലസ്ത്വീനില്‍ താമസിച്ചിരുന്ന ജൂതന്‍മാര്‍ ക്രിസ്തുമതം ജന്മമെടുക്കുന്നതിനു മുമ്പേ തന്നെ ഭരണകൂടത്തില്‍നിന്നും റോമന്‍ സമൂഹത്തില്‍നിന്നും മതപരമായ വിവേചനങ്ങളും അതിക്രമങ്ങളും നേരിട്ടിരുന്നവരായിരുന്നു. മതമര്‍ദ്ദനത്തിന്റെ കയ്പ് സ്വയം അനുഭവിക്കേണ്ടി വന്നപ്പോഴും റോമന്‍ ക്രിസ്ത്യാനികള്‍ പക്ഷേ യഹൂദര്‍ക്കെതിരായ ഈ വിദ്വേഷപ്രചരണത്തിനു കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. അധികാരം കയ്യില്‍ കിട്ടിയപ്പോഴാകട്ടെ, മുന്‍ഭരണാധികാരികളേക്കാള്‍ കടുത്ത രീതിയിൽ ക്രിസ്ത്യന്‍ റോമന്‍ ഭരണാധികാരികള്‍ യഹൂദരെ വേട്ടയാടി!

യഹൂദരോടുള്ള വെറുപ്പ് ക്രിസ്തുമതത്തിന്റെ വിശ്വാസപരമായ ഭാഗമാണെന്ന രീതിയിലാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടുപോയത്. മധ്യകാല യൂറോപ്പില്‍ ജൂതന്‍മാര്‍ ക്രിസ്ത്യന്‍ രാജാക്കന്‍മാരുടെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി; ചിലപ്പോഴൊക്കെ അവര്‍ സ്വന്തം നാടുകളില്‍ നിന്ന് നിര്‍ബന്ധിത കൂട്ട പലായനത്തിനും വിധിക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സും ഇംഗ്ലണ്ടുമെല്ലാം ഇങ്ങനെ യഹൂദരെ ‘പുറംതള്ളി’. കുരിശുയുദ്ധകാലത്ത് ക്രൈസ്തവ പടയാളികള്‍ ഫിലസ്ത്വീനിലെ യഹൂദരെ ക്രൂരമായി ഉപദ്രവിച്ചു. സ്‌പെയിന്‍ ക്രൈസ്തവ നിയന്ത്രണത്തിലായപ്പോള്‍ യഹൂദര്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിച്ചു. യഹൂദമര്‍ദ്ദനത്തിന്റെ ഈ ‘സാംസ്‌കാരിക’ പൈതൃകമാണ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസികള്‍ നടപ്പിലാക്കിയ ഹോളോകോസ്റ്റില്‍ വന്നവസാനിച്ചത്.(54) അതിനെത്തുടര്‍ന്ന് ജൂതന്‍മാര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഇസ്രാഈല്‍ ഫിലസ്ത്വീനിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്ന കൊലയാളി രാജ്യമായി ഇപ്പോള്‍ പല്ലിളിക്കുന്നു.

മതപരമായ തങ്ങളുടെ നവബോധ്യങ്ങളുടെയടിസ്ഥാനത്തില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ പരിഷ്‌കാരങ്ങളാവശ്യപ്പെട്ടതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ പള്ളിയും ഭരണാധികാരികളും തല്ലാനും കൊല്ലാനും തുടങ്ങിയപ്പോള്‍ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അമേരിക്കന്‍ വനഭൂമികളിലേക്ക് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്ത പ്യൂരിറ്റാന്‍ ക്രിസ്ത്യാനികളാണ് ആധുനിക അമേരിക്കന്‍ ഐക്യനാടുകളുടെ (യു.എസ്.എ) അവിഭാജ്യഘടകങ്ങളായ ന്യൂ ഇംഗ്ലണ്ടും ന്യൂ ജഴ്‌സിയും പെനിസില്‍വാനിയയും മേരിലാന്‍ഡും പടുത്തുയര്‍ത്തിയതെന്ന്(55) പടിഞ്ഞാറിന്റെ സാംസ്‌കാരികൗന്നിത്യത്തെക്കുറിച്ച് പുളകം കൊള്ളുന്ന എത്ര പേര്‍ക്കോര്‍മയുണ്ട്! മധ്യകാല ഇംഗ്ലണ്ടിലെ മതപീഡനങ്ങളുടെ അനന്തരഫലമാണ് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമേരിക്ക. ആ അമേരിക്കയാണ് ഇപ്പോള്‍ മുസ്‌ലിം നാടുകളിലേക്ക് മതവിദ്വേഷമുള്ള കൂട്ടനശീകരണായുധങ്ങളുമായി ഇരച്ചുകയറുന്നത് എന്നത് ഇരകള്‍ വേട്ടക്കാരായി രൂപാന്തരപ്പെട്ടതിന്റെ മറ്റൊരു ചരിത്രദൃഷ്ടാന്തം!

ആര്യഹിന്ദുമതവും ദ്രാവിഡദര്‍ശനങ്ങളും ബൗദ്ധ-ജൈന സിദ്ധാന്തങ്ങളും ജൂതമതവും ക്രൈസ്തവതയും ഇസ്‌ലാമുമെല്ലാം അവയുടെ അതിപുരാതനകാലം മുതല്‍ക്കുതന്നെ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലുണ്ട്. ഒരു പരിധിവരെ അവക്കെല്ലാം നിലനില്‍ക്കാനായ നാടാണ് ഇന്‍ഡ്യയെന്ന് പറയാവുന്നതാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഭരണാധികാരികള്‍ ആശയങ്ങള്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പിക്കാന്‍ തുനിഞ്ഞു, ‘ഇഷ്ടമില്ലാത്ത’ മതങ്ങളെ തുടച്ചുനീക്കാനൊരുമ്പെട്ടു; അപ്പോഴെല്ലാം ഭാരതത്തില്‍ അസഹിഷ്ണുതയാല്‍ രക്തം കിനിഞ്ഞു. ബൗദ്ധ-ജൈന ദര്‍ശനങ്ങളായിരുന്നു ഇന്‍ഡ്യാചരിത്രത്തില്‍ മതമര്‍ദ്ദനത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ക്രിസ്തുവിനുമുമ്പുതന്നെ പുഷ്യമിത്രസംഗനെപ്പോലുള്ള ചില രാജാക്കന്‍മാര്‍ മൗര്യപതനാനന്തരം ബൗദ്ധരെ വേട്ടയാടിയിരുന്നുവെങ്കിലും അവയെ അതിജീവിച്ച് ബുദ്ധമതം പിന്നെയും ഇന്‍ഡ്യയില്‍ വളര്‍ന്നിരുന്നു. ശ്രീശങ്കാരാചാര്യര്‍ (788-820 സി.ഇ) അദ്ദേഹത്തിന്റെ പ്രബോധനമാരംഭിക്കുമ്പോള്‍ ഇന്‍ഡ്യയില്‍ ‘ഹിന്ദു’മതത്തെക്കാള്‍ സ്വാധീനമുണ്ടായിരുന്ന മതങ്ങളായിരുന്നു ബുദ്ധമതവും ജൈനമതവും. നൂറ്റാണ്ടുകളായി അവ പ്രാമുഖ്യത്തോടെ നില്‍ക്കുകയായിരുന്നു. ശങ്കരന്റെ അദ്വൈതസിദ്ധാന്തം ബുദ്ധമതത്തെ കടന്നാക്രമിച്ചു. അതിന്റെ സ്വാധീനത്തില്‍ പല ഹിന്ദു ചക്രവര്‍ത്തിമാരും പണ്ഡിതന്‍മാരും ബൗദ്ധരുടെ കഠിനവിരോധികളായി. പിന്നെയൊരു താണ്ഡവമായിരുന്നു. ഭിക്ഷുക്കളുടെ അരുംകൊലകളും, ആശ്രമങ്ങളുടെയും പാഠശാലകളുടെയും ആരാധനാ മന്ദിരങ്ങളുടെയും നേര്‍ക്കുള്ള കടന്നുകയറ്റങ്ങളുമായി പുരോഗമിച്ച ആ ‘മുന്നേറ്റ’ത്തില്‍ ഇന്‍ഡ്യ ബുദ്ധമത്തില്‍ നിന്ന് ഏറെക്കുറെ പൂര്‍ണമായി ‘ശുദ്ധീകരിക്കപ്പെട്ടു.’ ഇപ്പോള്‍ ബുദ്ധര്‍ മ്യാന്‍മാറില്‍ മുസ്‌ലിംകളെ അതിക്രൂരമായ വംശഹത്യക്കിരയാക്കുന്നത് നമുക്ക് കാണേണ്ടിവരുന്നു!

അസഹിഷ്ണുതയുടെ ഭീകരമായ അനുഭവങ്ങള്‍ക്കറുതിവരുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ടാണ് ഇന്‍ഡ്യ സ്വാതന്ത്ര്യം പ്രാപിച്ചത്. ഭരണഘടനയുടെ ഇരുപത്തിയഞ്ച് മുതല്‍ ഇരുപത്തിയെട്ടു വരെയുള്ള വകുപ്പുകളില്‍ മതസ്വാതന്ത്ര്യം -ഇഷ്ടമുള്ള ഏതു മതവുംസ്വീകരിക്കുവാനും അനുഷ്ഠിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം- പൗരന്റെ മൗലികാവകാശമായി ഡോ. അംബേദ്കറും സംഘവും എഴുതിച്ചേര്‍ത്തു. ഭരണകൂടം മതനിരപേക്ഷമായിരിക്കുകയും പൗരന്‍മാര്‍ക്ക് പൂര്‍ണമായ മതസ്വാതന്ത്ര്യവും മതാതീതമായ തുല്യതയും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ മതേതരത്വം ലോകത്തിനുതന്നെ ഉജ്ജ്വലമായ മാതൃകയാണ്. അശോകന്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വരെയുള്ള മഹാന്‍മാരായ ഇന്‍ഡ്യന്‍ചക്രവര്‍ത്തിമാരുടെ മതപരിവര്‍ത്തനപാത പിന്തുടര്‍ന്ന് ഭരണഘടനാശില്‍പിയായ ബി.ആര്‍. അംബേദ്കര്‍ പരസ്യമായി താന്‍ ബുദ്ധമതം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മതം മനഃസാക്ഷിസ്വാതന്ത്ര്യമാണെന്ന ഭരണഘടനാമൂല്യത്തിന് സാമൂഹികമായ പ്രായോഗികത സാധ്യമാവുകയായിരുന്നു. എന്നാല്‍ ഇന്‍ഡ്യ സഹിഷ്ണുതയുടെ നാടായി നിലനില്‍ക്കുവാനിഷ്ടമില്ലാത്ത സാംസ്‌കാരിക ഷോവിനിസ്റ്റുകള്‍ സ്വാതന്ത്ര്യസമരകാലത്തുതന്നെ സംഘടിതരൂപം പ്രാപിച്ചിരുന്നു; മുസ്‌ലിമും ക്രിസ്ത്യാനിയും ദളിതനുമൊന്നും ഇല്ലാത്ത ‘ഹിന്ദു’ ഇന്‍ഡ്യയായിരുന്നു അവരുടെ ‘സ്വപ്നം’! സ്വാതന്ത്ര്യത്തിന്റെ വിഭാതം പൂര്‍ണമാകുന്നതിനുമുമ്പുതന്നെ അവരുടെ അസഹിഷ്ണുത ഹിന്ദു-മുസ്‌ലിം മൈത്രിയുടെമുദ്രാവാക്യങ്ങളുയര്‍ത്തിയ രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ടകളായി ചീറിപ്പാഞ്ഞു. കാലാകാലങ്ങളില്‍ അവര്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയ കലാപങ്ങളും ദലിത് വേട്ടകളും ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള അതിക്രമങ്ങളും ‘സംഘടിപ്പിച്ചു.’ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ മുഖംമൂടിയുമായി പ്രവേശിച്ച് അധികാരസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറി. ‘ദേശസ്‌നേഹ’ത്തിന്റെ പോളിഷുള്ള അവരുടെ ബൂട്ടുകള്‍ക്കുകീഴില്‍ നെഹ്‌റുവിന്റെയും ആസാദിന്റെയും ഇന്‍ഡ്യ തേഞ്ഞമര്‍ന്ന് നിലവിളിക്കുന്ന ഞെരക്കം യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ മുഴുവന്‍ കേള്‍ക്കുന്നുണ്ട്. അവരുടെ അധികാരത്തിന്റെ ബലത്തില്‍ അസഹിഷ്ണുത ആഞ്ഞുപടരുകയാണ്. മുസ്‌ലിം രഹിത ഇൻഡ്യ എന്ന ഹിന്ദു ഷോവിനിസ്റ്റ്‌ സ്വപ്നം നിയമപരമായിത്തന്നെ സാക്ഷാൽകരിക്കാനാവും വിധം പൗരത്വ പട്ടികകൾ ഭേദഗതി ചെയ്യാനുള്ള ഒരുക്കങ്ങൾ ഇവിടെ തകൃതിയാവുകയാണ്‌.

സഹിഷ്ണുതയാണ് സാമൂഹികജീവിതത്തിന്റെ അടിക്കല്ല്. പരിശുദ്ധ ഖുര്‍ആനില്‍ നിന്നും മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ നിന്നും മതം പഠിച്ചവര്‍ക്ക് സഹിഷ്ണുത ഒരു ദൈവശാസനയാണെന്നറിയാം, അതിനാല്‍ അതിന്റെ പ്രചാരണത്തിലും പ്രയോഗവല്‍കരണത്തിലും മതപരമായ ആവേശത്തോടുകൂടിത്തന്നെ അവര്‍ മുന്നിലുണ്ടാകും. സഹിഷ്ണുതയുടെ ഇസ്‌ലാമിക ദര്‍ശനം ഇന്‍ഡ്യക്കും ലോകത്തിനും കരുത്ത് പകരും. സമത്വവും സാഹോദര്യവും സഹിഷ്ണുതയുമാണ്‌ മാനവസമൂഹത്തെ സംബന്ധിച്ച ഇസ്‌ലാമിക പാഠങ്ങൾ. അസഹിഷ്ണുത അമർത്തിവെക്കാനാവാതെ പൊട്ടിത്തെറിക്കുന്ന ഭീകരവാദികളുടെ ആദർശനിലം, മറ്റെന്തായാലും ഇസ്‌ലാം ആവുക സാധ്യമല്ല.

കുറിപ്പുകൾ:
53. For an overview, see https://www.christianitytoday.com/history/issues/issue-27/persecution-in-the-early- church-did-you-know.html#storystream.
54. See Gerard S.Sloyan, ‘Christian Persecution of Jews over the Centuries’, www.ushmm.org/research/the-center-for-advanced-holocaust-studies.
55. www.loc.gov/exhibits/religion/rel01.html.

(അവസാനിച്ചു)


Tags :


mm

Musthafa Thanveer