Logo

 

കേരള മുസ്‌ലിം നവോത്ഥാനവും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയും

13 March 2020 | Essay

By

പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിന്റെ സ്ഥാപകനായ എം.സി.സി അബ്ദുറഹിമാൻ മൗലവി, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക/വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളൊന്നും വേണ്ടത്ര പ്രധാന്യത്തോടെ നവോത്ഥാന ചർച്ചകളിൽ കടന്നുവരാറില്ല എന്നത്‌ ഖേദകരമാണ്‌. വിശ്വാസ-കർമ്മ രംഗങ്ങളിൽ മുസ്ലിം സമൂഹത്തെ ഗ്രസിച്ചിരുന്ന ജീർണതകൾക്കെതിരെയും സാമൂഹികവും രാഷ്ട്രീയവുമായി സമുദായത്തിനുണ്ടാകേണ്ട ഔന്നിത്യത്തിനുവേണ്ടിയും പ്രയത്നിച്ച മഹാജ്ഞാനിയായിരുന്നു എം.സി.സി.

മലബാറിലെ ആധുനിക മദ്രസ പ്രസ്ഥാനത്തിന്റെ പിതാവ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പി.ഒ കോമുക്കുട്ടി സാഹിബിന്റെ സഹോദരി ഉമ്മുറാബിയുടെയും പുത്രനായി 1906 ൽ പരപ്പനങ്ങാടിയിൽ ജനിച്ചു. 1913 ൽ പിതാവ്‌ സാരഥ്യം വഹിച്ചിരുന്ന ദാറുൽ ഉലൂമിലാണ് എം സി സി യുടെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിക്കുന്നത്. ചാലിലകത്തിന്റെ ശിഷ്യന്മാരായി അന്ന് വാഴക്കാട് മദ്രസയിൽ ഉണ്ടായിരുന്നത് പ്രഗൽഭരും പിൽക്കാല ഘട്ടങ്ങളിൽ മുസ്ലിം നവോത്ഥാന രംഗത്ത് ഏറെ സംഭാവന അർപ്പിച്ചവരുമായ കെ എം മൗലവി, ഇ കെ മൗലവി, ഇ.മൊയ്‌തു മൗലവി , പി കെ മൂസ മൗലവി തുടങ്ങിയവരായിരുന്നു. എന്നാൽ യാഥാസ്ഥിതികരുടെ എതിർപ്പുമൂലം മദ്രസ അധികകാലം തുടരാൻ ചാലിലകത്തിനു സാധിച്ചില്ല. 1915 മുതൽ മൂന്നുവർഷം പുളിക്കലിൽ സ്ഥാപിച്ച മദ്രസത്തുൽ മുനവ്വറയിൽ ആയിരുന്നു മദ്രസ നടന്നത്. ശേഷം, താൻ തുടങ്ങിവെച്ച മദ്രസാ പ്രസ്ഥാനം നിലച്ചു പോകാതിരിക്കാനായി ചാലിലകത്ത് തൻറെ ശിഷ്യന്മാരെ കേരളത്തിലെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അയച്ചു. ഇതുപ്രകാരം കെ എം മൗലവി ചെമ്മൻകടവ് ദർസ് ആരംഭിച്ചപ്പോൾ എം സി സി അബ്ദുറഹ്മാൻ മൗലവി അവിടെ ശിഷ്യനായി ചേർന്നു. പിതാവിന്റെ നിർദ്ദേശപ്രകാരം പിന്നീടദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് പോയി.

വെളിയംകോട്ട്‌കാരനായ സാമൂഹിക പരിഷ്കർത്താവ് സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം ആളുകൾ അന്ന് കൊടുങ്ങല്ലൂരിൽ ചില നവോത്ഥാന ചിന്തകൾക്ക് തുടക്കമിട്ടിരുന്നു. ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷാപഠനവും മുസ്ലിങ്ങൾക്ക് ഹറാമായി കണക്കാക്കിയിരുന്ന ആ കാലഘട്ടത്തിൽ അഴീക്കോടും എറിയാടും പ്രൈമറി സ്കൂൾ സ്ഥാപിച്ച് സമുദായത്തെ വിദ്യാഭ്യാസപരമായി ഉണർത്താനുള്ള പരിശ്രമങ്ങൾ കൊടുങ്ങല്ലൂരിലെ ഇസ്ലാഹി പ്രവർത്തകർ ആരംഭിച്ചിരുന്നു. കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ സലഫി ചിന്തകരായിരുന്നു ഈ വിദ്യാഭ്യാസ വിപ്ലവത്തിന് പിന്നിൽ. എം സി സി യുടെ ആഗമനം ഈ നവജാഗരണത്തിന് ആക്കം കൂട്ടി. 1921ലെ മലബാർ കലാപം വിതച്ച ദുരന്തങ്ങളിൽ നിന്ന് മാപ്പിള സമൂഹത്തിന് ഉയർത്തെഴുന്നേൽപ്പ് സാധ്യമാകാൻ കൊടുങ്ങല്ലൂരിലെ ഇസ്‌ലാഹീ പ്രവർത്തകർ രൂപംനൽകിയ കേരള മുസ്‌ലിം ഐക്യസംഘം എന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു എം സി സി അബ്ദുറഹ്മാൻ മൗലവി.

1924ൽ കേരള മുസ്ലിം ഐക്യ സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷനായി വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹസറത്തിനെ കൊണ്ടുവരുന്നതിന്‌ മുൻകൈയെടുത്തത് എം.സി.സി ആയിരുന്നു. ആ സമ്മേളന പന്തലിൽ വെച്ച് കേരളത്തിലെ ഉലമാക്കളുടെ ഒരു യോഗം നടന്നു. അവിടെ വെച്ച് മതപ്രബോധനം സജീവമാക്കാനും ഏകീകരിക്കാനും കേരള ജംഇയ്യത്തുൽ ഉലമാ എന്ന പേരിൽ കേരളത്തിലെ പ്രഥമ മുസ്ലിം പണ്ഡിത സംഘടന രൂപീകരിച്ചു. ഖുർആനിന്റെയും സുന്നത്തിന്റെയും തനിമയിലേക്ക് ജനങ്ങളെ ക്ഷണിക്കലും മുസ്ലിം സമൂഹത്തെ ബാധിച്ചിരിക്കുന്ന വിശ്വാസ വൈകല്യങ്ങൾക്ക് എതിരെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഉദ്ബോധനവും ആയിരുന്നു സംഘടനയുടെ ലക്ഷ്യം. പ്രഥമ പ്രസിഡണ്ട്‌ കണ്ണൂർ പി അബ്‌ദുഖാദർ മൗലവിയും സെക്രട്ടറി സി.കെ മൊയ്ദീൻകുട്ടി സാഹിബും ആയിരുന്നു. പിന്നീട് സംഘടനയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.സി.സി സൊസൈറ്റി ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ഈ സംഘടന‌ ഇപ്പോഴും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പണ്ഡിതസമിതിയായി പ്രവർത്തനം തുടരുന്നു.

തന്റെ പിതാവ് ആരംഭിച്ച പരിഷ്കൃത രീതിയിലുള്ള മദ്റസാ പ്രസ്ഥാനത്തിന് സമുദായത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ കാര്യമായ പങ്കു വഹിക്കാനാകും എന്ന് വിശ്വസിച്ച് എം.സി.സി വളപട്ടണം, വടകര മുതലായ സ്ഥലങ്ങളിൽ മദ്രസകൾ സ്ഥാപിച്ചു. 1935 ൽ അദ്ദേഹത്തിന് മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫ്സലുൽ ഉലമാ ബിരുദം കിട്ടി. സമൂഹത്തെ വാർത്തെടുക്കാൻ ദീർഘദൃഷ്ടിയുള്ള പണ്ഡിതന്മാർ അനിവാര്യമാണെന്ന് മനസ്സിലാക്കിയ എം.സി.സി ബ്രിട്ടീഷ് പട്ടാളത്തിന്റെ കയ്യിൽ അകപ്പെടാതെ കൊടുങ്ങലൂരിൽ ഒളിച്ചുതാമസിക്കുകയായിരുന്ന കെ. എം. മൗലവിക്കെതിരെയുള്ള കേസുകൾ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ തിരികെ മലബാറിലേക്ക് പറഞ്ഞയക്കണം എന്ന് പറഞ്ഞു കൊടുങ്ങല്ലൂർക്കാർക്ക് കത്തയച്ചു. നാട്ടിൽ തിരിച്ചെത്തിയ കെ എം മൗലവിയെയും കൂട്ടി എം സി സി മലബാറിൽ സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ സജീവമാക്കി. കെ. എം. മൗലവിയെ കൊടുങ്ങലൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് എം.സി. സി ആയിരുന്നു.

പരിശുദ്ധ ഖുർആൻ സമ്പൂർണ്ണമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക എന്നത് മൗലവിയുടെ ആഗ്രഹമായിരുന്നു. മുസ്ലിം സാധാരണക്കാർക്ക് ഖുർആനിക ആശയങ്ങൾ ഗ്രഹിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഖുർആൻ പരിഭാഷപ്പെടുത്താൻ പാടില്ലെന്ന വാദക്കാരായിരുന്ന കേരളത്തിലെ സൂഫി യാഥാസ്ഥിതികർ മാനവരാശിയുടെ മോചനത്തിനായി പടച്ചതമ്പുരാൻ അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥം ജനങ്ങളിൽ നിന്ന് പരമാവധി മറച്ചുപിടിക്കാൻ ശ്രമിച്ചു. അതിനാൽ സാധാരണ ജനങ്ങൾക്ക് കൂടി ഖുർആനിക ആശയങ്ങൾ മനസ്സിലാകത്തക്ക രൂപത്തിൽ ഒരു പരിഭാഷക്ക് വേണ്ടി മൗലവി ആവോളം പരിശ്രമിച്ചു. അതിനുവേണ്ടി ‘മുസ്‌ലിം ലിറ്ററേച്ചർ സൊസൈറ്റി’ ക്ക് രൂപം നൽകി. കേരള മുസ്‌ലിം ജനതയെ ഗ്രസിച്ചിരുന്ന അന്ധവിശ്വാസ, അനാചാരങ്ങൾക്കെതിരെ പുസ്തകങ്ങളും ലേഖനങ്ങളും തയ്യാറാക്കുക, ഖുർആൻ പരിഭാഷ പുറത്തിറക്കുക തുടങ്ങിയവയായിരുന്നു സംഘത്തിൻറെ ലക്ഷ്യങ്ങൾ. ഖുർആൻ പരിഭാഷ രണ്ടു ഭാഗങ്ങൾ അച്ചടിച്ചു. മൂന്നാം ഭാഗം എഴുതിത്തീർന്നെങ്കിലും പ്രസിദ്ധീകരിക്കാൻ ആയില്ല. കെ എം മൗലവി, പി കെ മൂസ മൗലവി, കെ എം സീതി സാഹിബ്‌ തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കാളികളായിരുന്നു.

സമുദായ പരിഷ്കരണം ലക്ഷ്യമാക്കിക്കൊണ്ട് മൗലവി പ്രസിദ്ധീകരണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. കോഴിക്കോട് ഇസ്ലാമിക് ക്യാംപസിന്റെ ആഭിമുഖ്യത്തിൽ ‘മാർഗദർശകൻ’ എന്നൊരു മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. രണ്ടു കൊല്ലത്തോളം പ്രശസ്തമായ നിലയിൽ പ്രവർത്തനം തുടർന്ന മാസിക പിന്നീട് സാമ്പത്തിക പ്രയാസം മൂലം അവസാനിപ്പിക്കേണ്ടിവന്നു. കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ 1935 ഫെബ്രുവരിയിൽ പ്രസിദ്ധീകരണം ആരംഭിച്ച അറബി മലയാളം മാസികയായ അൽ മുർഷിദിന്റെ പ്രധാന പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സ്ത്രീവിദ്യാഭ്യാസത്തിന്റെ അനിവാര്യതകളെ കുറിച്ചുള്ള എം.സി.സി യുടെ ലേഖനങ്ങൾ തുടർച്ചയായി അതിൽ പ്രസിദ്ധീകരിച്ചിരുന്നു. സമുദായപുരോഗതി ലക്ഷ്യമാക്കി കൊണ്ട് അതിലൂടെ അദ്ദേഹം തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു. അൽ അമീൻ മാസികയിലും പൗരശക്തിയിലും ചന്ദ്രികയിലും അദ്ദേഹത്തിൻറെ പഠനാർഹമായ ലേഖനങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രവാചകൻറെ ബഹുഭാര്യത്വത്തെ അധിക്ഷേപിച്ചു കൊണ്ട് ഒരു ഹിന്ദു സഹോദരൻ അൽ അമീനിൽ എഴുതിയ ലേഖനത്തിന് കാര്യകരണസഹിതം മൗലവി മറുപടി എഴുതി. എഴുത്തും പ്രസിദ്ധീകരണങ്ങളും വളരെ കുറവുള്ള ആ കാലഘട്ടത്തിൽ ഈ രംഗത്ത് തന്റെതായ ഭാഗധേയം നിർവഹിച്ച വ്യക്തിയായിരുന്നു എം.സി.സി. മുസ്‌ലിം സമൂഹം പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നിലപാടുകൾക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കാൻ ആരംഭിച്ചപ്പോൾ യഥാർത്ഥ വിശ്വാസപ്രമാണങ്ങളിലേക്ക് അവരെ തിരികെ കൊണ്ടുവരൽ ശ്രമകരമായ ദൗത്യമായിരുന്നു. എം സി സിയുടെ അൽ ഖുർആനു വസ്സുന്ന, ചട്ടത്തിനു ഒരു ചൊട്ടു എന്നീ പുസ്തകങ്ങൾ ഈ രംഗത്തു നിർവഹിച്ച തൂലികാ ദൗത്യങ്ങൾ അതിമഹത്തായതായിരുന്നു.

1943ൽ മൗലവി, അദ്ദേഹത്തിന്റെ പിതാവ്‌ മുമ്പുണ്ടായിരുന്ന വാഴക്കാട്‌ ദാറുൽ ഉലൂമിലേക്ക് പ്രധാനാധ്യാപകനായി ക്ഷണിക്കപ്പെട്ടു. അന്നത്തെ പരമ്പരാഗതമായ ദർസ് സമ്പ്രദായത്തിൽ നിന്ന് വിഭിന്നമായി വൈജ്ഞാനികമായി കൂടുതൽ ഉയർച്ച ലഭിക്കാൻ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം എന്നീ വിഷയങ്ങളിൽ പ്രാവീണ്യവും ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിൽ സാമാന്യ പരിജ്ഞാനവും ലഭിക്കുന്ന 11 വർഷക്കാലം നീണ്ടുനിൽക്കുന്ന ഒരു പഠനപദ്ധതി അദ്ദേഹം അവിടെ ആവിഷ്കരിച്ചു. സമുദായം ഇംഗ്ലീഷ് ഭാഷയോടും മാനക മലയാളത്തോടും പുറം തിരിഞ്ഞുനിന്നിരുന്ന കാലത്താണ് ഇത്തരമൊരു പാഠ്യക്രമം എംസിസി അവതരിപ്പിച്ചത്. വെറുമൊരു ദർസ് ആയിരുന്ന വാഴക്കാട് ദാറുൽ ഉലൂമിൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പണ്ഡിത കോഴ്സായ അഫ്സലുൽ ഉലമക്ക് മൗലവി തുടക്കം കുറിച്ചു. കേരളത്തിലെ ആദ്യത്തെ അറബിക് കോളേജ് പ്രിൻസിപ്പൽ കൂടിയാണ് അങ്ങനെ എം സി സി അബ്ദുറഹ്മാൻ മൗലവി.

എന്നാൽ ഇത്തരം പരിഷ്കാരങ്ങളൊന്നും ദീർഘകാലം തുടർന്നുകൊണ്ടുപോകാൻ എം.സി.സി ക്ക് സാധിച്ചില്ല. 1946 സെപ്റ്റംബർ 31 യാഥാസ്ഥിതികർ ഇടപെട്ട് റേഷൻ നിയമത്തിന്റെ പേരുപറഞ്ഞ് ദാറുൽ ഉലും അനിശ്ചിതകാലത്തേക്ക് പൂട്ടി. എന്നാൽ ഇതൊന്നും മൗലവിയെ ദൗത്യ നിർവ്വഹണത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല. അവിടെ നിന്ന് അദ്ദേഹവും ശിഷ്യന്മാരും തിരൂരങ്ങാടി തറമ്മൽ പള്ളിയിലേക്ക് നീങ്ങി. 1946 ഒക്ടോബർ 12ന് അവിടെ ക്ലാസ് ആരംഭിച്ചു.

1946 ഡിസംബർ 25ന്, കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷിക സമ്മേളനത്തിൽ, സംഘടന നേരിട്ട് ഒരു കോളേജ് തുടങ്ങുന്നതിന് വേണ്ടി മുഹമ്മദ് ഇസ്സുദ്ദീൻ മൗലവി പ്രമേയം അവതരിപ്പിക്കുകയും എം.സി.സി ഹസൻ മൗലവി അതിനെ പിന്താങ്ങുകയും ചെയ്തു. സംഘടന നേരിട്ട് നടത്തുന്നതിനു പകരം തിരൂരങ്ങാടി ഇസ്സത്തുൽ ഇസ്ലാം സംഘത്തിന് കീഴിൽ കോളേജ് തുടങ്ങാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ എം.സി.സി ഹസൻ മൗലവി അതിനെ ശക്തമായി എതിർത്തു. പണ്ഡിതന്മാരുടെ മേൽ പ്രമാണിമാർക്ക് അധികാരം ഉണ്ടാകാൻ പാടില്ലന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അങ്ങനെ 1947 മെയ് 11ന് കോളേജ് കമ്മിറ്റിയുടെ ഒരു മീറ്റിംഗിൽ ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളും പുളിക്കൽ സ്വദേശികളുമായ പി പി ഉണ്ണി മൊയിദീൻകുട്ടി മൗലവിയും എൻ. മുഹമ്മദ് മൗലവിയും കോളേജിനു വേണ്ട സ്ഥലം ഏർപ്പാടാക്കാമെന്ന് ഏറ്റു. പുളിക്കലിലെ മത വിദ്യാഭ്യാസ പ്രബോധന പ്രസ്ഥാനമായ ‘കവാക്കിബുന്നയ്യിറ’ മുപ്പതിനായിരം രൂപയിൽ അധികം വരുന്ന കെട്ടിടങ്ങളും ഭൂസ്വത്തും കോളേജ് നടത്തിപ്പിന് നൽകി. വിശ്വാസപരമായും സാമൂഹികമായും ഇരുട്ടിൽ തപ്പുന്ന ഒരു സമുദായത്തെ പുരോഗതിയിലേക്കു ഉയർത്താൻ ആവശ്യമായ അറിവും കഴിവുമുള്ള ഒരു പറ്റം പണ്ഡിതന്മാരെ വാർത്തെടുക്കുന്നതിനു വേണ്ടി ഒരു സ്ഥാപനമെന്ന എം.സി.സിയുടെ സ്വപ്നം അവിടെ യാഥാർത്ഥ്യമായി. പ്രബോധനത്തിന്റെയും വിജ്ഞാനത്തിന്റെയും വിളക്കുമാടങ്ങൾ സമൂഹത്തിന് സമ്മാനിച്ച ജ്ഞാന നഗരി മദീനത്തുൽ ഉലൂം അറബിക് കോളേജ് 1947 ജൂലൈ 1ന് സ്ഥാപിതമായി. പി സി മുഹമ്മദ് ഹാജി ആയിരുന്നു ഉദ്ഘാടകൻ.

കോളേജിന്റെ ഉയർച്ചക്കും പുരോഗതിക്കും വേണ്ടിയുള്ള വിശ്രമമില്ലാത്ത ഓട്ടമായിരുന്നു മൗലവിയുടെ പിന്നീടുള്ള ജീവിതം. വിജ്ഞാന സമ്പാദനത്തിന് വേണ്ടി തന്റെ അടുക്കൽ എത്തിയ കുട്ടികൾ പട്ടിണി കിടക്കാതിരിക്കാൻ സ്വന്തം ആരോഗ്യസ്ഥിതി പോലും മറന്ന് അദ്ദേഹം ഓടി നടന്നു. 1949 ലാണ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം കോളേജിനു ലഭിക്കുന്നത്. പിന്നീടാണ് പാലക്കൽ മൂസ ഹാജി എന്ന വലിയ മനുഷ്യൻ സംഭാവനചെയ്ത മംഗളാരികുന്നിലേക്ക് കോളേജ് കെട്ടിടം മാറുന്നതും. താൻ കെട്ടിപ്പടുത്ത വിജ്ഞാന സൗധത്തെ കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളായിരുന്നു മൗലവിക്കുണ്ടായിരുന്നത്. നല്ല കെട്ടിടങ്ങൾ, അറബിഭാഷാ പ്രചരണം, ഗ്രന്ഥകർത്താക്കളെ വാർത്തെടുക്കാൻ ‘ദാറുൽ മുസ്വന്നിഫീൻ’ സംവിധാനം എന്നുതുടങ്ങി മൗലവിയുടെ മനസ്സിലെ അഭിലാഷങ്ങൾക്ക് അറ്റമില്ലായിരുന്നു. ഇന്ന് മത/രാഷ്ട്രീയ/സാമൂഹിക സംഘടനകളെ നയിക്കുന്ന മദനിമാരെ കാണുമ്പോഴാണ് മൗലവി കണ്ട സ്വപ്നങ്ങൾക്ക്‌ എത്രത്തോളം മൂർച്ച ഉണ്ടായിരുന്നു എന്ന് മനസ്സിലാവുന്നത്.

കോളേജിൽ ഓരോ ദിവസത്തെയും ഭക്ഷണത്തിന് ആവശ്യമായ അരി പോലും കണ്ടെത്തിയിരുന്നത് മൗലവി പല ധനികരെയും നേരിട്ട് കണ്ടിട്ടായിരുന്നെന്നു അറിയുമ്പോഴാണ് മതവിജ്ഞാനീയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആ മഹാമനീഷിക്കുണ്ടായിരുന്ന ഔൽസുക്യം എത്രയായിരുന്നെന്നു നമുക്ക് ബോധ്യപ്പെടുന്നത്. വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു എം.സി.സി. അവരുടെ എന്തു പ്രശ്നങ്ങളും നേരിട്ട് ബോധിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വിദ്യാർത്ഥികളിൽ സംഭവിച്ചിരുന്ന പല തെറ്റുകളും വളരെ സമചിത്തതയോടെ കൈകാര്യം ചെയ്ത് അവരെ നേർവഴിയിൽ സഞ്ചരിക്കാൻ പ്രാപ്തരാക്കിയ അധ്യാപകനെന്ന നിലയിൽ ഇന്നും വിദ്യാർത്ഥികളുടെ മനസ്സിലെ മായാത്ത ഓർമ്മയാണ് എം.സി.സി. 1955ൽ സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി അദ്ദേഹം ഒരു അനാഥശാല കോളേജിനോട് ചേർന്ന് തന്നെ സ്ഥാപിച്ചു. സാമ്പത്തിക പ്രയാസങ്ങൾ കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരുപാട് കുട്ടികൾക്ക് ഇന്നും ഒരു അത്താണിയായി അനാഥശാല നിലനിൽക്കുന്നു.

ഒരു മത പണ്ഡിതൻ എന്നതിലപ്പുറം ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു എം. സി.സി അബ്ദുറഹ്മാൻ മൗലവി. അറബി ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കൃത്യമായ കാഴ്ചപ്പാടുകൾ മൗലവി രൂപപ്പെടുത്തിയിരുന്നു. അറബിക് കോളേജുകളിൽ പ്രീ എൻട്രൻസ് പരീക്ഷക്ക് മുമ്പു തന്നെ ശരിയായ സിലബസ് അനുസരിച്ച് അറബി പഠിക്കാനുള്ള ക്ലാസുകൾ കോളേജിനോട് ചേർന്ന് തന്നെ സ്ഥാപിക്കണം, അത്തരം പ്രീ എൻട്രൻസ് ക്ലാസ്സുകൾക്ക് അംഗീകാരവും ഗ്രാൻഡും ഉണ്ടായിരിക്കണം എന്നിവ മൗലവിയുടെ അഭിപ്രായങ്ങളായിരുന്നു. അറബി മുൻഷി പരീക്ഷാ ബോർഡിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മൗലവി അതിനുവേണ്ടി പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു. എന്നാൽ രണ്ടു വർഷം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വയം രാജി വെച്ച് പിരിഞ്ഞു.

വാചാലനായ ഒരു പ്രാസംഗികനൊന്നുമായിരുന്നില്ല എം.സി.സി. എന്നാൽ 1933ൽ നാദാപുരത്ത് വെച്ച് യാഥാസ്ഥിതികരുമായി നടന്ന വാദപ്രതിവാദം, 1942ൽ കൊടിയത്തൂരിൽ തറാവീഹിലെ റക്അത്തുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് നടന്ന സംവാദം എന്നിവ അദ്ദേഹത്തിന്റെ മതവിജ്ഞാനീയങ്ങളിലെ അഗാധ പാണ്ഡിത്യം വിളിച്ചോതുന്നതാണ്. പ്രഭാഷണങ്ങളെക്കാൾ കൂടുതൽ എഴുത്തുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇസ്ലാമിലെ കർമ്മപരമായ കാര്യങ്ങളിൽ പൗരോഹിത്യം കടത്തിക്കൂട്ടിയ ബിദ്അത്തുകൾക്കെതിരെയും വിശ്വാസകാര്യങ്ങളിലെ കലർപ്പുകൾക്കെതിരെയും അദ്ദേഹത്തിന്റെ തൂലിക നിരന്തരമായി ചലിച്ചുകൊണ്ടിരുന്നു.

അറബി കോളേജ് പഠനം വെറുമൊരു അക്കാദമിക് ബിരുദം നൽകാനുള്ള സംവിധാനം എന്നതിലുപരിയായി ദീനിൽ ആഴവും പരപ്പുമുള്ള പണ്ഡിതന്മാരെ വാർത്തെടുക്കാനുള്ള പരിശീലന കളരിയായിട്ടാണ് എം സി സി അബ്ദുറഹ്മാൻ മൗലവി കണ്ടിരുന്നത്. അതിനാവശ്യമായ വിവിധ പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചിരുന്നു. അഫ്സലുൽ ഉലമാ കഴിഞ്ഞവർക്ക് ഒരു ബിരുദാനന്തര സ്പെഷ്യൽ കോഴ്സ് വിഭാവനം ചെയ്ത് അതിനുവേണ്ടി ഒരു സിലബസ് തയ്യാറാക്കി കിതാബുകൾ നിശ്ചയിച്ചു നൽകുകയും, ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിധത്തിൽ അതിനെ നാലു ഭാഗങ്ങളായി തിരികുകയും ചെയ്തു. ഖുർആനിക വിജ്ഞാനീയങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് ‘മുഫസ്സിർ’ കോഴ്സ്, ഹദീസ് പഠനത്തിൽ കൂടുതൽ കഴിവുള്ളവർക്ക് ‘മുഹദ്ദിസ്’ കോഴ്സ്, ഖുർആനും സുന്നത്തും സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഉതകുന്ന പ്രാസംഗികരെ വാർത്തെടുക്കുന്നതിന് വേണ്ടി ‘മുബല്ലിഗ്’ കോഴ്സ്, കർമശാസ്ത്ര രംഗത്ത് ഉന്നതമായ പഠനം ആഗ്രഹിക്കുന്നവർക്ക് ‘ഫക്കീഹ്’ കോഴ്സ് എന്നിങ്ങനെ സമഗ്രവും പ്രായോഗികവുമായ ഒരു പാഠ്യപദ്ധതി അദ്ദേഹം ആവിഷ്കരിച്ചിരുന്നു.

ഖുർആനും സുന്നത്തും ഇസ്ലാമിക ചരിത്രങ്ങളും അതിന്റെ തനിമ ചോരാതെ ജനങ്ങളിലേക്കെത്തിക്കാൻ ‘സലഫി പ്രസിദ്ധീകരണകമ്മിറ്റി’ എന്ന പേരിൽ ഒരു പ്രസാധക കൂട്ടായ്മയും രൂപീകരിച്ചു. അതിനുവേണ്ടി ഒരു പ്രസ്സ് തുടങ്ങണമെന്നത് അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹങ്ങളിൽ പെട്ടതായിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകൾ കാരണമോ മറ്റു ചില തടസ്സങ്ങൾ നിമിത്തമോ ഇതിൽ പല സ്വപ്നങ്ങളും കടലാസുകളിൽ മാത്രമൊതുങ്ങി. 1964 ജനുവരി 3 വെള്ളിയാഴ്ച മദീനത്തുൽ ഉലൂം ഓഫീസ് മുറിയിൽ താൻ വളർത്തിയെടുത്ത ശിഷ്യഗണങ്ങളെ കൺകുളിർക്കെ കണ്ട് പിന്നിട്ട വഴികളിൽ ചെയ്തു തീർത്ത ഒരു കൂട്ടം നന്മകളുടെ ബാക്കി സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അവരെ ഏൽപ്പിച്ച് എം.സി.സി ഈ ലോകത്തോട് യാത്ര പറഞ്ഞു. ദീനിനെ അഗാധമായി സ്നേഹിച്ച, ദീനീ വിജ്ഞാനീയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു തലമുറ വളർന്നുവരുന്നതിനുവേണ്ടി തന്റെ ജീവിതം ഹോമിച്ച എം സി സി അബ്ദുറഹ്മാൻ മൗലവി എന്ന മഹാത്യാഗിയുടെ ജീവിതം പുതുതലമുറക്ക് എന്നും പ്രചോദനവും ആവേശവുമാണ്.


Tags :


വി. പി. യഹ്‌യാ മദനി