Logo

 

കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി

14 July 2019 | Reports

By

കടവത്തൂർ: പ്രശസ്ത ഇസ്‌ലാമിക പ്രഭാഷകൻ ഡോ. കെ. കെ. സകരിയ്യ സ്വലാഹി നിര്യാതനായി. തലശ്ശേരിക്കടുത്തുവെച്ച്‌ നടന്ന വാഹനാപകടത്തിൽ ഇന്ന് ഉച്ചയ്ക്ക്‌ ആയിരുന്നു മരണം. പാലക്കാട്‌ ജില്ലയിലെ പാലക്കാഴി സ്വദേശി ആയ സകരിയ്യ സ്വലാഹി കടവത്തൂർ എൻ. ഐ. എ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിനുശേഷം കടവത്തൂരിൽ ആയിരുന്നു താമസം. ജനാസ നമസ്കാരം ഇന്ന് രാത്രി പത്ത്‌ മണിക്ക്‌ കടവത്തൂർ ഇരഞ്ഞിൻകീഴ്‌ മുജാഹിദ്‌ പള്ളിയിൽ ആണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിൽ നിശിതവും ശക്തവും സരസവുമായ പ്രസംഗശൈലിയിൽ ആഞ്ഞടിക്കുന്ന സലഫീ പ്രബോധകൻ എന്ന നിലയിൽ തന്റെ യൗവനം മുതൽക്കുതന്നെ സകരിയ്യ സ്വലാഹി കേരള മുസ്‌ലിംകൾക്കിടയിൽ ജനകീയനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ വേദികളിൽ ആയിരുന്നു സ്വലാഹിയുടെ പ്രസംഗങ്ങൾ. പിൽകാലത്ത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനങ്ങളിൽ നിന്ന് മാറി സ്വതന്ത്രമായ ആശയപ്രചരണത്തിൽ മുഴുകി. സുഊദി അറേബ്യയിലെയും യമനിലെയും സലഫീ പണ്ഡിതന്മാരുടെ രചനകൾക്ക്‌ കേരളത്തിൽ വിപുലമായ പ്രചാരം നൽകാൻ അദ്ദേഹം ഈ കാലയളവിൽ ശ്രമിച്ചു. ചില ഹദീഥുകൾക്കും ആഗോള സലഫീ പണ്ഡിതന്മാരുടെ വാചകങ്ങൾക്കും സ്വലാഹി നൽകിയ വ്യഖ്യാനങ്ങളോട്‌ മുജാഹിദ്‌ പ്രസ്ഥാനം വിയോജിച്ചു.

എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ നിന്നും അലിഗഢ്‌ മുസ്‌ലിം സർവകലാശാലയിൽ നിന്നും ആണ്‌ സ്വലാഹി അറബി-ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയത്‌.‌
ഹദീഥ്‌ വിജ്ഞാനീയങ്ങൾക്ക്‌ നാസിറുദ്ദീൻ അൽബാനിയുടെ സംഭാവനകൾ എന്ന വിഷയത്തിൽ പൂർത്തിയാക്കിയ ഗവേഷണത്തിന്‌ കോഴിക്കോട്‌ സർവകലാശാല ആണ്‌ സ്വലാഹിക്ക്‌ പിഎച്ച്ഡി നൽകിയത്‌. ഏതാനും കാലം മക്കയിലെ മസ്ജിദുൽ ഹറാമിൽ പഠനവും ജോലിയും ആയി കഴിച്ചുകൂട്ടിയിരുന്നു.

അൽ ഇസ്‌ലാഹ്‌ മാസികയിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. ഏതാനും പുസ്തകങ്ങൾ സ്വലാഹിയുടേതായി ഉണ്ട്. ഐ. എസ്‌. ഭീകരവാദികളെ വിമർശിച്ചുകൊണ്ട്‌ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു.


Tags :


mm

Admin