Logo

 

അസം സർക്കാറിന്റെ ജനസംഖ്യാ നയം ജനാധിപത്യ വിരുദ്ധം : മുസ്‌ലിം ലീഗ്

21 June 2021 | Reports

By

അസമിലെ ക്ഷേമ പദ്ധതികളെല്ലാം പുതിയ ജനസംഖ്യാ നയത്തിന് കീഴിലാക്കിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ തീരുമാനത്തെ അപലപിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ.

രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയില്ലെന്നും തദ്ദേശ സ്ഥാപനങ്ങളിൽ അംഗമാകാൻ കഴിയില്ലെന്നുമുള്ള നിയമമാണ് അസം ബി.ജെ.പി സർക്കാർ കൊണ്ടുവന്നത്. ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യം പോലെയാണ് ബി.ജെ.പി അസം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികൾ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയ എല്ലാ പദ്ധതികളും ഇപ്പോൾ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് നിഷേധിച്ചിരിക്കുകയാണ്.

തേയില തോട്ടങ്ങളിലെ തൊഴിലാളികൾ, പട്ടിക ജാതി, പട്ടിക വർഗക്കാർ എന്നിവരെ നിയമത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കിയതിനാൽ ഫലത്തിൽ ബി.ജെ.പി സർക്കാറിന്റെ നിയമം മുസ്‌ലിംകളെയാണ് സാരമായി ബാധിക്കുക. കുടുംബത്തിലെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച അസമിലെ കുടിയേറ്റ മുസ്‌ലിംകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. അസം സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മതേതരത്വത്തിന് എതിരുമാണെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. മുഴുവൻ മതേതര പാർട്ടികളും ഈ കരിനിയമങ്ങൾക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags :


Admin