Logo

 

പാപമോചനത്തിന്റെ അറഫ നോമ്പ്

17 August 2018 | പ്രഭാപർവം

By

അല്ലാഹുവിന്റെ പൊരുത്തം തേടിയുള്ള യാത്രയാണ് വിശ്വാസിക്ക് ജീവിതം. ഒരു കളങ്കവുമില്ലാത്ത പരമപരിശുദ്ധി ജീവിതത്തില്‍ കൈവരിക്കാന്‍ പക്ഷേ മനുഷ്യര്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. സല്‍കര്‍മങ്ങളിലെ കുറവുകളും അപാകങ്ങളും മുതല്‍ ചെറുതും വലുതുമായ തിന്മകള്‍ വരെ പാപങ്ങളായി ജീവിതത്തില്‍ കറപുരട്ടും. എത്ര കരുതി നടന്നാലും പലകോലത്തില്‍ തെന്നിവീഴുന്ന ദുര്‍ബലനത്രെ മനുഷ്യന്‍. വീഴാതെ നടക്കുന്നവര്‍ക്കുള്ളതാണ് മോക്ഷം എന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്‌, മറിച്ച് വീഴാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നവര്‍ക്കും പരാജയപ്പെട്ടുണ്ടാകുന്ന ചെറിയ വീഴ്ച്ചകളില്‍ നിന്ന് ഭയപ്പാടോടെ മടങ്ങുന്നവര്‍ക്കും ഉള്ളതാണെന്നാണ്. അബദ്ധങ്ങള്‍ സംഭവിച്ചവരൊന്നും നിരാശരാകേണ്ടതില്ലെന്നും അനുതപിച്ചുവരുന്നവരെ മുഴുവന്‍ അല്ലാഹുവിന്റെ കാരുണ്യം ആശ്ലേഷിക്കുമെന്നുമുള്ള ഇസ്‌ലാമിന്റെ സുവിശേഷം മനുഷ്യപ്രകൃതത്തിന്റെ സഹജസവിശേഷതയാണ് പരിഗണിക്കുന്നത്.

‘ആദമിന്റെ മക്കളെല്ലാം തെറ്റുചെയ്യുന്നവരാണ്; തെറ്റുസംഭവിക്കുന്നവരില്‍ ഉത്തമര്‍ പശ്ചാതപിച്ച് മടങ്ങുന്നവരാണ്’ എന്നാണ് നബി പഠിപ്പിച്ചത്. (തിര്‍മിദി, ഇബ്‌നുമാജ) ‘പാപം ചെയ്ത അടിമകളേ, അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിങ്ങള്‍ നിരാശരാകരുത്. നിശ്ചയമായും അല്ലാഹു സകല പാപങ്ങളും പൊറുക്കുന്നവനാണ്. നിശ്ചയം, അവനാണ് സര്‍വം വിട്ടുനല്‍കുന്നവനും പരമകാരുണികനും’ എന്ന ആശയത്തിലുള്ളതാണ് ഒരു ക്വുര്‍ആന്‍ വചനം (39:53). ‘എന്റെ പാപങ്ങളുടെ ചുമട് വളരെ വലുതായിരുന്നു. എന്നാല്‍, പാപങ്ങള്‍ പൊറുത്തുതരാനുള്ള അല്ലാഹുവിന്റെ സന്നദ്ധത അതിനേക്കാള്‍ എത്രയോ വതുതാണെന്ന് ഞാന്‍ മനസ്സിലാക്കി’ – ഇമാം ശാഫിഈയുടെ പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധമായ ഒരു വാചകത്തിന്റെ സാരം.

അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധമാണ് മതം. അതില്‍ വരുന്ന വീഴ്ചകളെയാണ് പാപം എന്ന് പറയുന്നത്. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവാണ് റബ്ബ് എന്ന കാര്യം ആദമിനെ സൃഷ്ടിച്ച നാളില്‍ തന്നെ അദ്ദേഹത്തിന്റെ സന്തതികളായി പിറക്കാനിരിക്കുന്ന സകല മാനവകുലാംഗങ്ങളെയും അല്ലാഹു ബോധ്യപ്പെടുത്തിയിരുന്നുവെന്ന് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് (7:172-3). മനുഷ്യരുടെ ആത്മാക്കളുമായുള്ള അല്ലാഹുവിന്റെ ഈ സംഭാഷണം നടന്നത് അറഫയില്‍ വെച്ചാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി പ്രബലമാണെന്നുറപ്പിക്കുന്ന ഒരു ഹദീഥില്‍ കാണാം. (അഹ് മദ്‌, നസാഇ). റബ്ബുമായുള്ള കരാര്‍ നടന്ന മണ്ണിലാണ് വര്‍ഷാവര്‍ഷം ലക്ഷോപലക്ഷം ഹാജിമാര്‍ ദുല്‍ഹിജ്ജ ഒന്‍പതിന് ഉച്ച മുതല്‍ പത്തിന് പുലര്‍ച്ചെ വരെ അവന്റെ അനന്തമായ കാരുണ്യത്തിലേക്ക് കണ്ണുംനട്ട് കരാറില്‍ വന്ന വീഴ്ചകള്‍ പൊറുത്തുതരാന്‍ കരഞ്ഞുപ്രാര്‍ഥിക്കുന്നത്. എത്ര പ്രതീകാത്മകമാണ് അറഫയില്‍ നടക്കുന്ന മനുഷ്യമഹാസംഗമം എന്നോര്‍ത്തുനോക്കൂ! ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുവന്ന് റബ്ബിലേക്ക് ഖേദിച്ച് മടങ്ങാന്‍ നിര്‍വ്യാജം തയ്യാറായി അവിടെ നില്‍ക്കുന്ന സാധുമനുഷ്യരുടെ പാപമോചനമന്ത്രങ്ങള്‍ക്ക് ഗഫൂറും റഹീമുമായ അവന്‍ അനുകൂലമായ മറുപടി നല്‍കാതിരിക്കുന്നതെങ്ങനെയാണ്!

അല്ലാഹുവിന്റെ പ്രവാചകന്റെ കൂടെ ഹജ്ജിന് വന്ന ഒരാള്‍ അറഫയില്‍ നില്‍ക്കവെ നിലത്തുവീണ് കഴുത്തൊടിഞ്ഞു മരിച്ചതിനെക്കുറിച്ച് ബുഖാരിയുടെ സ്വഹീഹിലുണ്ട്. അദ്ദേഹം പരലോകത്ത് കടന്നുവരിക ‘ലബ്ബയ്ക്’ ചൊല്ലിക്കൊണ്ടായിരിക്കുമെന്ന് തിരുനബി പറഞ്ഞു. ‘അല്ലാഹുവേ, ഞാനിതാ നിനക്കുത്തരം നല്‍കിയിരിക്കുന്നു’വെന്ന് ഉച്ചരിച്ച് മരണത്തില്‍ നിന്ന് ഉയിര്‍ത്തെണീറ്റു വരുന്ന ആ മനുഷ്യനെ മനസ്സില്‍ വരക്കുക നമ്മള്‍. അറഫ അല്ലാഹുവിനെത്ര പ്രിയപ്പെട്ടതാണെന്ന് അപ്പോള്‍ ബോധ്യമാകും. പ്രവാചകന്‍(സ) പറഞ്ഞതോര്‍ക്കുക: അറഫയിലെ മനുഷ്യസാഗരത്തിനടുത്തേക്ക് അല്ലാഹു ഇറങ്ങിവരും; അവിടെക്കൂടിയവരെ പ്രശംസിച്ച് മലക്കുകളോടവന്‍ സംസാരിക്കും; അറഫയുടെ ദിവസത്തിലാണ് അല്ലാഹു ഏറ്റവുമധികം പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നത് (മുസ്‌ലിം).

ഹജ്ജിനു പോയി അറഫയില്‍ നില്‍ക്കല്‍ ഏത് മുസ്‌ലിമിന്റെയും തീവ്രമായ അഭിലാഷമാണ്. നരകത്തിലെത്തിക്കാവുന്ന പാപങ്ങളെ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടവരിലുള്‍പ്പെടാന്‍ ആരാണാഗ്രഹിക്കാത്തത്! അറഫയിലില്ലാത്തവർക്കും അതിന്റെ സൗഭാഗ്യങ്ങളിലേക്ക് ഭാഗികമായി കണ്ണിചേരാനുള്ള അവസരം അല്ലാഹു തുറന്നിട്ടുണ്ട്. അറഫയിലെ നിര്‍ത്തമാരംഭിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിന് ഹജ്ജിലല്ലാത്ത മുസ്‌ലിംകള്‍ക്കെല്ലാം നോമ്പ് പുണ്യമാണ്. ആ പുണ്യത്തിന്റെ നിറവിലേക്കാണ് ബലിപെരുന്നാളിന്റെ തലേ ദിവസം നാം പ്രവേശിക്കുന്നത്. പാപമോചനത്തിന്റെ മഹാവ്രതമാണ് അറഫ നോമ്പ്. പ്രവാചകന്‍ പറഞ്ഞതിന്റെ അര്‍ഥമിങ്ങനെ: ”കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെ മായ്ച്ചുകളയുന്ന പ്രായശ്ചിത്തമാണ് അറഫയുടെ ദിവസത്തിലെ നോമ്പ്.” (മുസ്‌ലിം). മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ അറിയിച്ചു: ”ഏറ്റവും മികച്ച പ്രര്‍ഥന അറഫ ദിവസത്തിലെ പ്രാര്‍ഥനയാണ്.” (തിര്‍മിദി). നോമ്പുനോറ്റും പ്രാര്‍ഥിച്ചും പാപങ്ങളെ പൊറുപ്പിക്കാനുള്ള അസുലഭമായ അവസരമാണ് പെരുന്നാള്‍ തലേന്നെന്ന് ചുരുക്കം. അങ്ങനെത്തന്നെ അതിനെ സ്വീകരിക്കാനായാല്‍ പെരുന്നാളിലേക്ക് നാം പ്രവേശിക്കുക ശരിക്കും സന്തോഷഭരിതരായിട്ടായിരിക്കും; അപ്പോൾ ആഘോഷം മനസ്സില്‍ തൊടുന്നത് നമ്മളറിയും, ചുറ്റുമുള്ളവരും!


Tags :


ത്വലാൽ മുറാദ്