Logo

 

സ്വാതന്ത്ര്യദിനം: 1921ലെ വീര സമര സ്‌മൃതിയിൽ മലബാർ

14 August 2018 | Feature Reports

By

ഇൻഡ്യ ഓരോ വർഷത്തെയും സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ മലബാറിലെ മണൽതരികൾക്കുപോലും ഒരു വീരകഥ അയവിറക്കാനുണ്ടാകും; കൊളോണിയൽ മലബാറിലെ മാപ്പിളമാർ 1921ൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോട്‌ സ്വാതന്ത്ര്യസമരചരിത്രത്തിൽ അദ്വിതീയമായി മാറിയ പെരും പോരാട്ടത്തിലേർപ്പെട്ട ധീരചരിതം! 1921ലെ സമരത്തെ കടുത്ത വിസ്മൃതിയിലാഴ്ത്താൻ ശ്രമങ്ങൾ തകൃതിയാകുമ്പോൾ പുളകമുണർത്തുന്ന ആ ചെറുത്തുനിൽപ്‌ കാലത്തിന്റെ രക്തഗന്ധമുള്ള ഓർമ്മകൾ രാജ്യത്ത്‌ നിലനിർത്തുന്നതിന്റെ രാഷ്ട്രീയ പ്രസക്തി മലബാറിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌.

ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണം ഇല്ലാതാക്കി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വേറിട്ട അധ്യായമായി മാറിയ മലബാര്‍ സമരം 1921 ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയില്‍ നടന്ന വെടിവെപ്പോടുകൂടിയാണ് ബ്രിട്ടീഷ്-ജന്മി വിരുദ്ധ മഹാ ചെറുത്തുനിൽപായി ആളിപ്പടർന്നത്‌. 1836നും 1919നും ഇടയ്ക്ക് മാപ്പിള കുടിയാന്‍മാര്‍ ഹിന്ദു ഭൂവുടമകള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിനുമെതിരെ നടത്തിയ അനേകം ചെറുസായുധ പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലവും സംഘടിതവും ദേശീയ പ്രസ്ഥാനം നേരിട്ട് പശ്ചാത്തലമൊരുക്കിയതുമായിരുന്നു 1921ലെ പോരാട്ടം.

ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഐക്യവും ഗാന്ധിജിയുടെ നേതൃത്വവും ദേശീയ പ്രസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രതീകവും ജനകീയ സ്വഭാവമുള്ള രാഷ്ട്രീയ മുന്നേറ്റവുമാക്കി മാറ്റിയ 1920 ലെ സവിശേഷ സാഹചര്യത്തിലാണ് മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടത്. ആനീ ബസന്റിന്റെ ഹോംറൂള്‍ ലീഗ്, എം.പി നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ചേര്‍ന്നു രൂപീകരിച്ച മലബാര്‍ കുടിയാന്‍ സംഘം എന്നിവ നേരത്തെ തന്നെ മലബാറിലുണ്ടായിരുന്നെങ്കിലും ഖിലാഫത്ത് പ്രസ്ഥാനമാണ് മാപ്പിളമാര്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ജനകീയമാക്കിയത്. ഗാന്ധിജിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ മലബാറിലെ ഖിലാഫത്ത് യോഗങ്ങളില്‍ വന്നു പ്രസംഗിച്ചു. ആലി മുസ്‌ലിയാര്‍, കെ.എം മൗലവി, ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരാണ് ഖിലാഫത്ത് സംഘാടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ഖിലാഫത്ത് പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്നുവന്ന മാപ്പിള രാഷ്ട്രീയ ഐക്യം ഭരണകൂട മർദനങ്ങളുടെ ഫലമായി അപ്രതീക്ഷിതമായി സായുധ സംഘട്ടനത്തിലേക്ക്‌ വഴിമാറുകയാണുണ്ടായത്.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് സായുധസമരത്തിന്റെ നേതൃമുഖമായി ഉയര്‍ന്നുവന്നത്. പാണ്ടിക്കാട്ടെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങളോളം ഒളിപ്പോരു തുടരുകയും മലബാറില്‍ ഭരണം നടത്തുകയും സമരത്തിനെതിരായ കുപ്രചരണങ്ങള്‍ക്ക് പത്രമാധ്യമങ്ങളിലൂടെ മറുപടി നല്‍കുകയും ചെയ്ത ഹാജി വധിക്കപ്പെട്ടതോടെ മാപ്പിള ചെറുത്തുനിൽപിന്റെ മുന ഏതാണ്ട് പൂര്‍ണമായി തന്നെ ഒടിഞ്ഞുപോയി. ആലി മുസ്‌ല്യാര്‍ക്കും ബ്രിട്ടീഷുകാര്‍ വധശിക്ഷ നല്‍കുകയായിരുന്നു. അതിഭീകരമായ ഭരണകൂട മര്‍ദ്ദനങ്ങളാണ് സമരം അടിച്ചമര്‍പ്പെട്ടതിനുശേഷം മലബാറില്‍ അഴിഞ്ഞാടിയത്. കൂട്ടക്കൊലകള്‍, കൊടിയ ജയില്‍ ശിക്ഷകള്‍, മാനഭംഗങ്ങള്‍, ദാരിദ്ര്യം- എല്ലാം ബ്രിട്ടീഷുകാര്‍ മാപ്പിളയെക്കൊണ്ടനുഭവിപ്പിച്ചു.

 
മലപ്പുറത്തും അരീക്കോട്ടും പാണ്ടിക്കാട്ടും സ്ഥാപിക്കപ്പെട്ട എം.എസ്.പി ക്യാമ്പുകളില്‍ തമ്പടിച്ച ഗൂര്‍ഖകളും പട്ടാളക്കാരും ഗ്രാമങ്ങളില്‍ സംഹാരതാണ്ഡവം നടത്തി. വാഗണ്‍ ട്രാജഡിയുടെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത കേട്ട് രാജ്യം വിറങ്ങലിച്ചുനിന്നു. അന്തമാന്‍ സ്‌കീമീന്റെ ഭാഗമായി അനേകം കുടുംബങ്ങള്‍ ബംഗാള്‍ ഉള്‍ക്കടല്‍ കടന്ന് അന്തമാന്‍ ദ്വീപുകളിലെത്തി. ഈ മാപ്പിള കുടുംബങ്ങളുടെ പിന്‍മുറക്കാര്‍ സൗത്ത് അന്തമാനിലെ സ്റ്റുവര്‍ട്ട് ഗഞ്ചിലും ബംബൂ ഫ്‌ളാറ്റിലും മണ്ണാര്‍ഗട്ടിലുമാണ് ഇപ്പോള്‍ പ്രധാനമായും അധിവസിക്കുന്നത്. 1921ലെ സായുധസമര ദുരനുഭവങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നാണ് മാപ്പിളയുടെ ചരിത്രം മാറ്റിയെഴുതിയ പല സംരംഭങ്ങളും ജന്മം കൊണ്ടത്. തകര്‍ന്നുപോയ മാപ്പിളമാരുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉണര്‍വ് ലക്ഷ്യമാക്കി 1922ല്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി കേരള മുസ്‌ലിം ഐക്യസംഘം എന്ന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടു. പന്ത്രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ കോട്ടപ്പുറത്ത് സീതിസാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ.എം മൗലവി, കെ.എം സീതി, ഇ.കെ മൗലവി, എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ.മൊയ്തുമൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവരാണുണ്ടായിരുന്നത്.
സമരത്തോടുള്ള ബ്രിട്ടീഷ്‌ പ്രതികാരം കാരണമായി മാപ്പിളമാര്‍ അനുഭവിച്ച അവശതകള്‍ക്ക് പരിഹാരം കാണാനും കലാപത്തില്‍ പിതാക്കളെ നഷ്ടപ്പെട്ട അനാഥബാല്യങ്ങളെ സംരക്ഷിക്കാനും വേണ്ടി ഉത്തരേന്ത്യയിലെ മുസ്‌ലിം ധനാഢ്യരുടെ സഹായത്തോടെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ 1924ല്‍ ആരംഭിച്ച ജെ.ഡി.ടി ഇസ്‌ലാം അനാഥശാല മലബാറില്‍ അനാഥശാലാ  പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.

ബ്രീട്ടീഷ് പട്ടാളത്തിനുമുന്നില്‍ വിരിമാറു കാണിച്ച് ചോരചിന്തി മണ്ണുചുവപ്പിച്ച മാപ്പിളമാരുടെ ത്യാഗത്തിന്റെ ഉപ്പുകൂട്ടിയാണ് കേരളം ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ണുന്നത് എന്ന വസ്തുത പലരും വിസ്മരിച്ച മട്ടാണ്. ദേശീയവാദ ചരിത്രരചന മാപ്പിളയുടെ ധീരചരിത്രത്തെ തമസ്‌കരിക്കുവാനാണ് ശ്രമിച്ചത്. ബിപന്‍ ചന്ദ്രയുടെ പ്രശസ്തമായ ഇന്‍ഡ്യാസ് സ്ട്രഗ്ള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സില്‍ ചെറിയൊരു അടിക്കുറിപ്പു മാത്രമാണ് 1921ലെ മലബാര്‍ കലാപം. ഒരു ജനതയുടെ ഐതിഹാസികമായ പോര്‍വീര്യത്തിന്റെ ചരിത്രം കനത്ത മൗനത്തിന്റെ ഇരുട്ടിലൂടെ ഇഴഞ്ഞുനീങ്ങുന്നത് സ്വാതന്ത്യദിനാഘോഷങ്ങളുടെ സന്ദർഭത്തിലെങ്കിലും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്‌.


Tags :


mm

Admin