Logo

 

സാമൂഹിക അകലത്തിന്റെ കാലത്തും ഓർക്കുക- അല്ലാഹു അരികിൽ തന്നെയുണ്ട്

10 April 2020 | Essay

By

അകലം പാലിക്കാൻ പറഞ്ഞുകൊണ്ടിരിക്കുയാണ് എല്ലാവരും. സാമൂഹിക അകലമാണ് (social distancing) ഈ പകർച്ച വ്യാധിയെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയായി വൈദ്യശാസ്ത്രത്തിന് നിർദ്ദേശിക്കാൻ ഉള്ളത്. എല്ലാവരും എല്ലാവരോടും വിട്ട് നിൽക്കാൻ പറയുമ്പോഴും അടുത്ത് നിൽക്കാൻ നിരന്തരമായി ആവശ്യപ്പെടുന്ന ഒരാളുണ്ട്. മറ്റാരുമല്ല, നമ്മെ സൃഷ്ടിച്ച പ്രപഞ്ചനാഥൻ തന്നെയാണ്. സൃഷ്ടികൾ തമ്മിൽ അകന്ന് നിൽക്കുമ്പോഴും സ്രഷ്ടാവ് എപ്പോഴും അരികിൽ ഉണ്ടെന്നാണ് അവനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി പരിശുദ്ധ ഖുർആൻ പറയുന്നത്. “(നബിയെ) എന്റെ അടിയാന്മാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ നിശ്ചയമായും ഞാൻ സമീപസ്ഥനാകുന്നു എന്ന് പറയുക”. (ക്വുർആൻ 2:186)

നമ്മുടെ റബ്ബ് സമീപസ്ഥനാണോ? എങ്കിൽ നമുക്ക് അവനുമായി പതുക്കെ സംഭാഷണം നടത്താം. അവൻ വിദൂരത്താണോ? എങ്കിൽ നമുക്ക് അവനോട് വിളിച്ചു ചോദിക്കാം എന്ന് ഒരു അനറബി ചോദിച്ചതിനെ തുടർന്നാണ് ഈ വചനം അവതിരിച്ചതെന്ന് ചില മുഫസ്സിറുകൾ അവരുടെ തഫ്സീറുകളിൽ ഉദ്ധരിച്ചത് കാണാം.

അടുത്തുള്ളവനുമായി ചേർന്നിരിക്കാൻ തീരെ പ്രയാസം ഇല്ല. അതിനു ചില സ്മരണകൾ പര്യാപ്തമാണ്. അല്ലാഹു പറഞ്ഞതായി നബി(സ്വ) നമ്മെ പഠിപ്പിക്കുന്നു:

അബൂഹുറൈറ (റ) യിൽ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: അല്ലാഹു പറയും – “എന്നെക്കുറിച്ച് എന്റെ അടിമക്കുള്ള ധാരണ എവിടെയാണോ അവിടെയായിരിക്കും ഞാൻ. എന്നെ അവൻ സ്മരിക്കുമ്പോൾ ഞാനവനോടൊപ്പമുണ്ടായിരിക്കും. എന്നെ സ്മരിച്ചതു മനസുകൊണ്ടാണെങ്കിൽ എന്റെ മനസ്സുകൊണ്ട് ഞാനവനെയും സ്മരിക്കും. ഒരു സദസ്സിൽ വെച്ച് അവൻ എന്നെ സ്മരിച്ചെങ്കിൽ അവരേക്കാളുന്നതരായ ഒരു സമൂഹത്തിൽ വെച്ച് ഞാനവനെയും സ്മരിക്കും. അവൻ എന്നിലേക്ക്‌ ഒരു ചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കും. ഒരു മുഴം അടുത്താൽ ഒരു കൈ ഞാൻ അവനിലേക്ക് അടുക്കും. അവൻ എന്റെയടുക്കലേക്ക് നടന്നു വന്നാൽ ഞാൻ അവന്റെയടുക്കലേക്ക് ഓടിച്ചെല്ലും.”(സ്വഹീഹ് അൽ ബുഖാരി).

ഒന്നിനെ കുറിച്ചുള്ള ആലോചനകൾ അതിനോടുള്ള സ്നേഹമായി പരിണമിക്കാറുള്ളത് പോലെ പ്രപഞ്ചനാഥനെക്കുറിച്ചുള്ള സ്മരണകൾ അവനോടുള്ള ഇഷ്ടമായി മാറിയാൽ വിളിക്കപ്പുറത്ത് അവനുണ്ടെന്ന സുരക്ഷിത ബോധം നമ്മുടെ മനസിനെ ശാന്തമാക്കും. സ്നേഹമുള്ളവരെയാണ് നമ്മൾ ഓർക്കാറുള്ളത്. പ്രപഞ്ചനാഥനോള്ളം നമ്മെ സ്നേഹിക്കുന്ന മറ്റാരുമില്ലെന്ന് റസൂൽ(സ്വ) ഒരു സംഭവത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രവാചകന്റെ മുൻപിൽ ചില യുദ്ധത്തടവുകാരെ ഹാജരാക്കി. അതിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ ആരെയോ തിരയുന്നുണ്ടായിരുന്നു. തടവുകാരുടെ കൂട്ടത്തിൽ ഒരു കുട്ടിയെ കണ്ട അവർ അതിനെ വാരിപ്പുണർന്നു മാറോടണച്ചു പാൽ കൊടുത്തു. ഇത് കണ്ട പ്രവാചകൻ(സ്വ) സ്വഹാബികളോട് ചോദിച്ചു: “നിങ്ങൾ വിചാരിക്കുന്നുണ്ടോ ഈ സ്ത്രീ അവരുടെ കുട്ടിയെ തീയിൽ എറിയുമെന്ന്”. സ്വഹാബികൾ പറഞ്ഞു: “അല്ലാഹുവാണെ, അവർക്ക് സാധിക്കുന്നേടത്തോളം അവർ ആ കുട്ടിയെ എറിയുകയില്ല”. അപ്പോൾ പ്രവാചകൻ പറഞ്ഞു: “ഈ മാതാവിന് അവരുടെ കുട്ടിയോട് ഉള്ളതിനേക്കാൾ കരുണ അല്ലാഹവിനു അവന്റെ അടിമകളോടുണ്ട്”. (സ്വഹീഹ് മുസ്‌ലിം). അല്ലാഹുവിനോട് തൗബ ചെയ്ത് മടങ്ങേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന അധ്യായത്തിലാണ് ഇമാം മുസ്‌ലിം ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.

അടിമകളോടുള്ള വാത്സല്യത്താൽ അല്ലാഹു അവനെ സ്വയം തന്നെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച നാമമാണ് ‘അൽ വദൂദ്’. അളവറ്റ സ്നേഹമുള്ളവൻ എന്നാണ് അതിന്റെ അർത്ഥം.നോക്കൂ, നാം തിന്മകൾ ചെയ്യുമ്പോൾ പോലും പ്രപഞ്ചനാഥന്റെ കരുണ നമ്മെ പൊതിയുന്നുണ്ടെന്നാണ് റസൂൽ(സ്വ) പഠിപ്പിച്ചത്. അബൂദർദാഅ്(റ) നിവേദനം: അല്ലാഹു പറഞ്ഞതായി റസൂൽ(സ്വ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന് പത്തിരട്ടിയോ അതിൽ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവർത്തിച്ചാൽ പ്രതിഫലം തിന്മക്ക് തുല്യമായിരിക്കും. അതുമല്ലെങ്കിൽ ഞാൻ അവന് പൊറുത്തു കൊടുക്കും. (സ്വഹീഹ് മുസ്ലിം)

നമ്മെ അങ്ങേയറ്റം ഇഷ്ടമുള്ളവനുമായി അടുക്കാൻ കിട്ടിയ അസുലഭ സന്ദർഭമായി ഈ ഒഴിവുസമയങ്ങളെ നമുക്ക്‌ കാണാൻ കഴിഞ്ഞാൽ മടുപ്പിന്റെയും നീരസത്തിന്റെയും കെട്ടിക്കുടുക്കിൽ നിന്നും നമുക്ക് മോചിതരാകാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ


Tags :


V. P. Yahya Madani