
മലയാള സാഹിത്യത്തിലെ സാഹിബ്
2 July 2020 | Essay
കേരളീയ മുസ്ലിം സമൂഹത്തിൽ നിന്ന് വളർന്ന് വരികയും ദേശീയ രാഷ്ട്രീയത്തിൽ വരെ തന്റേതായ ഇടം നേടിയ അതുല്യപ്രതിഭയാണ് 1898 ൽ കൊടുങ്ങല്ലൂരിൽ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിൽ ഭൂജാതനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം, മദിരാശി പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹം വായിക്കാനിടയാവുകയും ആസാദ് പങ്ക് വെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടനായി നിസ്സഹകരണ പ്രസ്ത്ഥാനത്തിൽ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പിന്നീട് ബ്രിട്ടീഷുകാർക്കെതിരെയുള്ള സന്ധിയില്ലാ സമരങ്ങളുടെ നേതൃമുഖമായി മാറുകയായിരുന്നു. കേവലം 47 വർഷം നീണ്ടു നിൽക്കുന്ന ഹൃസ്വമായ ആയുസ്സെ അദ്ദേഹത്തിന് ഉണ്ടായിരുന്നൊള്ളുവെങ്കിലും 1945 നവംബർ 23 ന് കൊടിയത്തൂരിലെ പ്രഭാഷണത്തിനിടെ കുഴഞ്ഞു വീണ് ഇഹലോകവാസം വെടിയുന്നത് വരെയുള്ള അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇത് കൊണ്ടാകാം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര രണഭൂമിയിലെ ത്യാഗോജ്വലമായ പടയോട്ടങ്ങളും ഗാഭീര്യം തുളുമ്പുന്ന ജീവിതവും പ്രഗത്ഭരായ പല സാഹിത്യകാരന്മാരുടെ സാഹിതീയ രചനകളിൽ വിഷയീഭവിച്ചത്. മലയാള കവിതയിലെ ഒ.എൻ.വി, അക്കിത്തം, അയ്യപ്പപണിക്കർ തുടങ്ങിയ പൂർവ്വസൂരികൾ മുതൽ അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത യുവകവികൾ വരെ അദ്ദേഹത്തെ കുറിച്ച് എഴുതിയതായി കാണാം.
ഇവരുടെ രചനകളിലൊന്നും ഒട്ടും അതിശയോക്തിക്ക് ഇടവുമില്ല. കാതിയാളം അബൂബക്കർ ശേഖരിച്ച ‘അബ്ദുറഹ്മാൻ കവിത’കളുടെ ആമുഖത്തിൽ ഡോ.സുകുമാർ അഴീക്കോട് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. “അബ്ദുറഹ്മാൻ സാഹിബിനെ പോലെ അബ്ദുറഹ്മാൻ സാഹിബ് മാത്രമെ ഒള്ളു. ഇത് വെറും വസ്തുതയാണ്. പക്ഷേ പറഞ്ഞുവരുമ്പോൾ അത് ഏതോ അലങ്കാരമാണെന്നും തോന്നിപ്പോകും. ഉപമാനമില്ലാത്ത അവസ്ഥ യാഥാത്ഥമല്ലെന്നും സ്വല്പം അതിശയോക്തിയാണെന്നും പറഞ്ഞു നിൽക്കാം. അത് അനന്വയമെന്ന അലങ്കാരമാണെന്ന് പണ്ഡിതന്മാർ പറയും. പക്ഷേ കടലിന് ഉപമാനമില്ലാത്തത് അലങ്കാരമോ വസ്തുതയോ? പഴയവർ അലങ്കാരമെന്ന് വിധിച്ചിട്ടുണ്ട്. പക്ഷേ വെറും വസ്തുതയാണ് ആ വചനം. അതുകൊണ്ട് കവികൾ സാഹിബിനെപ്പറ്റി കവിതയെഴുതുമ്പോൾ ഉപമാനവും പ്രതിരൂപവും അന്വേഷിച്ചു നെട്ടോട്ടമോടുന്നു. ത്യാഗപൂർണ്ണമായ അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതൽ ആഴത്തിൽ വായിച്ചെടുക്കാൻ ഇത്തരം കവിതകളും വിവരണങ്ങളും ഗുണം ചെയ്തേക്കാം.
സ്വാതന്ത്ര്യം സിരകളിൽ തിളക്കുന്ന കാലത്ത് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോടെത്തി. കയ്യിൽ പണമില്ലാത്തത് കൊണ്ട് വിശന്നൊരു ലോഡ്ജിന്റെ വരാന്തയിൽ കിടന്നുറങ്ങുമ്പോൾ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആ വലിയ മനുഷ്യനെ കുറിച്ച് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബശീർ വിശദീകരിക്കുന്നതിങ്ങനെയാണ്.
“ആരാ പുറത്ത് കിടക്കുന്നത്..?” ചോദ്യം എന്നോടായിരുന്നു.
“ഞാൻ ഇവിടത്തുകാരനല്ല. പറഞ്ഞാൽ അറിയില്ല” ഞാൻ പറഞ്ഞു.
“എന്നാലും പറയൂ. ആരാ..?”
ദീർഘകായനായ ആ മനുഷ്യൻ നടന്നു മുന്നിലെത്തി, ഞാനല്പ്പം ദേഷ്യത്തോടെ പറഞ്ഞു.
“നോക്കിക്കോ ആരാണെന്ന്. ഞാൻ പറഞ്ഞല്ലോ ഞാൻ ഇവിടത്തുകാരനല്ല, എന്നെ നിങ്ങളറിയില്ല.”
അതേ ഗൗരവത്തിൽ തന്നെ അദ്ദേഹം ചോദിച്ചു. “ഊണു കഴിച്ചോ..?”
… ഊണു കഴിഞ്ഞ് പേരും മേൽവിലാസവുമില്ലാതെ ലോഡ്ജിൽ പായും തലയിണയുമായി സുഖശയനം ചെയ്യുമ്പോൾ ഞാൻ മനസ്സിലാക്കി. അതാണ് മുഹമ്മദ് അബ്ദുറഹ്മാൻ. ”ഊണു കഴിച്ചോ.?” എന്ന് വന്നുകയറിയ പാടെ അപരിചിതനായ എന്നോട്ടു ചോദിച്ച ആ മനുഷ്യനാണ് മുഹമ്മദ് അബ്ദുറഹ്മാൻ”!
തനിക്ക് ചുറ്റും ജീവിക്കുന്നവരുടെ വേദനകളെ സാഹിബ് എങ്ങിനെ കണ്ടുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സ്വാതന്ത്ര്യം മാത്രമല്ല വിശപ്പും സാഹിബിന് വിഷയം തന്നെയാണ്.
ഈ സഹനവും സമസൃഷ്ടി സ്നേഹവും അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയതാകാം എന്ന ചോദ്യത്തിനുത്തരം പി. കുഞ്ഞിരാമൻ നായരുടെ ‘വീര മുസൽമാൻ’ എന്ന കവിതയിലുണ്ട്.
“പാവനം നബിത്തിരുമേനിതൻ മൊഴിയ്ക്കു തൻ
ജീവിതത്തിനാൽപ്പുത്തൻ വ്യാഖ്യാനമവൻ തീർത്തു”
“ധീരത തൻ വാളൂരിപ്പിടിച്ചു നിൽക്കും വീര
കേരള മുസൽമാന്റെ മഹിതാരഹരൂപം”
‘പോർ നിലത്തു വീണ വീരകുമാരൻ’ ആയും ‘ആഹവരൂപംനിറഞ്ഞ മുസൽമാൻ’ ആയും ‘മാതൃഭൂമിക്ക് മുക്തി എന്ന് കൈവരുമോ അന്നാണ് പെരുന്നാൾ ‘ എന്നു ഘോഷിച്ചവനായും പ്രസ്തുത കവിതയിൽ അദ്ദേഹം സാഹിബിനെ വിശേഷിപ്പിക്കുന്നുണ്ട്. മതാനുഷ്ടാനങ്ങളിൽ ഒരു വീഴ്ച്ചയും അദ്ദേഹം വരുത്തിയിരുന്നില്ല. ഒമ്പത് വർഷം നീണ്ട കാരാഗ്രഹ ജീവിതത്തിലും അത് പുലർന്ന് പോന്നു. ജയിലിൽ വെച്ച് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ സമരം ചെയ്ത് തിരിച്ചുപിടിച്ചു. ആ ധീരയോധാവിന്റെ ആകാരഭംഗിയും സ്വഭാവസവിശേഷതകളും കവികൾ അടയാളപ്പെടുത്തുന്നുണ്ട്. ജി. കുമാരപ്പിള്ള ‘കൊമ്പനാനതൻ രൂപം’ ആയും ഒ.എൻ.വി ” എൻ വിളകൾക്കുയിരേകും നെറ്റി വിയർപ്പിനുപ്പ്” ആയും അയ്യപ്പപണിക്കർ. ഉപ്പിനും ഉപ്പായ ഉപ്പുസത്യാഗ്രഹിയായി സാഹിബിനെ വിശേഷിപ്പിക്കുന്നു. ഗാന്ധിജി ഒരു വലിയ സേനാനിയെന്നും രാജാജി സത്യസന്ധതക്ക് രൂപം നൽകിയാൽ അത് അബ്ദുറഹ്മാൻ ആകുമെന്നും അദ്ദേഹത്തെ പ്രകീർത്തിച്ച് പറഞ്ഞതായും കാണാം. കുട്ടിക്കാലത്ത് താൻ കണ്ട ആ ധീരയോധാവിന്റെ രൂപം പി.ഭാസ്ക്കരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
“കാലിൽ ചങ്ങലങ്ങല, കയ്യിലാമ,
മുടലിൽ നീളൻ ഖദർ ജുബ്ബ, തൻ
ഫാലം തൊട്ടു ശിരസ്സു മൂടി വിലസും
വെള്ളഖദർത്തൊപ്പിയും
കൂസാതുള്ള നടത്തവും ഇരുവശം
തോക്കും പിടിച്ചാദരം
വീശിടും മുഖമാർന്നുനടകൊ-
ണ്ടീടുന്ന പോലിസുമായ്
കണ്ടേൽ പണ്ടു ഭവാനെ ബാല്യദശയിൽ”.
സാഹിബിന്റെ പ്രഭാഷണത്തെക്കുറിച്ച് മഹാകവി അക്കിത്തത്തിന് ഓർമ്മകൾ പങ്കുവെക്കാനുണ്ട്. അദ്ദേഹം 8ാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാസ്റ്റർ ക്ലാസിൽ കേൾപ്പിച്ച സാഹിബിന്റെ പ്രസംഗത്തെ കുറിച്ച് കാവ്യമാലയിൽ കോർത്തിണക്കി അക്കിത്തം ചൊല്ലി.
“ഞാനും, എൻവാക്കും തിര-
സ്കരിപ്പിൻ; കേൾപ്പിൻ ദൈവ-
ത്തിന്റെ വാക്കുകൾ മാത്രം
ദൈവത്തിൻ വചനത്തിൽ
ഖുർആനിൽ രമിക്കുവിൻ
ജൈവമീ പ്രപഞ്ചത്ത
മുഴുവൻ സ്നേഹിക്കുവിൻ;
അയലിൽപ്പാർക്കും ഹിന്ദു-
ക്കളിലെ സുഹൃത്തിനെ-
യറിവിൻ; ശത്രുത്വം നി-
ങ്ങൾക്കു ദോഷമേ ചെയ്യൂ…”
സാഹിബിന്റെ പ്രഭാഷണങ്ങളിലെല്ലാം വിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകെ പിടിക്കണമെന്നും ഇതര മതസ്തരോട് നല്ല രൂപത്തിൽ വർത്തിക്കണമെന്നും മുസ്ലീം സമുദായത്തോട് ആവർത്തിച്ച് ഉപദേശിക്കുന്നത് കാണാം. തിരൂരങ്ങാടിയിൽ പട്ടാളം ഇറങ്ങിയതറിഞ്ഞു ക്ഷുഭിതരായ മാപ്പിളമാരെ ശാന്തമാക്കിയത് അദ്ദേഹത്തിന്റെ ഘനഗംഭീരമായ പ്രഭാഷണങ്ങളായിരുന്നു. സാഹിബിനെക്കുറിച്ച് എത്ര വർണ്ണിച്ചാലും മതിവരാതെ പെയ്തൊഴിയാതെ ചിണുങ്ങുന്ന മഴ പോലെയാണ് പലപ്പോഴും കവികൾ. അദ്ദേഹത്തിന്റെ സ്മൃതി ചിത്രം വരച്ചുകാണിക്കാൻ വെമ്പുകയാണവർ. തങ്ങളുടെ വർണ്ണനകളിൽ ഒതുക്കി നിർത്താവതല്ല ആ വീരപുരുഷന്റെ വീരഗാഥയെന്ന് സ്വയം ആക്ഷേപിക്കുകയാണ് ചങ്ങമ്പുഴ.
“ആ വീരഗാനം പാടാൻ ഞങ്ങളാരമ്മേ”
തങ്ങൾ അശക്തരാണെന്ന് കുറ്റസമ്മതം നടത്തി അദ്ദേഹം തുടർന്ന് പാടി,
“അതുലാനന്ദം പാടു-
മപ്പോഴീ മലനാട്ടി
ന്നഭിമാനമബ്ദുൾ –
റഹിമാനുടെ ഗാനം”.
ആ മഹാനുഭാവന്റെ വീരസ്മൃതികൾ കേവലം വാഴ്ത്തുന്നതിനപ്പുറം നമ്മിലുണ്ടാക്കണം അബ്ദുറഹ്മാനെന്ന് ഉദ്ഘോഷിക്കുകയാണ് കെ.പി നാരായണ പിഷാരോടി. അദ്ദേഹത്തിന്റെ കവിത അവസനിക്കുന്നത് ഇങ്ങനെയാണ്.
“നാമെല്ലാം വരുമബ്ദുറഹിമാന്മാരാകണം
നാമം കൊണ്ടല്ല, നാക്കു കൊണ്ടല്ല –
കർമ്മം കൊണ്ടും, ലക്ഷ്യവും
പോകേണ്ടുന്ന വഴിയും
പിഴയ്ക്കാത്തൊരക്ഷീണ
ഗതി കൊണ്ടും,
മഹിംസാവ്രതം കൊണ്ടും”
അബ്ദുറഹിമാൻ സാഹിബിനെ പോലുള്ളവർ നമ്മിലുണ്ടാക്കാൻ നമുക്ക് പ്രയത്നിക്കാം. വരും തലമുറയിൽ അബ്ദുറഹ്മാനെപ്പോലെയുള്ളവർ പുനർജനിക്കാൻ കണ്ണും നട്ട് പ്രാർത്ഥനയോടെ കാത്തിരിക്കാം.