Logo

 

ഡോ. ദിയാ ഉർറഹ്മാൻ അഅ്‌ദമി അന്തരിച്ചു

30 July 2020 | Reports

By

മദീന: വിശ്രുത ഹദീഥ് പണ്ഡിതനും മസ്ജിദുന്നബവിയിലെ ദർസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഡോ. ദിയാഉർറഹ്‌മാൻ അഅ്‌ദമി അന്തരിച്ചു. ഹിന്ദുമതവിശ്വാസിയായിരുന്ന അദ്ദേഹം വിദ്യാർത്ഥി ആയിരിക്കെ ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ വ്യാപരിക്കുകയും ലോകം അറിയപ്പെടുന്ന പാണ്ഡിത്യത്തിലേക്ക് ഉയരുകയുമായിരുന്നു.

പ്രബലമായ മുഴുവൻ ഹദീഥുകളുടെയും സമാഹാരമായ “അൽ ജാമിഉൽകാമിൽ ഫിൽഹദീഥി സ്വഹീഹിശ്ശാമിൽ” അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. പതിനഞ്ച് വർഷം സമയമെടുത്ത് പതിനാറായിരത്തോളം ഹദീഥുകൾ 20 വോള്യങ്ങളിലായി ക്രമീകരിക്കപ്പെട്ട ഈ ഗ്രന്ഥം ലോകത്തെ ഏറ്റവും വലിയ ഹദീഥ് സമാഹാരമാണ്.

1943 ൽ ഉത്തർപ്രദേശിലെ അസംഗറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബൻകീലാൽ എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം തന്റെ പതിനാറാമത്തെ വയസ്സിൽ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന സമത്വവും നീതിയുമാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തിന് പ്രേരകമായത്. ഇൻഡ്യയിലെ വിവിധ മദ്റസകളിലും ഉമറാബാദ് ജാമിഅ ദാറുസ്സലാമിലും അദ്ദേഹം വിദ്യാഭാസം നേടി. പിന്നീട് സുഊദി അറേബ്യയിലെ മദീന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും മക്കയിലെ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (ഇന്നത്തെ ഉമ്മുൽകുറാ യൂണിവേഴ്സിറ്റി) യിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനത്തിന് ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ഹദീഥ് വിജ്ഞാനീയത്തിലുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യം കാരണം മദീന യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി നിയമിക്കപ്പെടുകയായിരുന്നു. ഹദീഥ് ഫാക്കൽറ്റിയുടെ ഡീൻ ആയിരിക്കെയാണ് അദ്ദേഹം മദീന യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിരമിക്കുന്നത്. പിന്നീട് മദീനയിലെ മസ്ജിദുന്നബവിയിൽ വൈജ്ഞാനിക-പ്രബോധന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ഹിന്ദി ഭാഷയിൽ രചിക്കപ്പെട്ട ക്വുർആൻ വിജ്ഞാനകോശം അദ്ദേഹത്തിന്റെ മികച്ച രചനകളിൽ ഒന്നാണ്. “യഹൂദ മതം, ക്രിസ്തു മതം, ഇൻഡ്യൻ മതങ്ങൾ” എന്ന മതതാരതമ്യ പഠനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനയാണ്. ഹദീഥ് നിദാന ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംഭവബഹുലമായ ആ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകമാണ് ഉറുദു ഭാഷയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥയായ “ഗംഗയിൽ നിന്ന് സംസമിലേക്ക്”. മസ്ജിദുന്നബവിയിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം ജനാസ നമസ്കാരം നിർവഹിക്കപ്പെടും.


Tags :


mm

Admin