Logo

 

മുസ്‌ലിം പ്രീണനം: ആരോപണത്തെ ചെറുക്കുന്നതിൽ മുന്നണികൾ സമ്പൂർണ്ണ പരാജയം

27 July 2024 | Interview

By

അഭിമുഖം:
എ. സജീവൻ / നാസിം റഹ്‌മാൻ


-2024 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി. ജെ. പി കേരളത്തിൽ ഒരു അക്കൗണ്ട് തുറന്നു എന്നതോടൊപ്പം അവരുടെ വോട്ട് വിഹിതം കേരളത്തിൽ വർദ്ധിച്ചു എന്നതും ഒരു വസ്തുതയാണ്. പത്തിലധികം നിയമസഭ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തുകയും എൽ. ഡി. എഫ് / യു. ഡി. എഫ് കോട്ടകളിൽ നിന്ന് പരമാവധി വോട്ട് പിടിച്ചെടുക്കുകയുമുണ്ടായി. മുസ്‌ലിം പ്രീണനം എന്ന കാലങ്ങളായുള്ള ആരോപണം സംഘ്പരിവാറിൻ്റെ മുന്നേറ്റത്തിന് ശക്തിപകർന്നിട്ടുണ്ടായിരിക്കില്ലേ?

2022 -ൽ നടന്ന ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനം കേരളമുൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2024 -ലെ തെരഞ്ഞെടുപ്പിൽ പിടിമുറുക്കണമെന്നതായിരുന്നു. 2023 -ൽ നടന്ന ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗം ഇത് ആവർത്തിക്കുകയും കേരളത്തിൽ അഞ്ച് ലോക്‌സഭാ സീറ്റെങ്കിലും നേടിയെടുക്കാൻ ആവശ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ ബി.ജെ.പി നേതാക്കന്മാരെ മുഴുവൻ കളത്തിനു പുറത്തുനിർത്തി മോദിയും അമിത്ഷായും നേരിട്ട് കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. ഇൻഡ്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പു പ്രചാരണം, ഇലക്ഷൻ കമ്മീഷൻ തിയ്യതി പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ് നരേന്ദ്രമോദി തൃശൂരിൽ നടത്തിയതും 2014 -ലോ 2019 -ലോ കാണാത്തവിധം അദ്ദേഹം തുടർച്ചയായി പലതവണ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തിയതും ഓർക്കുക. എന്തുമാർഗ്ഗമുപയോഗിച്ചും സീറ്റ് പിടിച്ചെടുക്കാൻ ബി. ജെ. പി കച്ചകെട്ടി ഇറങ്ങുകയായിരുന്നു എന്നു ബോധ്യപ്പെടുത്താനാണ് ഇത്രയും വിശദീകരിച്ചത്.

ഉത്തരേന്ത്യയിൽ പയറ്റിയ ഇസ്‌ലാമോഫോബിയയിലൂടെ ഹിന്ദുവർഗ്ഗീയ വികാരം ഇളക്കിവിട്ട് അത് വോട്ടാക്കി മാറ്റലായിരുന്നു കേരളത്തിലും അവരുടെ ഒന്നാം തന്ത്രം. പക്ഷേ, മതസൗഹാർദ്ദത്തിന്റെ ഊടും പാവും ബലപ്പെട്ട കേരളത്തിൽ അതത്ര എളുപ്പമായിരുന്നില്ല. അവർണ്ണ, ദളിത് വിഭാഗങ്ങളിൽ നല്ലൊരു പങ്കും ഇടതുപക്ഷത്തോടും സവർണ്ണ ഹിന്ദുക്കളിൽ നല്ലൊരു പങ്കും യു. ഡി. എഫിനോടും പതിറ്റാണ്ടുകളായി ഇഴചേർന്നു നിൽക്കുന്നതിനാൽ ഹൈന്ദവ വർഗ്ഗീയ വികാരം ഇളക്കിവിടുക എളുപ്പമായിരുന്നില്ല.
ഇവിടെയാണ് എൽ. ഡി. എഫും, യു. ഡി. എഫും മുസ്‌ലിം പ്രീണനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന നാഗാസ്ത്രം പ്രയോഗിച്ചത്. ദേശീയ പൗരത്വ നിയമം, പൗരത്വ നിയമ ഭേദഗതി, ബീഫിൻ്റെ പേരിലുള്ള ആൾക്കൂട്ടക്കൊല, ഇല്ലാത്ത ലൗജിഹാദ് ആരോപണം തുടങ്ങിയ വിഷയങ്ങളിൽ മുസ്‌ലിംകളെ കടുത്ത രൂപത്തിൽ അപരവൽക്കരിക്കുന്നതിനെതിരെ എൽ. ഡി. എഫും യു. ഡി. എഫും ശക്തമായ നിലപാടെടുത്തു എന്നത് ശരിയാണ്. രാഷ്ട്രീയ നേട്ടത്തിനായി അവർക്കിടയിൽ ഇക്കാര്യത്തിൽ മത്സരവും ഉണ്ടായിരുന്നു. അതല്ലാതെ അനർഹമായ മുസ്‌ലിം പ്രീണനം യു. ഡി. എഫിൻ്റെയോ എൽ. ഡി. എഫിൻ്റെയോ ഭാഗത്തു നിന്നുണ്ടായതിന് തെളിവില്ല.
പക്ഷേ, ബി. ജെ. പി അത് ശക്തമായ പ്രചാരണായുധമാക്കി. ‘ഇൻഡ്യാ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുസ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് മുസ്‌ലിംകളെ സാമ്പത്തികമായി സഹായിക്കും’ എന്നും ‘രാമക്ഷേത്രം തകർത്ത് മുസ്‌ലിം പള്ളി നിർമ്മിക്കും’ എന്നും മറ്റുമുള്ള മോദിയുടെ വിഷലിപ്തമായ പരാമർശങ്ങൾ കേരളത്തിൽ ഹിന്ദുവർഗ്ഗീയ വികാരം ആളിക്കത്തിക്കുന്ന ഇന്ധനമായി മാറി.
അതുകൊണ്ടും കേരളത്തിൽ അക്കൗണ്ട് തുറക്കൽ സാധ്യമാകുമായിരുന്നില്ല. അവിടെയാണ് രണ്ടാം തന്ത്രം ഫലപ്രദമായി നടപ്പാക്കിയത്. ക്രൈസ്തവ മനസ്സുകളിലും ഇസ്‌ലാം വിരോധം കുത്തിനിറയ്ക്കുക. ഇത്തവണ അത് ബി.ജെ.പിക്ക് ഏറെ നേട്ടം സമ്മാനിച്ചു. തൃശൂരിലെ അക്കൗണ്ട് തുറക്കലും മറ്റു പല മണ്ഡലങ്ങളിലെയും വോട്ട് ഇരട്ടിക്കലുമെല്ലാം ഇതിൻ്റെ ഫലമാണ്. അത്തരമൊരു അപകടം മുന്നിൽക്കണ്ടുകൊണ്ട് രഹസ്യമായ പരസ്പര ധാരണയോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞില്ല എന്നതാണ് എൽ. ഡി. എഫിൻ്റെയും യു. ഡി. എഫിൻ്റെയും വീഴ്ച.


-ഇൻഡ്യൻ പാർലിമെൻ്റിലെ മുസ്‌ലിം പ്രാതിനിധ്യത്തിൻ്റെ ചരിത്രവും വർത്തമാനവും ഒന്ന് വിശദീകരിക്കാമോ?

സ്വതന്ത്ര ഇൻഡ്യയുടെ പ്രഥമ മന്ത്രിസഭയിൽ നെഹ്റുവിന് സമസ്കന്ധനായി മൗലാനാ അബുൽ കലാം ആസാദ് ഉണ്ടായിരുന്നു. മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. പിന്നീടിങ്ങോട്ട് പ്രഗത്ഭരായ അനേകം മുസ്‌ലിം നേതാക്കൾ രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയുണ്ടായി. ആർ.എ കിദ്വായ്, സെയ്ദ് മുഹമ്മദ്, എച്ച്.എം. ഇബ്രാഹിം, ഹുമയൂൺ കബീർ, എം.കെ. ചഗ്ല, ഫഖുറുദ്ദീൻ അലി അഹമ്മദ് മുതൽ മലയാളിയായ ഇ. അഹമ്മദും ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വരെ എത്രയെത്ര പേർ. അവരെല്ലാവരും ബി. ജെ. പി ഇതര സർക്കാരുകളുടെ പ്രതിനിധികളായിരുന്നു.
ബി. ജെ. പിക്കാലത്തും കേന്ദ്രത്തിൽ മുസ്‌ലിം മന്ത്രിയുണ്ടായി. വാജ്പേയി മന്ത്രിസഭയിലെ ഷാനവാസ് ഖാൻ മികവു തെളിയിച്ച മന്ത്രിയായിരുന്നു. ആദ്യ മോദിഭരണത്തിലും ഉണ്ടായി ഒരു മുസ്‌ലിം മന്ത്രി -മുക്താർ അബ്ബാസ് നഖ്‌വി. രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞതോടെ അദ്ദേഹത്തിൻ്റെ ശീട്ടു കീറി. ഇപ്പോൾ കേന്ദ്രത്തിൽ ഒരൊറ്റ മുസ്‌ലിം മന്ത്രിയില്ല. രാജ്യജനസംഖ്യയിൽ 14.21 ശതമാനം വരുന്ന സമുദായത്തിന്റെ ഭരണത്തിലെ പ്രാതിനിധ്യം വട്ടപൂജ്യം! ബി. ജെ. പിയുടെ എം.പി മാരിലും മുസ്‌ലിംകൾ വട്ടപൂജ്യമാണ്.


-സമുദായ പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ കേരള നിയമസഭയുടെ സ്ഥിതിയെന്താണ്?

-കേരളം ഭരിക്കുന്നത് ബി. ജെ. പിയല്ലാത്തതിനാൽ ഇവിടെ കാര്യങ്ങൾ മെച്ചമാണെന്നാകും ധാരണ. നിലവിലുള്ള മന്ത്രിസഭയിൽ സ്പീക്കർ ഉൾപ്പെടെ ആകെ മുസ്‌ലിംകൾ മൂന്നുപേർ മാത്രം. ഹിന്ദുക്കളിൽ മുന്നോക്കക്കാർ മാത്രം ഒമ്പത് മന്ത്രിമാരുണ്ട്. ഇക്കാലമത്രയുമുള്ള 366 മന്ത്രിമാരിൽ മുസ്‌ലിംകൾ 66 പേർ മാത്രമാണ്.

മുസ്‌ലിം ലീഗ് എന്നൊരു പാർട്ടി ഇല്ലായിരുന്നെങ്കിൽ കേരള നിയമസഭയിൽ ഇക്കാലമത്രയും ഉണ്ടായ മുസ്‌ലിം സാമാജികരുടെ എണ്ണം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുസ്‌ലിം പ്രാതിനിധ്യക്കാര്യം ലീഗ് നോക്കിക്കൊള്ളും എന്ന മട്ടിലും ഭാവത്തിലുമാണ് മറ്റു പാർട്ടികൾ. ലീഗിൻ്റെ സാന്നിധ്യമുണ്ടായിട്ടുപോലും കേരള നിയമസഭയിൽ മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കിട്ടിയിട്ടുണ്ടോ? ഇല്ലേയില്ല.


-സർക്കാർ സർവീസിലെ സമുദായം തിരിച്ചുള്ള കണക്കുകൾ കേരള സർക്കാർ പുറത്തുവിട്ടിരുന്നു. ശ്രദ്ധിച്ചിരുന്നോ അത്?

-കേരള നിയമസഭയിൽ ഈയിടെ പി. ഉബൈദുല്ല എം. എൽ. എയുടെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി ‘മുസ്‌ലിംകൾ അനർഹമായത്ര സർക്കാർ ജോലി നേടിയെടുക്കുന്നു’ എന്ന് ആരോപിക്കുന്നവർ കാതു തുറന്നു കേൾക്കേണ്ടതാണ്. ആ മറുപടിയിലെ കണക്കുകൾ ഇങ്ങനെയാണ്:
സംസ്ഥാന സർക്കാർ സർവീസിൽ ആകെ ജീവനക്കാർ 5,45,423. ഇതിൽ സംസ്ഥാന ജനസംഖ്യയിൽ 28 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 13.52 ശതമാനം മാത്രം. 12 ശതമാനത്തോളം മാത്രം വരുന്ന മുന്നോക്ക ഹിന്ദുക്കളിലെ സർക്കാർ ജീവനക്കാർ 21.01 ശതമാനം!
മുസ്‌ലിം പ്രീണന പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളിയുടെ സമുദായത്തിന്റെ ജനസംഖ്യ 22 ശതമാനം. അവരിലെ സർക്കാർ ജീവനക്കാർ 21.09 ശതമാനം. ക്രിസ്ത്യൻ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തേക്കാൾ വലിയ കുറവില്ലാത്ത സർക്കാർ സർവീസ് പ്രാതിനിധ്യമുണ്ട്.


-വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന അവാസ്തവമാണെന്ന് കേരളീയ പൊതുബോധത്തെ മുസ്‌ലിം സംഘടനകൾ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സംഘടനകളുടെ മാത്രം ഉത്തരവാദിത്തമാണോ അത്?
കേരളത്തിൻ്റെ സെക്യുലർ ഫാബ്രിക്കിന് കനത്ത ആഘാതം ഏൽപ്പിക്കുന്ന മുസ്‌ലിം പ്രീണനം എന്ന തീർത്തും വ്യാജമായ ആരോപണത്തെ ചെറുക്കാൻ സർക്കാരിനും പ്രതിപക്ഷത്തിനും ബാധ്യതയില്ലേ?

അടുത്തിടെ ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം മുസ്‌ലിംകൾക്കും ഒരെണ്ണം ക്രിസ്ത്യാനിക്കും നൽകിയതിലുള്ള കെറുവിലാണ് വെള്ളാപ്പള്ളി നടേശൻ എൽ. ഡി. എഫിൻ്റെയും യു. ഡി. എഫിൻ്റെയും മുസ്‌ലിം പ്രീണനമെന്ന ആരോപണ ശരം തൊടുത്തതെന്ന് നമുക്കറിയാം. പക്ഷേ, അതിനെ നിരുപദ്രവമായ കൊതിക്കെറുവായി കണ്ടു തള്ളിയാൽ പോരാ. കാരണം, ബി.ജെ.പി ഇച്ഛിച്ച പാലാണ് വെള്ളാപ്പള്ളി കൽപ്പിച്ചു നൽകിയിരിക്കുന്നത്. സാമൂഹ്യമാധ്യമ പ്രചാരണങ്ങളിലൂടെ അതു കുത്തൊഴുക്കു സൃഷ്ടിക്കുമ്പോൾ കാര്യകാരണ ചിന്തയില്ലാത്തവരിൽ മുസ്‌ലിം വിരുദ്ധത മുളപൊട്ടും. അത് ദൈവത്തിന്റെ സ്വന്തം നാടിനെ മതവൈര ഭ്രാന്താലയമാക്കി മാറ്റും.
അതു നിർവീര്യമാക്കേണ്ട ചുമതല മതേതര മനസ്സുകൾക്കും ജനാധിപത്യ വിശ്വാസികൾക്കും ഉണ്ട്. എന്നാൽ, സങ്കടകരമായ ഒരു സത്യം പറയട്ടെ, കേരളത്തിലെ മതേതര ജനാധിപത്യ ശക്തികൾ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ സമ്പൂർണ്ണ പരാജയമാണ്. അവർ കടിപിടി കൂടുന്നത് മറ്റു പല കാര്യങ്ങൾക്കും വേണ്ടിയാണ്.


Tags :


mm

Admin