Logo

 

അബുൽകലാം ആസാദ്: ‌ജനുവരി 13ന്‌ വയനാട്ടിൽ അക്കാദമിക്‌ കോൺഫറൻസ്

6 January 2018 | Reports

By

കോറോം (വയനാട്‌): പണ്ഡിതനും പരിഷ്കർത്താവും ക്വുർആൻ വ്യാഖ്യാതാവും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര നായകനും ‌കോൺഗ്രസ്‌ നേതാവും സ്വതന്ത്ര ഇൻഡ്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുൽകലാം ആസാദിന്റെ മതവും ദേശീയതയും ചർച്ച ചെയ്യുന്ന അക്കാദമിക്‌ കോൺഫറൻസ്‌ 2018 ജനുവരി 13 ശനിയാഴ്ച നടക്കുമെന്ന് സംഘാടകരായ വയനാട്‌ കോറോം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സയൻസസിന്റെയും കോഴിക്കോട്‌ ഇന്റെലക്ച്വൽ ഹബ്ബിന്റെയും ഭാരവാഹികൾ അറിയിച്ചു. കോറോത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ സയൻസസ്‌ കാമ്പസിൽ വെച്ചാണ്‌ പരിപാടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ്‌ ഇന്റെലക്ച്വൽ ഹബ്ബുമായി സഹകരിച്ച്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നത്‌. അക്കാദമിക സംഭാവനകൾക്ക്‌ ശേഷിയുള്ള ഇസ്‌ലാമിക പണ്ഡിതന്മാരെ വാർത്തെടുക്കാൻ ഉദ്ദേശിച്ചുള്ള ദശവർഷ BIS കോഴ്സ്‌ ആണ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ നടത്തുന്നത്‌. അഞ്ചാം ക്ലാസ്‌ കഴിഞ്ഞ ആൺകുട്ടികൾക്കാണ്‌ പ്രവേശനം. 2018 ജൂലൈയിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്‌.

കോൺഫറൻസ്‌ രാവിലെ 9. 30ന്‌ എ. ഐ. സി. സിയുടെ RGSC അക്കാദമിക്‌ ഓറിയന്റേഷൻ വിംഗിന്റെ കേരളാ ഇൻ ചാർജും ഗവേഷകനും പ്രമുഖ ആക്റ്റിവിസ്റ്റും ആയ അനൂപ്‌. വി. ആർ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ആയി വ്യത്യസ്ത കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഇംഗ്ലീഷ്‌, അറബി, മലയാളം പ്രബന്ധാവതരണങ്ങൾ ഉണ്ടാകും. സ്പോട്ട്‌ റജിസ്റ്റ്രേഷൻ രാവിലെ 8. 30ന്‌ ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്‌ വിശദവിവരങ്ങൾക്കായി 9037150436 എന്ന നമ്പറിൽ വിളിക്കാം എന്ന് സംഘാടകർ അറിയിച്ചു.


Tags :


mm

Admin